Wednesday, December 10, 2025
Wednesday, December 10, 2025
Home » മേളത്തിന്റെ മാസ്മരിക അകമ്പടിയിൽ ഗുരുവായൂരപ്പന്  കാഴ്ചശീവേലി

മേളത്തിന്റെ മാസ്മരിക അകമ്പടിയിൽ ഗുരുവായൂരപ്പന്  കാഴ്ചശീവേലി

by NeramAdmin
0 comments

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ )

ബാലകൃഷ്ണന്‍ ഗുരുവായൂർ
കണ്ണിന് കർപ്പൂരമാകുന്ന ഒന്നാണ് ഗുരുവായൂരപ്പൻ്റെ കാഴ്ച ശീവേലി. ഉത്സവം തുടങ്ങിയാല്‍ ഗുരുവായൂർ ക്ഷേത്ര മതിലകം പഞ്ചാരി നാദത്താല്‍ മുഖരിതമാകും.
ഗുരുവായൂരപ്പന്റെ ഉത്സവശീവേലിക്ക് നൂറോളം വാദ്യക്കാരാണ് പഞ്ചാരിമേളം കൊട്ടിത്തകര്‍ക്കുന്നത്. എഴുന്നള്ളിപ്പിന് മുമ്പില്‍ മൂന്നുനേരമാണ് മേളത്തിന്റെ മാസ്മരിക അകമ്പടി.

രാവിലെ ഏഴിന് തുടങ്ങിയാല്‍ പത്തുവരെ, ഉച്ചയ്ക്ക് മൂന്നിന് ആരംഭിച്ചാല്‍ വൈകിട്ട് ആറുവരെ, രാത്രി പന്ത്രണ്ട് മുതല്‍ ഒരു മണിവരെ പൊടിപാറുന്ന മേളമാണ്. പഞ്ചാരി മാത്രമേ ഗുരുവായൂർ അമ്പലമതിലകത്ത് പാടുള്ളൂ. രാവിലെ ഒറ്റക്കോല്‍ പഞ്ചാരി; ഉച്ചതിരിഞ്ഞ് ചെമ്പ, ചെമ്പട, അടന്ത, അഞ്ചടന്ത, ധ്രുവം എന്നിവയില്‍ ഏതെങ്കിലും ഒന്നായിരിക്കും.

അമ്പതോളം ചെണ്ട, ഇരുപതോളം കൊമ്പ്, പത്തോളം കുഴല്‍, മുപ്പത് താളം എന്നിവയടങ്ങുന്ന വന്‍മേളം, എട്ടാം ഉത്സവ ദിവസം വരെ ക്ഷേത്രത്തിനകത്ത് കാഴ്ചശീവേലി മേളത്തോടെ നടക്കും.

ALSO READ

പള്ളിവേട്ട ദിവസം രാവിലെ ക്ഷേത്രമതിലകത്താണ് എഴുന്നള്ളിപ്പ് ; വൈകിട്ട് പുറത്തേക്ക് എഴുന്നള്ളിക്കും. അവിടെ പാണ്ടിമേളമാണ്. ആറാട്ടുദിവസം തീര്‍ത്ഥക്കുളം പ്രദക്ഷിണത്തിന് പഞ്ചവാദ്യവും മേളവും നടക്കും. രാജകീയ ചിഹ്നങ്ങളോടെയാണ് ക്ഷേത്രപ്രദക്ഷിണം. ഉത്സവകാലത്ത് മാത്രമേ ഈ ചടങ്ങുള്ളൂ.

ഏറ്റവും മുന്നില്‍ 2 തഴയും അതിനു മുന്നില്‍ പതിന്നാറ് കൊടിക്കൂറയും തൊട്ടടുത്ത് രണ്ട് സൂര്യമറയും താളത്തിനനുസരിച്ച് താഴെ കറങ്ങും. സൂര്യമറയുടെ ഒന്നിന്റെ ഒരുഭാഗത്ത് ഗരുഡനും ശ്രീചക്രവും രണ്ടാമത്തേതിന്റെ ഒരു ഭാഗത്ത് ഹനുമാനും ശംഖുമാണ് ആലേഖനം ചെയ്തിരിക്കുന്നത്.

എഴന്നള്ളിപ്പിനു മുന്നില്‍ അതിഗംഭീരമായ പഞ്ചാരിമേളം. പഞ്ചാരിയില്‍ കുലുങ്ങാത്ത തലകളുണ്ടാവില്ല. പഴയ തലമുറയും പുതിയ തലമുറയും ഒത്തുചേര്‍ന്ന് ഒരുക്കുന്ന മേളം കാഴ്ചശീവേലിക്കു ശേഷം, ഭഗവാന് പാലഭിഷേകവും പന്തീരടിയും നടക്കും. ശ്രീഭൂതബലിക്ക് ക്ഷേത്രത്തിനകത്ത് തെക്കെ തിരുമുറ്റത്ത് പ്രത്യേകം അലങ്കരിച്ച സ്വര്‍ണ്ണപ്പഴുക്കാമാണ്ഡപത്തിൽ ഭഗവാന്റെ ശീവേലിത്തിടമ്പ് എഴുന്നെള്ളിച്ച് വയ്ക്കുന്നു. ഈ സമയം തെക്കുവശം സപ്തമാതൃകളുടെ ബലിക്കല്ലുകളില്‍ ഹവിസ്സ് തൂകും. ഈ അവസരത്തില്‍ മുപ്പത്തിമുക്കോടി ദേവഗണങ്ങള്‍ ഭഗവാനെ ആരാധിക്കുന്നു എന്നാണ് സങ്കല്‍പം.

ഇത് കണ്ട് തൊഴാൻ ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെടാറുണ്ട്. വൈകിട്ട് പതിവിലും നേരത്തെ ശ്രീഭൂതബലി വടക്കേനടയിലാണ് എഴുന്നെള്ളിച്ച് വയ്ക്കുക. വിളക്കിന്റെ ആചാരക്രമമനുസരിച്ച് പാണി പ്രദക്ഷിണത്തോടെയാണ് ശ്രീഭൂതബലി എഴുന്നെള്ളിച്ച് വയ്ക്കുന്നത്. ഇതിനു മുന്നില്‍ തായമ്പക, കൊമ്പുപറ്റ്, കുഴല്‍പറ്റ് എന്നിവ നടക്കുന്നു. തുടര്‍ന്ന് പാണിപ്രദക്ഷിണ ശേഷം വിളക്കിന് എഴുന്നെള്ളിക്കും. സാധാരണ ദിവസങ്ങളിലെ ചടങ്ങുകളില്‍ തൃപ്പുക ഉത്സവകാലത്ത് പതിവില്ല. പതിവിലും നേരം വൈകിയാണ് എഴുന്നെള്ളിപ്പ് അവസാനിക്കുന്നത്. ഉത്സവം കഴിയും വരെ, പള്ളിവേട്ട ആറാട്ട് ഒഴികെ ഈ ചടങ്ങ് നടക്കുന്നു.

ബാലകൃഷ്ണന്‍ ഗുരുവായൂർ

Story Summary: Guruvayoor Temple Annual Festival 2025: Significance of Kazhcha Seeveli

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?