(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
മംഗള ഗൗരി
ഏകാദശികളിൽ സുപ്രധാനമായ ഒന്നാണ് ഭഗവാൻ ശ്രീഹരി വിഷ്ണു 4 മാസത്തേക്ക് യോഗനിദ്രയിൽ പ്രവേശിക്കുന്ന ദേവശയനി ഏകാദശി. ആഷാഢം ശുക്ലപക്ഷത്തിലെ പതിനൊന്നാം തിഥിയായ ശയന ഏകാദശി ഇത്തവണ ജൂലൈ 6 ഞായറാഴ്ചയാണ്.
ചതുർമാസ്യ കാലം
ദേവശയിനി ഏകാദശിയിൽ തുടങ്ങി ഉത്ഥാന ഏകാദശി വരെ ഭഗവാൻ മഹാവിഷ്ണു യോഗനിദ്രയിൽ ശയിക്കുന്ന നാലുമാസത്തെ ചതുർമാസ്യമെന്നാണ് വിളിക്കുന്നത്. ഈ ചതുർമാസ്യ കാലത്ത് വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പ്രധാന മംഗളകർമ്മങ്ങൾ പല സ്ഥലങ്ങളിലും നടത്താറില്ല. പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ. നിദ്രയിൽ ആയതിനാൽ ഈ സമയത്തെ കർമ്മങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം ലഭിക്കില്ലെന്ന് വിശ്വസിക്കുന്നു.
അതേസമയം ഇക്കാലം വിഷ്ണു ഭക്തർ വ്രതം, പൂജ, പ്രാർത്ഥന എന്നിവയോടെ ആത്മശുദ്ധീകരണത്തിനായി
പ്രയോജനപ്പെടുത്തും. ഈ പുണ്യ ദിനത്തെ ദേവശയനി ഏകാദശി, മഹാ ഏകാദശി, പത്മ ഏകാദശി, ഹരി ശയനി ഏകാദശി എന്നെല്ലാം പറയപ്പെടുന്നു. ഈ ഏകാദശിക്ക്
വ്രതം അനുഷ്ഠിച്ചാൽ മന:ശാന്തി, സന്തോഷം, ഐശ്വര്യം എന്നിവയെല്ലാം ഭൗതിക ജീവിതത്തിൽ ലഭിക്കും. ശയന
ഏകാദശിക്ക് ദശമി, ഏകാദശി, ദ്വാദശി ദിവസങ്ങളിൽ, ജൂലൈ 5, 6, 7 തീയതികളിൽ വ്രതമെടുക്കണം.
ഓം നമോ നാരായണായ ജപിക്കാം
ഏകാദശിയുടെ അവസാന 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ ഹരിവാസരവേളയിൽ ഉണ്ണാതെ ഉറങ്ങാതെ വിഷ്ണു ചിന്തയും ജപവുമായി കഴിയുന്നത് അത്യുത്തമമാണ്. മഹാവിഷ്ണുവിന്റെ സാന്നിദ്ധ്യം ഈ സമയത്ത് വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഈ സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണ ഫലസിദ്ധി നൽകും എന്ന് വിശ്വസിക്കപ്പെടുന്നു. ജൂലായ് 6 പകൽ 2:40 മണി മുതൽ രാത്രി 3:43 വരെയാണ് ഹരിവാസര സമയം. അപ്പോൾ യഥാശക്തി ഓം നമോ നാരായണായ ജപിക്കണം. വിഷ്ണു അല്ലെങ്കിൽ അവതാര വിഷ്ണു ക്ഷേത്രദര്‍ശനം നടത്തുകയോ പൂജാമുറിയിൽ വിഷ്ണുവിന്റെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുകയോ ചെയ്യാം. മഹാവിഷ്ണുവിന്റെയും ശ്രീരാമസ്വാമി, ശ്രീകൃഷ്ണ സ്വാമി, ശ്രീവരാഹമൂർത്തി എന്നിവരുടെ അഷ്ടോത്തരങ്ങൾ, നരസിംഹസ്വാമിയുടെ മന്ത്രങ്ങൾ ജപിക്കുന്നതിനും ഏകാദശി ദിവസം ഉത്തമമാണ്. മൗനവ്രതവും നല്ലതാണ്. മത്സ്യമാംസ ഭക്ഷണം, മദ്യസേവ, ശാരീരിക ബന്ധം, പകലുറക്കം ഇതൊന്നും പാടില്ല. രണ്ടു നേരം കുളിക്കണം. എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠം ഏകാദശി എന്നാണ് വിഷ്ണുഭക്തരുടെ പ്രമാണം. ഇത് എല്ലാ ഇഹലോക സുഖവും പരലോക സുഖവും തരും. സീതാവിരഹ ദു:ഖം അനുഭവിച്ച ശ്രീരാമൻ അതിൽ നിന്ന് മുക്തി നേടാൻ ചതുർമാസ്യ കാലത്ത് ഈ ഏകാദശി അനുഷ്ഠിച്ച് പാപശാന്തിയും ദുഃഖശാന്തിയും കൈവരിച്ചെന്ന്
ഐതിഹ്യമുണ്ട്.
പാപം ശമിച്ചാൽ ഐശ്വര്യം
വ്രതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏകാദശി വ്രതമാണ്. ഭക്തിയും നിഷ്ഠയും പാലിച്ച് ഏകാദശി വ്രതം നോറ്റ് മഹാവിഷ്ണുവിനെ പൂജിച്ചാൽ എല്ലാ പാപങ്ങളും
ഇല്ലാതാകും. പാപം ശമിച്ചാൽ ജീവിതത്തിൽ ഐശ്വര്യം കടന്നുവരും. ഏകാദശി വ്രതത്തിന് ധാരാളം ഫലങ്ങള്‍ പറയുന്നുണ്ട്. ഈ ദിവസം വ്രതമെടുത്ത് ഭഗവാന് തുളസി അര്‍ച്ചിക്കുന്നവര്‍ക്ക് ഒരു കോടി യാഗം ചെയ്ത ഫലം ലഭിക്കും, ഏകാദശി ദിവസം ഭഗവാന് മുന്നില്‍ നെയ് വിളക്ക് തെളിച്ചാൽ വൈകുണ്ഠപ്രാപ്തിയുണ്ടാകും. 24 ഏകാദശിയുള്ളതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ ശയന ഏകാദശിക്ക് വ്രതമെടുക്കുന്നവര്‍ക്ക് വൈകുണ്ഠ പ്രാപ്തി ഉറപ്പാണ്. ഗംഗ മുതലായ പുണ്യതീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്ത ഫലം ഈ ദിവസത്തെ വ്രതഫലമാണ്.
ALSO READ
ഏകാദശി ദാനം മഹാപുണ്യം
ഏകാദശിക്ക് വിഷ്ണുവിന് താമരമാല ചാര്‍ത്തിയാൽ മോക്ഷം ലഭിക്കും. ദമ്പതികൾ ഒന്നിച്ച് വ്രതമെടുത്താല്‍ സത്‌സ്വഭാവികളായ മക്കളുണ്ടാകും. ഏകാദശി നാൾ ഉറക്കമൊഴിഞ്ഞ് നാമജപ നടത്തിയാൽ ദീര്‍ഘകാലം സന്തോഷത്തോടെ ജീവിക്കും. ഏകാദശി ദിവസം ദാനം ചെയ്യുന്നതുപോലെ മറ്റൊരു പുണ്യകര്‍മ്മം ഇല്ല. വൃശ്ചികം (മാര്‍ഗ്ഗശീര്‍ഷം) മാസത്തിലെ കറുത്ത ഏകാദശിയാണ് വ്രതം തുടങ്ങാന്‍ ഏറ്റവും ഉത്തമം. സ്വന്തം ആരോഗ്യം കണക്കിലെടുത്ത് വ്രത കാഠിന്യം കൂട്ടാനും കുറയ്ക്കാനും കഴിയും. സാധാരണ പൂര്‍ണ്ണ ഉപവാസമാണ് പറയുന്നത്. എന്നാൽ ക്ഷേത്രത്തില്‍ നിന്നുള്ള ഉണക്കലരി ചോറ് വാങ്ങി ഒരിക്കൽ ഉണ്ട് ദിവസം കഴിച്ചു കൂട്ടുന്നതിൽ തെറ്റില്ല. ഉപവാസവും ഉറക്കമൊഴിയലും കടുത്ത നിഷ്ഠ ആയതിനാല്‍ ആരോഗ്യം അനുവദിക്കുന്നവര്‍ മാത്രം അതു ചെയ്താല്‍ മതി.
വിഷ്ണുശതനാമ സ്തോത്രം
ഏകാദശി അനുഷ്ഠിക്കുന്നവർ ഏറ്റവും കൂടുതൽ ജപിക്കുന്ന / ശ്രവിക്കുന്ന വിഷ്ണുശതനാമ സ്തോത്രം
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്നത് കേൾക്കാം:
Story Summary: Significance Of Sayana Ekadeshi or Maha Ekadeshi
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved