ഭഗവത്പദം പൂകിയ ഞങ്ങളുടെ വഴികാട്ടി എം നന്ദകുമാർ സാറിന് നേരം ഓൺലൈനിന്റെ പ്രണാമം. പ്രാരംഭ കാലം മുതൽ നേരം ഓൺലൈൻ യൂട്യൂബ് ചാനലിൽ സജീവ സാന്നിദ്ധ്യമായ മഹാപ്രതിഭ ചൊവ്വാഴ്ച രാത്രിയാണ് ഇഹലോകവാസം വെടിഞ്ഞത്. ശസ്ത്രക്രിയയെ തുടർന്ന് മൂന്ന് മാസമായി അബോധാവസ്ഥയിൽ ആശുപത്രിയിലായിരുന്നു.
തിരുവനന്തപുരം ജില്ലാ കളക്ടർ, പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ, ലോട്ടറീസ് ഡയറക്ടർ, സാമൂഹ്യ ക്ഷേമ വകുപ്പ് ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തുടങ്ങി വിശിഷ്ടമായ ഒട്ടോറെ പദവികളിൽ തിളങ്ങിയ റിട്ട.ഐ എ എസ് ഉദ്യോഗസ്ഥനായ എം നന്ദകുമാർ മികച്ച പ്രസംഗികനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും മഹാപണ്ഡിതനുമായിരുന്നു.
നിരവധി ടിവി ചാനലുകളിലും മാസികകളിലും സ്ഥിരം പംക്തികൾ വർഷങ്ങളോളം കൈകാര്യം ചെയ്തു. പ്രശ്ന പരിഹാര വര്യോല, ഗൃഹവാസ്തു രഹസ്യങ്ങളും സംഖ്യാശാസ്ത്രവും തുടങ്ങി അനവധി കൃതികളുടെ രചയിതാവാണ്. ആദ്ധ്യാത്മികവും സംഖ്യാശാസ്ത്രപരവുമായ വീഡിയോകളിലൂടെ നേരം ഓൺലൈൻ
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ്.
എറണാകുളം എ.എൽ. റോഡിലുള്ള പുരാതനമായ മുല്ലശ്ശേരി തറവാട്ടിൽ സി.കെ. മാധവൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകനാണ്. തിരുവനന്തപുരത്തായിരുന്നു പഠനം. ലൈഫ് സയൻസിൽ ബിരുദവും ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. 2011 ഒക്ടോബറിലാണ് നന്ദകുമാര്‍ തിരുവനന്തപുരം കലക്ടറായി നിയമിതനായത്. കോളജ് വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, പി.ആർ.ഡി, കുടുംബശ്രീ എന്നിവയിൽ ഡയറക്ടറായും ഭൂവിനിയോഗ വകുപ്പ്, റൂറൽ ഡെവലപ്മെൻ്റ് എന്നിവയിലും കമീഷണറായും സേവനം ചെയ്തിട്ടുണ്ട്.
മേയ് 16 നാണ് ഇദ്ദേഹത്തെ എസ്.പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഇദ്ദേഹം അബോധാവസ്ഥയിലാകുകയായിരുന്നു. തുടർന്ന് വീട്ടുകാർ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടി മേയ് 24ന് മകൾ പാർവതി വഞ്ചിയൂർ പൊലീസിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ ന്യൂറോ സര്‍ജൻ ഡോ. കെ. ശ്രീജിത്തിനെ പ്രതിയാക്കി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് അന്ത്യം.
ഭാര്യ: എൻ എസ് ശ്രീലത (റിട്ട അസി രജിസ്ട്രാർ, കോ ഓപ്പറേറ്റിവ് ഡിപാർട്ട്മെന്‍റ്). മക്കൾ: ഡോ എൻ എസ് വിഷ്ണു നന്ദൻ (യൂണിവേഴ്സിറ്റി ഓഫ് കാൽഗറി, കാനഡ), എൻ എസ് പാർവതി നന്ദൻ (കേരള ഗ്രാമീൺ ബാങ്ക്). മരുമകൻ: യു കൃഷ്ണനുണ്ണി (ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്, അടൂർ കോടതി).
ബുധനാഴ്ച രാവിലെ എട്ടുമുതൽ കവടിയാറിലെ യൂനിവേഴ്സിറ്റി വുമൺസ് അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കുന്ന മൃതദേഹം വൈകിട്ട് 5.30ന് ശാന്തികവാടത്തിൽ സംസ്കരിക്കും.
ALSO READ
നേരം ഓൺ ലൈൻ യൂ ട്യൂബ് ചാനലിന്റെ വളർച്ചയിലും പ്രയാണത്തിലും അതുല്യമായ സംഭാവനകൾ നൽകിയ എം നന്ദകുമാർ
സാറിന്റെ വിയോഗത്തിൽ ഞങ്ങൾ ആദരാഞ്ജലി അർപ്പിക്കുന്നു. പരേതന്റെ കുടുംബാംഗങ്ങളുടെയും ശിഷ്യരുടെയും തീരാവേദനയിലും നഷ്ടത്തിലും പങ്കുചേരുന്നു
Copyright 2025 riyoceline.com/projects/Neram/. All rights reserved