Wednesday, December 10, 2025
Wednesday, December 10, 2025
Home » ആഗ്രഹസാഫല്യവും ദുരിതമോചനവും തരുന്ന തൃപ്രയാർ ഏകാദശി ചൊവ്വാഴ്ച

ആഗ്രഹസാഫല്യവും ദുരിതമോചനവും തരുന്ന തൃപ്രയാർ ഏകാദശി ചൊവ്വാഴ്ച

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
വൃശ്ചികത്തിലെ കറുത്തപക്ഷ ഏകാദശി തൃപ്രയാർ ഏകാദശിയെന്നും വെളുത്തപക്ഷ ഏകാദശി ഗുരുവായൂർ ഏകാദശിയെന്നും അറിയപ്പെടുന്നു. ഈ രണ്ട് ഏകാദശി അനുഷ്ഠാനത്തിനും ആചാരപരമായി വളരെയധികം പ്രാധാന്യമുണ്ട്.

തൃപ്രയാർ ഉത്സവം
നാലമ്പലങ്ങളിൽ ഏറ്റവും പ്രശസ്തമായ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ വാർഷികാഘോഷം കൂടിയാണ് തൃപ്രയാർ ഏകാദശി. ഈ ഏകാദശി ശ്രീരാമ പ്രധാനവും ഗുരുവായൂർ ഏകാദശി ശ്രീകൃഷ്ണ പ്രധാനവുമാണ്.
രാവണനെ നിഗ്രഹിച്ച് ധർമ്മം സംരക്ഷിക്കുന്നതിനായി അവതരിപ്പിച്ച ശ്രീരാമസ്വാമിയെ ഉപാസിക്കുന്നതിനുള്ള വൃശ്ചികത്തിലെ കൃഷ്ണ ഏകാദശി ആചരിക്കുന്നത് ആഗ്രഹസാഫല്യത്തിനും പാപദുരിതമോചനത്തിനും ഗുണകരമാണ്. 2024 നവംബർ 26 ചൊവ്വാഴ്ചയാണ് തൃപ്രയാർ ഏകാദശി. അന്ന് രാത്രി 9:07 മണി മുതൽ ബുധനാഴ്ച പകൽ 10:07 മിനിട്ട് വരെയാണ് ഹരിവാസരം. ഹരിവാസരസമയത്ത് വിഷ്ണു ഭജനവുമായി കഴിയണം.

തൃപ്രയാറപ്പൻ ചതുർബാഹു
തൃശ്ശൂരിലെ നാട്ടികയിലാണ് പ്രസിദ്ധമായ തൃപ്രയാർ ക്ഷേത്രം. ത്രിമൂർത്തി ചൈതന്യം നിറഞ്ഞ ദേവനാണ് ചതുർബാഹുവായ തൃപ്രയാറപ്പൻ. ലക്ഷ്മി ദേവീ, ഭൂദേവി സമ്മേതനായ തൃപ്രയാറപ്പനെ ദർശിച്ച് പ്രാർത്ഥിച്ചാൽ എല്ലാ ദുരിതവും ദാരിദ്ര്യവും നീങ്ങും. സാധാരണ വിഷ്ണു ക്ഷേത്രങ്ങളിൽ വെളുത്തപക്ഷ ഏകാദശിയാണ് പ്രധാനം. തൃപ്പയാറപ്പന്റെ ശൈവചൈതന്യം മൂലമാണ് ഇവിടെ കറുത്തപക്ഷ ഏകാദശി പ്രധാനമായത്. തൃപ്രയാർ ഏകാദശി ദിനത്തിലെ ഭഗവാന്റെ നിർമ്മാല്യദർശനം ശ്രേഷ്ഠവും പുണ്യദായകവുമാണ്.

തൃപ്രയാറിലും ദ്വാദശി സമർപ്പണം
ഗുരുവായൂരിലെ ഏകാദശി ദിനചടങ്ങുകൾ പോലെ തന്നെയാണ് തൃപ്രയാറിലും. ഏകാദശിദിവസം രാത്രിയിൽ ഭഗവാന് ദ്വാദശി സമർപ്പണം നടക്കും. അന്ന് ഭഗവാനെ തൊഴുത് കാണിക്കയര്‍പ്പിക്കുന്നത് പ്രധാന ചടങ്ങാണ്. ഏകാദശിയുടെ തലേന്ന് നടത്തപ്പെടുന്ന ആചാരമാണ് ദശമിവിളക്ക്. ഈ ദിവസം പ്രധാന പ്രതിഷ്ഠയായ ശ്രീരാമ
ദേവന് പകരം ആദ്യപ്രതിഷ്ഠയായ ശാസ്താവിനെയാണ് തൃപ്രയാറിൽ എഴുന്നള്ളിക്കുന്നത്. ശാസ്താവിനെയാണ്
എഴുന്നള്ളിക്കുന്നതെങ്കിലും വിളക്ക് തൃപ്രയാറപ്പനാണ്.

കതിനാവെടിയും മീനൂട്ടും
തൃപ്രയാർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ കതിനാവെടി സമർപ്പണവും മീനൂട്ടുമാണ്. 10, 101, 1001 എന്നീ ക്രമത്തിലാണ് വഴിപാട്. ഭക്തർ സമർപ്പിക്കുന്ന അന്നം സ്വീകരിക്കാൻ ഭഗവാൻ മത്സ്യരൂപം ധരിച്ച്
എത്തുന്നു എന്ന സങ്കല്പത്തിലാണ് മീനൂട്ട് നടത്തുക. ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറുവാന്‍ ഈ വഴിപാട് ഉത്തമമാണ്. ഭഗവാന് ആടിയ എണ്ണ വാത, പിത്ത രോഗങ്ങൾക്ക് മികച്ച ഔഷധമാണെന്നാണ് വിശ്വാസം. ശ്രീരാമനാമം ജപിക്കുന്നിടത്തെല്ലാം ഹനുമാൻ സ്വാമി ഉണ്ടാവുമെന്നാണ് വിശ്വാസം. ഇവിടെ ഹനുമാൻസ്വാമിക്ക് പ്രത്യേകം പ്രതിഷ്ഠ ഇല്ലെങ്കിലും ഹനുമദ്പ്രീതിയാൽ അഭീഷ്ട സിദ്ധിക്ക് സുന്ദരകാണ്ഡ വായനയും അവൽ നിവേദ്യവും സമർപ്പിക്കാറുണ്ട്.

അളവറ്റ ഐശ്വര്യം നേടാം
ലൗകിക സുഖമല്ല പരമമായ മോക്ഷമാണ് ഏകാദശി വ്രതാചരണത്തിന്റെ ലക്ഷ്യമെങ്കിലും സാധാരണഗതിയിൽ
ഏകാദശി നോറ്റാൽ അളവറ്റ ഐശ്വര്യാഭിവൃദ്ധികൾ ഉണ്ടാകും. വിഷ്ണു ഭഗവാനെ പ്രീതിപ്പെടുത്തി അനേക
ജന്മങ്ങളിലെ പാപങ്ങൾ പോലും അകറ്റി ഒരു വ്യക്തിയെ മോക്ഷത്തിലെത്തിക്കാൻ ഈ വ്രതത്തിന് കഴിയും.

ALSO READ

തലേന്ന് ഒരിക്കൽ വേണം
ഏകാദശി നോൽക്കുന്നവർ ദശമി നാളിൽ അതായത് തലേ ദിവസം ഒരിക്കൽ എടുത്ത് വേണം വ്രതം ആരംഭിക്കാൻ. അന്ന് നിലത്ത് ഉറങ്ങണം. ദമ്പതികൾ ഒരുമിച്ച് ശയിക്കരുത്. ഏകാദശി നാൾ സൂര്യോദയത്തിന് മുൻപ് ഉണര്‍ന്ന് ശുഭ്ര വസ്ത്രം ധരിച്ച് ക്ഷേത്ര ദർശനവും ജപവും പ്രാർത്ഥനയും നടത്തണം. വ്രതം ദിവസം അരി ഭക്ഷണം പാടില്ല. പഴങ്ങളും ഫലങ്ങളും കഴിക്കാം. ഉപവാസമാണ് ഉത്തമം. തുളസി വെള്ളം മാത്രം കുടിച്ച് വ്രതം എടുക്കുന്നവരും ഉണ്ട്. ഇത് സാധിക്കാത്തവര്‍ക്ക് ഏകാദശി ദിവസം ഉച്ചയ്ക്ക് മാത്രം ലഘു ഭക്ഷണം കഴിക്കാം. ഏകാദശി ദിവസം രാവിലെ അരയാലിലും തുളസിക്കും പ്രദക്ഷിണം ചെയ്യുന്നത് പുണ്യകരമാണ്. 7 പ്രാവശ്യം വീതം പ്രദക്ഷിണം ചെയ്യുക. പ്രതിസന്ധികളിൽ കിടന്ന് നട്ടം തിരിയുന്നവർക്ക് ഈ കർമ്മം ഒരു വഴിക്കാട്ടിത്തരും, ദുരിതനിവാരണമാണ് പ്രധാന ഫലം.

ക്ഷേത്രത്തിൽ വിഷ്ണു ഭഗവാന് 4 പ്രദക്ഷിണമാണ് വേണ്ടത്. തുളസിമാല, തൃക്കൈവെണ്ണ, പാൽപ്പായസം, പുരുഷ സൂക്തം, വിഷ്ണു സൂക്തം, ഭാഗ്യസൂക്തം എന്നീ വഴിപാടുകൾ നടത്തുന്നത് ഐശ്വര്യപ്രദമാണ്. ഈ ദിവസം കഴിയുന്നത്ര നാരായണ നാമങ്ങൾ ചൊല്ലണം വിഷ്ണു സഹസ്രനാമം, ഗീത, രാമായണം, നാരായണീയം, ഭാഗവതം തുടങ്ങിയ കീര്‍ത്തനങ്ങൾ കൃഷ്ണ, രാമ, വിഷ്ണു ഭഗവാന്‍റേതായിട്ടുണ്ട്. ഇതൊന്നും ഇല്ലെങ്കിലും ഓം നമോ ഭഗവതേ വാസുദേവായ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്നീ മന്ത്രങ്ങൾ ചൊല്ലാം. ഭഗവത് കീര്‍ത്തനങ്ങൾ കേൾക്കുകയും വൈഷ്ണവ ക്ഷേത്രത്തിൽ ദര്‍ശനം നടത്തുകയും ചെയ്യുന്നത് വളരെ നല്ലതാണ്. രാമായണം ആദ്യാവസാനം പ്രധാന ഭാഗങ്ങളെല്ലാം നാമരൂപത്തിൽ ഉൾപ്പെടുത്തിയ ഉദാത്തമായ രചനയായ നാമരാമായണം ഈ ദിവസം ജപിക്കുന്നതും / കേൾക്കുന്നത് നല്ലതാണ്. രാമായണം പോലെ 7 കാണ്ഡങ്ങളിൽ തന്നെയാണ് നാമരാമായണം ഒരുക്കിയിട്ടുള്ളത്. രാമായണം മൊത്തം പാരായണം ചെയ്യുന്നതിന് തുല്യം എന്നാണ് നാമ രാമായണ ജപത്തെ പറയുന്നത്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന നാമ രാമായണം കേൾക്കാം :

ഏകാദശി നോറ്റ്
ജപിക്കാന്‍ 7 മന്ത്രങ്ങള്‍

1 ഓം നമോ ഭഗവതേ വാസുദേവായ
2 ഓം നമോ വിഷ്ണവേ മധുസൂദനായ നമഃ
3 ഓം നമോ നാരായണായ
4 ഓം ക്ലീം കൃഷ്ണായ നമഃ
5 ഓം ക്ലീം ഹൃഷീകേശായ നമഃ
6 ഓം ക്ലീം കൃഷ്ണായ
ഗോഗോപീസുന്ദരായ ക്ലീം ശ്രീം
സര്‍വ്വാലങ്കാര ഭൂഷിണേ നമഃ
7 ഓം ത്രിവിക്രമായ മധുസൂദനായ ശ്രീം നമഃ

    ഈ ഏഴ് മന്ത്രങ്ങളും ദിവസവും 108 വീതം രാവിലെയും വൈകിട്ടും രണ്ടുനേരം ജപിക്കുന്നത് ഭാഗ്യസിദ്ധിക്ക് ഗുണകരമാണ്. ഏകാദശി ദിവസം മുഴുവന്‍ സമയവും കഴിയുന്നത്ര പ്രാവശ്യം ഈ മന്ത്രങ്ങൾ ചൊല്ലണം. ഈ ദിവസം സാധുക്കൾക്ക് അന്നദാനം നടത്തുന്നത് ബഹുവിശേഷമാണ്. ഒരു കാര്യം പ്രത്യേകം അറിയണം – ഏകാദശി വ്രതം നോറ്റാൽ ഫലം ഉറപ്പാണ്. എല്ലാ പാപങ്ങളും നശിക്കും; കുടുംബൈശ്വര്യത്തിനും കാരണമാകും.

    തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
    +91 9447020655

    Story Summary: Significance, Rules and Rituals of Thriprayar Ekadasi on November 26, 2024

    Copyright 2024 riyoceline.com/projects/Neram/. All rights reserved

    You may also like

    Leave a Comment

    Are you sure want to unlock this post?
    Unlock left : 0
    Are you sure want to cancel subscription?