Wednesday, December 10, 2025
Wednesday, December 10, 2025
Home » സർവ രക്ഷകയായ  മൂകാംബികാദേവിക്ക്  ശനിയാഴ്ച വൈകിട്ട്  ബ്രഹ്മരഥോത്സവം

സർവ രക്ഷകയായ  മൂകാംബികാദേവിക്ക്  ശനിയാഴ്ച വൈകിട്ട്  ബ്രഹ്മരഥോത്സവം

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ )

ഡോ രാജേഷ് പുല്ലാട്ടിൽ


കൊല്ലൂർ മൂകാംബികാദേവീ ക്ഷേത്രത്തിൽ ബ്രഹ്മരഥോത്സവം 2025 മാർച്ച് 22 ശനിയാഴ്ച നടക്കും. മീന മാസത്തിലെ ഉത്രം മുതൽ 9 ദിവസമാണ് ഉത്സവം. അതിന്റെ എട്ടാം ദിവസം മൂലം നക്ഷത്രത്തിലാണ് ബ്രഹ്മരഥോത്സവം. ശനിയാഴ്ച രാവിലെ മുഹൂർത്ത ബലി, 11:30 രഥാരോഹണം തുടങ്ങിയ ചടങ്ങുകൾക്ക് ശേഷമാണ് 5 മണിക്ക് പ്രധാന ചടങ്ങായ രഥം വലി നടക്കുന്നത്. മാർച്ച് 23 വൈകുന്നേരം 7 മണിക്ക് ആറാട്ട് എഴുന്നള്ളത്ത് നടക്കും. മാർച്ച് 24 നാണ് കൊടിയിറക്കം.

വിദ്യയിലും കലയിലും തിളങ്ങാം
കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിലാണ് മൂകാംബികാ ക്ഷേത്രം. വിദ്യാവിജയത്തിനും കലാസാഹിത്യരംഗത്ത് ശോഭിക്കുന്നതിനും നിരവധി ഭക്തരാണ് മൂകാംബികയിൽ
എത്തുന്നത്. പല പുരാണങ്ങളിലും മൂകാംബിക ക്ഷേത്രമാഹാത്മ്യം വർണ്ണിച്ചിട്ടുണ്ട്. ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം കൊല്ലൂരാണ്. കോലമഹർഷി തപസ്‌ ചെയ്ത സ്ഥലമായതുകൊണ്ട് കോലാപുരമായി; പിന്നീട് കൊല്ലൂർ ആയി. കംഹൻ എന്ന അസുരൻ മഹാസിദ്ധികൾക്കായി ശിവനെ തപസ്‌ ചെയ്തു. വരബലം സിദ്ധിച്ചാൽ കംഹൻ അജയ്യനാകുമെന്ന് മനസിലാക്കിയ പരാശക്തി അവനെ മൂകനാക്കി. അങ്ങനെ മൂകാസുരനായി. തുടർന്ന് ദേവി ഘോരയുദ്ധം ചെയ്ത് മൂകാസുരനെ വധിച്ചു. ദേവി അതോടെ മൂകാംബികയായി.

ത്രിശക്തി ഐക്യരൂപിണി
മനുഷ്യരുടെ മനസ്സിലെ അജ്ഞാനത്തിന്റെയും അന്ധകാരത്തിന്റെയും ഒരു പ്രതീകമാണ് മൂകാസുരൻ. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം പ്രദാനം ചെയ്യുന്ന ദേവി എന്നു തന്നെയാണ് മൂകാംബികയുടെ ഗൂഢമായ അർത്ഥം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി ഐക്യരൂപിണിയാണ് മൂകാംബിക. നിത്യവും അഞ്ച് പൂജ. പൂജാവിധികൾ ചിട്ടപ്പെടുത്തിയത് ശങ്കരാചാര്യ സ്വാമികളാണ്.

ALSO READ

ജന്മാഷ്ടമി ഇടവത്തിൽ
ഇടവമാസത്തിലെ കറുത്തവാവ് കഴിഞ്ഞുവരുന്ന
അഷ്ടമിയിലാണ് ദേവി മൂകാസുരനെ വധിക്കാൻ അവതരിച്ചത്. അന്ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളുണ്ട്. ഉത്സവം മീനത്തിലാണ് എങ്കിലും നവരാത്രി കാലമാണ് അതിവിശേഷം. ഇക്കാലത്ത് വിദ്യാരംഭത്തിന് പതിനായിരങ്ങളാണ് വരുന്നത്. ക്ഷേത്രത്തിന്റെ മുൻവശത്താണ് സരസ്വതീമണ്ഡപം. അവിടെയാണ് വിദ്യാരംഭം നടത്തുന്നത്. ക്ഷേത്ര സമീപത്തെ സൗപർണ്ണികയിൽ കുളിച്ച് ദർശനം നടത്തുന്നത് ഏറ്റവും ഉത്തമമാണ്.

മൂലസ്ഥാനം കുടജാദ്രി
മൂകാംബികയുടെ മൂലസ്ഥാനം കുടജാദ്രിയാണ്. ദക്ഷിണഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് കുടജാദ്രി. മൂകാംബികയിൽ നിന്നും 42 കിലോമീറ്ററുണ്ട്. ശങ്കരാചാര്യർ തപസിരുന്ന സർവ്വജ്ഞപീഠം ഇവിടെ കാണാം. സർവ്വജ്ഞപീഠത്തിൽ നിന്നും ദുർഘടമായ പാതയിലൂടെ ഒരു കിലോമീറ്റർ പോയാൽ ചിത്രമൂലയിൽ എത്തും. ഇവിടെയാണ് സൗപർണ്ണികയുടെ ഉത്ഭവം. ഭക്തർക്ക് താമസിക്കാനായി ക്ഷേത്രത്തിന്റെ അതിഥി മന്ദിരങ്ങളും സ്വകാര്യഹോട്ടലുകളുമുണ്ട്.

ക്ഷേത്രത്തിലെത്താൻ
കേരളത്തിൽ നിന്നും പോകുന്നവർ മൂകാംബികാ റോഡ് ബൈന്ദൂരിലോ മംഗലാപുരത്തോ ട്രെയിൻ ഇറങ്ങണം. കൊങ്കൺ വഴി പോകുന്ന ചില ട്രെയിനുകൾ ബൈന്ദൂരിൽ നിറുത്തും. അവിടെ നിന്ന് 40 കിലോമീറ്ററുണ്ട്. മംഗലാപുരത്തു നിന്നും മൂന്നാല് മണിക്കൂർ റോഡ് യാത്ര വേണ്ടി വരും. രാവിലെ 5 മുതൽ ദർശനമുണ്ട്. ഉച്ചയ്ക്ക് 1.30ന് നട അടയ്ക്കും. ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ രാത്രി 9 വരെ ദർശനമുണ്ട്.

ഡോ രാജേഷ് പുല്ലാട്ടിൽ + 91 98955 02025

Story Summary : Kollur Mookambikai Temple celebrating Annual Car Festival on 2025 March 22 Saturday

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?