Wednesday, December 10, 2025
Wednesday, December 10, 2025
Home » തിരുമാന്ധാംകുന്നിൽ കളമെഴുത്തും പാട്ടും തുടങ്ങുന്നു; എന്ത് ചോദിച്ചാലും ദേവി തരും

തിരുമാന്ധാംകുന്നിൽ കളമെഴുത്തും പാട്ടും തുടങ്ങുന്നു; എന്ത് ചോദിച്ചാലും ദേവി തരും

by NeramAdmin
0 comments

ബ്രഹ്മശ്രീ പി എം ദാമോദരൻ നമ്പൂതിരി

കേരളത്തിലെ ക്ഷേത്രങ്ങളിൽ നടത്തിവരുന്ന കളംപാട്ട് അനുഷ്ഠാന കലയാണ്. ഒരു ക്ഷേത്രം നിർമ്മിച്ച് ദേവിയെ പ്രതിഷ്ഠിച്ച് പൂജിക്കുമ്പോൾ ലഭിക്കുന്ന അനുഭൂതിയാണ് കളംപാട്ടിലൂടെ ലഭിക്കുന്നത്. ഭഗവതിപ്പാട്ടെന്നും ഭദ്രകാളിപ്പാട്ടെന്നും അറിയപ്പെടുന്ന ഈ ക്ഷേത്ര കല അതിൻ്റെ എല്ലാ അനുഷ്ഠാനങ്ങളോടും പ്രാധാന്യത്തോടും കൂടി പിന്തുടരുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രം.

കുലപരദേവതയ്ക്ക് ഊട്ടും, പാട്ടും
കളംപാട്ടിനെക്കുറിച്ച് പ്രധാനമായി രണ്ട് ഐതിഹ്യമുണ്ട്. ഒന്ന് ദാരികവധം കഥയാണ്. ദരികനെ നിഗ്രഹിക്കുമ്പോൾ ബ്രഹ്മ -വിഷ്ണു – മഹേശ്വരൻമാരുടെ ചൈതന്യത്താൽ ഭദ്രകാളി അവതരിച്ച് ദാരികനെ നിഗ്രഹിച്ചു. എന്നിട്ടും
ക്രോധം ശമിക്കാതെ ഭദ്രകാളി കൈലാസത്തിലേക്ക് വരുന്നതറിഞ്ഞ് മഹാദേവൻ രണ്ട് ബാലന്മാരെ സൃഷ്ടിച്ച് ഭദ്രകാളി കൈലാസ വാതിൽ കടക്കുന്ന സമയത്ത് അമ്മത്തിരുവടിയുടെ സ്തനപാനത്തിന് നിയോഗിക്കുന്നു. അങ്ങനെ ബാലന്മാർ ഭദ്രകാളിയുടെ സ്തന പാനംചെയ്ത് കോപം ശമിപ്പിക്കുകയും ചെയ്തു. വലതു സ്തനം കുടിച്ച ബാലനെ വീരഭദ്രനെന്നും ഇടതു സ്തനം കുടിച്ച ബാലനെ ക്ഷേത്രപാലനെന്നും ഭദ്രകാളി നാമകരണം ചെയ്തു. ഇനി എവിടെയാണ് നീ ഇരിക്കുന്നതെന്ന് മഹാദേവൻ ചോദിച്ചപ്പോൾ കൈലാസത്തിൽ വടക്കേ താഴ് വരയിൽ ഇരിക്കാമെന്ന് ദേവി പറഞ്ഞു.

അപ്പോൾ മഹാദേവൻ പറഞ്ഞു: നീ പരശുരാമനാൽ സൃഷ്ടിച്ച മലനാട്ടിലെ ചെറു മനുഷ്യർക്ക് കുലപരദേവത ആയി പോകുക. അവർ നിനക്ക് ഊട്ടും, പാട്ടും തരും. നാലു കാൽപന്തലിട്ട് കിഴക്ക്, പടിഞ്ഞാറ് പൊന്നിൻ കൂറയും ധ്യാനിച്ചു തെക്കു കിഴക്ക് വെള്ളി കയറു പാകി പൂക്കുല, കുരുത്തോല എന്നിവകൾ കൊണ്ട് അലങ്കരിച്ച് പൊന്നിൻ പൊടിക്കു പകരം മഞ്ഞൾ പൊടിയും, വെള്ളി പൊടിക്കു പകരം അരി പൊടിയും അഞ്ജന പ്പൊടിക്കുപകരം കൃഷ്ണ പൊടിയും തുടങ്ങി മൂന്നു വർണ്ണങ്ങൾ കൊണ്ട് അഞ്ച് വർണ്ണങ്ങളുണ്ടാക്കി നിന്നുടെ രൂപത്തെ വർണിക്കും.

ഇതാണ് കളംപാട്ടിനെപ്പറ്റായുള്ള പ്രസിദ്ധമായ സങ്കല്പം
കളംപാട്ടിൽ പാടുന്ന ആൾ തംബുരു നാരദനെന്നും, കൊട്ടുന്ന ആൾ നന്ദികേശ്വരനെന്നും, കാണാനും കേൾക്കാനും വരുന്നവർ ദേവകളെന്നും ഋഷികളെന്നും സങ്കല്പിക്കപ്പെടുന്നു. മഹാദേവൻ്റെ അരുളപ്പാടനുസരിച്ച് ദേവി മലനാട്ടിലേക്ക് വരികയും മനുഷ്യർക്ക് കുല പരദേവതയായി വാഴുകയും ചെയ്യുന്നു. ദേവി പ്രീതിക്ക് നടത്തുന്ന ഒരു പ്രധാന വഴിപാടാണ് കളംപാട്ട്.

ശിവ ശാപമോക്ഷത്തിന് കളംപാട്ട്
രണ്ടാമത്തെ ഐതിഹ്യം: ശിവൻ്റെ ഭൂതഗണത്തിൽപ്പെട്ട ചിലർ പരമശിവൻ്റെയും, ഭദ്രകാളിയുടെയും ചിത്രങ്ങൾ മനോഹരമായി വരക്കുമായിരുന്നു. ഒരിക്കൽ ഇവർ ചിത്രരചന നടത്തുമ്പോൾ ശിവ – പാർവ്വതിമാർ അതുവഴി വന്നു. അവർ വരച്ചുകൊണ്ടിരുന്ന ചിത്രം കാണണമെന്ന് ഉമാ മഹേശ്വരന്മാർ ആവശ്യപ്പെട്ടു. ഇതു കേട്ട് ഭയന്ന ഭൂതഗണങ്ങൾ ചിത്രത്തെ മറഞ്ഞു നിന്നത്രേ. ഇതിൽ കോപിഷ്ഠനായ ശിവൻ ഭൂതഗണങ്ങളെ ശപിച്ചു. ശേഷം ശാപമോക്ഷത്തിനായി ഭൂമിയിൽ പോയി ദേവതകളുടെ ചിത്രങ്ങൾ വരക്കുകയും, പാടി സ്തുതിക്കുകയും വേണം എന്നും കല്പിച്ചു. അങ്ങനെ ശിവനിൽ നിന്നും കുറിപ്പു കിട്ടിയ ആളാണ് കുറുപ്പ്. കുറുപ്പൻമാർ തങ്ങളുടെ ശാപമോക്ഷത്തിനായി കളംപാട്ട് നടത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

ALSO READ

ജീവിതത്തിൻ്റെ മൂന്നു ഘട്ടങ്ങളാണ് – സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളംപാട്ടിലും വരുന്നുണ്ട്. ആദ്യം കളംവരക്കു ക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ, അവസാനം വെളിച്ചപ്പാടോടു കൂടിയ സംഹാര താണ്ഡവം.

കളംപാട്ടിൻ്റെ സവിശേഷതകൾ
സോപാന സംഗീത രീതിയിൽ ത്രിപുട, അടന്ത, തുടങ്ങിയ താളങ്ങളിൽ രൂപപ്പെടുത്തിയ രാഗമാണ് കളംപാട്ടിൽ വരുന്നത്.ശങ്കരാഭരണം, കാംബോജി, ആനന്ദഭൈരവി, മധ്യമാവതി എന്നീ ഭാവങ്ങളിലാണ് ആലാപനം നടത്തക. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഈ അനുഷ്ഠാന കല വളരെ ചിട്ടയായി ചെയ്തുവരുന്നു. വർഷത്തിൽ അഞ്ചര മാസത്തോളം ഇവിടെ കളംപാട്ട് നടത്തുന്നുണ്ട്. വഴിപാടായി കളംപാട്ട് നടത്തുന്നത് ദേവീപ്രീതിക്കും
വീടിൻ്റെയും വീട്ടുകാരുടെയും സർവ്വൈശ്വര്യത്തിനും ക്ഷേമത്തിനും ഉതകുമെന്ന് ഭക്തർ വിശ്വസിക്കുന്നു.

തിരുമാന്ധാംകുന്നിൽ 2 തരം പാട്ട്
ശ്രീ തിരുമാന്ധാംകുന്നിൽ അടിയന്തരപ്പാട്ട്, ഘോഷപ്പാട്ട്, ഇങ്ങനെ രണ്ടു തരത്തിലുള്ള പാട്ടാണ് സാധാരണ നടത്തറുള്ളത്. പ്രത്യേക വഴിപാടായി ദാരികവധം പാട്ടും കഴിക്കാറുണ്ട്. ദാരികവധം പാട്ട് ഒരു അക്ഷയപാത്രം പോലുള്ള വഴിപാടാണ്. വിചാരിക്കുന്ന ഏതു കാര്യവും ഇത് നടത്തിയാൽ സാധിക്കുമെന്നാണ് വിശ്വാസം. തിരുമാന്ധാംകുന്നിലെ കളത്തിൽ 8 തൃക്കൈകളോട് കൂടിയ ദേവിയുടെ രൂപമാണ് വരയ്ക്കുന്നത്. വാൾ, തൃശൂലം, സർപ്പം, ഖ്ട്വാ ങ്ഗം, ദാരികൻ്റെ ശിരസ്, പരിച, മണി, വട്ടക, ഇവയാണ് തൃക്കൈകളിൽ ധരിച്ചിരിക്കുന്നത്.

വൃശ്ചികം ഒന്നിന് പാട്ടുകൂറയിടും
വൃശ്ചികം ഒന്നാം തീയതി രാവിലെ പന്തീരടിപ്പൂജക്കു ശേഷം പാട്ടുകൂറയിടുന്നു. കഴിഞ്ഞ വർഷം ചാർത്തിയ കൂറ അഴിച്ചുമാറ്റുന്നത് പുതിയ കൂറ അണിയുന്നതോടെ ആണ്.തുടർന്ന് മാതൃ ശാലയുടെ നടയ്ക്കു നേരെയിരുന്ന് ഒരു സ്തുതി ഗാനാലാപനം നടക്കും. ഗണപതി, സരസ്വതി, ഭഗവതി എന്നീ ദേവീദേവന്മാരെയാണ് സ്തുതിക്കുന്നത്. മറ്റു ക്ഷേത്രങ്ങളിലെന്ന പോലെ ഇവരുടെ കൂട്ടത്തിൽ ശിവനെയോ ശ്രീകൃഷ്ണനെയോ കീർത്തിച്ച് ഇവിടെ പാടാറില്ല. ഉച്ചപ്പാട്ടിന് വാദ്യാകമ്പടി ഇല്ലെന്നതും മറ്റൊരു പ്രത്യേകതയാണ്.

അത്താഴപൂജക്കു മുമ്പായി ക്ഷേത്രത്തിലെ കിഴക്കെ ബലിക്കൽപ്പുരക്കടുത്തുള്ള പാട്ടു കൊട്ടിലിൽ ഭദ്രകാളിയുടെ രൂപം പഞ്ചവർണങ്ങളിൽ എഴുതപ്പെടുന്നു. സ്വർണ്ണ പൊടി പോലെയുള്ള മഞ്ഞപ്പൊടിയും വെള്ളിപ്പൊടി പോലുള്ള അരിപ്പൊടിയും അഞ്ജനപ്പൊടി പോലുള്ള കൃഷ്ണപ്പൊടിയും കൊണ്ട് സാധിക്കുന്ന ഈ ചിത്രരചന മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഒരു തപസ്യയാണ്. വിളക്കുകൾ തെളിയിച്ചും തോരണങ്ങൾ തൂക്കിയും കളം മനോഹരമാക്കിയിരിക്കും.

പാട്ടിന് രണ്ടു കുറുപ്പന്മാർ
അത്താഴപ്പൂജക്കും സന്ധ്യവേലക്കും ശേഷം കളംപൂജ ആരംഭിക്കുന്നു .കളംപൂജക്ക് മാതൃശാലയിലെ ശാന്തിക്കാരൻ തന്നെയാണ്. മൂർത്തിയെ കളത്തിലേക്ക് ആവാഹിച്ച് പൂജയും കഴിഞ്ഞ് ഉദ്വസിച്ചു പോന്നാൽ പിന്നെ പാട്ടു തുടങ്ങുകയായി. സാധാരയായി പാട്ടിന് രണ്ടു കുറുപ്പന്മാർ ഉണ്ടാകാറുണ്ട്. അമ്മ നഛായ എന്ന എട്ടു ഗണം പാട്ടിലാണ് തുടക്കം. പിന്നീട് ഭഗവതിയുടെ പാദാദി കേശവും കേശാദിപാദവും വർണ്ണിക്കുന്ന ചെമ്പൊന്നും പുറവടി എന്ന പാട്ടും ചിലപ്പോൾ ഘനസംഘവും ആലപിക്കാറുണ്ട്.ഒരു പ്രത്യേക വഴിപാട് എന്ന നിലയിൽ ദാരിക വധവും പാടാറുണ്ട്.

കളബലിയും തിരി ഉഴിച്ചിലും
പാട്ടു കഴിഞ്ഞാൽ കളബലിയും തിരി ഉഴിച്ചിലും നടക്കുന്നു. ശ്രീഭൂതബലിയുടെ ചടങ്ങു തന്നെയാണ് ഇവിടെയും. അരിയും തിരിയും ഭദ്രകാളിയുടെ ഭൂതഗണങ്ങൾക്കും പൂവും പൂക്കുലയും ഭദ്രകാളിയുടെ വാഹനമായ വേതാളത്തിനും എന്നുമാണ് സങ്കൽപ്പം. തിരി ഉഴിച്ചിലിനും തിരുമുഖം മായ്ക്കലിനും ശേഷം വെളിച്ചപ്പാട് വന്ന് കളത്തിൽ നൃത്ത രീതിയിൽ നിന്നു തുള്ളുകയും കളപ്പൊടിയും ഭഗവതിയുടെ സ്തന ചിത്രീകരണത്തിന് ഉപയോഗിച്ച അരിയും പ്രസാദമായി വിതരണം ചെയ്യുകയും ചെയ്യുന്നു. തിരുമാന്ധാംകുന്നിൽ ഈ ചടങ്ങ് അടികൾ ആണ് നിർവ്വഹിക്കാറുള്ളത്. കളമെഴുതിയ പൊടി (കളപ്പൊടി) പ്രസാദമായി ഭക്തന്മാർക്ക് വിതരണം ചെയ്യുന്നു. അപസ്മാരം, ബാധ, ഉദരരോഗങ്ങൾ, എന്നിവക്കെല്ലാംദിവ്യ ഔഷധമെന്ന നിലയിൽ ഉപയോഗിച്ചു വരുന്ന കളപ്പൊടി അനേകം വീടുകളിൽ നിധിപോലെ സൂക്ഷിക്കുന്നു.

41 കളംപാട്ടുകാലം
വൃശ്ചികം ഒന്നിന് ആരംഭിക്കുന്ന ആദ്യത്തെകളംപാട്ട് ദേവസ്വം വകയാണ്.തുടർന്നുള്ള എട്ടു കളംപാട്ട് എട്ടുവീട്ടിലച്ഛൻമാർക്കായി നീക്കിവെച്ചിരിക്കുന്നു. അതിനു ശേഷമുള്ള 32 കളംപാട്ട് ഇതുപോലെ മറ്റു ചില വീട്ടുകാർക്ക് വേണ്ടിയും മുൻകൂർ നിശ്ചയിക്കപ്പെട്ടതാണ്. വളരെ കാലമായി നിർബാധം തുടർന്നു വരുന്ന ഈ 41 കളംപാട്ടുകാലം മണ്ഡലകാലം എന്നു പറയുന്നു. ബാക്കിയുള്ള ദിവസങ്ങളിൽ ആവശ്യാനുസരണം മറ്റു ഭക്തന്മാർക്കും പാട്ടു നടത്താവുന്നതാണ്. വർഷത്തെ അവസാനത്തെ ഉത്സവപ്പാട്ടായ രോഹിണിപ്പാട്ടിന് ഭക്തർ പ്രാധാന്യം കൽപ്പിച്ചു വരുന്നു. ഈ പാട്ട് മണ്ണാർക്കാട് നായർ വീടു വകയാണ്.

ഇത്രയും വ്യാപകമായ പ്രദേശത്ത്‌ കളംപാട്ടിലൂടെ സേവിക്കപ്പെടുന്ന ഒരേയൊരു മൂർത്തി തിരുമാന്ധാം കുന്നിലമ്മയാണ്. കളമെഴുത്തിൻ്റെയും പാട്ടിൻ്റെയും ആവിർഭാവം തന്നെ തീരുമാന്ധാംകുന്നിലാണ്.



(തിരുമാന്ധാംകുന്ന് ക്ഷേത്രം മേൽശാന്തിയും മാണിക്യപുരം അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രിയുമാണ്
ലേഖകൻ പി എം ദാമോദരൻ നമ്പൂതിരി.
മൊബൈൽ: 98479 59749
,
വിലാസം: പന്തലക്കോട്ടത്ത് മനയ്ക്കൽ ദാമോദരൻ നമ്പൂതിരി, അങ്ങാടിപ്പുറം, മലപ്പുറം – 679321 )

Story Summary: Significance of Kalampattu at Thirumandahamkunnu Devi Temple, Angadippuram, Malappuram

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?