Wednesday, December 10, 2025
Wednesday, December 10, 2025
Home » ധനവും സമ്പത്തും വർദ്ധിക്കാൻ ആർക്കും വെള്ളിയാഴ്ചകളിൽ ജപിക്കാവുന്ന മന്ത്രങ്ങൾ

ധനവും സമ്പത്തും വർദ്ധിക്കാൻ ആർക്കും വെള്ളിയാഴ്ചകളിൽ ജപിക്കാവുന്ന മന്ത്രങ്ങൾ

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ഭഗവതിയെ ഉപാസിച്ച് ധനസംബന്ധമായ ക്ലേശങ്ങൾ അകറ്റുന്നതിന് ഏറ്റവും നല്ലദിവസമാണ് വെള്ളിയാഴ്ച. ഈ ദിവസം ലക്ഷ്മി പ്രീതികരമായ മന്ത്രങ്ങളും നാമങ്ങളും ഭക്തിപൂർവം ഉരുവിട്ട് ദേവീ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിച്ചാൽ ധനപരമായ ദുരിതങ്ങൾ ഒഴിയും. അനുഭവിച്ചുവരുന്ന എല്ലാ കഷ്ടപ്പാടുകളും അലച്ചിലുകളും മാറുന്നതിനും ഇത് നല്ലതാണ്.

ലക്ഷ്മീപ്രീതി നേടാൻ വെള്ളിയാഴ്ച, പൗർണ്ണമി, കാർത്തിക വിശേഷിച്ച് വൃശ്ചികത്തിലെ തൃക്കാർത്തിക എന്നിവ ഏറ്റവും നല്ല ദിവസങ്ങളാണ്. സാമ്പത്തിക ദുരിതങ്ങൾ തീർക്കാൻ വെള്ളിയാഴ്ചകൾ പോലെ നല്ലതാണ് എല്ലാ കാർത്തിക നക്ഷത്രങ്ങളും. അന്ന് വ്രതം എടുത്ത് ലക്ഷ്മി ഭഗവതിയെ ഉപാസിക്കുന്നത് വളരെ നല്ലതാണ്. പിറ്റേദിവസം ക്ഷേത്രത്തിലെ തീർത്ഥം കഴിച്ച് വ്രതം പൂർത്തിയാക്കാം. വെള്ളിയാഴ്ചകളിൽ ലക്ഷ്മി മൂലമന്ത്രം, ലക്ഷ്മി അഷ്‌ടോത്തര ശതനാമാവലി, ലക്ഷ്മിഗായത്രി തുടങ്ങിയ മന്ത്രങ്ങൾക്കൊപ്പം ദേവീമാഹാത്മ്യം, സൗന്ദര്യലഹരി, ലളിതാ അഷ്‌ടോത്തര ശതനാമാവലി, ലളിതാത്രിശതി, ലളിതാസഹസ്രനാമം തുടങ്ങിയവയിൽ ഏതും പാരായണം ചെയ്യുന്നത് നല്ലതാണ്.

പാലാഴിമഥനത്തിൽ പാൽക്കടലിൽ നിന്നും സർവ്വാലങ്കാരഭൂഷിതയായി വരണമാല്യവുമായി ലക്ഷ്മിദേവി ഉയർന്നു വന്ന ദിവസമായതു കൊണ്ടാണ് കാർത്തിക നക്ഷത്രം ദേവിക്ക് പ്രധാനമായത്. വെള്ളിയാഴ്ചയുടെ അധിപതിയായ ശുക്രന്റെ ദേവതയായതിനാലാണ് ലക്ഷ്മി ദേവിക്ക് ഈ ദിവസം വിശേഷമായത്. അതിനാൽ ലക്ഷ്മീ കടാക്ഷത്തിനായി ഈ ദിവസങ്ങൾ വ്രതശുദ്ധിയോടെ ആചരിക്കാം.

ധനവും സമ്പത്തും വർദ്ധിക്കുന്നതിന് ആർക്കും വെള്ളിയാഴ്ചകളിൽ ജപിക്കാവുന്ന വിശിഷ്ട മന്ത്രമാണ് സൗഭാഗ്യലക്ഷ്മി മന്ത്രം. അത്ഭുതശക്തിയുള്ള ഒരു മന്ത്രമാണിത്. ഒരു വെളളിയാഴ്ച തുടങ്ങി നിത്യവും രാവിലെയും വൈകിട്ടും ഈ മന്ത്രം 41 പ്രാവശ്യം വീതം ജപിക്കുക. കടബാധ്യതകൾ മാറി ധനഭാഗ്യം ഉണ്ടാകും.

സൗഭാഗ്യ ലക്ഷ്മിമന്ത്രം

ALSO READ

ഓം ശ്രീം ശ്രീം കമലവാസിന്യൈ
ശ്രീം കമലായൈ സൗഭാഗ്യ രൂപായൈ
ശ്രീം വിഷ്ണുപ്രിയായൈ
ശ്രീം കമലാംബികായൈ
സർവ്വാന്തരസംസ്ഥിതായൈ
ലക്ഷ്മ്യൈ വിഷ്ണുമോഹിന്യൈ
വൈഷ്ണവസുരമോഹിന്യൈ ശ്രീം ശ്രീം നമ:

ലക്ഷ്മി ഗായത്രിമന്ത്രം
ഓം ഭൃഗുനന്ദനായൈ വിദ്മഹേ
വിഷ്ണുപ്രിയായൈ ധീമഹേ
തന്നോ ലക്ഷ്മി പ്രചോദയാൽ

നഷ്ടപ്പെട്ട ധനവും ഭാഗ്യവും തിരികെ ലഭിക്കുന്നതിന് ലക്ഷ്മി ഗായത്രിമന്ത്രം ജപിക്കുന്നത് പ്രയോജനപ്പെടും. ജപവേളയിൽ ചുവന്ന വസ്ത്രം അല്ലെങ്കിൽ വെളുത്ത വസ്ത്രം ധരിക്കണം. ഒരു വെളളിയാഴ്ച തുടങ്ങി എന്നും 28 പ്രാവശ്യം വീതം 2 നേരവും ജപിക്കണം. 48 ദിവസം എങ്കിലും തുടർച്ചയായി ജപിക്കുക. നിത്യജപത്തിനും ഏറ്റവും ഗുണപ്രദമാണ് ഈ മന്ത്രം.

ലക്ഷ്മി ബീജമന്ത്രം

ഓം ശ്രീം നമഃ
അത്ഭുതശക്തിയുള്ളതാണ് ലക്ഷ്മി ബീജമന്ത്രം. ഈ മന്ത്രം എന്നും 84 വീതം 2 നേരം ചൊല്ലുക. വെളുത്ത വസ്ത്രമോ മഞ്ഞവസ്ത്രമോ ജപവേളയിൽ ധരിക്കണം. അപൂർവ്വഭാഗ്യങ്ങൾക്ക് ഈ മന്ത്രജപം ഫലപ്രദമാണ്. നിധിപോലുള്ള നേട്ടങ്ങൾ വരെ ലഭിക്കാം. നിധി എന്നതിന് അളവറ്റ ധനം എന്ന് ചിന്തിക്കാം. അപ്പോൾ ഏതെങ്കിലും വഴിയിലൂടെ അത്ഭുതകരമായ സാമ്പത്തികലാഭം ഉണ്ടാകാം എന്ന് പ്രതീക്ഷിക്കാം. സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 09447020655



Summary: Benefits of Lakshmi Devi Upassana on Fridays

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?