Wednesday, December 10, 2025
Wednesday, December 10, 2025
Home » ശിവന് ഏറ്റവും പ്രിയപ്പെട്ട വഴിപാട്‌ ധാര; ഉടൻ അഭീഷ്ടസിദ്ധിക്ക് അത്യുത്തമം

ശിവന് ഏറ്റവും പ്രിയപ്പെട്ട വഴിപാട്‌ ധാര; ഉടൻ അഭീഷ്ടസിദ്ധിക്ക് അത്യുത്തമം

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ശിവക്ഷേത്രത്തിൽ ചെയ്യുന്ന സുപ്രധാന വഴിപാടാണ് ധാര. ശിവലിംഗത്തിൽ ജലം, പാൽ, എണ്ണ, നെയ്യ്, കരിക്ക് തുടങ്ങിയ വിവിധ ദ്രവ്യങ്ങൾ ഇടമുറിയാതെ ഒഴിക്കുന്ന അനുഷ്ഠാനമാണിത്. അഭിഷേകത്തിൻ്റെ ഭാഗമായാണ് ഇത് നടത്തുന്നത്. രാവിലെയാണ് ഉത്തമ സമയം. പ്രത്യേക സന്ദർഭങ്ങളിൽ വൈകിട്ടും ധാര നടത്താറുണ്ട്. ഉദാഹരണത്തിന് പ്രദോഷനാൾ സന്ധ്യയ്ക്ക് പ്രദോഷ പൂജയുടെ കൂടെ അഭിഷേകം നടത്താറുണ്ട്. അതിൻ്റെ കൂടെയും ധാര നടത്താം. ധാര ഏഴു പ്രാവശ്യമായിട്ടോ പന്ത്രണ്ട് പ്രാവശ്യമായിട്ടോ ചെയ്യാം. ഇങ്ങനെ വഴിപാട് നടത്തുമ്പോൾ തിങ്കളാഴ്ച ദിവസങ്ങളിലോ മാസത്തിൽ ഒന്നു വീതമോ ചെയ്യാം. മാസത്തിൽ ഒന്നാണെങ്കിൽ ജന്മനക്ഷത്ര ദിവസം ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തില്‍ ജലം പൂജിച്ച് ഒഴിച്ച് ഒരു കര്‍മ്മി ആ ജലത്തില്‍ ദര്‍ഭകൊണ്ട് തൊട്ട് മന്ത്രങ്ങള്‍ ജപിക്കുന്നു. ഈ സമയം മുഴുവനും ഈ പാത്രത്തിന്റെ അടിയിലുള്ള ദ്വാരത്തിലൂടെയും കൂര്‍ച്ചത്തിലൂടെയും ശിവലിംഗത്തില്‍ ജലം ധാരയായി വീഴുന്നു. ഇതാണ് ഈ ചടങ്ങിന്റെ സമ്പ്രദായം. ഇതിന് ഉപയോഗിക്കുന്ന ദ്രവ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത ഫലങ്ങൾ പറയുന്നു. യോഗ്യനായ കര്‍മ്മിയെക്കൊണ്ട് ചെയ്യിച്ചാല്‍ വളരെയധികം ഫലപ്രാപ്തി ഉണ്ടാകും.

വേഗം ഫലം കിട്ടുന്ന വഴിപാടാണിത്. കാര്യസിദ്ധിക്കും പാപശാന്തിക്കും ഉത്തമം ജലധാരയാണ്. ഇതാണ് ഏറ്റവും കൂടുതൽ ഭക്തർ നടത്തുന്നത്. ശിവരാത്രി, തിങ്കളാഴ്ച, തിരുവാതിര, എന്നീ ദിനങ്ങള്‍ ധാരക്ക് വിശേഷമാണ്. 7,12,21,41 തുടങ്ങി യഥാശക്തി ദിവസം ചെയ്യിക്കാം.

ധാരകളും ഫലവും

ജലധാര – പാപശാന്തി, അഭീഷ്ടസിദ്ധി
ക്ഷീരധാര–കാര്യവിജയം
ഘൃതധാര –സര്‍വൈശ്വര്യ സമൃദ്ധി
ഇളനീര്‍ധാര –മന:ശാന്തി, പാപശാന്തി
പഞ്ചഗവ്യധാര–പൂര്‍വ്വജന്മദുരിതശാന്തി
തേന്‍ധാര–ശാപദോഷശാന്തി
എണ്ണധാര–രോഗശാന്തി, ആരോഗ്യം
അഷ്ടഗന്ധജലധാര – ശത്രുദോഷശാന്തി

ധാര വഴിപാടു നടത്തുന്നവർ കഴിയുന്നത്ര പഞ്ചാക്ഷര മന്ത്രം ജപിക്കാൻ ശ്രദ്ധിക്കണം. എങ്കിലേ വഴിപാടിന്
പൂർണ്ണമായ ഫലസിദ്ധി ലഭിക്കൂ. നമഃ ശിവായ എന്നതാണ് പഞ്ചാക്ഷരമന്ത്രം. മിക്കവരും ഓം എന്നുകൂടി ചേര്‍ത്ത് ഇത് ഷഡക്ഷരമായും ചൊല്ലാറുണ്ട്. എല്ലാ ദിവസവും 336 പ്രാവശ്യം ഈ മന്ത്രം ജപിക്കുന്നത് എത്ര വലിയ പാപവും അകറ്റും. വീട്ടിലോ, ക്ഷേത്രത്തിലോ ഇരുന്ന് ജപിക്കാം. നദീതീരത്തും മലമുകളിലും ഇരുന്ന് ജപിക്കുന്നത് ഏറ്റവും ശ്രേയസ്‌കരം. വെറും നിലത്ത് ഇരുന്ന് ജപിക്കരുത്. പലകയിലോ, കരിമ്പടത്തിലോ, പായയിലോ ഇരുന്ന് ജപിക്കണം. ജപവേളയില്‍ നെയ്‌വിളക്ക് കൊളുത്തുന്നത് ഉത്തമം. അതു പോലെ ശ്രീ ശിവ അഷ്ടോത്തരം കേൾക്കുകയോ ജപിക്കുകയോ ചെയ്യുന്നതും നല്ലതാണ്.

ALSO READ


തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

Story Summary: Significance and Benefits of Jala Dhara for Lord Shiva


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?