Wednesday, December 10, 2025
Wednesday, December 10, 2025
Home » സംസാരസാഗരത്തിൽ നിന്നും തോണിയിലേറ്റി കാത്തുരക്ഷിക്കും മത്സ്യമൂർത്തി

സംസാരസാഗരത്തിൽ നിന്നും തോണിയിലേറ്റി കാത്തുരക്ഷിക്കും മത്സ്യമൂർത്തി

by NeramAdmin
0 comments

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
ധർമ്മസംരക്ഷണത്തിനാണ് സ്ഥിതിയുടെ ദേവനായ മഹാവിഷ്ണു അവതാരങ്ങൾ കൈക്കൊണ്ടത്. ഏറ്റവും കൂടുതൽ അവതാരങ്ങളെടുത്ത മഹാവിഷ്ണുവിന്റെ ആദ്യ അവതാരമായ മത്സ്യജയന്തി ചൈത്ര മാസത്തിലെ വെളുത്തപക്ഷത്തിലെ ത്രിതീയ തിഥിയിലാണ്.

വിഷ്ണുഭഗവാന്റെ ദശാവതാരങ്ങളെ പ്രകീർത്തിക്കുന്ന ഏറെ പ്രശസ്തമായ ഒരു ശ്ലോകമുണ്ട്:
മത്സ്യകൂർമ്മം വരാഹശ്ച നരസിംഹശ്ച വാമന: രാമോരാമശ്ച രാമശ്ച കൃഷ്ണ കല്കിർ ജനാർദ്ദന:

മത്സ്യം, കൂർമ്മം, വരാഹം നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കല്കി എന്നിവരാണ് ഈ ശ്ലോകത്തിൽ പറയുന്ന മൂർത്തികൾ. പുരാണ കഥകളിൽ ഇതിലും കൂടുതൽ പേരുകൾ വിഷ്ണു ഭഗവാൻ്റെ അംശാവതാരങ്ങളായി പറയുന്നുണ്ട്.

പ്രളയത്തിലെ രക്ഷകൻ എന്നാണ് മത്സ്യാവതാരത്തെ വിശേഷിപ്പിക്കുന്നത്. ഈ അവതാരത്തെപ്പറ്റി മുഖ്യമായും
രണ്ട് ഐതിഹ്യങ്ങളുണ്ട്: ഹയഗ്രീവൻ എന്ന അസുരൻ വേദങ്ങൾ അപഹരിച്ചുകൊണ്ടുപോയി. സൃഷ്ടികർമ്മം
നിർവഹിക്കേണ്ട ബ്രഹ്മാവ് അതോടെ നിരാശയിലായി. അതേത്തുടർന്ന് വിഷ്ണു മത്സ്യമായി അവതരിച്ച് വേദങ്ങൾ വീണ്ടെടുത്ത് പ്രപഞ്ചത്തിൽ ധർമ്മത്തിൻ്റെ സംരക്ഷണം നിർവ്വഹിച്ചു. ഇതാണ് പ്രചുര പ്രചാരമുള്ള
ആദ്യ ഐതിഹ്യം.

പ്രപഞ്ചത്തിന്റെ അന്ത്യംകുറിച്ച് പ്രളയം ഉണ്ടായപ്പോൾ ഇന്ന് കാണുന്ന എല്ലാം നശിച്ചെന്നും ഭഗവാൻ മത്സ്യാവതാരമെടുത്ത് സകല ജീവജാലങ്ങളുടെയും ഔഷധികളുടെയും ഒരോ പ്രതിനിധികളെ ഒരു വലിയ തോണിയിലാക്കി രക്ഷിച്ച് അടുത്ത യുഗാരംഭത്തിന് തുടക്കം കുറിച്ചു എന്നുമാണ് മറ്റൊരു ഐതിഹ്യം.
ആ കഥ ഇങ്ങനെ: വൈവസ്വതമനു കുളിക്കാൻ പുഴയിൽ ഇറങ്ങിയപ്പോൾ വിഷ്ണുഭഗവാൻ ഒരു ചെറിയ മത്സ്യമായി അവതരിച്ച് എന്നെ കാത്തു സംരക്ഷിക്കണം, കുളത്തിലെ വലിയ മീനുകൾ ഭക്ഷിക്കും എന്ന് മഹർഷിയോട് ആവലാതി പറഞ്ഞു. ദയ തോന്നിയ മഹർഷി മത്സ്യത്തെ ഒരു ചെറിയ കുടത്തിലാക്കി ഗൃഹത്തിൽ കൊണ്ടുപോയി. ഓരോ ദിവസവും മത്സ്യം അത്ഭുതകരമാംവണ്ണം വളർന്നു. ആദ്യം ഒരു ചെറിയ കുടത്തിലേക്ക് മാറ്റി. പിറ്റേന്ന് ഒരു വലിയ പാത്രത്തിലേക്ക്. അതും കഴിഞ്ഞ് കുളത്തിലേക്കും നദിയിലേക്കും കടലിലേക്കും എല്ലാം മത്സ്യത്തെ മാറ്റി മാറ്റി സംരക്ഷിച്ചു. അപ്പോൾ മത്സ്യം പറഞ്ഞു: ഏഴാം ദിവസം മഹാപ്രളയം സംഭവിക്കും. അതിൽ പ്രപഞ്ചം ഇല്ലാതാകും. വീണ്ടും ഈ പ്രപഞ്ചം സൃഷ്ടിക്കുന്നതിനായി ഒരു വലിയ തോണിയിൽ ഇപ്പോഴുള്ള എല്ലാ ജീവജാലങ്ങളെയും പക്ഷികളെയും വൃക്ഷലതാദികളെയും പ്രളയം കഴിയുവോളം കാത്ത് സൂക്ഷിക്കണം.

മത്സ്യാവതാരമൂർത്തിക്ക് ക്ഷേത്രങ്ങൾ അപൂർവ്വമാണ്. വയനാട് മീനങ്ങാടിയിൽ ഒരു ക്ഷേത്രം ഉള്ളതായി കാണുന്നു. ഈ മൂർത്തിക്ക് പ്രത്യേക പൂജാവിധാനങ്ങൾ ഉണ്ട്. മത്സ്യാവതാര മൂർത്തിയെ പ്രാർത്ഥിക്കുന്നത് രോഗദുരിതങ്ങൾക്ക് പരിഹാരമാണ്. പ്രതീകാത്മകമായി ചിന്തിച്ചാൽ സംസാര സാഗരത്തിൽ നിന്നും കരകയറാൻ കഴിയാത്ത മനുഷ്യരെ തോണിയിലേറ്റി സംരക്ഷിക്കുന്ന രക്ഷകനാണ് മത്സ്യാവതാരമൂർത്തി. അധാർമ്മികരിൽ നിന്നും ധർമ്മത്തെ രക്ഷിച്ച് പ്രപഞ്ചത്തിന്റെ സംരക്ഷണം നിറവേറ്റുകയാണ് ഹയഗ്രീവാസുര നിഗ്രഹത്തിലൂടെ
പ്രകടിപ്പിക്കുന്നത്. വേദ സംരക്ഷണം, ധർമ്മസംരക്ഷണം എന്നിവയെല്ലാം ഇന്നും പ്രാധാന്യമുള്ള വിഷയങ്ങളാണ്.

ALSO READ

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655

Story Summary: Two Popular Myths of Matsya Avatar or the Fish Incarnation of Lord Maha Vishnu

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?