Wednesday, December 10, 2025
Wednesday, December 10, 2025
Home » തിരുപ്പതി ദേവൻ അനുഗ്രഹങ്ങൾ കോരിചൊരിയുന്ന പുരുട്ടാശി തുടങ്ങുന്നു

തിരുപ്പതി ദേവൻ അനുഗ്രഹങ്ങൾ കോരിചൊരിയുന്ന പുരുട്ടാശി തുടങ്ങുന്നു

by NeramAdmin
0 comments

ഗൗരി ലക്ഷ്മി

തിരുപ്പതി ശ്രീ വെങ്കടാചലപതി അനുഗ്രഹങ്ങൾ കോരിചൊരിയുന്ന തമിഴിലെ പുരുട്ടാശി മാസം 2025 സെപ്തംബർ 17 ന് തുടങ്ങും. ഈ മാസം മുഴുവനും വെങ്കിടേശ്വര ഭജനത്തിനും ദർശനത്തിനും അതിവിശേഷമാണ്. ഈ വർഷം സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെയാണ് പൂരുട്ടാശി മാസം. ഈ സമയത്ത് ശ്രീ വെങ്കിടേശ്വര പ്രീതി അതിവേഗം നേടാൻ ഏറ്റവും ഉത്തമായ ഒന്നാണ് ഭഗവാൻ്റെ അഷ്ടോത്തര ശതനാമാവലി ജപം. സ്ത്രീകൾക്കും ജപിക്കാം. ഈ മാസം മുഴുവനും ജപിച്ചാൽ അഭീഷ്ട സിദ്ധി ഉറപ്പാണ്. മറ്റ് സമയത്ത് 41 ദിവസം തുടർച്ചയായി ജപിച്ചാൽ ആഗ്രഹസാഫല്യം പറയുന്നു. സ്ത്രീകൾക്ക് മാസമുറയ്ക്ക് ശേഷം ജപിച്ച് 31 അല്ലെങ്കിൽ 41 ദിവസം പൂർത്തിയാക്കാം. വെങ്കടേശ്വര പ്രീതി നേടാൻ ഏറ്റവും ഉത്തമം ശനിയാഴ്ചകളാണ്. അതിൽ തന്നെ ശ്രേഷ്ഠം പുരുട്ടാശിയിലെ 5 ശനിയാഴ്ചകളാണ്. ഇതിൽ മുഖ്യം സെപ്തംബർ 20 ന് വരുന്ന മാസത്തിലെ ആദ്യ ശനിയാഴ്ചയായ മുപ്പെട്ട് ശനിയാണ്. ഈ ദിവസത്തെ
ശ്രീ വെങ്കടേശ ഭജനത്തിന് ക്ഷിപ്രഫലം ലഭിക്കും. തിരുപ്പതി ദേവൻ്റെ പ്രീതി നേടാൻ ഉത്തമമായ മറ്റ് ദിനങ്ങൾ ഏകാദശി പ്രത്യേകിച്ച് വൈകുണ്ഠ ഏകാദശി, വെള്ളിയാഴ്ച എന്നിവയാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ വെങ്കടേശ്വര പ്രീതിക്ക് ഉത്തമമായ പ്രത്യേക രീതിയിൽ വെങ്കടേശ്വരഗായത്രിയും ധ്യാനവും അഷ്ടോത്തരവും ഉൾപ്പെടുത്തി ജപിച്ച സ്തുതി കേൾക്കാം:

🟠 രാമായണ മാസം പോലെ പൂരുട്ടാശി
കേരളത്തിലെ രാമായണ മാസാചരണം മറ്റ് സംസ്ഥാനങ്ങളിലെ ശ്രാവണമാസം എന്നിവയ്ക്ക് തുല്യമാണ് തമിഴകത്തും തെലുങ്ക് ദേശത്തും പൂരുട്ടാശി മാസം. ഇക്കാലം മുഴുവൻ പ്രത്യേകിച്ച് പൂരുട്ടാശി മാസത്തിലെ ശനിയാഴ്ചകൾ വളരെ പവിത്രമായാണ് വിഷ്ണു ഭക്തർ ആചരിക്കുന്നത്. നല്ലൊരു വിഭാഗം ഭക്തരും പൂരുട്ടാശി മാസം മുഴുവനും സസ്യേതര ഭക്ഷണങ്ങൾ കഴിക്കാതെ വിഷ്ണു ഭഗവാനെ പൂജിക്കാനായി സമർപ്പിച്ചിരിക്കുന്നു. ഈ മാസത്തിലെ 5 ശനിയാഴ്ചകളിലും വ്രതമെടുക്കും.
ഇതിൽ സെപ്തംബർ 20 ന് വരുന്ന മാസാദ്യത്തിലെ ശനിയാഴ്ച ഏറെ വിശേഷമാണ്. പൂരുട്ടാശി വ്രതാനുഷ്ഠാനം സകല ശനി ദോഷങ്ങളിൽ നിന്നും ഭക്തരെ രക്ഷിക്കുമെന്ന് കരുതുന്നു. 108 ശനി വ്രതം എടുത്താൽ വിഷ്ണു സായൂജ്യമാണ് ഫലം പറയുന്നത്.

🟠 പൂർവ്വിക സ്മരണയ്ക്ക് ശ്രേഷ്ഠം
പരമ്പരാഗത ആചാരങ്ങൾ പിൻതുടരുന്ന ഭക്തർ പൂരുട്ടാശി ശനിയാഴ്ചകളിൽ വീട്ടിൽ ലളിതമായ പൂജകൾ നടത്തുകയും പൂർവ്വികരെ സ്മരിക്കുകയും അവർക്ക് വാഴയിലയിൽ ഭക്ഷണം വിളമ്പുകയും ചെയ്യും. ചിലർ ശനിയാഴ്ചകളിൽ പൂർണ്ണ ഉപവാസം അനുഷ്ഠിക്കുന്നു. പുകവലിയും മദ്യപാനവും എല്ലാം ഒഴിവാക്കും. എല്ലാ ദിവസവും വീട്ടിൽ പവിത്രമായ വിവിധ വിഭവങ്ങൾ തയ്യാറാക്കുന്നു.

🟠 മാവിളക്ക് പ്രഭയിൽ വെങ്കിടേശ്വരൻ
പൂരുട്ടാശി വ്രതം അനുഷ്ഠിക്കുന്ന ഭക്തർ ഈ മാസത്തിലെ ശനിയാഴ്ചകളിൽ മാവിളക്ക് ഒരുക്കി കത്തിക്കും. അരിപ്പൊടി, ശർക്കര, നെയ്യ് എന്നിവ ചേർത്ത് കുഴച്ച് മാവാക്കി അത് ഇടിഞ്ഞിൽ രൂപത്തിലെ വിളക്കാക്കി വാഴയിലയിൽ വച്ച് അതിൽ നെയ് ഒഴിച്ച് തിരിയിട്ട് വിളക്ക് കത്തിക്കുകയാണ് പതിവ്. ഈ ചിട്ട തെക്കൻ കേരളത്തിൽ രാമായണ മാസത്തിൽ ചൊവ്വ, വെളളി ദിവസങ്ങളിലാണ് പതിവ്. മാവിളക്കിൽ നിന്നുള്ള പ്രഭാപൂരത്തിൽ ബാലാജിഭഗവാൻ (വിഷ്ണു) ഭക്തരെ നോക്കി പുഞ്ചിരിക്കുന്നതായി കരുതുന്നു. ഈ അവസരത്തിൽ ഭക്തർ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ തുടങ്ങിയ വിഷ്ണു സ്തുതികളും മറ്റും ജപിക്കുന്നത് പതിവാണ്. കലിയുഗ ദുരിതങ്ങൾ തീർക്കാൻ ഭക്തരെ അനുഗ്രഹിക്കുന്നതിന് ശ്രീ വെങ്കിടേശ്വര ഭഗവാൻ ഭൂമിയിൽ അവതരിച്ചത് പൂരുട്ടാശി മാസത്തിലാണെന്ന് വിശ്വസിക്കുന്നു. ഈ സമയത്താണ് തിരുപ്പതി ക്ഷേത്രത്തിൽ ബ്രഹ്മോത്സവം നടക്കുന്നത്, ആയുധപൂജ, ദസറ ആഘോഷവും പൂരുട്ടാശിമാസത്തിൽ വരുന്നു.

🟠 വെങ്കടേശ്വരൻ പ്രസാദിച്ചാൽ അഭിവൃദ്ധി
ആന്ധ്രപ്രദേശിലെ ഹില്‍ ടൗണായ തിരുമലയില്‍ സ്ഥിതി ചെയ്യുന്ന തിരുമല വെങ്കടേശ്വര ക്ഷേത്രം ഏറെ പ്രശസ്തമാണ്. ലോകത്ത് ഏറ്റവുമധികം വരുമാനം
ലഭിക്കുന്ന ഈ വെെഷ്ണവ ക്ഷേത്രത്തിന് ഇന്ത്യയിലെ ഏറ്റവും പൗരാണികമായ ഒരു ക്ഷേത്രം എന്ന ഖ്യാതിയും പറയുന്നു. തിരുമലയിലെ ഏഴ് കുന്നുകളിലൊന്നായ
വെങ്കടാദ്രി കുന്നിലാണ് വെങ്കടാചലപതി ക്ഷേത്രം. ശ്രീനിവാസ അല്ലെങ്കില്‍ ബാലാജി എന്നെല്ലാം വിളിക്കുന്ന അതിശക്തനായ മൂർത്തികളിൽ ഒന്നായ വെങ്കിടേശ്വര ഭഗവാൻ പ്രസാദിച്ചാൽ സാമ്പത്തിക അഭിവൃദ്ധിയും ദുരിതമോചനവും മംഗല്യഭാഗ്യവും എല്ലാം കരഗതമാകും. ശനിദോഷങ്ങളെല്ലാം ശമിക്കും. ഏഴര ശനി, കണ്ടകശനി, അഷ്ടമശനി, ശനി ദശാദോഷം, വ്യാഴ ദോഷം, രാഹു–കേതു ദോഷം, നാഗദോഷം തുടങ്ങിയവയെല്ലാം ഉറപ്പായും അകന്നു പോകും. പുണ്യസ്ഥലങ്ങളില്‍ യാഗങ്ങളും തപസ്സും ദാനധര്‍മാദികളും അനുഷ്ഠിച്ചാൽ ലഭിക്കുന്നത്ര ഫലം തിരുപ്പതി ദർശനത്തിൽ ലഭിക്കും.

ALSO READ

ഓം നമോ വെങ്കടേശായ!

Story Summary: Purattasi the sixth month of Tamil calendar, falling between September middle and October middle, and is a sacred period for Tamil Hindus dedicated to Lord Venkateswara. It is believed that Lord Venkateswara (a form of Lord Vishnu) descended to Earth during this month to protect the world from the challenges of the Kali Yuga
and evil effects of Shani.

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?