ജ്യോതിഷി പ്രഭാസീന സി. പി
ദേവീപൂജക്ക് ഏറ്റവും പവിത്രമായ കാലമാണ് ആശ്വിന മാസത്തിലെ ശരത് ഋതു നവരാത്രി കാലം. ഇത് നമുക്ക് കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന പ്രഥമ തിഥി മുതൽ ദശമി വരെയാണ്. ആദിപരാശക്തിയായ ത്രിപുരസുന്ദരിയെ ഭജിച്ചാൽ മികച്ച ഫലം ലഭിക്കുന്ന കാലമാണ് നവരാത്രി .
🟠 ഇത്തവണയും 11 ദിവസം
2025 സെപ്തംബർ 22 തിങ്കളാഴ്ചയാണ് ഇത്തവണ ശുക്ലപക്ഷ പ്രഥമ തിഥി. അന്ന് ആശ്വിനത്തിലെ ശരത് ഋതു നവരാത്രി സമാരംഭിക്കും. സാധാരണ ഒൻപത് രാത്രി കഴിഞ്ഞ് പത്താം ദിവസമാണ് വിജയദശമി ആചരണം. എന്നാൽ ഇത്തവണ ഓരോ തിഥിയിലെയും നാഴിക വിനാഴികയിലെ വ്യത്യാസം കാരണം വിജയദശമി പതിനൊന്നാം ദിവസത്തിലേക്ക് നീളുന്നു. ഒക്ടോബർ 2 വ്യാഴാഴ്ചയാണ് വിജയ ദശമിയും വിദ്യാരംഭവും.
🟠 കാര്യവിജയം പ്രധാന ഫലം
നവരാത്രികാലത്തെ ദേവി ആരാധനയുടെ പ്രധാന ഫലം കാര്യവിജയമാണ്. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ പോലും അതിവേഗം ശരിയാക്കാൻ നവരാത്രി വ്രതം മാത്രം മതി. ഭാഗ്യം തെളിയുന്നതിനും ശത്രുദോഷ ദൃഷ്ടിദോഷങ്ങളകലാനും ഈ വ്രതം ഗുണകരമാണ്.
🟠 കേരളത്തിൽ ത്രിദേവിമാർ മുഖ്യം
ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളാണ് മഹാകാളിയും മഹാലക്ഷ്മിയും മഹാസരസ്വതിയും. ശത്രുദോഷത്തിനും ദൃഷ്ടിദോഷത്തിനും എതിരെയുള്ള കവചമായി ഉപയോഗിക്കാവുന്ന രൗദ്രശക്തിയാണ് കാളി. മഹാലക്ഷ്മി ഐശ്വര്യവും സമൃദ്ധിയും സൗന്ദര്യവും നൽകുന്നു. മഹാസരസ്വതി എല്ലാ വിദ്യകളും നൽകുന്നു.
കേരളത്തിൽ ആദ്യ മൂന്നു ദിവസങ്ങൾ ദുർഗ്ഗാ ദേവി സങ്കല്പത്തിലും അടുത്ത മൂന്ന് ദിനങ്ങൾ ലക്ഷ്മി ദേവി സങ്കല്പത്തിലും അവസാന ദിവസങ്ങളിൽ സരസ്വതി ദേവി സങ്കല്പത്തിലുമാണ് നവരാത്രി ആചരിക്കുന്നത്.
🟠 11 ദിവസം വ്രതം അനുഷ്ഠിക്കണം
സെപ്തംബർ 22 ന് തുടങ്ങി വിജയദശമി ദിവസമായ ഒക്‌ടോബർ 2 വരെ വ്രതമെടുക്കണം. സെപ്തംബർ 29, 30, ഒക്‌ടോബർ 1, 2 തീയതികളാണ് ഏറ്റവും പ്രധാനം. ദേവീ പൂജയ്ക്ക് ഏറ്റവും പ്രാധാന്യമുള്ള ഈ സമയത്ത് ഭക്തിയോടെ ദേവിയെ പൂജിച്ചാൽ എല്ലാ ആഗ്രഹങ്ങളും സാധിക്കും. നവരാത്രി കാലത്ത് ദേവീ പൂജ ചെയ്താൽ ഒരു വർഷം മുഴുവൻ ദേവീ പൂജ ചെയ്ത ഫലം സിദ്ധിക്കും. വിദ്യാവിജയം, സന്താനലാഭം, മംഗല്യഭാഗ്യം, ശത്രുനാശം, ദാരിദ്ര്യമുക്തി എന്നിവയെല്ലാം നവരാത്രി കാലത്തെ ദേവീപൂജയിലൂടെ ലഭിക്കുന്നു.
ALSO READ
🟠 പ്രധാനം അഷ്ടമി, നവമി, ദശമി
നവരാത്രിയിൽ ഏറ്റവും പ്രധാനം അഷ്ടമി, നവമി, ദശമി എന്നിവയാണ്. അഷ്ടമി ദിവസം ഗ്രന്ഥങ്ങളും നവമി നാളിൽ പണിയായുധങ്ങളും ദേവിക്ക് സമർപ്പിച്ച് പ്രാർത്ഥിക്കണം. ദശമിനാൾ രാവിലെ വിദ്യാദേവതയായ സരസ്വതിയേയും വിഘ്നേശ്വരനായ ഗണപതിയെയും ലോകഗുരുവായ ദക്ഷിണാമൂർത്തിയെയും വേദവ്യാസനെയും പൂജിച്ച് തൃപ്തിപ്പെടുത്തണം. ഇവരുടെ അനുഗ്രഹം വാങ്ങി വിദ്യയും കർമ്മവും എല്ലാം സ്വീകരിക്കുന്നു എന്നതാണ് തത്വം. കർമ്മങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ പുനരാരംഭിക്കുക, കുട്ടികളെ ആദ്യമായി വിദ്യ കുറിപ്പിക്കുക, പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ പഠനം ശക്തമാക്കുക എന്നിവയെല്ലാമാണ് വിജയദശമിയുടെ ലക്ഷ്യം.
🟠 ആയുധ പൂജയിലൂടെ അഭിവൃദ്ധി
അഷ്ടമിയിൽ കാളിയായും നവമിയിൽ ലക്ഷ്മിയായും ദശമിയിൽ സരസ്വതിയായും ആദിപരാശക്തിയെ പൂജിക്കുന്നു. കഷ്ടങ്ങൾ നീക്കുന്നതിനും ദോഷങ്ങൾ നീക്കുന്നതിനും അഷ്ടമിയും ആയുധ പൂജയിലൂടെ അഭിവൃദ്ധി, ഐശ്വര്യം ധനലാഭം എന്നിവ നേടുന്നതിന് നവമിയും വിദ്യ, ഭാഗ്യം, കർമ്മസിദ്ധി ജനനേതൃത്വം,
വാക്ചാതുരി ബുദ്ധി ഇവയ്ക്ക് ദശമിയും ഗുണകരമാണ്.
🟠 പ്രാർത്ഥനകൾക്ക് പ്രാധാന്യം നൽകണം
നവരാത്രിയോടനുബന്ധിച്ച് എല്ലാ ദിവസവും വ്രതം പാലിക്കുന്നതാണ് ഐശ്വര്യദായകം. മറ്റെല്ലാ വ്രതങ്ങളും പോലെയാണ് നവരാത്രി വ്രതത്തിന്റെയും ചിട്ടകൾ . തലേദിവസം വ്രതം തുടങ്ങണം. 2 നേരവും കുളിച്ച് ദേവീ ക്ഷേത്ര ദർശനവും പ്രാർത്ഥനയും നടത്തുക. മത്സ്യമാംസാദി ഭക്ഷണം പൂർണ്ണമായും ഒഴിവാക്കുക. ഉച്ചയ്ക്കു മാത്രം അരിയാഹാരവും രാവിലെയും വൈകിട്ടും ലഘു ഭക്ഷണവും സ്വീകരിക്കണം. ബ്രഹ്മചര്യം നിർബന്ധമാണ്. ദേവീ പ്രാർത്ഥനകൾക്ക് പ്രാധാന്യം നൽകണം. ദേവീ ഭാഗവതം, ദേവീമാഹാത്മ്യം, സൗന്ദര്യലഹരി, ലക്ഷ്മി, കാളി, പാർവ്വതി, ദുർഗ്ഗാ , സരസ്വതി അഷ്ടോത്തരം, അഷ്ടകം, ത്രിശതി,
ലളിതാസഹസ്രനാമം എന്നിവ നവരാത്രി ദിനങ്ങളിൽ പാരായണം ചെയ്യുന്നത് ഉത്തമമാണ്. രണ്ടുനേരവും പാരായണം ചെയ്യാം. കുളിച്ച് ശുദ്ധിയുള്ള വസ്ത്രം ധരിച്ച് നെയ്യ് വിളക്ക് കൊളുത്തി അതിനു മുമ്പിലിരുന്ന് പാരായണം ചെയ്യണം.
🟠 ജപ നിഷ്ഠകൾ
ആദ്യം ഗുരുവിനെയും പിന്നീട് ഗണപതിയേയും പ്രാർത്ഥിക്കുക. ഓം ഗുരുഭ്യോ നമഃ എന്ന് 9 പ്രാവശ്യവും ഓം ഗം ഗണപതയേ നമഃ എന്ന് 9 പ്രാവശ്യവും ജപിക്കുക. പിന്നെ ദുർഗ്ഗാദേവിയെ സങ്കല്പിച്ച് ധ്യാനശ്ലോകം ചൊല്ലുക.
ദുർഗ്ഗാം ധ്യായതു ദുർഗ്ഗതി
പ്രശമനീം ദുർവ്വാദളശ്യാമളാം
ചന്ദ്രാർദ്ധോജ്ജ്വല ശേഖരാം
ത്രിനയനാമ പീതവാസോവസം
ചക്രം ശംഖമിഷും ധനുശ്ച ദധതീം
കോദണ്ഡബാണാംശയോർ
മ്മുദ്രേവാ ഭയ കാമദേ സകടി
ബന്ധാഭീഷ്ടദാം വാനയോ:
ഈ ധ്യാനശ്ലോകം 3 പ്രാവശ്യം ജപിക്കുക
ഓം ഹ്രീം ദുർഗ്ഗായെ നമഃ എന്ന മന്ത്രം 108 പ്രാവശ്യം ചൊല്ലുക പിന്നെ എഴുന്നേറ്റ് ഇതേ മന്ത്രം തന്നെ ചൊല്ലി 3,5,7,12 തുടങ്ങി യഥാശക്തി നമസ്ക്കരിക്കുക. ഇപ്രകാരം 2 നേരവും ചെയ്യുക.
ദുർഗ്ഗാഷ്ടമി ദിവസം മൂന്നു നേരവും ലളിതാസഹസ്രനാമം ജപിക്കുക: സ്തോത്രമോ നാമാവലിയോ ജപിക്കാം. ഒന്നു മുതൽ തുടർച്ചയായി 7,12,18 ദിനം ജപിക്കുക. ദേവീ കടാക്ഷം ഉണ്ടാകും. ഏതൊരു വിഷയത്തിലെയും തടസ്സം മാറുന്നതിനും ഐശ്വര്യാഭിവ്യദ്ധിക്കും ഗുണകരം. തെറ്റുകൂടാതെ ജപിക്കണം.
🟠 പൂജവയ്പ്പ് വിധികൾ
പൂജാമുറിയിലോ ശുദ്ധിയുള്ള സ്ഥലത്തോ വേണം പൂജ വയ്ക്കാൻ. കേരളീയ രീതിയിൽ വീട്ടിൽ പൂജ വയ്ക്കുന്നവർ പൂജാമുറി വൃത്തിയാക്കി ഒരു പീഠം വെച്ച് പട്ട് വിരിച്ച് സരസ്വതി ദേവിയുടെ ചിത്രം വയ്ക്കണം ശേഷം പട്ടോ വെള്ള തുണിയോ വിരിച്ച് അതിന് മുകളിൽ പേന, പുരാണ ഗ്രന്ഥങ്ങൾ വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ എന്നിവ വച്ച് വെള്ള വസ്ത്രം കൊണ്ട് മൂടണം യഥാശക്തി പൂക്കൾ, മാലകൾ എന്നിവ കൊണ്ട് അലങ്കരിക്കുകയും ചെയ്യണം. അതിനു മുന്നിൽ മൂന്ന് നിലവിളക്ക് കൊളുത്തി വയ്ക്കുക. ഇടുതു വശത്തെ വിളക്കിൽ ഗുരുവിനെയും വലത് വശത്തെ വിളക്കിൽ ഗണപതിയെയും സങ്കല്പിച്ച് പ്രാർത്ഥിക്കണം. ഗണപതിക്ക് സങ്കല്പിച്ച് വിളക്കിന് മുമ്പിൽ അവൽ, മലർ തുടങ്ങിയ നിവേദ്യ വസ്തുക്കൾ പ്രാർത്ഥിച്ചു കൊണ്ട് സമർപ്പിക്കണം. നടക്കുള്ള വിളക്കിലോ ചിത്രത്തിലോ ദേവിയെയും സരസ്വതിയേയും സങ്കല്പിച്ച് പ്രാർത്ഥിക്കണം ഓം ഗം ഗുരുഭ്യോ നമഃ എന്ന് ഗുരുവിനും ഓം ഗം ഗണപതയേ നമഃ എന്ന് ഗണപതിക്കും. ഓം സം സരസ്വത്യൈ നമഃ എന്ന് സരസ്വതി ദേവിക്കും മന്ത്രം ജപിക്കണം. ദേവീ സംബന്ധമായ യഥാശക്തി മന്ത്രങ്ങൾ സ്തുതികൾ എന്നിവയും ജപിക്കണം
🟠 ഗണപതിക്ക് ഒരുക്ക്
എല്ലാ ദിവസവും ഗണപതിക്ക് ഒരുക്ക് വയ്ക്കുക. അവൽ മലർ. ശർക്കര പഴം കൽക്കണ്ടം, മുന്തിരി, തേൻ, നെയ്യ് എന്നിവയെല്ലാം നിവേദ്യമായി വയ്ക്കാം. ഗുരു, ഗണപതി, സരസ്വതി, വേദവ്യാസൻ, ദക്ഷിണാമൂർത്തി എന്നിങ്ങനെ അഞ്ച് പേർക്കും നിവേദ്യം വെക്കുകയും ആവാം. വിജയദശമിക്ക് രാവിലെ കഴിയുമെങ്കിൽ പാൽ പായസം കൂടി നേദിക്കുക
🟠 നവമിയിൽ ആയുധപൂജ
മഹാനവമി ദിവസം രാവിലെ ആറുമണിയോടെ പണിയായുധങ്ങളും ഉപകരണങ്ങളും പുസ്തകങ്ങൾ വച്ചിരിക്കുന്നിടത്തു തന്നെ പൂജയ്ക്ക് സമർപ്പിക്കാം. ആയുധങ്ങൾ, ചന്ദനം, കുങ്കുമം അരിപ്പൊടി എന്നിവ കൊണ്ടലങ്കരിച്ച് വിദ്യാ പൂജയ്ക്കൊപ്പം വച്ച് ആരതി ഉഴിയുകയാണ് വേണ്ടത്. പേന ആയുധ പൂജയിൽ വെയ്ക്കരുത്. തലേന്ന് പുസ്തകം പൂജക്ക് വയ്ക്കുന്ന കൂട്ടത്തിലാണ് വയ്ക്കേണ്ടത്. മഹാനവമി ദിവസമാണ് വാഹനപൂജയും ചെയ്യേണ്ടത് ആയുധപൂജ കഴിഞ്ഞ് പിറ്റേന്ന് വിജയദശമി ദിവസം പുസ്തകങ്ങൾക്കൊപ്പം ആയുധങ്ങളും പൂജയെടുക്കാം.
🟠 ഗരുവന്ദനശ്ലോകം
ഗുരുർബ്രഹ്മ ഗുരുർ വിഷ്ണു
ഗുരുർദേവോ മഹേശ്വരാ:
ഗുരു സാക്ഷാത് പരബ്രഹ്മ
തസ്മൈ ശ്രീ ഗുരുവേ നമഃ
എന്ന മന്ത്രം ചൊല്ലിയാണ് ഗുരുക്കൻമാരെ വന്ദിക്കേണ്ടത്.
🟠 ഗണപതി വന്ദനശ്ലോകങ്ങൾ
സർവ്വവിഘ്നഹരം ദേവം
സർവ്വവിഘ്ന വിവർജ്ജിതം
സർവ്വസിദ്ധി പ്രദാതാരം
വന്ദേഹം ഗണനായകം
🟠 വേദവ്യാസ, ദക്ഷിണാ മൂർത്തി വന്ദനം
ഓം ശ്രീം ഐം ക്ലീം സൗ:
വേദവ്യാസായ നമ:
ഇത് 9 പ്രാവശ്യം ചൊല്ലണം
ഓം ഐം ദക്ഷിണാ മൂർത്തയേ നമഃ
ഇത് 18 പ്രാവശ്യം ചൊല്ലണം.
🟠 സരസ്വതിവന്ദനം
ഓം ഐം സം സരസ്വത്വൈ നമഃ ഈ മന്ത്രം 36 പ്രാവശ്യം ജപിച്ച് സരസ്വതിയെ വന്ദിക്കുക
🟠 ധ്യാനശ്ലോകം
യാ കുന്ദേന്ദു തുഷാരഹാരധവളാ
യാ ശുഭ്ര വസ്ത്രാവ്യതാ
യാ വീണരവദണ്ഡ മണ്ഡിതകരാ
യാ ബ്രഹ്മാചുത ശങ്കര പ്രഭൃതിഭിർ
ദൈവെ: സഭാ പൂജിത
സാമാം പാതു സരസ്വതീ
ഭഗവതീ നിശ്ശേഷ ജാഡ്യാപഹാം
ഈ ധ്യാനശ്ലോകം 3 പ്രാവശ്യം ജപിക്കുക.
ഓം ഐം സം സരസ്വത്യൈ നമഃ
ഇത് 108 പ്രാവശ്യം ജപിക്കുക. തുടർന്ന് നിവേദ്യം സമർപ്പിച്ച് കർപ്പൂരം ഉഴിയുക.
ഗുരുവന്ദനം ഗണപതി വന്ദനം, വേദവ്യാസ, ദക്ഷിണാമൂർത്തി വന്ദനം, സരസ്വതീ വന്ദനം, കർപ്പൂരാരതി എന്നിവ അഷ്ടമി നവമി ദിനങ്ങളിൽ രാവിലെയും വൈകിട്ടും വിജയദശമിക്ക് രാവിലെയും നടത്തണം. സരസ്വതി മന്ത്രം 36, 108, 336 എന്നീ തവണ സൗകര്യം പോലെ ജപിക്കാവുന്നതാണ്. മന്ത്ര ജപദിവസം നിർബന്ധമായും മത്സ്യമാംസാദികൾ ത്യജിക്കണം രാത്രിയിൽ ആഹാരം ഉപേക്ഷിച്ചാൽ നന്ന്. ഇല്ലെങ്കിൽ അരിയാഹാരം ത്യജിച്ച് ലഘുഭക്ഷണം കഴിക്കാം. പകലുറക്കവും പാടില്ല.
ജ്യോതിഷി പ്രഭാസീന സി പി
മൊബൈൽ + 91 9961442256
Email ID: prabhaseenacp@gmail.com

Story Summary: Significance, Benefits and Rituals of Navaratri Puja 2025
Copyright 2025 riyoceline.com/projects/Neram/. All rights reserved