Wednesday, December 10, 2025
Wednesday, December 10, 2025
Home » പ്രദോഷം തിരുവോണത്തിന്; ഇത് ജപിച്ചാൽ ദുരിതശമനം

പ്രദോഷം തിരുവോണത്തിന്; ഇത് ജപിച്ചാൽ ദുരിതശമനം

by NeramAdmin
0 comments

ഗൗരി ലക്ഷ്മി
ശിവ പാർവ്വതി പ്രീതിക്ക് ഉത്തമമായ അനേകം വ്രതങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടെങ്കിലും ഏറ്റവും ലളിതമായി ആചരിക്കാവുന്നതാണ് പ്രദോഷം. ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷ വ്രതമെടുക്കാൻ കണക്കാക്കുന്നത്. കറുത്തപക്ഷത്തിലെയും വെളുത്തപക്ഷത്തിലെയും രണ്ടു പ്രദോഷവും അനുഷ്ഠിക്കാറുണ്ട്. പക്ഷേ കറുത്തപക്ഷ പ്രദോഷം ആണ് കൂടുതൽ വിശേഷം. അതിൽ തന്നെ ശനി പ്രദോഷവും തിങ്കൾ പ്രദോഷവും
ഉൽകൃഷ്ടമായി കരുതുന്നു. സാധാരണ പ്രദോഷം മാസത്തില്‍ രണ്ടെണ്ണമാണ്. അപൂർവം മാസങ്ങളിൽ മൂന്ന് പ്രദോഷം വരാറുണ്ട്. ക്ഷിപ്ര ഫലസിദ്ധിയാണ് പ്രദോഷാനുഷ്ഠാനത്തിൻ്റെ മുഖ്യ സവിശേഷത.

1201 ചിങ്ങമാസത്തിലെ ശുക്ലപക്ഷ പ്രദോഷം തിരുവോണമായ സെപ്തംബർ 2025 വെള്ളിയാഴ്ചയാണ്. സാധാരണ തിരുവോണത്തിന് മഹാവിഷ്ണു പ്രധാനമായ ഏകാദശിയാണ് വരുന്നതെങ്കിൽ ഇക്കുറി ഉമാ മഹേശ്വര പ്രീതിക്ക് ഉത്തമമായ പ്രദോഷം വരുന്നു.

🟠 എല്ലാം തരുന്ന അനുഷ്ഠാനം
പ്രദോഷവ്രതം തികഞ്ഞ ഭക്തിയോടെ എടുത്താൽ സർവ്വപാപവും നശിക്കും. ദാരിദ്ര്യദുഃഖം ശമിക്കും.
ആയുരാരോഗ്യം, സൽകീർത്തി, കുടുംബ സൗഖ്യം, വിവാഹലബ്ധി, സന്താനസൗഭാഗ്യം തുടങ്ങി എല്ലാ ഐശ്വര്യങ്ങളും കരഗതമാകും. എല്ലാ പ്രദോഷവും ആചരിക്കാമെങ്കിലും തിങ്കൾ പ്രദോഷവും, ശനി പ്രദോഷവും മുടക്കരുത്.

🟠 സർവദേവതാ പ്രീതി നേടാം
ത്രയോദശിയിലെ പ്രദോഷ സന്ധ്യയിൽ കൈലാസത്തില്‍ ശ്രീ മഹാദേവന്‍ ആനത്തോലുടുത്ത് ശ്രീപാർവതിയെ രത്‌നപീഠത്തിൽ ഇരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദനടനം ആടുന്നു എന്നാണ് സങ്കല്പം. ഈ വേളയില്‍ വാണീഭഗവതി വീണ വായിക്കും. ബ്രഹ്മാവ് താളം പിടിക്കും. ദേവേന്ദ്രന്‍ പുല്ലാങ്കുഴലൂതും. മഹാലക്ഷ്മി ഗീതം ആലപിക്കും. വിഷ്ണു മൃദംഗം വായിക്കും. നന്ദിയും ഭൃംഗിയും നടനം ചെയ്യും. സ്തുതിപാഠകര്‍ സ്തുതിഗീതം ആലപിക്കും. ഗന്ധര്‍വ യക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കും. ഇതാണ് പ്രദോഷ സന്ധ്യാ വർണ്ണന. ഈ നേരത്ത് അവിടെ എല്ലാ ദേവതകളുടെയും സാന്നിദ്ധ്യമുണ്ടെന്ന് ചുരുക്കം. അതിനാൽ ശിവ പാർവ്വതിമാർ ഏറ്റവും പ്രസന്നരാകുന്ന ത്രയോദശി പ്രദോഷ സന്ധ്യയില്‍ വ്രതമെടുത്ത് പ്രാര്‍ത്ഥിക്കുന്ന ഭക്തർക്ക് ജഗജ്ജനനിയുടെയും മഹാദേവന്റെയും മാത്രമല്ല മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും.

🟠 ഒരിക്കല്‍ എടുക്കണം, ജപം പ്രധാനം
സൂര്യാസ്തമയത്തിന് മുൻപും പിൻപുമായി ഒന്നര മണിക്കൂർ വീതമുള്ള 3 മണിക്കൂറാണ് പ്രദോഷ കാലം.
വ്രതത്തിന് തലേന്ന് ഒരിക്കല്‍ എടുക്കണം. പ്രദോഷ ദിവസം ഉപവസിക്കണം. അന്ന് രാവിലെയും വൈകിട്ടും കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി മറ്റ് തടസങ്ങൾ ഇല്ലെങ്കിൽ പ്രദോഷ പൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. അതിന് കഴിയുന്നില്ലെങ്കിൽ വ്രതമെടുത്ത് വീട്ടിലിരുന്ന് പഞ്ചാക്ഷരീമന്ത്രം കുറഞ്ഞത് 108 തവണ ജപിക്കണം. ശങ്കരധ്യാന പ്രകാരം, ശിവപഞ്ചാക്ഷരീ സ്തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം, ശിവപുരാണം,
ലിംഗാഷ്ടകം, ചന്ദ്രശേഖരാഷ്ടകം, ദാരിദ്ര്യ ദു:ഖദഹന ശിവ സ്തോത്രം, ബില്വാഷ്ടകം, ഉമാ മഹേശ്വര സ്തോത്രം തുടങ്ങിയവയെല്ലാം ജപിക്കാം.

🟠 പ്രദോഷപൂജയിൽ പങ്കെടുക്കണം
ക്ഷേത്രത്തിൽ പോകാൻ കഴിയുമെങ്കിൽ സന്ധ്യയ്ക്ക് മുൻപ് കുളിച്ച് ദർശനം നടത്തി കരിക്ക് നേദിച്ച് പ്രദോഷപൂജയിൽ പങ്കെടുക്കണം. ദീപാരാധന കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്നും നിവേദ്യം വാങ്ങി കഴിച്ച് ഉപവാസം നിറുത്താം. വ്രതം അനുഷ്ഠിക്കുന്നവര്‍ ഫലമൂലാദികൾ ദാനം ചെയ്യുന്നത് നല്ലതാണ്. മാസം തോറും ഒരു പ്രദോഷമെങ്കിലും എടുക്കുന്നതിലൂടെ ദുരിതശമനം ഉറപ്പാണ്. ആ ബാലവൃദ്ധം ഭക്തർക്കും പ്രിയങ്കരമായ അതിമനോഹരമായ ശിവസ്വരൂപ വർണ്ണനയായ ശങ്കരധ്യാന പ്രകാരം കീർത്തനം 11 പ്രദോഷ ദിവസം തുടർച്ചയായി ജപിച്ചാൽ ആഗ്രഹസാഫല്യം ഉറപ്പാണെന്ന് പറയുന്നു. കേൾക്കാം, പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശങ്കരധ്യാന പ്രകാരം:


ALSO READ

🟠 ശങ്കരധ്യാനപ്രകാരം വരികൾ
ശങ്കരധ്യാന പ്രകാരം ഗ്രഹിക്ക നീ
തിങ്കൾക്കലാഞ്ചിതം കോടീര ബന്ധനം
ഗംഗാഭുജംഗവും നെറ്റിത്തടം തന്നി –
ലംഗജന്മാവിനെച്ചുട്ടോരു നേത്രവും

അര്‍ക്കചന്ദ്രന്മാര്‍ക്കിരിപ്പിടമായുള്ള
തൃക്കണ്ണു രണ്ടും തിരുനാസികാഭയും
സ്വര്‍ണ്ണപ്രഭാ ഭോഗി കുണ്ഡലാലംകൃതം
കര്‍ണ്ണദ്വയം, ചാരുഗണ്ഡഭാഗങ്ങളും

ബിംബാധരോഷ്ഠവും ദന്തരത്‌നങ്ങളും
ബിംബോകലീലാവലോക സ്മിതങ്ങളും
ആനനാം ഭോജവും കാളകൂട പ്രഭാ
മാനിനീയോജ്ജ്വലം കണ്ഠപ്രദേശവും

വക്ഷസ്ഥലോജ്ജ്വലത്സര്‍പ്പ ഹാരം ലോക –
രക്ഷാകരങ്ങളാം നാലു തൃക്കൈകളും
മാനും മഴുവും വരദാഭയങ്ങളും
ധ്യാനിക്കിലാനന്ദമേകും സനാതനം

ആലിലയ്ക്കൊത്തോരുദരപ്രദേശവും
ചാലവേ രോമാളി കാളികാ ഭംഗിയും
ഭംഗ്യാ പുലിത്തോലുടുത്തോരു ശോഭയും
തുംഗം കടീതടം ഭംഗികാഞ്ചീശതം

ഊരുദ്വയം ചാരുജാനുയുഗ്മങ്ങളും
ചേരും കണങ്കാലടിത്താര്‍ വിലാസവും
ശ്രീപാദയുഗ്മേ വിളങ്ങും നഖങ്ങളും
ലോപം വരാതെ മനസ്സിലോര്‍ത്തീടണം

കേശാദി പാദവും പാദാദികേശവും
ഈശാനുരൂപം നിരൂപണം ചെയ്തുടന്‍
അര്‍ച്ചനം തര്‍പ്പണം നാമ സങ്കീര്‍ത്തനം
തച്ചരണാബുജേ വന്ദനമർപ്പണം

ഭക്ത്യാ ശിവോഹം ശിവോഹമെന്നിങ്ങനെ
ഭക്തിപൂര്‍വ്വം സ്തുതി ചെയ്യുന്നവൻ ശിവൻ
സായൂജ്യമെങ്കിലും സാരൂപ്യമെങ്കിലും
ശ്രീ ഭൂതനാഥന്റെ സാമീപ്യമെങ്കിലും

മര്‍ത്ത്യന്‍ നിരൂപിച്ചു പൂജചെയ്തീടുകി –
ലായുരാന്തേ ലഭിച്ചീടുമറിക നീ
പാര്‍വതീദേവിയെക്കൂടെ സ്മരിക്കണം
സര്‍വകാലം മഹാദേവന്റെ സന്നിധൗ

ദന്തിവദനനും താരകാരാതിയും
അന്തികേ മേവുന്ന ദേവവൃന്ദങ്ങളും
ഭൂതഗണങ്ങളും പോറ്റിതൻ കൂറ്റനും
ചേതസ്സില്‍ വന്നു വിളങ്ങേണമെപ്പോഴും

സന്തതിസൗഖ്യം വരുത്തേണമീശ്വരാ!
സന്താപമൊക്കെയൊഴിക്കേണമീശ്വര!
ബന്ധുക്കളുണ്ടായ് വരേണമെന്നീശ്വരാ!
ബന്ധമോക്ഷം വരുത്തേണമെന്നീശ്വരാ!
കീര്‍ത്തികല്യാണം വരുത്തേണമീശ്വര!
അര്‍ത്ഥസമ്പത്തു വരുത്തേണമീശ്വര!
വ്യര്‍ത്ഥദുശ്ചിന്ത നശിക്കേണമെന്നീശ്വരാ!
ആർത്തിദു:ഖങ്ങളകറ്റേണമീശ്വര !
മൂര്‍ത്തിസൗന്ദര്യം വരുത്തേണമീശ്വര!
ഇത്ഥം നിജാഗ്രഹം പ്രാര്‍ത്ഥിച്ചു കൊണ്ടുടന്‍
കൃത്തിവാസസ്സിനെസ്സേവചെയ്താല്‍ ശുഭം

Story Summary: Significance of Pradosha Vritham and Shankaradhayanam Chanting

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?