സി സദാനന്ദൻ പിള്ള
സമത്വസുന്ദര ഭരണത്തിന്റെയും സമ്പൽസമൃദ്ധിയുടെയും സ്മൃതികളുണർത്തി മനസ്സുകളിൽ പ്രതീക്ഷയുടെ നിറദീപം തെളിച്ച് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പകർന്ന് പൊന്നോണം വന്നണയുന്നു. 2025 സെപ്തംബർ 5, 1201 ചിങ്ങം 20 വെള്ളിയാഴ്ചയാണ് തിരുവോണം.
ഓണത്തിന്റെ പിറവിയെക്കുറിച്ചും ആഘോഷത്തെക്കുറിച്ചും പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. അതിൽ പ്രധാനം മഹാബലിയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ്. സത്യധർമ്മങ്ങൾ പാലിച്ച് തിന്മയെ നശിപ്പിച്ച് മാനുഷരെല്ലാം ഒന്നുപോലെ എന്ന സങ്കല്പത്തിൽ നാടു വാണ അസുരചക്രവർത്തിയും പ്രജാക്ഷേമതത്പരനുമായിരുന്ന മഹാബലി വാമനന്റെ വരദാനത്താൽ സുതലത്തിൽ നിന്ന് തന്റെ പ്രജകളെ കാണാൻ ചിങ്ങമാസത്തിലെ തിരുവോണത്തിന് എത്തുന്നതാണ് വിഖ്യാതമായ ഓണസങ്കല്പം. മഹാബലിയുടെ ആത്മത്യാഗത്തിന്റെ സ്മരണ ഉണർത്തുന്ന ചിങ്ങത്തിലെ തിരുവോണം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നായ വാമന മൂർത്തിയുടെ അവതാരദിനം കൂടിയാണ്.
വിശ്വമാനവികതയുടെയും നിസ്വാർത്ഥതയുടെയും ആത്മബലിയുടെയും മറ്റും അത്യപൂർവ്വമഹത്ത്വങ്ങൾ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറാൻ ഉപകരിക്കുന്ന അതീവ ശ്രേഷ്ഠമായ ഒരു ആഘോഷമാണ് കേരളീയ പ്രാചീനസംസ്‌കൃതിയുടെ ഭാഗമായ ചിങ്ങത്തിലെ തിരുവോണം. ഓണസദ്യയും ഓണക്കോടിയും ഓണക്കണികളും മറ്റുമായി ആഹ്ലാദാരവം നിറയുന്ന ഓണാഘോഷത്തിലെ ഏറ്റവും പ്രധാന വിശേഷങ്ങളിൽ ഒന്ന് പൂക്കളമൊരുക്കലാണ്.
വീടുകളിൽ ഓണം എത്തി എന്നറിയിക്കുന്നത് അത്തപ്പൂക്കളം തീർത്താണ്. മുറ്റത്ത് ചാണകം മെഴുകിയ തറയിലായിരുന്നു പണ്ടൊക്കെ പൂക്കളമിടുന്നത്. ആദ്യദിവസമായ അത്തത്തിന് തുമ്പപ്പൂവും മുക്കുറ്റിയുമാണ് പ്രധാനം. അന്ന് ഒരു നിരപൂവ് ഇട്ടാൽ മതി. രണ്ടാം ദിവസം രണ്ടിനം പൂവ് മൂന്നാം ദിവസം മൂന്നിനം പൂവ് ഇങ്ങനെ ദിവസം ചെല്ലുന്തോറും പൂവിന്റെ നിറങ്ങളും കളത്തിലെ വരികളുടെ എണ്ണവും കൂടിവരും. വൃത്താകൃതിയിലാണ് സാധാരണ പൂക്കളമൊരുക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ പ്രത്യേക ആകൃതിയിൽ ചില ദിവസങ്ങളിൽ പൂക്കളമെഴുതുന്ന രീതിയുമുണ്ട്. ഉത്രാടത്തിനാണ് ഏറ്റവും വലിപ്പത്തിൽ പരമാവധി ഭംഗിയായി പൂക്കളമൊരുക്കുന്നത്.
ചിങ്ങത്തിലെ തിരുവോണം മഹാവ്രതദിനമായും ആചരിക്കാറുണ്ട്. സന്താനങ്ങളില്ലാത്ത ദു:ഖം അനുഭവിക്കുന്ന ദമ്പതികൾ സന്താനലബ്ധിക്കും സന്താനങ്ങളുടെ കാര്യങ്ങളിൽ മറ്റ് വിഷമങ്ങൾ അനുഭവിക്കുന്ന മാതാപിതാക്കൾ ആ ദു:ഖങ്ങൾ അകറ്റുവാനും സന്താനങ്ങളുടെ പൊതുവെയുള്ള ശ്രേയസ്സിനും തിരുവോണ വ്രതം അനുഷ്ഠിക്കാറുണ്ട്. ഭാര്യാ-ഭർത്താക്കന്മാർ ഒരുമിച്ച് അനുഷ്ഠിക്കുന്ന വ്രതമാണിത്. തിരുവോണവ്രതം അനുഷ്ഠിക്കുന്നവർ പൊതു വ്രതനിഷ്ഠകൾ പാലിക്കണം. വിഭവസമൃദ്ധമായ തിരുവോണ സദ്യയ്ക്ക് പകരം ഉച്ചയ്ക്ക് വെള്ളച്ചോറ് മാത്രം കഴിക്കുക. പരിപ്പ്, ഉള്ളി എന്നിവ ഉപയോഗിക്കരുത്. തിരുവോണദിവസം ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് കുളിച്ച് ക്ഷേത്രദർശനം നടത്തി ആചാരപ്രകാരം തൊഴുത് പ്രാർത്ഥിക്കണം. തിരിച്ച് വീട്ടിലെത്തി വ്രതചര്യകൾ തുടരണം. ബ്രഹ്മചര്യം പ്രധാനമാണ്. മത്സ്യമാംസാദികൾ ഉപേക്ഷിക്കണം. പകലുറക്കം പാടില്ല. തിരുവോണവ്രതവുമായി ബന്ധപ്പെട്ട മറ്റെല്ലാ ആചാരങ്ങളും പാലിക്കണം. അവിട്ടം നക്ഷത്രദിവസം പുലർച്ചെ കുളിച്ച് ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കാം.
ALSO READ
( സി സദാനന്ദൻ പിള്ള, + 91 9400201810)
Story Summary: Significance and Myth of Onam Festival
Copyright 2025 riyoceline.com/projects/Neram/. All rights reserved