Wednesday, December 10, 2025
Wednesday, December 10, 2025
Home » പാട്ട് തുടങ്ങുന്നു; ദിവ്യപ്രകാശമായി കൊടുങ്ങല്ലൂരമ്മ ആറ്റുകാൽ ശ്രീകോവിലിൽ

പാട്ട് തുടങ്ങുന്നു; ദിവ്യപ്രകാശമായി കൊടുങ്ങല്ലൂരമ്മ ആറ്റുകാൽ ശ്രീകോവിലിൽ

by NeramAdmin
0 comments

മംഗള ഗൗരി
കുംഭമാസത്തിലെ കാര്‍ത്തിക നാളില്‍, ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 8 മണിക്ക് കൊടുങ്ങല്ലൂരമ്മയെ ക്ഷേത്രമുറ്റത്തെ പച്ചോല പന്തലില്‍ തോറ്റം പാട്ടുപാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിക്കും. സാധാരണ ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് മുമ്പ് കൊടിയേറ്റ് നടക്കുന്നതു പോലെ ചില ദേവീക്ഷേത്രങ്ങളില്‍ നടക്കുന്ന ചടങ്ങാണ് കാപ്പുകെട്ട്.

കൊടുങ്ങല്ലൂരിൽ വാഴുന്ന ഭദ്രകാളി
ആറ്റുകാലില്‍ കുംഭത്തിലെ പൂരം നാളിലാണ് ഉത്സവം നടക്കുന്നത്. അതിന് തലേദിവസം അതായത് മകം നാളില്‍ കണ്ണകി മധുരാപുരി ചുട്ടെരിച്ചിട്ട് ആറ്റുകാലില്‍ എത്തിയെന്നും അപ്പോള്‍ ദേവിയെ സ്ത്രീകള്‍ പൊങ്കാലയിട്ട് സ്വീകരിച്ചെന്നും പറയുന്നു. ആ ഐതിഹ്യം ഇങ്ങനെ: ആറ്റുകാൽ ദേശത്തെ ഒരു പ്രധാന തറവാടായിരുന്നു മുല്ലവീട്ടിലെ ഭഗവതി ഭക്തനായ ഒരു കാരണവർ ഒരു ദിവസം കിള്ളിയാറ്റിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ബാലിക വന്ന്‌ ആറിനക്കരെ എത്തിക്കാമോ എന്ന് ചോദിച്ചു. ശക്തമായ ഒഴുക്കിനെ അവഗണിച്ച് തന്റെ ചുമലിൽ കയറ്റി അദ്ദേഹം ബാലികയെ മറുകരയിൽ എത്തിച്ചു. വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുത്ത്‌ ബാലികയെ താമസിപ്പിക്കാമെന്ന്‌ കരുതിയെങ്കിലും ബാലിക ക്ഷണത്തിൽ അപ്രത്യക്ഷയായി. ആ രാത്രിയിൽ കാരണവർക്ക് ആദിപരാശക്തിയുടെ സ്വപ്ന ദർശനം ലഭിച്ചു: നിനക്ക് മുൻപിൽ ബാലികയായി വന്നത് ഞാനാണ്. ഞാൻ അടയാളപ്പെടുത്തിയ സ്‌ഥലത്ത്‌ ഒരു ക്ഷേത്രം പണിത്‌ എന്നെ കുടിയിരുത്തണം. പിറ്റേന്ന് രാവിലെ സ്വന്തം കാവിലെത്തിയ കാരണവർ മൂന്നു രേഖകൾ അടയാളപ്പെടുത്തിയത് കണ്ടു. വൈകാതെ തന്നെ അവിടെ ചെറിയൊരു കോവിലുണ്ടാക്കി ഭഗവതിയെ കുടിയിരുത്തി. കൊടുങ്ങല്ലൂരിൽ വാഴുന്ന ഭദ്രകാളി ആയിരുന്നു ആ ബാലികയെന്നാണ്‌ വിശ്വാസം.

വേതാളപ്പുറത്തിരിക്കുന്ന ഭദ്രകാളി
ഏറെക്കാലം കഴിഞ്ഞ് ക്ഷേത്രം പുതുക്കുകയും കൈകളിൽ പള്ളിവാൾ, ത്രിശൂലം, അസി, ഫലകം ഇവ ധരിച്ച ചതുർബാഹുവായ ശ്രീ ഭദ്രകാളിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. ദാരിക വധത്തിന് ശേഷം വേതാളപ്പുറത്തിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. നിരപരാധിയായ ഭർത്താവിനെ വധിച്ചതിൽ പ്രതികാര ദുർഗ്ഗയായി മാറിയ കണ്ണകി ഭയങ്കരമായ കാളീരൂപം പൂണ്ട് പാണ്ഡ്യരാജാവിനെ നിഗ്രഹിച്ച ശേഷം കോപാഗ്നിയാൽ മധുരാനഗരത്തെ ചുട്ടെരിച്ചു, ഒടുവിൽ മധുര മീനാക്ഷിയുടെ അപേക്ഷപ്രകാരം കൊടുങ്ങല്ലൂരമ്മയിൽ ലയിച്ചു മോക്ഷം നേടി എന്നാണ് ഐതിഹ്യം. ഈ ഭഗവതിയുടെ വിജയം ആഘോഷിക്കുന്നതിന് സ്‌ത്രീകൾ നിവേദ്യം അർപ്പിക്കുന്നു. പൊങ്കാല തുടങ്ങും മുൻപ് തോറ്റം പാട്ടിൽ പാണ്ഡ്യരാജാവിന്റെ വധം പാടിയാണ് ആറ്റുകാൽ ഭഗവതിയെ സ്തുതിക്കുന്നത്‌. ആറ്റുകാൽ പൊങ്കാലയ്ക്ക് ഭഗവതി കൊടുങ്ങല്ലൂരിൽ നിന്ന് വരുന്നു എന്നാണ് വിശ്വാസം.

ഭഗവതിയുടെ വരവിന് തോറ്റം പാട്ട്
പൊങ്കാലയ്ക്ക് ഒൻപതു നാള്‍ മുമ്പാണ് കാപ്പുകെട്ട്. കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആറ്റുകാൽ ക്ഷേത്രത്തിലേക്ക് ആവാഹിച്ചു കൊണ്ടു വന്ന് കാപ്പ് കെട്ടി കുടിയിരുത്തുന്ന ചടങ്ങാണിത്. ഇതിന്റെ പാട്ടിനായി ക്ഷേത്രത്തിന് മുന്നില്‍ പച്ചോലകൊണ്ട് പന്തല്‍ കെട്ടും. ഈ പന്തലിലിരുന്ന് തോറ്റംപാട്ടുകാര്‍ കണ്ണകീചരിതം പാടും. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ വരവിനു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് പാട്ട്. പാട്ടിലൂടെ ഒരുക്കം വര്‍ണ്ണിക്കുമ്പോള്‍ ശ്രീകോവിലില്‍ ദിവ്യപ്രകാശമായി കൊടുങ്ങല്ലൂര്‍ ഭഗവതി പ്രവേശിക്കും. കുരവയും, ദേവീസ്തുതിയും നാമജപവും വെടിക്കെട്ടുമായി അന്തരീക്ഷം പ്രകമ്പനം കൊള്ളുമ്പോള്‍ ആറ്റുകാൽ ഭഗവതിയുടെ വാളിലേയ്ക്ക് ക്ഷേത്രം മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവാഹിക്കും. ദേവിയുടെ ഉടവാളില്‍ പഞ്ചലോഹം കൊണ്ടുള്ള ഒരു മോതിരം ബന്ധിക്കും. മറ്റൊന്ന് മേല്‍ശാന്തി ധരിക്കും. ഒപ്പം തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ഒരു നേര്യത് കിരീടംപോലെ ഞൊറിഞ്ഞ് വിഗ്രഹത്തില്‍ ധരിപ്പിക്കും. ഇതാണ് കാപ്പുകെട്ട്.

പാണ്ഡ്യവധം കഴിഞ്ഞാൽ പൊങ്കാല കൊടുങ്ങല്ലൂര്‍ ഭഗവതിയെ എഴുന്നള്ളിച്ചു ആറ്റുകാൽ ക്ഷേത്രത്തില്‍ കൊണ്ടുവരുന്നതു മുതല്‍ പാണ്ഡ്യരാജ വധം വരെ പൊങ്കാലയ്ക്ക് മുമ്പ് 9 ദിവസങ്ങളിലായി തോറ്റംകാര്‍ പാടും. പാണ്ഡ്യവധം പാടിത്തീരുമ്പോള്‍ പൊങ്കാല അടുപ്പില്‍ തീപകരും. 2024 ഫെബ്രുവരി 25 ഞായറാഴ്ച രാവിലെ 10: 30 നാണ് പൊങ്കാല അടുപ്പിൽ അഗ്നി പകരുക. 3:30 നാണ് നിവേദ്യം. കാപ്പുകെട്ടു മുതല്‍ വ്രതം തുടങ്ങുന്നത് നല്ലതാണ്. 9 ദിവസം വ്രതമെടുത്ത് പെങ്കാലയിട്ടാല്‍ സര്‍വൈശ്വര്യവും ലഭിക്കും. 9 ദിവസം വ്രതമെടുക്കാന്‍ കഴിയാത്തവര്‍ കുറഞ്ഞത് മൂന്നുദിവസം അല്ലെങ്കില്‍ തലേ ദിവസമെങ്കിലും വ്രതമെടുക്കണം.

ഒരിക്കലെടുത്ത് മത്സ്യമാംസ ഭക്ഷണം, ശാരീരികബന്ധം, ലഹരി വസ്തുക്കള്‍ ഇവ ഒഴിവാക്കി ദേവീ സ്തുതികള്‍,
മന്ത്രങ്ങൾ ജപിച്ച് വേണം വ്രതം. ഈ ദിവസങ്ങളില്‍ പുലര്‍ച്ചെ കുളിച്ച് പ്രാര്‍ത്ഥിക്കണം. പറ്റുമെങ്കില്‍ ക്ഷേത്ര ദര്‍ശനം നടത്തണം. 2 നേരവും കുളിയും പ്രാര്‍ത്ഥനയും വേണം. പൂരം ദിവസമായ ഫെബ്രുവരി 25 ന് പൊങ്കാല തിളച്ച ശേഷം കാത്തിരിക്കണം. ക്ഷേത്രത്തില്‍ നിന്നുള്ള പൂജാരിമാർ പൊങ്കാല നേദിച്ചു തരും. പിറ്റേന്ന് വ്രതം അവസാനിപ്പിക്കാം.

Story Summary : Rituals of Kappukettu; How to observe Attukal Pongala Vritham

ALSO READ

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?