മംഗളഗൗരി
മാനവരാശിയുടെ രക്ഷകൻ, സജ്ജനങ്ങളുടെ സുഹൃത്ത്, അതിമനോഹരമായ നയനങ്ങളുള്ളവൻ, ആപത്തിൽ ഓടിയെത്തുന്ന ബന്ധു, കാരുണ്യസാഗരം, നരക നാശനൻ, ഭൂമിയുടെ പാലകൻ, മാധവനായ ഹരിയെക്കാളും മദനൻ, ഗോപികമാരുടെ അധിപൻ, രാധികയുടെ പതി, സ്നേഹത്തിൻ്റെ സമുദ്രം, അസുരന്മാരുടെ ശത്രു, ജനിമൃതികളിൽ നിന്നും ഏവർക്കും മോചനം നൽകുന്ന പ്രേമസ്വരൂപൻ – ഇങ്ങനെ
അനേകമനേകം രൂപഭാവങ്ങളിൽ ഭക്തരുടെ പ്രിയങ്കരനും അതേപോലെ തന്നെ അവരുടെ ദാസനുമായ ശ്രീകൃഷ്ണ ഭഗവാനെ പാടിപ്പുകഴ്ത്തുന്ന അതിമനോഹരവും ദിവ്യവുമായ ജയ ജനാർദ്ദന കൃഷ്ണ രാധികാപതേ എന്ന് തുടങ്ങുന്ന കീർത്തനം ഈ അഷ്ടമി രോഹിണി ദിനത്തിൽ കേൾക്കാൻ കഴിയുന്നത് തന്നെ പുണ്യം. അപ്പോൾ പിന്നെ കോമളമായ ഈ വരികൾ നോക്കി കൂടെ പാടാൻ കൂടി കഴിഞ്ഞാലോ ? എത്ര
വർണ്ണിച്ചാലും അധികമാകാത്ത ജയ ജനാർദ്ദന കൃഷ്ണ ശ്രവിക്കാം, കൂടെ പാടാം : ആലാപനം, മണക്കാട് ഗോപൻ, ഡോ ശ്രദ്ധാ പാർവതി, ഗൗരി ഗോപൻ :
🟠 ജയജനാർദ്ദനാ കൃഷ്ണാ – വരികൾ
( ശ്രീകൃഷ്ണ സന്ധ്യാനാമം)
1
ജയജനാർദ്ദനാ കൃഷ്ണാ രാധികാപതേ
ജനവിമോചനാ കൃഷ്ണാ ജന്മമോചനാ
ഗരുഡവാഹനാ കൃഷ്ണാ ഗോപികാപതേ
നയനമോഹനാ കൃഷ്ണാ നീരജേക്ഷണാ
2
സുജന ബാന്ധവാ കൃഷ്ണാ സുന്ദരാകൃതേ
മദനകോമളാ കൃഷ്ണാ മാധവാഹരേ
വസുമതീപതേ കൃഷ്ണാ വാസവാനുജാ
വരഗുണാകരാ കൃഷ്ണാ വൈഷ്ണവാകൃതേ
3
സുരുചിരാനനാ കൃഷ്ണാ ശൌര്യവാരിധേ
മുരഹരാ വിഭോ കൃഷ്ണാ മുക്തിദായകാ
വിമലപാലകാ കൃഷ്ണാ വല്ലവീപതേ
കമലലോചനാ കൃഷ്ണാ കാമദായകാ
4
വിമലഗാത്രകാ കൃഷ്ണാ ഭക്തവത്സലാ
ചരണപല്ലവം കൃഷ്ണാ കരുണകോമളം
കുവലയേക്ഷണാ കൃഷ്ണാ കോമളാകൃതേ
തവപദാംബുജം കൃഷ്ണാ ശരണമേകണേ
5
ഭുവനനായകാ കൃഷ്ണാ പാവനാകൃതേ
ഗുണഗണോജ്വലാ കൃഷ്ണാ നളിനലോചനാ
പ്രണയവാരിധേ കൃഷ്ണാ ഗുണഗണാകരാ
രാമസോദരാ കൃഷ്ണാ ദീനവത്സലാ
6
കാമസുന്ദരാ കൃഷ്ണാ പാഹി സർവ്വദാ
നരകനാശനാ കൃഷ്ണാ നരസഖാ ജയാ
ദേവകീസുതാ കൃഷ്ണാ കാരുണ്യാബുധേ
കംസനാശനാ കൃഷ്ണാ ദ്വാരകാവാസിൻ
7
ഭാസുരാത്മജാ കൃഷ്ണാ ദേഹി മംഗളം
തൃപ്പദാംബുജം കൃഷ്ണാ കാമകോമളം
ഭക്തദാസനാം കൃഷ്ണാ അടിയനെ സദാ
കാത്തുകൊള്ളണേ കൃഷ്ണാ സർവ്വദാ വിഭോ
🟠 ജയജനാർദ്ദനാ കൃഷ്ണാ – അർത്ഥം
1
രാധികയുടെ നാഥനായ, എല്ലാ ജനങ്ങളെയും സംരക്ഷിക്കുന്ന, മാനവരാശിയുടെ മൊത്തം രക്ഷകനായ, ജനിമൃതികളിൽ നിന്നും നമ്മെ മോചിപ്പിക്കുന്ന, ഗരുഡനെ
വാഹനമാക്കി സഞ്ചരിക്കുന്ന, ഗോപികമാരുടെ അധിപനായ, അതിമനോഹരമായ നയനങ്ങളുള്ള, താമരക്കണ്ണനായ ശ്രീകൃഷ്ണ ഭഗവാൻ വിജയിക്കട്ടെ !
2
സജ്ജനങ്ങളായ മനുഷ്യരുടെ സുഹൃത്തായ, സുന്ദരമായ
ശരീരാകൃതിയുള്ള, മാധവനായ ഹരിയെക്കാളും മദന
കോമളനായ ഭൂമിയുടെ അധിപനായാ ഇന്ദ്രദേവന്റെ സഹോദരനായ വൈഷ്ണവ രൂപനായ വരങ്ങൾ നൽകി
അനുഗ്രഹിക്കുന്ന ശ്രീകൃഷ്ണ ഭഗവാൻ വിജയിക്കട്ടെ !
3
ദിവ്യവും മംഗളകരവുമായ താമരപ്പൂ പോലെ നീണ്ട് മനോഹര രൂപമുള്ള, ധീരതയുടെയും വീര്യത്തിൻ്റെയും
സമുദ്രമായ മുരാസുരനെ നിഗ്രഹിച്ച, ഭക്തർക്ക് മുക്തി നൽകുന്നവനായ, വിശുദ്ധരെ സദാ പരിപാലിക്കുന്ന,
ഗോപികമാരുടെ നാഥനായ താമരപ്പൂവിൻ്റെ പോലുള്ള കണ്ണുകളുള്ള, ആഗ്രഹിക്കുന്നതെല്ലാം നൽകുന്നവനായ
ശ്രീകൃഷ്ണ ഭഗവാൻ വിജയിക്കട്ടെ !
4
പരിശുദ്ധമായ ശരീരമുള്ള, ഭക്തർക്ക് പ്രിയങ്കരനായ
തളിരുപോലെ മൃദുവായ പാദങ്ങളുള്ള, കരുണയാൽ
ആർദ്രനായ കരിങ്കൂവള കണ്ണുകളുള്ള, മനോഹര
ആകാരമുള്ള കൃഷ്ണാ, അങ്ങയുടെ താമര പോലുള്ള
പാദങ്ങൾ ഞങ്ങൾക്ക് ആശ്രയമാകണേ !
5
ഈ ഭൂവനത്തിൻ്റെ നാഥനായ കൃഷ്ണാ ദിവ്യരൂപാ,
നിരവധി സദ് ഗുണങ്ങളാൽ ജ്വലിക്കുന്നവനായ,
ആർദ്രമായ കണ്ണുകളുള്ള, സ്നേഹത്തിൻ്റെ സാഗരമായ,
കണക്കില്ലാതെ നല്ല കാര്യങ്ങൾ ചെയ്യുന്ന, ദുരിതങ്ങൾ അനുഭവിക്കുന്ന ആശ്രയമില്ലാത്തവരെ കാത്ത് രക്ഷിക്കുന്ന രാമ സഹോദരനായ വാത്സല്യമൂർത്തിയെ
ഞങ്ങൾ ഭജിക്കുന്നു !
6
മോഹിച്ചു പോകുന്ന രീതിയിൽ അതീവസുന്ദരനായ, എന്നെ എപ്പോഴും പരിപാലിക്കുന്ന, നരകത്തെ നശിപ്പിക്കുന്ന, മനുഷ്യ കുലത്തിൻ്റെ സുഹൃത്തായ,
ദേവകിയുടെ പുത്രനായ കാരുണ്യസാഗരമായ, കംസനെ നശിപ്പിച്ച ദ്വാരകയിൽ വസിക്കുന്ന കൃഷ്ണാ അങ്ങ് വിജയിക്കട്ടെ !
7
സ്ഥടികതുല്യമായി ശോഭിക്കുന്ന കൃഷ്ണാ എനിക്ക് എല്ലാ ഐശ്വര്യവും നൽകണേ. താമരപ്പൂപോലെ ആകർഷകമായ അങ്ങയുടെ തൃപ്പാദങ്ങൾ എനിക്ക് ആശ്രയമാകണേ. ഭക്തരുടെ സേവകനായ, ഭഗവാനെ കൃഷ്ണാ, അങ്ങയുടെ ദാസനായ ഈയുള്ളവനെ എല്ലാം അറിയുന്ന, സർവശക്തനായ അങ്ങ് എല്ലാ രീതിയിലും എപ്പോഴും കാത്തു രക്ഷിക്കണമേ !
Story Summary : Significance and Meaning of Jaya Janardhana Krishna the popular Hindu devotional chant that praises Lord Krishna. It is often part of a longer bhajan, Jaya Janardhana Krishna Radhika Pathe, that glorifies Krishna’s various attributes and names.
Copyright 2025 riyoceline.com/projects/Neram/. All rights reserved