ജോതിഷി പ്രഭാ സീന സി പി
മകര മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ ഷട്തിലാ ഏകാദശി പാപമോചനത്തിലൂടെ കാര്യസിദ്ധി
നേടാൻ നല്ലതാണ്. ഇതോടനുബന്ധിച്ച് വ്രതമെടുത്ത് വിഷ്ണുവിനെ ഭജിച്ചാൽ ഇഹലോക ജീവിതത്തിൽ
എല്ലാ സന്തോഷവും അനുഭവിച്ച ശേഷം വൈകുണ്ഠ പ്രാപ്തി ലഭിക്കും. 2025 ജനുവരി 25 ശനിയാഴ്ചയാണ്
ഇത്തവണ ഷട്തില ഏകാദശി. ജനുവരി അല്ലെങ്കിൽ ഫെബ്രുവരി മാസത്തിൽ വരുന്ന ഷഡ്തില ഏകാദശി ശകവർഷ പ്രകാരം മാഘ / പൗഷ മാസത്തിലാണ് ആചരിക്കുന്നത്. വിഷ്ണു പ്രീതിക്കായി പൂർണോപവാസത്തോടെ അനുഷ്ഠിക്കുന്ന ഈ വ്രതം ഭക്തരുടെ എല്ലാത്തരം ദുരിതങ്ങളും ദൗർഭാഗ്യങ്ങളും അവസാനിപ്പിക്കും. ഷഡ് എന്നാൽ ആറ് എന്നും തിലം എന്നാൽ എള്ള് എന്നുമാണ് അർത്ഥം. ആറ് വ്യത്യസ്ത രീതിയിൽ എള്ള് ഉപയോഗിച്ച് വിഷ്ണു ഭഗവാനെ ഈ ദിവസം ആരാധിക്കണമെന്നാണ് പൗരാണിക പ്രമാണം. മാഘകൃഷ്ണ ഏകാദശി, സദ്തില ഏകാദശി എന്നിങ്ങനെ പല പേരുകളിൽ ഇത് അറിയപ്പെടുന്നു.
വ്രത ഫലം
ഈ ദിവസം അന്നദാനം നടത്തിയാൽ ജീവിതത്തിൽ ചെയ്തു പോയ എല്ലാ പാപങ്ങളിൽ നിന്നും മോചനം ലഭിക്കും. അന്ന് പിതൃപ്രീതിക്കായി തിലഹോമം നടത്തുന്നതും നല്ലതാണ്. ഈ ദിവസം പഞ്ചാമൃതത്തില്‍ എള്ള് ചേര്‍ത്ത് ഭഗവാന്‍ മഹാവിഷ്ണുവിന് അഭിഷേകം നടത്താറുണ്ട്. എള്ള് ചേര്‍ത്ത ആഹാരം കഴിക്കുന്നതും അഗതികൾക്ക് ദാനം ചെയ്യുന്നതും ഉത്തമമാണ്. ഭവിഷ്യോത്തര പുരാണത്തിൽ ഷഡ്തില ഏകാദശിയുടെ പുണ്യം വിശദീകരിക്കുന്നുണ്ട്. ഇത് നോൽക്കുന്നവർക്ക് അളവറ്റ സ്വത്തും നല്ല ആരോഗ്യവും ജീവിതാന്ത്യത്തിൽ ജനിമൃതികളിൽ നിന്നും മോചനവും ലഭിക്കും. തിലഹോമം, എള്ളുപായസം, നീരാജനം എന്നിവ വഴിപാട് നടത്തുന്നത്, പാപമോചനവും കാര്യസിദ്ധിയും നൽകും.
വ്രതവിധി
ദശമി ദിവസം ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് വ്രതം തുടങ്ങണം. ഏകാദശി ദിവസം രാവിലെ കുളിച്ച് ശുദ്ധിയും വൃത്തിയുമുള്ള വസ്ത്രങ്ങൾ ധരിച്ച് വിഷ്ണു ക്ഷേത്രദർശനം നടത്തണം. അന്ന് മത്സ്യമാംസാദി
ഭക്ഷണവും ശാരീരിക ബന്ധവും പാടില്ല. ഹരിവാസര സമയമായ ജനുവരി 25 ശനിയാഴ്ച പകൽ 2:11 മണിക്ക് ഹരിവാസരം ആരംഭിക്കും. ശനിയാഴ്ച രാത്രി 2:34 വരെ ഹരിവാസരമാണ്. ഈ സമയത്ത് ഉണ്ണാതെ, ഉറങ്ങാതെ
വിഷ്ണു നാമമന്ത്രജപവും പ്രാർത്ഥനകളും നടത്തണം. ദ്വാദശിനാൾ പുലർച്ചെ കുളിച്ച് ക്ഷേത്ര ദർശനം നടത്തി വിഷ്ണു നാമജപം ചെയ്ത് തുളസീതീർത്ഥം കഴിച്ച് വ്രതം അവസാനിപ്പിക്കാം. ദ്വാദശിയിൽ അത്താഴം കഴിക്കാം.
മന്ത്രം, സ്തോത്രം ജപം
വ്രതം നോറ്റാലും ഇല്ലെങ്കിലും വിഷ്ണുഭക്തർ
ഏകാദശിക്ക് ഭഗവാന്റെ മന്ത്രങ്ങളും സ്തോത്രങ്ങളും പരമാവധി ജപിക്കണം. ഓം നമോ നാരായണായ, ഓം
നമോ ഭഗവതേ വാസുദേവായ തുടങ്ങിയ മൂലമന്ത്രങ്ങൾ തീർച്ചയായും ജപിക്കണം. വിഷ്ണു സഹസ്രനാമം, വിഷ്ണു അഷ്ടോത്തരം, വിഷ്ണു ശതനാമ സ്തോത്രം, അച്യുതാഷ്ടകം തുടങ്ങിയവ ജപിക്കുന്നത് വളരെ നല്ലതാണ്. വിഷ്ണു മന്ത്രങ്ങൾ ജപിക്കുന്നവരെ ധനം, സുഖം, സന്താനം, സ്ഥാനമാനങ്ങൾ, കീർത്തി, വീര്യം, ബലം, നിർഭയത്വം എന്നിവ തേടി വരും. ആപത്തുകൾ, രോഗങ്ങൾ, ശത്രുക്കൾ എന്നിവയിൽ നിന്നും ഭഗവാൻ
അവരെ കാത്ത് രക്ഷിക്കും. വിഷ്ണു ഭഗവാൻ്റെ 100 നാമങ്ങൾ ഉൾപ്പെടുന്ന ശതനാമ സ്തോത്രം ദിവസവും ജപിക്കാം. യാതൊരു വ്രതവും ജപത്തിന് നിർബന്ധമില്ല. മന്ത്രോപദേശം വേണ്ട. നെയ്‌വിളക്ക് കൊളുത്തി
അതിന് മുമ്പിലിരുന്ന് ജപിക്കുക. തെറ്റുകൾ വരുത്തരുത്. അതിന് ഇത് കേട്ട് ജപിക്കുന്നത് നല്ലതാണ്. വ്യാഴാഴ്ച, ഏകാദശി, തിരുവോണം നക്ഷത്രം തുടങ്ങി ജപിച്ചാൽ ഇരട്ടിഫലം കിട്ടും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വിഷ്ണു ശതനാമ സ്തോത്രം കേൾക്കാം:
ജോതിഷി പ്രഭാ സീന സി പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email : prabhaseenacp@gmail.com)

Story Summary : The Specialities of Shat Thila Ekadeshi of Makaram Month Krishna Paksha and it’s benifits
ALSO READ
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 riyoceline.com/projects/Neram/. All rights reserved