Wednesday, December 10, 2025
Wednesday, December 10, 2025
Home » വിനായകചതുര്‍ത്ഥി നാളിലെ പ്രാർത്ഥന വേഗം സഫലമാകും

വിനായകചതുര്‍ത്ഥി നാളിലെ പ്രാർത്ഥന വേഗം സഫലമാകും

by NeramAdmin
0 comments

ജ്യോതിഷി പ്രഭാസീന സി പി
ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥിയാണ് വിനായക ചതുര്‍ത്ഥി. ഈ ദിവസത്തെ ഗണേശ പ്രാര്‍ത്ഥനകള്‍ക്ക വേഗം ഫലം ലഭിക്കും. 2024 സെപ്തംബർ 7 ശനിയാഴ്ചയാണ് ഇത്തവണ വിനായകചതുര്‍ത്ഥി.

ഏതൊരു കാര്യവും തടസ്സങ്ങളില്ലാതെ നടക്കാനും മംഗളമായി കലാശിക്കാനും ഗണപതിയുടെ അനുഗ്രഹം അനിവാര്യമാണ്. ആനത്തല, മനുഷ്യശരീരം, കുടവയർ, തുമ്പിക്കൈ തുടങ്ങി നിരവധി ജീവജാലങ്ങളെ ഒന്നിച്ച് പ്രതിനിധാനം ചെയ്യുന്ന ദേവനാണ് മഹാഗണപതി.
മനുഷ്യശരീരത്തിലെ കുണ്ഡിലിനി ശക്തിയുടെ ഉറവിടവും ആത്മീയ ചൈതന്യത്തിന്റെ കേന്ദ്രസ്ഥാനമായ മൂലാധാര ചക്രത്തിന്റെ അടിസ്ഥാനദേവതയും ഗണപതിയാണ്.
ഇങ്ങനെ നമ്മളിൽ കുടികൊണ്ട് ശക്തിയും ബുദ്ധിയും
പ്രദാനം ചെയ്യുന്ന ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തി സർവ്വവിഘ്‌നങ്ങളും അകറ്റി അഭിഷ്ടസിദ്ധി നേടാൻ ഏറ്റവും അനുകൂലമാണ് ഭഗവാന്റെ അവതാരദിവസമായ വിനായകചതുർത്ഥി. ഗണേശോപാസകൾക്ക് ഏറ്റവും പ്രധാന ദിവസങ്ങളിൽ ഒന്നാണിത്.

ചിങ്ങത്തിലെ കറുത്തവാവിനെ തുടർന്ന് വരുന്ന ശുക്ലപക്ഷചതുർത്ഥിയാണ് വിനായകചതുർത്ഥിയായി ആചരിക്കുന്നത്. ഗണേശപൂജക്ക് ഏറ്റവും പ്രധാനമായ
ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതും ഭഗവാന് വിശേഷാൽ വഴിപാട് നടത്തുന്നതും ക്ഷിപ്രഫലസിദ്ധിക്ക് ഉത്തമമാണ്. വിനായകചതുർത്ഥി ദിവസത്തെ ഗണേശപൂജ ജീവിതത്തിലെ സർവ്വദു:ഖങ്ങളുമകറ്റാനും വിവേചനശക്തിയും ആത്മബോധവും വർദ്ധിക്കുവാനും ഉപകരിക്കും. ഈ ദിവസത്തെ ഗണപതിഹോമത്തിനും ഫലസിദ്ധി വർദ്ധിക്കും. ഗൃഹത്തിൽ വച്ചോ ക്ഷേത്രത്തിൽ വച്ചോ ഗണപതി ഹോമം നടത്താം. ഗൃഹത്തിൽവച്ച് ഗണപതിഹോമം നടത്താൻ കഴിയാത്തവർ ഏതെങ്കിലും ക്ഷേത്രത്തിൽ നടക്കുന്ന കൂട്ടുഗണപതിഹോമത്തിൽ പങ്കെടുത്താലും മതി. എന്നാൽ വ്രതനിഷ്ഠയോടെ വിനായകചതുർത്ഥി ആചരിച്ചാൽ ഫലപ്രാപ്തി കൂടും. ഉദ്ദിഷ്ടകാര്യജയം, മംഗല്യഭാഗ്യം, ദാമ്പത്യസുഖം, അഭിവൃദ്ധി, സത്‌സന്താനസൗഭാഗ്യം, രോഗനിവാരണം വിദ്യാഭിവൃദ്ധി തുടങ്ങിയ ഗുണാനുഭവങ്ങളുണ്ടാകും.

വിനായക ചതുർത്ഥി വ്രതമനുഷ്ഠിക്കുന്നവർ ചതുർത്ഥിയുടെ തലേദിവസം മുതൽ വ്രതമെടുക്കണം. എന്നാൽ വിനായക ചതുർത്ഥിയുടെ മൂന്നു ദിവസം മുൻപ് മുതൽ വ്രതനിഷ്ഠ പാലിക്കുന്ന ആചാരവും നിലവിലുണ്ട്. മത്സ്യമാംസാദി ഒഴിവാക്കണം. ബ്രഹ്മചര്യം പാലിക്കണം, ചതുർത്ഥി ദിവസം ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് കുളിച്ച് ശുദ്ധവസ്ത്രം ധരിച്ച് ഗണപതി മുഖ്യദേവതയായ ക്ഷേത്രത്തിലോ ഗണപതി ഉപദേവതയായ ക്ഷേത്രത്തിലോ ദർശനം നടത്തി തൊഴുത് പ്രാർത്ഥിച്ച്
ഗണപതി ഹോമത്തിൽ പങ്കുചേരണം. വഴിപാടുകൾ സമർപ്പിക്കണം. വീട്ടിൽ മടങ്ങിയെത്തി ഗണേശ മന്ത്രങ്ങൾ, പഗണേശ അഷ്ടോത്തരം, ഗണേശ പുരാണം,
ഗണേശ കീർത്തനങ്ങൾ തുടങ്ങിയവ കഴിയുന്നത്ര ജപിക്കണം. വൈകിട്ട് വീണ്ടും കുളിച്ച് ക്ഷേത്രദർശനം നടത്തണം. ഈ ദിവസം ദാനധർമ്മങ്ങൾ ചെയ്യുന്നതും ഉത്തമമാണ്. ചതുർത്ഥിയുടെ പിറ്റേദിവസം രാവിലെ ക്ഷേത്രദർശനം നടത്തി തീർത്ഥം കഴിച്ച് വ്രതം മുറിക്കാം.

എല്ലാ മാസത്തെയും വിനായക ചതുര്‍ത്ഥിക്ക് ഇത്ര പ്രാധാന്യമില്ല. എങ്കിലും എല്ലാ ചതുര്‍ത്ഥിക്കും വ്രതമെടുക്കുന്നത് തടസങ്ങൾ അകറ്റി ജീവിത വിജയം നല്‍കും. രണ്ടു ചതുർത്ഥിയും ആചരിക്കാമെങ്കിലും
പ്രധാനം വെളുത്തപക്ഷ ചതുര്‍ത്ഥിയാണ്. കറുത്തപക്ഷ
ചതുർത്ഥിയെ സങ്കഷ്ട ഹര ചതുർത്ഥി എന്ന് പറയും.

ഗണപതിക്ക് ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് അപ്പം നിവേദ്യം. വിനായക ചതുര്‍ത്ഥിദിവസം എല്ലാ ഗണപതി ക്ഷേത്രങ്ങളിലും അപ്പം നിവേദ്യം നടത്താറുണ്ട്. ഇഷ്ടകാര്യ വിജയത്തിനും വിഘ്‌നനിവാരണത്തിനും ഈ വഴിപാട് നല്ലതാണ്. ഗണപതി ഭഗവാന് കറുകമാല വളരെ വിശേഷമാണ്. വിനായകചതുര്‍ത്ഥി ദിവസം രാവിലെ കുളിച്ച് ഗണേശന് കറുകമാല ചാര്‍ത്തിയാൽ രോഗശാന്തിയും അഭീഷ്ടസിദ്ധിയും ലഭിക്കും. എല്ലാ ഗണപതി ക്ഷേത്രങ്ങളിലും പ്രധാന സമർപ്പണമാണ് കറുകമാല സമർപ്പണം. വിനായകചതുർത്ഥി ദിവസം ചന്ദ്രനെ കാണരുത്. കാരണം ഗണപതിയിൽ നിന്ന് ചന്ദ്രനുണ്ടായ ശാപഫലമായി ഈ ദിവസം ചന്ദ്രനെ കാണുന്നവർക്ക് മാനഹാനിയുണ്ടാകാം.

ALSO READ


ജ്യോതിഷി പ്രഭാസീന സി പി , +91 9961442256
Email ID prabhaseenacp@gmail.com


Summary: Vinayaka Chaturthi 2024; Vritham, Rituals and Benefits

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?