Wednesday, December 10, 2025
Wednesday, December 10, 2025
Home » ഈ നക്ഷത്രക്കാർ ഏകാദശി നോൽക്കണം; മോഹം സഫലമാക്കും ഏകാദശി ഇതാ

ഈ നക്ഷത്രക്കാർ ഏകാദശി നോൽക്കണം; മോഹം സഫലമാക്കും ഏകാദശി ഇതാ

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്

എല്ലാ പാപങ്ങളിൽ നിന്നും ഭക്തരെ കരകയറ്റുകയും അവരുടെ ആശകളെല്ലാം സഫലമാക്കുകയും ചെയ്യുന്നതാണ് മോഹിനി ഏകാദശി. ചന്ദ്രമാസമായ വൈശാഖത്തിലെ ശുക്ലപക്ഷ ഏകാദശിയാണിത്. മഹാവിഷ്ണു ഭഗവാന്‍ പാലാഴി മഥനത്തിൽ മോഹിനി രൂപമെടുത്തത് ഈ ദിനത്തിലാണത്രേ. അതിനാലിത് മോഹിനി ഏകാദശിയായി. ഇത്തവണ 2024 മേയ് 19 ഞായറാഴ്ചയാണ് മോഹിനി ഏകാദശി. സന്തോഷം, സമൃദ്ധി, മോഹസാഫല്യം, പാപമോചനം എന്നിവയ്ക്കും ഈശ്വരകൃപയ്ക്കും മോഹിനി ഏകാദശി നാളിൽ മന:ശുദ്ധിയോടെ വ്രതശുദ്ധിയോടെ വിഷ്ണു ഭഗവാനെ ഉപാസിക്കണം എന്നാണ് പറയുന്നത്.

സീതാവിരഹത്താല്‍ ദു:ഖിതനായ ശ്രീരാമചന്ദ്രദേവന്‍ ദു:ഖനിവൃത്തിക്കായി വസിഷ്ഠമഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം വൈശാഖമാസത്തിൽ ഈ ഏകാദശി നോറ്റ് പാപശാന്തിയും ദുഃഖശാന്തിയും കൈവരിച്ചെന്ന്
ഐതിഹ്യമുണ്ട്. എല്ലാ വ്രതങ്ങളിലും ശ്രേ‌ഷ്ഠം ഏകാദശിവ്രതം എന്നാണ് വിഷ്ണുഭക്തരുടെ പ്രമാണം. എല്ലാ ഇഹലോക സുഖവും പരലോക സുഖവും തരുന്ന വ്രതമാണിത്. മുരൻ എന്ന അസുരനെ നിഗ്രഹിക്കാൻ
വിഷ്ണുവിൽ നിന്നും ഉത്ഭവിച്ച ദേവി ഏകാദശിയായി എന്നും ദേവി അവതരിച്ച ദിനം ഏകാദശിയായതിനാൽ ആ പേരു തന്നെ സ്വീകരിച്ചു എന്നും പറയുന്നു. മുരനെ നിഗ്രഹിച്ചതിന് വരം ചോദിച്ച ദേവിക്ക് വിഷ്ണു ഭഗവാൻ ആ തിഥി വരുന്ന ദിനങ്ങളിൽ സ്വന്തം പേരിൽ ഏകാദശിവ്രതം അനുവദിച്ച് അനുഗ്രഹിച്ചത്രേ. മുരനെ വധിച്ചതിനാലാണ് ഭഗവാൻ മുരാരിയായി നാരായണൻ അറിയപ്പെടുന്നത്.

മഹാവിഷ്ണുവിന് പ്രിയപ്പെട്ട തുളസിയിലയും പഴങ്ങളും ഏകാദശി ദിവസം ക്ഷേത്രത്തിൽ സമര്‍പ്പിക്കുന്നത് ത ഐശ്വര്യദായകമാണ്. വിഷ്ണുസൂക്ത പുഷ്പാഞ്ജലി, മുഴുക്കാപ്പ് തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും നല്ലതാണ്. മേടം, കർക്കടകം രാശിയിൽ പിറന്ന അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ, പുണർതം അവസാന കാൽ, പൂയം, ആയില്യം നക്ഷത്രക്കാർ ഏകാദശി വ്രതം അനുഷ്ഠിക്കുന്ന വളരെ നല്ലതാണ്.

ചാന്ദ്രമാസത്തിലെ രണ്ടു പക്ഷത്തിലെയും പതിനൊന്നാം തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം ഇത് വരും. വെളുപക്ഷത്തിലേത് ശുക്ലപക്ഷ ഏകാദശി; ഗൃഹസ്ഥർ ശുക്ല ഏകാദശി നോൽക്കുന്നത്
കൂടുതൽ ശ്രേഷ്ഠമാണ്. കറുത്ത പക്ഷത്തിൽ വരുന്നത് കൃഷ്ണപക്ഷ ഏകാദശി. ഒരു വർഷത്തിൽ 24 ഏകാദശി വരും. ചിലപ്പോൾ ഇത് 25 എണ്ണവും ആകാം. ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഭഗവദ്ഗീത ഉപദേശിച്ചത് ഏകാദശിയിലാണെന്ന് വിശ്വസിക്കുന്നു. സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയാണ് ഭൂരിപക്ഷ ഏകാദശി, ദ്വാദശി ബന്ധമുള്ളത് ആനന്ദപക്ഷം ഏകാദശി. ധനു, മകരം, മീനം, മേടം മാസങ്ങളിൽ ഏതെങ്കിലും ഒരു മാസം വേണം തുടർച്ചയായുള്ള ഏകാദശിവ്രതം തുടങ്ങാൻ .

ഏകാദശിയുടെ അവസാന 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ ഹരിവാസര വേളയിൽ ഉണ്ണാതെ ഉറങ്ങാതെ വിഷ്ണു ചിന്തയും ജപവുമായി കഴിയുന്നത് അത്യുത്തമമാണ്. മഹാവിഷ്ണുവിന്റെ സാന്നിദ്ധ്യം ഈ സമയത്ത് വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഈ സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണ ഫലസിദ്ധി നൽകും എന്ന് വിശ്വസിക്കപ്പെടുന്നു. മേയ് 19 രാവിലെ 7:12 മിനിട്ടു മുതൽ വൈകിട്ട് 8:21 വരെയാണ് ഹരിവാസര സമയം.

ALSO READ

ദശമി, ഏകാദശി, ദ്വാദശി ദിനങ്ങള്‍ ഏകാദശിവ്രതത്തിന് പ്രാധാനമാണ്. ഈ ദിവസങ്ങളില്‍ ഒരുനേരം അരിയാഹാരം കഴിക്കാം. മറ്റ് സമയത്ത് ഗോതമ്പിലുള്ള ലളിത വിഭവങ്ങളും പയര്‍, പുഴുക്ക്, പഴങ്ങള്‍, ഫലങ്ങൾ എന്നിവ കഴിക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണ ഉപവാസം എടുക്കുന്നതാണ് ഉത്തമം. ഈ ദിവസം തുളസീതീര്‍ത്ഥം മാത്രം കുടിച്ച് വ്രതമെടുക്കുന്നവരുണ്ട്. ആരോഗ്യപരമായി അതിന് കഴിയാത്തവർ ഒരു നേരം അരിയാഹാരം കഴിച്ച് വ്രതം നോൽക്കുന്നു. പിറ്റേന്ന് തുളസീതീര്‍ത്ഥം കഴിച്ച് വ്രതം പൂർത്തിയാക്കും. അന്ന് വിഷ്ണു പ്രീതികരമായ മന്ത്രജപങ്ങൾ പ്രധാനമാണ്. യഥാശക്തി ഓം നമോ നാരായണായ നമ: ജപിക്കണം. വിഷ്ണു അല്ലെങ്കിൽ അവതാര വിഷ്ണു ക്ഷേത്രദര്‍ശനം നടത്തണം. അതിന് കഴിയാത്തതു കൊണ്ട് പൂജാമുറിയിൽ വിഷ്ണുവിന്റെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുക. ശ്രീരാമ, ശ്രീകൃഷ്ണപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതിനും ഏകാദശി ദിനം ഉത്തമമാണ്. മൗനം ഭജിക്കുന്നതും നല്ലതാണ്. മത്സ്യ മാംസ ഭക്ഷണം, മദ്യ സേവ, ശാരീരിക ബന്ധം, പകലുറക്കം ഇതൊന്നും പാടില്ല. രണ്ടു നേരം കുളിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്,
+91 9847475559

Story Summary: Significance and Benefits of Mohini Ekadashi Vritham of Month Vishakam

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?