Wednesday, December 10, 2025
Wednesday, December 10, 2025
Home » വ്യാഴാഴ്ച ആഞ്ജനേയ പ്രീതിയ്ക്ക് ഉത്തമം; അഷ്ട ഗുണങ്ങളും തൊഴിൽ ഭാഗ്യവും നേടാം

വ്യാഴാഴ്ച ആഞ്ജനേയ പ്രീതിയ്ക്ക് ഉത്തമം; അഷ്ട ഗുണങ്ങളും തൊഴിൽ ഭാഗ്യവും നേടാം

by NeramAdmin
0 comments

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്

വിഘ്ന നിവാരണത്തിനും ആഗ്രഹങ്ങൾ സാധിക്കാനും ബുദ്ധി, ബലം, കീര്‍ത്തി, ധൈര്യം, നിർഭയത്വം, ആരോഗ്യം, വാക് ചാതുര്യം എന്നിവ കൈവരിക്കാനുമുള്ള ഏറ്റവും ലളിതമായ ഈശ്വരോപാസനാ മാർഗ്ഗമാണ് ഹനുമാൻ ഭജനം. നിത്യവും ഹനുമാന്‍ സ്വാമിയെ സ്മരിച്ചാൽ ഈ ഗുണങ്ങൾ നിശ്ചയമായും ആർക്കും കരഗതമാക്കാൻ കഴിയും. ഇത് വെളിപ്പെടുത്തുന്ന പ്രസിദ്ധമായ ശ്ലോകം നോക്കുക:

ബുദ്ധിർ ബലം യശോ ധൈര്യം
നിർഭയത്വം അരോഗതാം
അജാട്യം വാക് പടുത്വം ച
ഹനുമത് സ്മരണാത് ഭവേത്

(ബുദ്ധി, ശക്തി, കീർത്തി, ധൈര്യം, നിർഭയത്വം, ആരോഗ്യം, ക്ഷീണമില്ലായ്മ, വാഗ് വൈഭവം എന്നിവ കൊണ്ട് ഹനുമാൻ സ്വാമിയെ സ്മരിക്കുന്നവർ അനുഗ്രഹീതരാകും)

ജന്മം കൊണ്ടും കർമ്മം വഴിയും നേടിയ പാണ്ഡിത്യം, തികഞ്ഞ യജമാന ഭക്തി, കാറ്റിൻ്റെ വേഗം. ഇളകാത്ത മനോബലം. വ്യാകരണ നൈപുണ്യം, സംഗീതവൈഭവം, അഷടൈശ്വര്യ സിദ്ധി, അപാരമായ കായികശക്തി, വലുതാകേണ്ടിടത്ത് വലുതാകാനും ചെറുതാകേണ്ടിടത്ത് ചെറുതാകാനുമുള്ള കഴിവ് തുടങ്ങിയ ഗുണങ്ങളാണ് ഭഗവാനെ പരമാരാധ്യനാക്കുന്നത്. 7 ചിരഞ്ജീവികളിൽ ഒരാളായി കരുതുന്ന ഹനുമാനെ ആരാധിച്ചാൽ മുൻപ് പറഞ്ഞ അഷ്ട ഗുണങ്ങളാൽ – ബുദ്ധി, ബലം, ധൈര്യം, കീർത്തി, വാക്സാമർത്ഥ്യം, രോഗമില്ലായ്മ, ഭയമില്ലായ്മ, ക്ഷീണമില്ലായ്മ – ഭക്തർ അനുഗ്രഹീതരാകും. നമ്മൾ, മനുഷ്യർ ദൗർബ്ബല്യങ്ങൾ ധാരാളം ഉള്ളവരാണ്. അതിനെ അതിജീവിക്കാൻ ഒരേയൊരു വഴിയേയുള്ളൂ. അഷ്ട ഗുണങ്ങൾ നേടുക. ഈ ഗുണങ്ങൾ നിറഞ്ഞ ഹനുമാൻ സ്വാമിയെ ഭജിച്ചാൽ ഇന്ദ്രിയങ്ങളെ ജയിക്കാനും എല്ലാ വിധ ദൗർബല്യങ്ങളെയും തരണം ചെയ്യാനും നമുക്കും കഴിയും.

തടസ്സ നിവാരണത്തിനും വിശേഷിച്ചും തൊഴില്‍പരമായ തടസ്സങ്ങള്‍ മാറാനും ആഗ്രഹസാധ്യത്തിനും ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല സമര്‍പ്പിക്കുന്നത് ഗുണകരമായ വഴിപാടാണ്. നിങ്ങളുടെ ജന്മ നക്ഷത്രത്തിലോ വ്യാഴം, ശനി ദിവസങ്ങളിലോ 108 വെറ്റിലകള്‍ കോര്‍ത്ത മാല സമര്‍പ്പിക്കുന്നത് അത്യന്തം പ്രയോജനകരമാണ്. കണ്ടക ശനി, ഏഴര ശനിദോഷം അനുഭവിക്കുന്നവര്‍ സുപ്രധാന കാര്യങ്ങള്‍ക്ക് മുന്നോടിയായി വെറ്റിലമാല ചാര്‍ത്തിക്കുന്നത് ആഗ്രഹസാഫല്യത്തിനു സഹായിക്കും. അതോടൊപ്പം നിങ്ങളുടെ പേരും നാളും ചൊല്ലി അഷ്ടോത്തര പുഷ്പാഞ്ജലിയും നടത്തുന്നത് നല്ലതാണ്. ശനിദോഷ ശാന്തിക്കും തൊഴില്‍ ക്ലേശ പരിഹാരത്തിനും ആഗ്രഹ സാദ്ധ്യത്തിനും ഇത് ഉത്തമമായ വഴിപാടാകുന്നു.

ALSO READ

വെറ്റിലമാല ഹനുമാന്‍ സ്വാമിക്ക് പ്രിയങ്കരമായതിനു പിന്നില്‍ ഒരു കഥയുണ്ട്. അത് ഇപ്രകാരമാണ്. രാമന്‍റെ ദൂതുമായി ലങ്കയില്‍ സീതയെത്തേടിയെത്തിയ ഹനുമാന്‍ സ്വാമി, രാമന്‍ എത്രയും പെട്ടെന്നു വന്നു സീതയെ മോചിപ്പിക്കണമെന്ന് സീതയോടു പറഞ്ഞു. ഈ വാര്‍ത്ത കേട്ടു സന്തോഷവതിയായ ദേവി അടുത്തു നിന്ന വെറ്റില ചെടിയില്‍ നിന്നും ഇലപറിച്ച് സ്വാമിയുടെ ശിരസ്സില്‍ വച്ചു കൊണ്ടു നീ എന്നും ചിരഞ്ജീവിയായിരിക്കട്ടെ എന്ന് അനുഗ്രഹിച്ചു. ഈ സംഭവത്തെ അനുസ്മരിച്ച് ജീവിതത്തില്‍ വിജയം നേടാനാണ് ഭക്തര്‍ ഹനുമാന്‍ സ്വാമിക്കു വെറ്റില മാല അണിയിച്ചു പ്രാര്‍ത്ഥിക്കുന്നത്.

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
+91 9847118340

Story Summary: Significance of Hanuman Swamy worshipping and Benefits of offering betel leafs


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?