Wednesday, December 10, 2025
Wednesday, December 10, 2025
Home » വിശേഷ ദിനങ്ങളിലെ അവതാര വിഷ്ണു ഉപാസനയ്ക്ക് അതിവേഗം ഇരട്ടിഫലം

വിശേഷ ദിനങ്ങളിലെ അവതാര വിഷ്ണു ഉപാസനയ്ക്ക് അതിവേഗം ഇരട്ടിഫലം

by NeramAdmin
0 comments

മംഗള ഗൗരി
മഹാവിഷ്ണുവിൻ്റെ അവതാരമൂർത്തികളിൽ ഏറ്റവും പ്രധാനം ശ്രീരാമനും കൃഷ്ണനുമാണ്. ഈ മൂർത്തികളെ അവർക്ക് വിധിച്ചിട്ടുള്ള വിശേഷ ദിവസങ്ങളിൽ വഴിപാടുകൾ നടത്തി ആരാധിച്ചാൽ അതിവേഗത്തിൽ ആഗ്രഹസാഫല്യമുണ്ടാകുമെന്നും അതിന് ഇരട്ടിഫലം ലഭിക്കുമെന്നുമാണ് ആചാര്യന്മാർ പറയുന്നത്.

ശ്രീരാമന് കൂടുതൽ ക്ഷേത്രങ്ങൾ ഉള്ളത് വടക്കേ ഇന്ത്യയിലാണ്. കേരളത്തിൽ ശ്രീരാമ ക്ഷേത്രങ്ങൾ കുറവാണെങ്കിലും ഭക്തർക്ക് അത്ര കുറവെന്നുമില്ല. കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ കർക്കടകം മൊത്തം നീളുന്ന രാമായണ മാസാചരണം ശ്രീരാമദേവ കഥാമൃത സ്മരണയാണ്. തൃപ്രയാറാണ് കേരളത്തിലെ ഏറ്റവും പ്രധാന രാമ ക്ഷേത്രം.

ഒൻപതാമത്തെ ദശാവതാരമായ ശ്രീകൃഷ്ണന് കേരളത്തിൽ വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഉൾപ്പെടെ നൂറു കണക്കിന് ക്ഷേത്രങ്ങളുണ്ട്. മഹാവിഷ്ണുവിന്റെ പൂർണ്ണ കലകളോടു കൂടിയ അവതാരമാണിത്. ധർമ്മസംസ്ഥാപനത്തിന് അവതരിച്ച ശ്രീകൃഷണ ഭഗവാൻ ഭക്തരെ എല്ലാ രീതിയിലും സംരക്ഷിക്കുന്ന മൂർത്തിയാണ്.

മര്യാദാ പുരുഷോത്തമനായ ശ്രീരാമ ദേവന്റെയും ആശ്രിതവത്സലനായ ശ്രീകൃഷ്ണന്റെയും ഉപാസനയുടെ പ്രധാന ഫലങ്ങൾ കർമ്മ വിജയം, വിദ്യാവിജയം, സന്താനലാഭം, ദാമ്പത്യ വിജയം, ബുധ – വ്യാഴ ദോഷ പരിഹാരം തുടങ്ങിയവയാണ്. ബുധൻ, വ്യാഴം ദിവസങ്ങളും ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും വിശേഷ ദിവസങ്ങളുമാണ് ഈ ദേവതകളെ ആരാധിക്കാൻ നല്ലത്. ശ്രീരാമജയന്തി, പുണർതം നക്ഷത്രം, നവമി തിഥി, കർക്കടക മാസം, ഏകാദശി എന്നിവയാണ് ശ്രീരാമന്റെ വിശേഷ ദിനങ്ങൾ .

ചൈത്രമാസത്തിലെ നവമിയാണ് ശ്രീരാമജയന്തി. ദാമ്പത്യബന്ധത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാകുക, ദമ്പതികൾ തമ്മിൽ പരസ്പരവശ്യതയുണ്ടാക്കുക, കർമ്മരംഗത്ത് വിജയം നേടുക, സമൂഹത്തിൽ ഉന്നത പദവികളും നേതൃത്വവും കൈവരിക്കുക എന്നിവയാണ് ശ്രീരാമ ആരാധനയുടെ ഫലങ്ങൾ. വിഷ്ണുവിനുള്ള എല്ലാ വഴിപാടുകളും ശ്രീരാമനും പ്രധാനമാണ് – പാൽ പായസം, ത്രിമധുരം , മുഴുക്കാപ്പ്, തുളസിമാല, താമരപ്പൂവ് സമർപ്പണം എന്നിവ.

ബുധൻ, വ്യാഴം ദിവസങ്ങളും ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയും മാസന്തോറുമുള്ള രോഹിണി
നക്ഷത്രവും ഏകാദശി തിഥികളുമാണ് ശ്രീകൃഷ്ണന് പ്രധാനം. നെയ് വിളക്ക്, പാൽപായസം, തുളസിമാല ചാർത്തുക, താമരമാല, തൃക്കൈവെണ്ണ, പുരുഷസൂക്തം അർച്ചന, നാരായണ സൂക്താർച്ചന, കദളിപ്പഴ നിവേദ്യം തുടങ്ങിയവയാണ് ശ്രീകൃഷ്ണന് പ്രിയപ്പെട്ട വഴിപാടുകൾ.

ALSO READ

വൈശാഖത്തിലെ ശുക്ലപക്ഷ ചതുർദ്ദശി നരസിംഹമൂർത്തിയുടെയും ചിങ്ങത്തിലെ തിരുവോണം വാമനമൂർത്തിയുടെയും അവതാര ദിനങ്ങളാണ്. ശത്രുദോഷ നിവാരണം, ബുധദോഷ നിവാരണം തുടങ്ങിയവയാണ് നരസിംഹമൂർത്തിയെ ആരാധിക്കുന്നത് കൊണ്ടുള്ള പ്രധാന ഫലങ്ങൾ. പാനകമാണ് വിശിഷ്ടമായ വഴി വഴിപാട്. രോഗശാന്തിയാണ് പ്രധാന ഫലം.

വരാഹമൂർത്തിയെ ആരാധിച്ചാൽ ഭൂമിയെ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും ദോഷങ്ങളും കുടുംബശാപവും ഇല്ലാതാകും. മത്സ്യമൂർത്തിയെ പൂജിച്ചാൽ വിദ്യാലാഭവും, കൂർമ്മ മൂർത്തിയെ ആരാധിച്ചാൽ എല്ലാ കാര്യത്തിലും വിജയവും കൈവരിക്കാം. വാമനമൂർത്തിയെ ആരാധിച്ചാൽ സന്താന ലാഭം, ഭൂമി ലാഭം, വിദ്യാ ലാഭം എന്നിവയും പരശുരാമനെ ആരാധിച്ചാൽ പിതൃദോഷശാന്തിയും, ബലരാമനെ ആരാധിച്ചാൽ കാർഷികവൃത്തികളിൽ അഭിവൃദ്ധിയും, കൽക്കിയെ ആരാധിച്ചാൽ ശത്രുനാശവും ആണ് ഫലം.

വിഷ്ണു ഭഗവാൻ്റെ അംശാവതാരമായ ധന്വന്തരി മൂർത്തിയെ ആരാധിച്ചാൽ രോഗ നാശമുണ്ടാകും. ആരോഗ്യസിദ്ധി ലഭിക്കും. വിഷ്ണുഭഗവാന് പറഞ്ഞിട്ടുള്ള പാൽപായസം, തുളസിമാല, താമരമാല, നെയ് വിളക്ക് സഹസ്രനാമാർച്ചന, പുരുഷസൂക്താർച്ചന, നാരായണസൂക്താർച്ചന തുടങ്ങിയവയാണ് എല്ലാ അവതാരമൂർത്തികളുടെയും വഴിപാടുകൾ. കലിയുഗ ദുരിതങ്ങൾ അകറ്റുന്നതിന് ഷോഡശ മഹാമന്ത്രം എല്ലാ ദിവസവും ജപിക്കണം. ആർക്കും ജപിക്കാം; ഒരു വ്രതനിഷ്ഠയും ആവശ്യമില്ല; ഗുരുപദേശവും വേണ്ട.

ശ്രീരാമന്റെ പ്രാർത്ഥനാ മന്ത്രം
ആപദാമപഹർത്താരം ദാതാരം സർവ്വ സമ്പാദം
ലോകാഭിരാമം ശ്രീരാമം ഭൂയോ ഭൂയോ നമാമ്യഹം

ശ്രീകൃഷ്ണന്റെ പ്രാർത്ഥനാ മന്ത്രം
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ
പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമ:

നരസിംഹ മൂർത്തിയുടെ പ്രാർത്ഥനാ മന്ത്രം
ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവതോമുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം

ഷോഡശ മഹാമന്ത്രം
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

Story Summary: Significance Avathara Vishnu worshipping on special days

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?