Wednesday, December 10, 2025
Wednesday, December 10, 2025
Home » പ്രദോഷം ചൊവ്വാഴ്ച; ശിവപൂജ ചെയ്താൽ ധനം, ശത്രുനാശം, സന്താനഭാഗ്യം, രോഗശാന്തി

പ്രദോഷം ചൊവ്വാഴ്ച; ശിവപൂജ ചെയ്താൽ ധനം, ശത്രുനാശം, സന്താനഭാഗ്യം, രോഗശാന്തി

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

സാധാരണ ജീവിതത്തിലെ ദുരിതങ്ങളിൽ പ്രധാനം ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയവയാണ്. ഇവ മാറുന്നതിന് ഏറ്റവും ഉത്തമമാണ് ത്രയോദശി തിഥിയിലെ പ്രദോഷ വ്രതാചരണം. ധനം, സന്താനഭാഗ്യം, രോഗശാന്തി, കാര്യസിദ്ധി എന്നിവ കൈവരിക്കുന്നതിനും പ്രദോഷ വ്രതം ഉത്തമമാണ്. അന്ന് ഉപവാസ വ്രതമെടുത്ത് ശിവ പാർവ്വതിമാരെ പ്രാർത്ഥിക്കുകയും സന്ധ്യയ്ക്ക് പ്രദോഷപൂജയിൽ പങ്കെടുക്കുകയും ഉമാ മഹേശ്വര സ്തോത്രവും ശിവ അഷ്ടോത്തരം, ശിവാഷ്ടകം, ശങ്കരധ്യാന പ്രകാരം തുടങ്ങിയ ശിവസ്തുതികൾ ജപിക്കുകയും ചെയ്താൽ വിഷമങ്ങളിൽ നിന്നെല്ലാം മോചനം നേടി ആഗ്രഹ സാഫല്യമുണ്ടാക്കാം.

ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷം ആചരിക്കുന്നത്. ശിവ പാർവ്വതി ക്ഷേത്രങ്ങളിലെല്ലാം അതിവിശേഷകരമാണ് ഈ ദിവസം. മാസത്തിൽ രണ്ടു പ്രദോഷം ഉണ്ട് വെളുത്ത പക്ഷത്തിലും കറുത്തപക്ഷത്തിലും. ശിവ ഭക്തർ രണ്ടും ആചരിക്കാറുണ്ട്. കറുത്ത പക്ഷത്തിലെ പ്രദോഷത്തിന് കൂടുതൽ പ്രാധാന്യം കല്പിക്കുന്നു. അതിൽ തന്നെ കറുത്ത പക്ഷത്തിലെ ശനിയാഴ്ച ദിവസം വരുന്ന പ്രദോഷ വ്രത അനുഷ്ഠാനം ശിവപ്രീതിയാൽ എല്ലാ ദുരിതവും അലച്ചിലുകളും അവസാനിപ്പിക്കും. ശനിയാഴ്ചയും പ്രദോഷവും ചേർന്നു വരുന്ന അപൂർവ്വ പ്രദോഷത്തെ ശനി പ്രദോഷം എന്നാണ് അറിയപ്പെടുന്നത്. ശനി പ്രദോഷ അനുഷ്ഠാന മാഹാത്മ്യം ആചാര്യന്മാർ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.

2024 ജനുവരി 23 ന് മകരമാസത്തിലെ ശുക്ലപക്ഷ പ്രദോഷമാണ്. പ്രദോഷ വ്രതമെടുക്കുന്നവർ രാവിലെ കുളിച്ച് ഭസ്മം തൊട്ട് വൃത്തിയും ശുദ്ധിയുമുള്ള വസ്ത്രം ധരിച്ച് ക്ഷേത്രദർശനം നടത്തണം. കഴിവിനൊത്ത വഴിപാടുകൾ നടത്തണം. അന്ന് ഓം നമഃ ശിവായ, ശിവ അഷ്ടോത്തരശത നാമാവലി, ഉമാ മഹേശ്വര
സ്തോത്രം തുടങ്ങിയ ശിവപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും പരമാവധി ചൊല്ലണം. ക്ഷേത്രത്തിൽ പോകാൻ കഴിയുന്നില്ലെങ്കിൽ വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചാലും മതി. എന്തായാലും ഓം നമഃ ശിവായ പഞ്ചാക്ഷരി മന്ത്രം പരമാവധി പ്രാവശ്യം ജപിക്കുക. കൂടാതെ പാർവതീ സമേതനായ ശിവനെ സങ്കല്പിച്ചു കൊണ്ട് ഓം ഹ്രീം നമഃ ശിവായ എന്ന ശക്തി പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്. ശിവ സഹസ്രനാമം ജപിക്കുന്നത് ഏറ്റവും നല്ലതാണ്. ശിവ ലീലകൾ അടങ്ങുന്ന ശിവപുരാണം പാരായണം ചെയ്യാൻ ഏറ്റവും നല്ല ദിവസവുമാണിത്. ഈ പുണ്യദിനത്തിൽ യാതൊരു അധാർമ്മിക പ്രവൃത്തികളും ചെയ്യരുത്. മോശം കാര്യങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും പാടില്ല. അസ്തമയ സന്ധ്യാസമയത്ത് നല്ല കാര്യങ്ങൾ മാത്രം ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്യണം. പ്രദോഷ ദിവസം ഉപവസിക്കാൻ കഴിയുന്നില്ലെങ്കിൽ മിതമായി മാത്രം ഭക്ഷണം കഴിക്കുക. പ്രാർത്ഥനയ്ക്കുള്ള സന്ധ്യാസമയമാണ് പ്രദോഷസമയമായി കണക്കാകുന്നത്. ഈ സമയത്ത് ക്ഷേത്രത്തിൽ പോയി ഫലമൂലാദികൾ സമർപ്പിച്ച് ധാര നടത്തി പൂജ കണ്ട് തൊഴണം. പ്രദോഷപൂജയുടെ തീർത്ഥം കഴിച്ച് വ്രതം അവസാനിപ്പിക്കാം.

ത്രയോദശിയിലെ പ്രദോഷസന്ധ്യയിൽ പാർവ്വതിയെ തൃപ്തിപ്പെടുത്താൻ ശിവൻ താണ്ഡവമാടുന്നു എന്നാണ് വിശ്വാസം. ഈ സമയത്ത് സകല ദേവഗണങ്ങളും
ശിവ സന്നിധിയിലെത്തും എന്നാണ് വിശ്വാസം.
അപ്പോൾ പാർവതീദേവിയും സുബ്രഹ്മണ്യനും ഗണപതി ഭഗവാനും ശിവ ഭൂതഗണങ്ങളും മാത്രമല്ല മറ്റ് ദേവതകളും മഹർഷിമാരും ദിവ്യത്മാക്കളുമെല്ലാം ഭഗവാന്റെ നൃത്തം കണ്ട് സ്തുതിക്കുന്നു. അത്ര മഹനീയ മുഹൂർത്തമായാണ് പ്രദോഷ സമയം.

കാല കാലനാണ് ശിവൻ. അതായത് കാലന്റെ പോലും കാലൻ. മനുഷ്യ ജീവിതത്തിൽ എല്ലാ ദോഷ ദുരിതങ്ങളുടെയും അവസാനം മരണമാണ്. കാലനാണ്, യമധർമ്മനാണ് മരണത്തിന്റെ ദേവൻ. ആ കാലനെ പോലും നശിപ്പിക്കാൻ ശക്തിയുള്ള ദേവനാണ് പരമശിവൻ. അതുകൊണ്ടുതന്നെ മൃത്യുദോഷം ഉൾപ്പെടെ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും അകറ്റുന്ന ദേവനായി ശിവനെ ആരാധിക്കുന്നു. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ശിവൻ അത്യധികം സന്തോഷവാനാകുന്നത് പ്രദോഷ സന്ധ്യയിലാണ്. അപ്പോൾ ഭക്തർ എന്ത് ചോദിച്ചാലും ദേവദേവൻ കനിഞ്ഞ് അനുഗ്രഹിക്കുമെന്ന് ആചാര്യന്മാർ പറയുന്നു. അതിനാൽ ഈ ദിവസം അനുഷ്ഠിക്കുന്ന വ്രതത്തിനും പ്രാർത്ഥനകൾക്കും പെട്ടെന്ന് ഫലസിദ്ധി ലഭിക്കും.

ALSO READ

  • തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
    +91 094-470-20655

Story Summary: Significance of Pradosha Vritham

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?