Wednesday, December 10, 2025
Wednesday, December 10, 2025
Home » ചിത്രാ പൗർണ്ണമി, ഹനുമദ് ജയന്തി ;എല്ലാ ദു:ഖങ്ങളും വേദനകളും അകറ്റാം

ചിത്രാ പൗർണ്ണമി, ഹനുമദ് ജയന്തി ;എല്ലാ ദു:ഖങ്ങളും വേദനകളും അകറ്റാം

by NeramAdmin
0 comments

വേദാഗ്നി അരുൺ സുബ്രഹ്മണ്യം, സൂര്യഗായത്രി
ഭക്തിയുടെയും വിശ്വാസത്തിന്റെയും നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെയും സുവര്‍ണ്ണദീപമാണ് ശ്രീഹനുമാന്‍. ശ്രീരാമദേവനോട് പ്രദര്‍ശിപ്പിച്ച അഗാധമായ ഭക്തിയും നിഷ്‌കാമമായ സമര്‍പ്പണവുമാണ് ശക്തിയുടെയും കരുത്തിന്റെയും വിവേകത്തിന്റെയും പ്രതീകമായ മാരുതിയെ ആരാധ്യനാക്കിത്തീര്‍ത്തത്.

പുത്ര ലാഭത്തിന് തപസ്‌സു ചെയ്ത ആഞ്ജനയ്ക്കും കേസരിക്കും ശ്രീപരമേശ്വന്‍ സമ്മാനിച്ച വരമാണ് അഞ്ജനേയന്‍. ആശ്രയിക്കുന്നവരുടെ സങ്കടങ്ങളെല്ലാം നിമിഷാര്‍ദ്ധം കൊണ്ട് പരിഹരിക്കുന്ന വായൂപുത്രന്‍ പിറന്ന പുണ്യദിനമാണ് ഹനുമദ് ജയന്തി. തെന്നിന്ത്യയില്‍ ഈ ദിവസം മാര്‍ഗ്ഗശീര്‍ഷമാസത്തിലെ അമാവാസിയാണ്. വടക്കേ ഇന്ത്യ ഹനുമദ് ജയന്തി കൊണ്ടാടുന്നത് ചൈത്ര മാസത്തിലെ പൗര്‍ണ്ണമിക്കാണ്. ശ്രീരാമജയന്തി കഴിഞ്ഞു വരുന്ന ഈ പൗര്‍ണ്ണമി 2024 ഏപ്രിൽ 23 നാണ്.

ശ്രീരാമഭക്തിയുടെ അവസാനവാക്കാണ് ശ്രീഹനുമാന്‍. നാരായണനോട് പ്രദര്‍ശിപ്പിച്ച ഭക്ത്യാതിരേകത്തില്‍ സന്തോഷവതിയായ സീതാദേവിയാണ് ശ്രീഹനുമാനെ ചിരഞ്ജീവിയായിരിക്കാന്‍ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം എന്നും എപ്പോഴും ഹനുമാന്‍ സന്നിഹിതനാകുമെന്നാണ് വിശ്വാസം.

നിഷ്ഠയോടെ ഹനുമാന്‍ സ്വാമിയെ ഉപാസിച്ചാല്‍ ദുരിതമോചനം ഉറപ്പാണ്. എല്ലാ ദു:ഖങ്ങളും വേദനകളും അകന്നുപോകും. മാനസികമായ വിഷമങ്ങള്‍ മാത്രമല്ല ശാരീരിക ക്ലേശങ്ങളും ഒഴിയും. മന്ത്രജപം, നാമജപം, രാമായണപാരായണം എന്നിവയിലൂടെ ഹനുമാന്‍ സ്വാമിയെ പ്രീതിപ്പെടുത്താം.

വെണ്ണചാര്‍ത്തല്‍, വടമാല, വെറ്റിലമാല, സിന്ദൂരം ചാര്‍ത്തല്‍ എന്നിവയാണ് ഹനുമാന്‍ സ്വാമിക്കുള്ള പ്രധാന വഴിപാടുകള്‍. വെണ്ണചാര്‍ത്തി ഹനുമാനെ പൂജിക്കുന്നത് ഏറെ വിശേഷപ്പെട്ട വഴിപാടാണ്. വെണ്ണ ഉരുകും പോലെ ഹനുമാന്‍ സ്വാമിയുടെ മനസ്‌സ് രാമജപത്തില്‍ അലിയുന്നു. തണുപ്പേകുന്ന വെണ്ണ ഉഷ്ണം ബാധിച്ച ഭഗവത് ശരീരത്തെ തണുപ്പിക്കും. അതിനാല്‍ ഹനുമാന്‍ സ്വാമിയുടെ ശരീരത്തിന് കുളിര്‍മയേകാനാണ് വെണ്ണ ചാര്‍ത്തുന്നത്. ഇങ്ങനെ ആരാധിക്കുന്ന ഭക്തരെ ദു:ഖദുരിതങ്ങളായ ഉഷ്ണങ്ങളില്‍ നിന്നും ഹനുമാന്‍ സ്വാമി മോചിപ്പിക്കും.

തനിക്ക് എന്ത് കിട്ടിയാലും അതില്‍ രാമനുണ്ടോ എന്ന് പരിശോധിക്കുക ആഞ്ജനേയന്റെ ശീലമാണ്. ഒരിക്കല്‍ സീതാദേവി സമ്മാനിച്ച മുത്തുമാല ചവച്ചരച്ചിട്ട് അതില്‍ രാമസുഖം ഇല്ല എന്നു പറഞ്ഞ് ഹനുമാന്‍ മാല പൊട്ടിച്ച് എറിഞ്ഞെന്ന് ഒരു കഥയുണ്ട്. ഭക്തര്‍ രാമനാമം ജപിച്ച് ഭക്തിപൂര്‍വ്വം തനിക്ക് സമര്‍പ്പിക്കുന്ന വടമാല ഹനുമാന്‍സ്വാമി അതുപോലെ രുചിച്ചു നോക്കുകയും ഭക്തരില്‍ പ്രസാദിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. ഹനുമാന്റെ മുന്നില്‍ നിന്ന് ശ്രീരാമജയം എന്ന് പ്രാര്‍ത്ഥിച്ചാല്‍ എന്ത് വിഷമത്തിനും പോംവഴി കാണാം.

ALSO READ

രാമദൂതുമായി ലങ്കയിലെത്തിയ ഹനുമാന്‍ സ്വാമി, തന്റെ ഭഗവാന്‍ എത്രയും പെട്ടെന്ന് വന്ന് ദേവിയെ മോചിപ്പിക്കുമെന്ന് അറിയിച്ചു. ഇത് കേട്ട് സന്തോഷവതിയായ ദേവി അടുത്തു കണ്ട വെറ്റിലവള്ളിയില്‍ നിന്നും ഇല പറിച്ച് ഹനുമാന്റെ ശിരസ്‌സില്‍ വച്ച് ‘നീ ചിരഞ്ജീവി ആയി ഇരിക്കട്ടെ’ എന്നു അനുഗ്രഹിച്ചു. ഭക്തര്‍ ഓരോ തവണ വെറ്റില ചാര്‍ത്തുമ്പോഴും ഹനുമാന്‍ ഈ സംഭവം ഓര്‍ത്ത് ആഹ്‌ളാദചിത്തനാകും എന്നാണ് വിശ്വാസം. അങ്ങനെ ഹനുമാന്‍സ്വാമിയെ പ്രസാദിപ്പിച്ച് ദുരിതമോചനവും ജീവിത വിജയവും നേടാനാണ് ഭക്തര്‍ വെറ്റിലമാല അണിയിക്കുന്നത്.

സീതാദേവി നെറ്റിയില്‍ സിന്ദൂരമിട്ടിരിക്കുന്നത് കണ്ട് അതെന്തിനുവേണ്ടിയാണെന്ന് ഒരിക്കല്‍ ഹനുമാന്‍ ആരാഞ്ഞു. തന്റെ ഭര്‍ത്താവ് ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കാന്‍വേണ്ടിയാണെന്ന് ദേവി പറഞ്ഞു. ഇതുകേട്ടതും ഹനുമാന്‍ തന്റെ ശരീരം മുഴുവന്‍ സിന്ദൂരം വാരി പൂശി. ഇന്ന് മിക്ക ഹനുമാന്‍ ക്ഷേത്രങ്ങളിലും അഭിഷേകത്തിനും പൂജയ്ക്കും ശേഷം വിഗ്രഹത്തില്‍ എണ്ണ തേച്ച് സിന്ദൂരം പൂശാറുണ്ട്. ഈ സിന്ദൂരം ഭക്തര്‍ തങ്ങളുടെ ദീര്‍ഘായുസ്‌സിനു വേണ്ടി പ്രസാദമായി നെറ്റിയില്‍ തൊടും. മിക്ക ഹനുമാന്‍ ക്ഷേത്രങ്ങളിലും ഭക്തര്‍ക്ക് നേരിട്ട് സിന്ദൂരം ചാര്‍ത്താന്‍ ഒരു കൊച്ചു ഹനുമാന്‍ പ്രതിമയുണ്ടാകും.
ജയ് ശ്രീ റാം, ജയ് ഹനുമാൻ

വേദാഗ്നി അരുൺ സുബ്രഹ്മണ്യം, സൂര്യഗായത്രി,
+91 99958 54802

Story Summary: Significance of Chitra Powrnami, Jayanti

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?