Wednesday, December 10, 2025
Wednesday, December 10, 2025
Home » ജ്ഞാനം, വീര്യം, ധൈര്യം ലഭിക്കാൻ ഈ സ്‌തോത്രം എന്നും ജപിക്കൂ

ജ്ഞാനം, വീര്യം, ധൈര്യം ലഭിക്കാൻ ഈ സ്‌തോത്രം എന്നും ജപിക്കൂ

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ: +91 8138015500 )

മംഗള ഗൗരി
ദാരികനിഗ്രഹ ശേഷം ശ്രീപാർവ്വതീ പരമേശ്വര സവിധത്തിലെത്തിയ ശ്രീഭദ്രകാളിയെ ദേവകൾ എല്ലാം ചേർന്ന് സ്തുതിക്കുന്ന മഹനീയമായ ഒരു സ്‌തോത്രം മാർക്കണ്‌ഡേയ പുരാണം ഭദ്രോല്പത്തിയുടെ ഒൻപതാം അദ്ധ്യായത്തിലുണ്ട്. പ്രസ്തുത അദ്ധ്യായം തുടങ്ങുന്നത്
തന്നെ ഈ നാലു വരികളോടെയാണ് :

ഓം ദേവി പ്രസീദ ദനുജാന്തപരി പ്രസീദ!
കാളീ പ്രസീദ കമനീയതനോ പ്രസീദ!
ഭദ്രേ പ്രസീദ ഭവനേത്രഭവേ പ്രസീദ!
മായേ പ്രസീദ മഹനീയതമേ പ്രസീദ!

ഈ സ്തോത്രം നിത്യവും ജപിക്കുന്നവരെ ഭഗവതി
എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കും. ജ്ഞാനം വീര്യം, ധൈര്യം മുതലായ സദ്ഗുണങ്ങൾ നൽകി അനുഗ്രഹിക്കും. ഈ സമ്പത്തുകൾ അവരുടെ ജീവിതാന്ത്യം വരെ നില നിൽക്കുകയും ചെയ്യുമെന്ന് ആചാര്യന്മാർ പറയുന്നു. കേരള വ്യാസൻ എന്ന് അറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ നിത്യവും ജപിച്ചിരുന്ന സ്‌തോത്രമാണിത്.

ഈ സ്തോത്രത്തിന്റെ സാരാശം: അസുരകുല സംഹാരകർത്ത്രിയായ ദേവീ, സുന്ദരമൂർത്തിയും
ഭഗവന്നേത്ര ഭവയുമായ ഭഗവതി, അത്യന്ത്യം പൂജ്യയായ ശ്രീ ഭദ്രകാളീ പ്രസാദിച്ചാലും പ്രസാദിച്ചാലും.

ദേവിയെ ഇങ്ങനെ സ്തുതിച്ച് തുടങ്ങിയിട്ട് ശ്രീപാർവതി പരമേശ്വര സവിധത്തിൽ സന്നിഹിതരായിരുന്ന സകല ദേവതകളും കൂടി ഭദ്രകാളിയോട് പ്രാർത്ഥിക്കുന്നു: പാപിയായ ആ ദാരികനെ വധിക്കുക നിമിത്തമായി ദേവകൾ, മനുഷ്യർ, നാഗങ്ങൾ എന്നു തുടങ്ങി സകല ത്രൈലോക്യവാസികളുടെയും സങ്കടം തീർന്നുവല്ലോ. അല്ലയോ ത്രിഭുവനങ്ങൾക്കും ഏകനാഥയായ അമ്മേ ഇനി ക്രോധം അശേഷം കൈ വെടിഞ്ഞ് പ്രസാദിച്ചാലും. നിന്തരുവടി ശത്രു സംഹാരത്തിനായി ചെയ്ത പ്രയത്നത്തെയും സഹിച്ച ബുദ്ധിമുട്ടുകളെയും കുറിച്ച് ആരുണ്ട് പ്രശംസിക്കാത്തതായി. മേലിലും എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്ത് രക്ഷിച്ച് സന്തുഷ്ടയായി അരുളേണമേ.

ALSO READ

ഭദ്രകാളിയുടെ അവതാരവും ദാരികവധവുമാണ്
മാർക്കണ്‌ഡേയ പുരാണത്തിലെ ഭദ്രോല്പത്തി
പ്രകരണത്തിന്റെ സാരാംശം. സൃഷ്ടി സ്ഥിതി സംഹാര കാരണിയായ ആദിപരാശക്തി ദാരിക നിഗ്രഹത്തിനായി കാളീരൂപത്തിൽ അവതരിക്കുകയും ദാരികനെ നിഗ്രഹിച്ച് ദേവലോകത്തെ രക്ഷിക്കുകയും ചെയ്തു. മഹാകാളിക്ക് രണ്ട് അവതാരമുണ്ട്. ശിവന്റെ ശക്തിയായും പുത്രിയായും. ശിവന്റെ ശക്തിയായി ദക്ഷ പുത്രിയായാണ് ആദ്യം ദേവി അവതരിച്ചത്. ശിവന്റെ പുത്രീഭാവത്തിൽ ദാരികനിഗ്രഹത്തിനായും ദേവി പീന്നീട് അവതരിച്ചു. ദാരികനിഗ്രഹത്തിന് അവതരിച്ച മഹാകാളിയാണ് കൊടുങ്ങല്ലൂരമ്മ. ഭയാനകവും രൗദ്രവുമായ ഈ ഭാവത്തെ പ്രസാദിപ്പിക്കാൻ ഭദ്രകാളിയെ മാതാവായി പൂജിച്ചാൽ മതി.

അമ്മേ എന്ന് വിളിച്ചാൽ പ്രസാദിക്കുന്ന പരാശക്തി ഭാവമായ കൊടുങ്ങല്ലൂരമ്മ അമ്മ അവതരിച്ചപ്പോൾ പാർവ്വതീദേവി പോലും ഭയന്നു പോയത്രെ. ചണ്ഡികേ പുത്രി ചാമുണ്‌ഡേ ഭദ്രകാളീ ഭവാത്മജേ എന്നു വിളിച്ച് ആ രൗദ്രം അല്പം കുറയ്ക്കാൻ പാർവ്വതി നിർദ്ദേശിച്ചു.
പാർവ്വതിയുടെ സ്നേഹ പൂർണ്ണമായ വാക്കുകൾ കേട്ട് രൗദ്രത അല്പം കുറച്ചാണ് ദാരികവധത്തിന് ദേവി പുറപ്പെട്ടത്.

ദാരുവതിയെന്നും ദാനവതിയെന്നും പേരായ രണ്ട് അസുരസ്ത്രീകൾ ബ്രഹ്മാവിനെ തപസ് ചെയ്തു നേടിയ മക്കളാണ് ദാരികനും ദാനവനും. ബ്രഹ്മദേവനെ തപസ് ചെയ്ത ഇവർ ഒരു സ്ത്രീക്കു മാത്രമേ തങ്ങളെ വധിക്കാനാവൂ എന്ന് വരം നേടിയിരുന്നു. ബ്രഹ്മദത്തമായ ഒരു ദണ്ഡ് ദാരികന് ദേവൻ നൽകുകയും ചെയ്തു. മാത്രമല്ല യുദ്ധത്തിൽ നിന്നും അയാളെപ്പോലെ ബലവാൻമാരായ ആയിരം അസുരന്മാർ ജന്മമെടുക്കുമെന്നും ബ്രഹ്മാവ് വരം നൽകി. തുടർന്ന് ദാരികനും സംഘവും ത്രിലോകങ്ങളെയും ആക്രമിച്ചു.

ആ അവസരത്തിലാണ് ലോക സംരക്ഷണാർത്ഥം ശ്രീപരമേശ്വരൻ തൃക്കണ്ണുതുറന്ന് കാളിയെ സൃഷ്ടിച്ചത്. ഭഗവാൻ ഘോരാട്ടഹാസത്തോടെ കണ്ണുകളിൽ തീക്കനൽ ജ്വലിപ്പിച്ചു. കരാളരൂപിണിയായി മഹാകാളി തൃക്കണ്ണിൽ നിന്നും പുറത്തുചാടി. കൈലാസപർവ്വതത്തിന്റെ വടക്കുകിടന്ന ഘോരപിശാചിനിയായ വേതാളത്തിന്റെ കഴുത്തിലേറി ശിവഭൂതഗണങ്ങളോടൊപ്പം ദേവി ദാരികന്റെ കോട്ട ആക്രമിച്ചു. ദാരിക പത്‌നിയായ മനോദരി (വസൂരി)യുടെ ശാപത്താൽ ദേവിയുടെ ശരീരത്ത് വസൂരിക്കല നിറഞ്ഞു. ശിവചൈതന്യത്തിൽ നിന്നും പുറപ്പെട്ട ഘണ്ഠാകർണ്ണൻ എന്ന ദേവനും ദുർഗ്ഗയും ചേർന്ന് വസൂരിക്കലകളെ നശിപ്പിച്ചു. ശേഷം ദേവി ദാനവനെ വധിച്ചു. ദാരികൻ പിൻതിരിഞ്ഞോടി. യുദ്ധത്തിൽ ദാരികന്റെ ശരീരത്തു നിന്നും പൊടിഞ്ഞ ഓരോ തുള്ളിച്ചോരയും വേതാളവും ഭൂതഗണങ്ങളും നിലത്തു വീഴും മുൻപേ കുടിച്ചു. ദേവി ദാരികന്റെ തലവെട്ടി ആകാശത്തിലെറിഞ്ഞ ശേഷം നിലത്തു വീഴാതെ ശൂലത്തിൽ കോർത്തു പിടിച്ചു. അടങ്ങാത്ത കോപത്തോടും രക്തദാഹത്തോടും ദേവി തിരികെ കൈലാസത്തിലേക്ക് പാഞ്ഞു. ആ രൗദ്രതയാർന്ന രൂപം കണ്ട് ശ്രീപരമേശ്വരനും പാർവ്വതിയും തെല്ലമ്പരന്നു.

ദേവിയുടെ കോപം ശമിപ്പിക്കാൻ ഗണപതിയെയും നന്ദിയെയും ഭഗവാൻ ശിശുരൂപികളാക്കി കാളിദേവി വരുന്ന വഴിയിലാക്കി. കുഞ്ഞുങ്ങളെ കണ്ട ലോകമാതാവിന്റെ മാതൃവാത്സല്യം ഉണർന്നു. ദേവി ശാന്തയായി. കുട്ടികളെ എടുത്തോമനിച്ചു. അവർക്ക് സ്തന്യം നൽകി. തുടർന്ന് ബാലകരെ വിട്ട് ഗോപുരത്തിലേക്ക് പ്രവേശിച്ച ഭദ്രകാളി ഭഗവതിയെ അവിടെ സന്നിഹിതരായിരുന്ന ദേവാദികൾ എല്ലാം കൂടി നടത്തിയ സ്തുതിയാണ് ആദ്യം വർണ്ണിച്ചിരിക്കുന്നത്.

പിന്നീട് പാർവതീ പരമേശ്വരമാരെ ശ്രീ ഭദ്രകാളി സാഷ്ടാംഗം നമസ്ക്കരിച്ചു. ശേഷം ത്രിമൂർത്തികളുടെ അപേക്ഷയനുസരിച്ച് ഭക്തരുടെ അനുഗ്രഹാർത്ഥം കാളി ഭൂമിയിലേക്ക് എഴുന്നള്ളി. ലോകമാതാവായ ഈ ഭദ്രകാളിയാണ് കൊടുങ്ങല്ലൂരമ്മ. ആപത്‌ രക്ഷയ്ക്കായി അമ്മയെ പൂജിക്കുന്നതിനൊപ്പം മാരകരോഗമായ വസൂരിയെ നശിപ്പിക്കാൻ വേണ്ടി ഘണ്ഠാകർണ്ണന്റെ അനുഗ്രഹത്തിനും ഭദ്രകാളിയെ അഭയം പ്രാപിച്ചാൽ മതി.

Story Summary : Powerful Bhadrakali Stuti for the Blessings of Bhagavathi

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?