(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ഒരു വർഷത്തെ 12 വാവുകളിൽ ഏറ്റവും പ്രധാനം കർക്കടകവാവാണ്. മാസബലിയോ, വാർഷികബലിയോ, മരണാനന്തര സംസ്‌കാര ചടങ്ങുകൾ പോലും കൃത്യമായി ചെയ്തിട്ടില്ലാത്തവർക്ക് കർക്കടക വാവ് ബലി ഏറ്റവും നല്ല പരിഹാരമാണ്. ഈ ദിവസം ചെയ്യുന്ന ഏതൊരു പിതൃകർമ്മങ്ങൾക്കും അളവറ്റ ഫലം ഉണ്ട്.
പരശുരാമന്റെ പാപശാന്തി
പരശുരാമൻ സ്വന്തം മാതാവിനെ പാപശാന്തിവരുത്തി പിതാവിന്റെ മന്ത്രശക്തികൊണ്ട് ജീവദാനം നല്കിയ ദിവസമാണ് എന്നും; ഭഗീരഥമഹർഷി ആകാശഗംഗയെ ഭൂമിയിൽകൊണ്ടുവന്ന് സ്വന്തം പിതൃക്കൾക്ക് പാപശാന്തി നല്കിയ ദിവസമാണെന്നും കർക്കടക വാവിനെക്കുറിച്ച് ഐതിഹ്യത്തിൽ പക്ഷഭേദമുണ്ട്. ഐതിഹ്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ എന്ത് തന്നെയാലും നമ്മുടെ ജനനത്തിനും വളർച്ചയ്ക്കും എല്ലാ അർത്ഥത്തിലും
കാരണഭൂതരായ പിതൃക്കൾക്ക് പൂവും നീരും പിണ്ഡവും ചേർത്ത് നൽകുന്ന നന്ദി പ്രകടനമാണ് ബലി തർപ്പണം.
പ്രധാന ബലി സന്നിധികൾ
ബലിക്ക് പ്രധാനം ഇല്ലം, നെല്ലി, വല്ലം എന്നാണ് പ്രമാണം. ഇപ്രകാരം സ്വഭവനവും വടക്ക് നാരായണ സന്നിധിയായ
തിരുനെല്ലിയും തെക്ക് തിരുവല്ലം പരശുരാമ ക്ഷേത്രവുമാണ് ബലിതർപ്പണത്തിന് സർവോത്തമം. എന്നാൽ
ഇതേ പോലെ പ്രാധാന്യമുള്ള മറ്റ് ബലി തീർത്ഥങ്ങളും കേരളത്തിലുണ്ട്. ആലുവ ശിവക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, കൊല്ലം തിരുമുല്ലവാരം വിഷ്ണുക്ഷേത്രം, തിരുനാവായ, തൃക്കുന്നപ്പുഴ, തമിഴ്നാട്ടിൽ രാമേശ്വരം, പിതൃക്കളുടെ ”സ്വര്‍ഗ്ഗം” എന്നറിപ്പെടുന്ന പെരുമ്പാവൂർ
ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മാവേലിക്കര മറ്റം നരസിംഹ സ്വാമി ക്ഷേത്രം എന്നിവിയെല്ലാം പിതൃബലിക്ക് പ്രസിദ്ധമാണ്. ഇതിന് പുറമെ നാടെങ്ങും മിക്ക പ്രമുഖ ക്ഷേത്രങ്ങളിലും കർക്കടക വാവിന് ബലിയിടാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്താറുണ്ട്. പ്രത്യേകിച്ച് മഹാവിഷ്ണു, ശ്രീകൃഷ്ണ, ശ്രീരാമ, നരസിംഹ ക്ഷേത്രങ്ങളിലും ചില ശിവ ക്ഷേത്രങ്ങളിലും.
വാവിന് വ്രതം നിർബ്ബന്ധം
ഈശ്വരവിശ്വാസികളായ ഹൈന്ദവർ പിതൃപ്രീതിക്കായി നടത്തുന്ന സുപ്രധാന അനുഷ്ഠാനമായ കർക്കടകവാവ്
ബലി തർപ്പണം ഈ വർഷം 2025 ജൂലൈ 24 വ്യാഴാഴ്ച ആണ്. വ്രതശുദ്ധിയോടെ കർക്കടകത്തിലെ കറുത്തവാവിന് ബലിയിടുന്നത് സർവൈശ്വര്യദായകമായി മലയാളികൾ കരുതുന്നു.
ALSO READ
ജൂലൈ 24 വ്യാഴാഴ്ചയാണ് ഈ വർഷത്തെ കർക്കടകവാവ്. തലേദിവസം മുതൽ കൃത്യമായി വ്രതമെടുത്ത് രാവിലെ കുളിച്ച് ബലിയിടണം. മത്സ്യമാംസാദി ഭക്ഷണം ത്യജിക്കുക. തലേദിവസം ഉച്ചക്ക് മാത്രം ഊണ്. രണ്ട് നേരം പഴവർഗ്ഗം. വാവ് ദിവസം രാവിലെ ബലിയിടണം. രാവിലെ പഴവർഗ്ഗങ്ങൾ കഴിക്കാം. ഉച്ചക്ക് ഊണ്. വൈകിട്ട് പഴവർഗ്ഗം. ഇതാണ് ഭക്ഷണസമ്പ്രദായം. മദ്യം, പുകവലി, മുറുക്ക് തുടങ്ങിയവ ഉപേക്ഷിക്കണം. ഭൗതിക സുഖങ്ങൾ ഒഴിവാക്കുക. പകലുറക്കം പാടില്ല. ഭസ്മ ലേപങ്ങൾ പാടില്ല. പരമാവധി പുരാണ പാരായണം ചെയ്യുക. അസത്യം പറയരുത്. മനസാവാചാ കർമ്മണാ തെറ്റ് ചെയ്യരുത്. ബലിയിടുന്നവർ കർശനമായി ചിട്ട പാലിക്കണം. ബലിയിടാത്തവർക്കും പിതൃപ്രീതിക്ക് വേണ്ടി വ്രതമെടുക്കാം. അശുദ്ധിയുള്ളവർ ബലിയിടരുത് വ്രതമെടുക്കരുത്. പുണ്യതീർത്ഥങ്ങളിൽ സ്‌നാനം ചെയ്യുക. ബലിയിട്ട ശേഷം കുളിച്ച് വിഷ്ണു, ശിവ ക്ഷേത്രദർശനം നടത്താം.
ആർക്കും ബലിയിടാം
മരിച്ചുപോയ ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടി മാത്രമല്ല വാവ് ബലി ഇടുന്നത്. എല്ല പിതൃക്കൾക്കും വേണ്ടിയാണ്. അറിയാവുന്നതും അറിയാത്തതുമായ സമസ്ത പിതൃക്കളെയും സങ്കല്പിച്ചിടുന്നതാണ് കർക്കടകവാവ്ബലി. അതുകൊണ്ട് ഏതൊരാൾക്കും ഈ ബലിയിടാം. മാതാപിതാക്കളുടെയോ ഏതെങ്കിലും ഒരു ആത്മാവിന് വേണ്ടിയോ തിലഹോമം സായൂജ്യപൂജ ചെയ്തവർക്കും കർക്കടക വാവ് ബലിയിടാം.
വീട്ടിൽ ആരെങ്കിലും മരിച്ചാൽ ഒരു വർഷത്തിനകം വരുന്ന കർക്കടക ബലി ഒഴിവാക്കരുത്. കൃത്യമായും ഇടേണ്ടതാണ്. പൂർവ്വികരായ സമസ്ത പിതൃക്കളും
ഈ ദിവസം ബലി സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജീവാത്മാവ് പുനർജന്മത്തിലേക്ക് പോയാലും പത്ത് പ്രാണനിൽ ഒന്നായ ധനഞ്ജയൻ നാശമില്ലാതെ നില കൊള്ളുന്നു എന്നും ഈ പ്രാണന് വേണ്ടിയാണ് ബലിയിടുന്നതെന്നുമാണ് വിശ്വാസം. ധനഞ്ജയന് പുനർജന്മമല്ല മോക്ഷം മാത്രമേയുള്ളു എന്നർത്ഥം.
അനാദിഹോമം പാപശാന്തി നൽകും
അനാദി എന്ന മന്ത്രം കൊണ്ട് വിഷ്ണു സങ്കല്പത്തിൽ പൂജിച്ച് 1008 ഉരു ഹോമിക്കുകയാണ് വിധി. നെയ്യ്, പ്‌ളാവിൻ ചമത, എള്ള്, ഹവിസ് എന്നിവ ഹോമിക്കാം.
ക്ലേശിച്ചുള്ള മരണം പ്രായമെത്താതെയുള്ള മരണം എന്നിവയ്ക്ക് ഈ ഹോമം അത്യാവശ്യമാണ്. ആത്മാവിന്റെ പാപശാന്തിക്കും മരണം മൂലം ഏറ്റവും അടുത്ത ബന്ധുക്കൾക്ക് ബാധിച്ച ദോഷത്തിനും പിതൃപ്രീതിക്കും ഗുണകരമാണ് അനാദിഹോമം. യോഗ്യനായ ഒരു കർമ്മിയെക്കൊണ്ട് ചെയ്യിക്കണം. കർക്കടക വാവ് ഏറ്റവും ഉത്തമം.
ബലിക്ക് പകരം ദാനം
ബലിയിടാൻ എന്തെങ്കിലും അസൗകര്യം ഉള്ളവർക്കും ഈ ദിവസം ദാനം ചെയ്യാം. കോടിവസ്ത്രം വെറ്റില പാക്ക് എന്നിവയും യഥാശക്തി ദക്ഷിണയും ചേർത്ത് ദാനം ചെയ്യുക. ബലിക്ക് പകരമാണെന്നും പിതൃക്കളുടെ പ്രതീയുണ്ടാകണമെന്നും നന്നായി പ്രാർത്ഥിക്കുകയും വേണം. ദാനം വാങ്ങിയ വ്യക്തിയുടെ പുണ്യങ്ങൾ ദാനം കൊടുത്ത വ്യക്തിക്ക് ലഭിക്കും. ദാനം പിതൃക്കൾക്ക് ഏറ്റവും സന്തോഷകരമാണ്.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, മൊബൈൽ : 91 94470 20655
Story Summary: Alternative For Karkkadakam Vavu Bali rituals and benefits
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved