(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
മംഗള ഗൗരി
ഒരോ മലയാള മാസത്തിലെയും ആദ്യ ആഴ്ച ദിനങ്ങളെയാണ് മുപ്പെട്ടു ചേർത്ത് വിശേഷിപ്പിക്കുന്നത്. മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ മുപ്പെട്ടുവെള്ളി മഹാലക്ഷ്മി പ്രീതി നേടുവാൻ ഏറ്റവും ഉത്തമമാണ്. വെള്ളിയാഴ്ചകൾ പൊതുവേ വിശേഷകരമാണെങ്കിലും മുപ്പെട്ടു വെള്ളി വളരെയധികം പുണ്യ പ്രദമാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വാതിൽ തുറക്കുന്ന ദിവസമായി മുപ്പെട്ടു വെള്ളിയെ ദേവീ ഭക്തർ. കരുതുന്നു.
ഇതു പോലെ തന്നെ പ്രധാനമാണ്
മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ചയും തിങ്കളാഴ്ചയും ശനിയാഴ്ചയും ചൊവ്വാഴ്ചയും എല്ലാം. അതാത് ദിനത്തിന്റെ മൂർത്തികളായ മഹാവിഷ്ണുവിനെയും ശിവപാർവതിമാരെയും ധർമ്മശാസ്താവിനെയും ഭദ്രകാളിയെയും / സുബ്രഹ്മണ്യനെയും യഥാക്രമം ഈ ദിവസങ്ങളിൽ ഉപാസിച്ചാൽ ഫലസിദ്ധി വർദ്ധിക്കും.
സാമ്പത്തിക ദുരിതം തീർക്കാം
മുഖ്യമായും സാമ്പത്തിക ദുരിതം തീരാൻ ലക്ഷ്മി ഉപാസന നടത്താൻ മികച്ച ദിവസമാണ് മുപ്പെട്ട് വെള്ളി. പൊതുവേ സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ ലക്ഷ്മി ദേവിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് വെള്ളിയാഴ്ചകൾ. അതിൽ തന്നെ മുപ്പെട്ട് വെള്ളിയാണെങ്കിൽ അതിവിശേഷമാണ്. ഇത്തവണ
മിഥുന മാസത്തിലെ ആദ്യ വെള്ളിയാഴ്ച വരുന്നത് ജൂൺ 20 നാണ്. അതിനാൽ ഈ ദിവസം ലക്ഷ്മി പ്രീതികരമായ മന്ത്രങ്ങൾ ജപിച്ച് ഐശ്വര്യ ദേവതയുടെ അനുഗ്രഹം നേടിയാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് ഒരു പരിധിവരെ മോചനം നേടാം.
ഗണപതി പ്രീതി നേടാനും ഉത്തമം
മുപ്പെട്ട് വെള്ളിയാഴ്ചകൾ ഗണപതി പ്രീതി നേടാനും നല്ല ദിവസമാണ്. അന്ന് ഗണേശ പ്രീതികരമായ ഉപാസനകൾ നടത്തിയാൽ തടസങ്ങൾ അതിവേഗം മാറി ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകും. ഓരോ മലയാള മാസത്തിലും ആദ്യ ആഴ്ചയും മാസപ്പിറവിയും ചേർന്ന് വരുന്ന മുപ്പെട്ട് ദിവസം കൂടുതൽ ശ്രേഷ്ഠമാണ്. അന്ന് ആ ദിനത്തിൻ്റെ ദേവതയെ ഭജിച്ചാൽ ഇരട്ടി ഫലം ചെയ്യും.
പൂർണ്ണ ഉപവാസം അവശ്യമില്ല
മഹാലക്ഷ്മീ പ്രീതികരമായ വ്രതം ആയതിനാൽ മുപ്പെട്ട് വെള്ളിക്ക് പൂർണ്ണ ഉപവാസം അവശ്യമില്ല. എന്നാൽ
അമിത ഭക്ഷണവും പാടില്ല. ഈ ദിവസം മുഴുവൻ മഹാലക്ഷ്മി മന്ത്രങ്ങൾ, സ്തോത്രങ്ങൾ ജപിക്കുന്നത്
നല്ലതാണ്. ദേവീ ക്ഷേത്രത്തിൽ ദർശനവും വഴിപാടും നടത്തണം. കഴിയുമെങ്കിൽ ദാന ധർമ്മങ്ങൾ നൽകണം. ലക്ഷ്മി പ്രീതികരമായ വെളുത്ത വസ്ത്രങ്ങൾ, വെള്ളിയാഭരണങ്ങൾ എന്നിവ ധരിക്കുന്നത് ഉത്തമമാണ്. വ്രത ദിനത്തിൽ രാവിലെ കുളിച്ച് ശുദ്ധമായ ശേഷം പൂജാമുറിയിൽ നിലവിളക്ക് കൊളുത്തി ഓം ശ്രീ നമഃ ,
ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ എന്നീ മന്ത്രങ്ങൾ 108 തവണ ജപിക്കുക . സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ലളിതാസഹസ്രനാമം, കനകധാരാസ്തോത്രം എന്നിവ പാരായണം ചെയ്യുക. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയിൽ പെടാതിരിക്കാനും മഹാലക്ഷ്മ്യഷ്ടകം രാവിലെയും വൈകിട്ടും നിർബന്ധമായും ജപിക്കണം. ഈ ദിവസം
ഗണേശ പ്രീതിക്കായി ഗണനായകാഷ്ടകം, ഗണേശ അഷ്ടോത്തരം എന്നിവ ജപിക്കാം.
ALSO READ
ധനം, സ്വർണ്ണം കടം നൽകരുത്
വെള്ളി, ചൊവ്വ ദിനങ്ങളിൽ ധനം, സ്വർണ്ണം ഇവ കടമായി നൽകരുത്. എന്നാൽ അന്ന് ധനം സ്വീകരിച്ചാൽ അത് വർദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടുതൽ പണം ചെലവ് ചെയ്താൽ വരവിനേക്കാൾ ചെലവ് വർദ്ധിക്കും.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച മഹാലക്ഷ്മ്യഷ്ടകം കേൾക്കാം:
മഹാലക്ഷ്മ്യഷ്ടകം
1
നമസ്‌തേസ്തു മഹാമായേ
ശ്രീ പീഠേ സുരപൂജിതേ
ശംഖചക്രഗദാ ഹസ്‌തേ
മഹാലക്ഷ്മി നമോസ്തുതേ
2
നമസ്‌തേ ഗരുഡാരൂഢേ
കോലാസുര ഭയങ്കരി
സർവപാപഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
3
സർവ്വജ്‌ഞേസർവവരദേ
സർവദുഷ്ട ഭയങ്കരി
സർവദു:ഖഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
4
സിദ്ധിബുദ്ധി പ്രദേ ദേവി
ഭുക്തിമുക്തി പ്രദായിനി
മന്ത്രമൂർത്തേ മഹാദേവി
മഹാലക്ഷ്മി നമോ സ്തുതേ
5
ആദ്യന്ത രഹിതേ ദേവി
ആദ്യശക്തി മഹേശ്വരി
യോഗജേ യോഗസംഭൂതേ
മഹാലക്ഷ്മി നമോ സ്തുതേ
6
സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ
മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി
മഹാലക്ഷ്മി നമോ സ്തുതേ
7
പത്മാസനസ്ഥിതേ ദേവി
പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാത:
മഹാലക്ഷ്മി നമോസ്തുതേ
8
ശ്വേതാംബരധരേ ദേവി
നാനാലങ്കാരഭൂഷിതേ
ജഗൽ സ്ഥിതേ ജഗന്മാത:
മഹാലക്ഷ്മി നമോസ്തുതേ
മഹാലക്ഷ്മ്യഷ്ടകം സ്തോത്രം
യ: പഠേത് ഭക്തിമാൻ നര:
സർവ്വസിദ്ധിമവാപ് നോതി രാജ്യം
പ്രാപ്നോതി സർവദാ
ഏകകാലേ പഠേന്നിത്യം
മഹാപാപ വിനാശനം
ദ്വികാലം യ: പഠേന്നിത്യം
ധന ധ്യാന്യ സമൃദ്ധി കൃത്
ത്രികാലം യ: പഠേന്നിത്യം
മഹാശത്രു വിനാശനം
മഹാലക്ഷ്മീർ ഭവേന്നിത്യം
പ്രസന്നാ വരദാ ശുഭാ
Story Summary : Significance of Maha Lakshmi Worshipping on Mupputtu Velli , 20 June 2025
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved