Wednesday, December 10, 2025
Wednesday, December 10, 2025
Home » അഷ്ടമിരോഹിണിയിലെ ശ്രീകൃഷ്ണ ഉപാസന എന്തിനും ഏതിനും ഉത്തമം

അഷ്ടമിരോഹിണിയിലെ ശ്രീകൃഷ്ണ ഉപാസന എന്തിനും ഏതിനും ഉത്തമം

by NeramAdmin
0 comments

ജോതിഷി പ്രഭാ സീന സി പി

ചിങ്ങമാസം കൃഷ്ണപക്ഷത്തിൽ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ഒന്നിക്കുന്ന സുദിനത്തിൽ അർദ്ധരാത്രിയിലാണ് ഭക്തവത്സലനായ ശ്രീകൃഷ്ണ ഭഗവാൻ അവതാരമെടുത്തത്. 2025 സെപ്തംബർ 14 ഞായറാഴ്ചയാണ് ഇക്കുറി അഷ്ടമിരോഹിണി. കേരളത്തിൽ മാത്രമാണ് ഈ ദിവസം ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത്. മറ്റിടങ്ങളിൽ ഭാദ്രപദ മാസത്തിൽ, കറുത്ത പക്ഷത്തിലെ അഷ്ടമി തിഥി അര്‍ദ്ധരാത്രിയിൽ സമയത്ത് വരുന്ന ദിനമാണ് ജന്മാഷ്ടമിയായി സ്വീകരിക്കുന്നത്. ഇവിടെ ഭഗവാൻ്റെ ജന്മനക്ഷത്രമായ രോഹിണിയും അഷ്ടമി തിഥിയും ഒന്നിക്കുന്ന അഷ്ടമിരോഹിണിയിലാണ് ആഘോഷം.

🟠 ശ്രീകൃഷ്ണോപാസനയ്ക്ക് അനേകം ഫലം

അഷ്ടമിരോഹിണി ദിവസം ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുന്നത് സർവാഭീഷ്ടദായകമാണ്. കർമ്മരംഗത്ത് ഉയർച്ച, സാമ്പത്തികാഭിവൃദ്ധി, ദാമ്പത്യസുഖം, വ്യവഹാര വിജയം, കുടുംബൈശ്വര്യം, ശത്രുദോഷ നിവാരണം, കലാസാഹിത്യ വിജയം, വിദ്യാവിജയം, ആപത്‌രക്ഷ, ദാമ്പത്യ കലഹ മോചനം, പ്രണയസാഫല്യം, രാഷ്ട്രീയ വിജയം, ഭരണനൈപുണ്യം, തൊഴിൽ ദുരിത ശമനം, വിദ്യാവിഘ്‌നം, കടബാദ്ധ്യതാ മുക്തി, പാപമുക്തി തുടങ്ങി എന്തിനും അഷ്ടമിരോഹിണി നാളിലെ ശ്രീകൃഷ്ണോപാസന ഉത്തമമാണ്.

🟠 ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിച്ചു തുടങ്ങാം

ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിച്ചു തുടങ്ങാൻ പറ്റിയ ഏറ്റവും നല്ല ദിവസവുമാണ് അഷ്ടമി രോഹിണി. അന്ന് പറ്റിയില്ലെങ്കിൽ ബുധൻ, വ്യാഴം ദിവസങ്ങൾ ജപാരംഭത്തിന് സ്വീകരിക്കാം. മത്സ്യമാംസാദികളും ശാരീരിക ബന്ധവും ത്യജിച്ച് മന:ശുദ്ധി, ശരീരശുദ്ധി എന്നിവ പാലിച്ച് വ്രതമെടുത്ത് അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണമന്ത്രങ്ങൾ ജപിച്ചു തുടങ്ങിയാൽ പെട്ടെന്ന് ഫലസിദ്ധി ലഭിക്കും. ബുധദശ സമയത്ത് പുലയും വാലായ്മയും ഇല്ലെങ്കിൽ അഷ്ടമി രോഹിണി വ്രതം തീർച്ചയായും അനുഷ്ഠിക്കണം.

ALSO READ

🟠 അവതാര പൂജ അർദ്ധരാത്രിയിൽ

ശ്രീകൃഷ്ണ ജയന്തി ഇത്തവണ 2025 സെപ്തംബർ 14 ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. അന്ന് അർദ്ധരാത്രി സമയത്ത് കൃഷ്ണപൂജ നടത്തുന്നത് സർവാഭീഷ്ടപ്രദമാണ്. എല്ലാ കൃഷ്ണ ക്ഷേത്രങ്ങളും ഈ സമയം തുറന്നിരിക്കും. വിപുലമായ രീതിയിൽ ആഘോഷങ്ങളും കാണും. തലേദിവസം അതായത് സെപ്തംബർ 13 ശനിയാഴ്ച സൂര്യാസ്തമയം മുതൽ ശ്രീകൃഷ്ണ ഉപാസന ആരംഭിക്കണം. അരിയാഹാരം ഉപേക്ഷിച്ച് ലഘുഭക്ഷണം കഴിച്ച് വേണം ഉപാസന. പഴവർഗ്ഗങ്ങൾ കഴിക്കാം. മത്സ്യ മാംസാദികൾ പാടില്ല. അഷ്ട‌മിരോഹിണി ദിവസവും ഇതുപോലെ ഉപാസന നടത്തണം. 14 ന് അവതാര പൂജ കണ്ടതിന് ശേഷം അല്ലെങ്കിൽ പിറ്റേദിവസം, രാവിലെ ക്ഷേത്ര ദർശനം നടത്തി തീർത്ഥം കുടിച്ച് വ്രതം തീർക്കാം.

🟠 പകലും രാത്രിയും നാമ ജപം

ജന്മാഷ്ടമിദിവസം ശ്രീമദ് ഭാഗവതം, ഭഗവദ്ഗീത, വിഷ്ണുസഹസ്രനാമം, വിഷ്ണു അഷ്ടോത്തരം, ശ്രീകൃഷ്ണഅഷ്ടോത്തരം, വിഷ്ണുശതനാമ സ്തോത്രം, അച്യുതാഷ്ടകം, ശ്രീകൃഷ്ണാഷ്ടകം, ബാലാ മുകുന്ദാഷ്ടകം, നാരായണീയം തുടങ്ങിയവ പാരായണം ചെയ്യുന്നത് ഗുണകരമാണ്. ചിലർ അതിരാവിലെ മുതൽ സന്ധ്യ വരെയും ഭാഗവത പാരായണം ചെയ്യാറുണ്ട്. ശ്രീകൃഷ്ണാവതാരം നടന്ന അർദ്ധരാത്രിയിൽ പാരായണം ചെയ്യുന്നത് ഏറെ ഫലപ്രദമാണ്.

🟠 ഗുരുവായൂർ നട അടയ്ക്കില്ല

ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്രത്തിൽ ഇപ്പോൾ വലിയ ആഘോഷമാണ്. ഈ ദിവസം പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ വരുന്ന ഭക്തർക്കെല്ലാവർക്കും വിഭവസമൃദ്ധമായ സദ്യ നടത്തിവരുന്നു. വിശേഷാൽ എഴുന്നള്ളിപ്പ്, വിളക്ക് എന്നിവയുമുണ്ട്. ക്ഷേത്രത്തിന്റെ നട അന്ന് അടയ്ക്കില്ല. ഉറിയടി, ബാലഗോപാല, ഗോപിക വേഷം കെട്ടിയുള്ള കുട്ടികളുടെ ശോഭയാത്ര എന്നിവ അവിടുത്തെ ആഘോഷമാണ്. അവതാര സമയം കണക്കാക്കി രാത്രി 12 മണിക്ക് കൃഷ്ണനാട്ടത്തിൽ ഭഗവാൻ അവതരിക്കുന്ന രംഗം ഭക്തിസാന്ദ്രമായി അവതരിപ്പിക്കാറുണ്ട്.

🟠 അപ്പം വഴിപാട് പ്രധാനം

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണിക്ക് അപ്പം വഴിപാട് അതിപ്രധാനമാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ നിത്യവും അത്താഴപ്പൂജക്ക് അപ്പം (ഉണ്ണിയപ്പം) നേദിക്കുമെങ്കിലും അഷ്ടമിരോഹിണി ദിവസം ഇത് വളരെ കൂടുതലാണ്. പാൽപ്പായസം, നിവേദ്യച്ചോറ്, നെയ്പ്പായസം, പാലട പ്രഥമൻ, അട, ഇരട്ടിപ്പായസം എന്നിവയെല്ലാം തയ്യാറാക്കി ഇതിൻ്റെ കൂടെ കണ്ണന് നേദിക്കും. അഷ്ടമിരോഹിണി വിളക്ക്, ആനയെഴുന്നള്ളിപ്പ്, ഉറിയടി, സംഗീതക്കച്ചേരിയും ഭാഗവത സപ്താഹം എന്നിവയും ആഘോഷ ഭാഗമായി നടത്താറുണ്ട്.

🟠 ശ്രീകൃഷ്ണ ശ്ലോകം

കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ
പ്രണതഃ ക്ലേശ നാശായ ഗോവിന്ദായ നമോ നമഃ
വസുദേവ സുതം ദേവം കംസ ചാണൂര മർദനം
ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും.

(അർത്ഥം: വസുദേവപുത്രനായ കൃഷ്ണൻ, എല്ലാ ദുഃഖങ്ങളും അകറ്റുന്ന പരമാത്മാവ്, ശരണാഗതി പ്രാപിക്കുന്നവരുടെ എല്ലാ ക്ലേശങ്ങളും പ്രയാസങ്ങളും ഇല്ലാതാക്കുന്ന ഗോവിന്ദന് എന്‍റെ വിനീതമായ നമസ്കാരം. വസുദേവന്‍റെ പുത്രനും കംസൻ, ചാണൂരൻ മുതലായ അസുരന്മാരെ നിഗ്രഹിക്കുന്നതും ദേവകിക്ക് പരമാനന്ദം നൽകുന്നതും സന്പൂർണ ലോകത്തിന് ഗുരുസ്ഥാനത്തിലും ആയ ശ്രീകൃഷ്ണ ഭഗവാനെ ഞാൻ വന്ദിക്കുന്നു.)

🟠 വീഡിയോ കാണാം
അഷ്ടമി രോഹിണിക്ക് ജപാരംഭത്തിന് പറ്റിയ അത്ഭുത ഫലസിദ്ധിയുള്ള ശ്രീകൃഷ്ണ മന്ത്രങ്ങൾ തന്ത്രരത്നം പതുമന മഹേശ്വരൻ നമ്പൂതിരി വിവരിക്കുന്ന വീഡിയോ കാണുക:



ജോതിഷി പ്രഭാ സീന സി പി
+91 9961 442256, 989511 2028

(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email : prabhaseenacp@gmail.com)

Story Summary: AshtamiRohini Mantras and Benefits

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?