Wednesday, December 10, 2025
Wednesday, December 10, 2025
Home » അഹന്തയും തടസ്സങ്ങളും അകറ്റി വിജയം നൽകുന്ന ഗണേശ ഷഡ്നാമ മന്ത്രാവലി

അഹന്തയും തടസ്സങ്ങളും അകറ്റി വിജയം നൽകുന്ന ഗണേശ ഷഡ്നാമ മന്ത്രാവലി

by NeramAdmin
0 comments

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

ഭഗവാൻ ശ്രീവിനായകന്റെ നാമങ്ങൾ ആസ്പദമാക്കി ധാരാളം മന്ത്രങ്ങളുണ്ട്. ഒരോ നാമവും ഭഗവാന്റെ വ്യത്യസ്ത ഭാവങ്ങളും ഗുണങ്ങളും വ്യക്തമാക്കുന്നതാണ്. ഈ മന്ത്രങ്ങൾ ജപിക്കുന്നതിലൂടെ ഭഗവാന്റെ അനുഗ്രഹം ലഭിക്കും. ആ കൃപാ കടാക്ഷത്തിലൂടെ തടസ്സങ്ങൾ അകന്ന് ജീവിത വിജയം നേടാൻ കഴിയും. ഭഗവാൻ ആ ശ്രേഷ്ഠ ഗുണങ്ങൾ നൽകി ഭക്തരെയും രക്ഷിക്കും. പതിവായി ഈ ഗണേശമന്ത്രങ്ങൾ ജപിക്കണം. അതിന് മുൻപ് കുളിച്ച് ശുദ്ധിയാകണം. എല്ലാ രീതിയാലും വൃത്തി, ശുദ്ധി എന്നിവ പാലിക്കണം. തികഞ്ഞ ഏകാഗ്രതയോടെ ആവശ്യാനുസരണം ആറു മന്ത്രവും 108 തവണ വീതം കത്തിച്ചുവച്ച നിലവിളക്കിന് മുന്നിലിരുന്ന് ദിവസവും ജപിക്കണം. ഈ നാമാവലി തുടർച്ചയായി 108 തവണയും പ്രത്യേക കാര്യസിദ്ധിക്ക് ഏതെങ്കിലും ഒന്ന് മാത്രമായും ജപിക്കാം. നാം നേരിടുന്ന എല്ലാ ജീവിത പ്രശ്‌നങ്ങൾക്കും എപ്പോഴും പരിഹാരമാണ് ഗണേശ സ്തുതി.

1
ഓം ഗണാദ്ധ്യക്ഷായ നമഃ
ഗണങ്ങളുടെ അതായത് കൂട്ടത്തിന്റെ അദ്ധ്യക്ഷൻ എന്നാണ് ഇതിന്റെ പൊരുൾ. ഒരു സംഘത്തിന്റെ നായകൻ എന്ന് പറയാം. നേതൃഗുണം വർദ്ധിപ്പിക്കും എന്നതാണ് ഈ മന്ത്രജപത്തിന്റെ വലിയ ഗുണം. സ്വയം ശരിയായ
വഴിയേ നീങ്ങാനും നമ്മുടെ ഗണത്തെ അതായത് സംഘത്തെ ശരിയായ ദിശയിൽ നയിച്ച് വിജയത്തിലെത്തിക്കാനും ഈ മന്ത്രജപം സഹായിക്കും.

2
ഓം ഗജാനനായ നമഃ
ഗജത്തിന്റെ ശിരസുള്ള ഭഗവാനേ എന്നാണ് ഈ മന്ത്രത്തിന്റെ സാരം. ഒരു വലിയ പാഠമാണ് ഈ മന്ത്രം പകർന്നു തരുന്നത്. അതിബലവാനായ ആനയുടെ ശിരസ് സ്വീകരിച്ചിട്ടു പോലും യാതൊരു അഹന്തയും ഇല്ലാതെ സ്വകർമ്മങ്ങളെല്ലാം ഭഗവാൻ അനുഷ്ഠിക്കുന്നു. പിന്നെ സാധാരണ മനുഷ്യർക്ക് എന്തിനാണ് ഇത്രമാത്രം അഹന്ത. ഈ മന്ത്രജപം നമ്മെ വിനയാന്വിതരാക്കുന്നു. യാതൊരു പ്രയോജനവും ചെയ്യാത്ത അഹന്ത ഇത് നമ്മളിൽ നിന്നും എടുത്തു കളയുന്നു.

3
ഓം വിഘ്‌നനാശായ നമഃ
വിഘ്‌നം എന്നാൽ തടസം; നാശം നശിപ്പിക്കുന്നത് –
തന്റെ ഭക്തർ നേരിടുന്ന എല്ലാ തടസങ്ങളും തട്ടിയകറ്റി അവരുടെ ജീവിതം സുഗമമാക്കുന്നത് ഗണേശ ഭഗവാനാണ്. ഈ മന്ത്രജപം നമ്മുടെ കർമ്മങ്ങളിലെ വിഘ്നങ്ങൾ അകറ്റിത്തരും. ജോലിയും പഠനവുമെല്ലാം അത് ലളിതമാക്കും.

4
ഓം ലംബോദരായ നമഃ
ഉയർന്ന ഉദരം ഉള്ളവൻ എന്നാണ് ഈ മന്ത്രത്തിന്റെ അർത്ഥം. ഗണപതി ഭഗവാന്റെ ആഹാര പ്രേമവും ഉയർന്ന കുംഭയും പ്രസിദ്ധമാണ്. ഈ മന്ത്രജപം ജീവിത രസങ്ങൾ ആസ്വദിക്കാൻ നമ്മെ അനുഗ്രഹിക്കും. ആഹാരത്തോട് വിരക്തിയുള്ളവർ ഈ മന്ത്രം ജപിച്ചാൽ അതിനോട് പ്രതിപത്തി വർദ്ധിക്കും.

5
ഓം സുമുഖായ നമഃ
പ്രസാദാത്മകമായ വദനമുള്ളവനേ എന്നാണ് ഈ മന്ത്രത്തിന്റെ അർത്ഥം. ആനയുടെ ശിരസാണ് തലയിൽ ഏറ്റിയിരിക്കുന്നതെങ്കിലും വിനയവും ശാന്തതയുമാണ് ഗണേശന്റെ മുഖപ്രസാദം. നമ്മുടെ കുറവുകൾ ഒരിക്കലും നമ്മുടെ കർമ്മശേഷിക്ക് തടസമാകില്ല എന്ന് ഈ മന്ത്രജപം പഠിപ്പിക്കുന്നു. എന്ത് കുറവുണ്ടായാലും എളിമയുണ്ടെങ്കിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് ഒരു തടസവും ഉണ്ടാകില്ല. കുറവുകൾ മറക്കാനും കഴിവുകൾ ഉദ്ദീപിപ്പിക്കാനും മികച്ച വ്യക്തിത്വമുണ്ടാക്കാനും ഈ ജപം സഹായിക്കും.

6
ഓം ഗജകർണ്ണകായ നമഃ
ഗജം എന്നാൽ ആന. കർണ്ണം കാത്. ഗണേശഭഗവാന് ആനച്ചെവിയാണുള്ളത് – ചെറിയ ശബ്ദം പോലും പിടിച്ചെടുക്കാനും തിരിച്ചറിയാനും നല്ലതും ദോഷവും മനസിലാക്കാനും കഴിയുന്നു. ഈ മന്ത്രജപം തിരിച്ചറിവുകൾക്ക് നമ്മെ സഹായിക്കും. എല്ലാം ശ്രദ്ധിക്കാനും ജാഗ്രതയോടെ കഴിയാനും കേൾവി
ശക്തി വർദ്ധിപ്പിക്കാനും ഇത് നല്ലതാണ്.

ഗണേശ ഷഡ്നാമ മന്ത്രാവലി

ഓം ഗണാദ്ധ്യക്ഷായ നമഃ
ഓം ഗജാനനായ നമഃ
ഓം വിഘ്‌നനാശായ നമഃ
ഓം ലംബോദരായ നമഃ
ഓം സുമുഖായ നമഃ
ഓം ഗജകർണ്ണകായ നമഃ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 9847575559

Story Summary: Powerful Ganesha mantras for solving life hardships. Chant these mantras daily for 108 times

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?