ദശമഹാവിദ്യ – 2
സരസ്വതിദേവി മാത്രമാണെന്ന് വിദ്യാദേവത എന്നാണ് പൊതുവേയുള്ള ഒരു വിശ്വാസം. എന്നാൽ സരസ്വതിയെ മാത്രമല്ല വിദ്യാലാഭവും കലാമികവും നേടാൻ വേറെയും ചില ദേവീദേവന്മാരെ ആരാധിക്കാം. അതിൽ ഒന്നാണ് താരാ ദേവി. വിദ്യാഭിവൃദ്ധി, ബുദ്ധിശക്തി, കലാസിദ്ധി, സർഗ്ഗശേഷി എന്നിവ നൽകുന്ന താര ദശമഹാവിദ്യയിൽ രണ്ടാമത്തേതാണ്.
ചാമുണ്ഡാതന്ത്രത്തിലെ താരാദേവി വിദ്യാദേവതയാണ്. ശിവന്റെ അവതാരമായ ദക്ഷിണാമൂർത്തി വിദ്യാദേവനാണ്. ബ്രഹ്മാണ്ഡപുരാണത്തിലെ ലളിതോപാഖ്യാനത്തിൽ പറയുന്ന ബാലാപരമേശ്വരി വിദ്യാദേവതയാണ്. ശ്രീകൃഷ്ണഭാവമായ വിദ്യാഗോപാലൻ വിദ്യാദേവനാണ്. താരായന്ത്രവും ബാലയന്ത്രവും വിദ്യാരാജഗോപാല യന്ത്രവും സരസ്വതി യന്ത്രവുമെല്ലാം വിദ്യാലാഭത്തിന് ധരിക്കാം. വിദ്യയ്ക്കു വേണ്ടി ആരാധിച്ചാൽ സരസ്വതിദേവി നൽകുന്ന അതേ ഫലം മറ്റു ദേവതകളും നൽകും.
ആദിപരാശക്തിയുടെ വ്യത്യസ്ത ഭാവങ്ങളായ ദശമഹാവിദ്യകളിൽ ഒന്നാണ് താരാദേവി. നവരാത്രി കാലത്ത് ദേവീ ഉപാസകർ അതിവിപുലമായാണ് ദശമഹാവിദ്യകളെ ആരാധിക്കുന്നത്.
ശിവപുരാണത്തിൽ ശിവന്റെ പത്ത് അവതാരങ്ങൾ വർണ്ണിക്കുന്നുണ്ട്. അതിൽ താരൻ എന്ന ഭാവത്തിന്റെ ശക്തിയാണ് താരാദേവി. ഭക്തർക്ക് ഭുക്തിയും യുക്തിയും പ്രദാനം ചെയ്യുന്ന ദേവനാണ് താരൻ. ദേവന്റെ ശക്തിയായ താര വിദ്യാസ്വരൂപിണിയാണ്. താരാദേവിയെ സ്തുതിച്ചാൽ വ്യാഴദോഷങ്ങൾ ഇല്ലാതാക്കും. ശബ്ദ ബ്രഹ്മത്തിന്റെ അധിദേവതയായതു കൊണ്ട് താരാദേവിയെ നവരാത്രിയിൽ പൂജിക്കപ്പെടുന്നു.
താരായന്ത്രം വിദ്യാവിജയത്തിനും സൗഭാഗ്യങ്ങൾക്കും അത്യുത്തമമാണ്. ഓം കാരത്തിന്റെ മനുഷ്യരൂപത്തെ പ്രതിനിധാനം ചെയ്യുന്നത് താരാദേവിയാണ്. അന്തരീക്ഷ മലിനീകരണം തടയുന്ന ശക്തികൂടിയാണ് താരാദേവി. അതായത് ശുദ്ധീകരിക്കുമ്പോഴാണ് യഥാർത്ഥമായ അറിവ് ലഭിക്കുന്നത് എന്ന് സാരം. താരാദേവിയെ നിഷ്‌കാമമായി ഭജിക്കുന്നവർക്ക് ഈ ഫലങ്ങളെല്ലാം പെട്ടെന്നു തന്നെ ലഭിക്കും. മഹാദേവിയുടെ താന്ത്രിക രൂപങ്ങളിൽ ഒന്നായ താരയെ താരിണി എന്ന പേരിലും അറിയപ്പെടുന്നു. സംരക്ഷിക്കുക എന്നർത്ഥം വരുന്ന താർ എന്ന സംസ്കൃത പദത്തിൽ നിന്നാന്ന് താര എന്ന പേരിന്റെ ഉല്പത്തി. മലയാളത്തിൽ അർത്ഥം നക്ഷത്രം എന്നാണ്. അനായസമായ വാക്ശക്തി കൊടുക്കുന്നതിന് സമർത്ഥയാതുകൊണ്ട് താരയെ നീലസരസ്വതി എന്നും പറയുന്നു. കൊടും വിപത്തുകളിൽ നിന്നും ഭക്തരെ രക്ഷിക്കുന്നത് കൊണ്ട് ഉഗ്രതാരയാണ്. ശത്രുനാശം, വാക് ശക്തി, ഭോഗമോക്ഷ പ്രാപ്തി എന്നിവയെല്ലാം ഉഗ്രതാരാ സാധനയിലൂടെ ലഭിക്കും.
ALSO READ
താരാദേവിക്ക് മൂന്നു രൂപങ്ങൾ ഉണ്ട്. താരാ, ഏകജട, നീലസരസ്വതി എന്നിവ. മൂന്ന് രൂപങ്ങളുടെയും രഹസ്യം, കാര്യശക്തി, ധ്യാനം എന്നിവ ഭിന്നമാണെങ്കിലും ശക്തി സമാനമാണ്. താരയെ ഉപാസിച്ചാൽ സാധാരണക്കാർ പോലും ദേവഗുരു ബൃഹസ്പതിയെ പോലെ വിദ്വാനായി മാറും. താരാ രാത്രിയിൽ താരാ ഉപാസനക്ക് പ്രത്യേക മാഹാത്മ്യമുണ്ട്. ചൈത്ര മാസത്തിലെ വെളുത്ത പക്ഷ നവമി രാത്രിയാണ് താരാരാത്രി. താരയെ കുറിച്ച് ഒരു ഐതിഹ്യമുണ്ട്: പാലാഴി മഥനവേളയിൽ ഹലാഹല വിഷം കുടിച്ച ശിവൻ മോഹാലസ്യപ്പെട്ടു പോകുന്നു. മഹാദേവിയായ ദുർഗ്ഗ അപ്പോൾ താരാരൂപം ധരിച്ച് ഭഗവാനെ മുലയൂട്ടി വിഷവീര്യം നശിപ്പിച്ചത്രേ.
🌒 താരാധ്യാനം
വിശ്വവ്യാപകവാരിമദ്ധ്യ വിലസച്ഛ്വേ
താംബു ജന്മസ്ഥിതാം
കർത്രീം ഖഡ്ഗകപാല നീലനളിനെ
രാജത് കരാം നീലഭാം
കാഞ്ചികുണ്ഡലഹാര കങ്കണ
വിലസത് കേയൂര മഞ്ജീരതാം
ആപ്‌തൈർ നാഗവരൈൻ വിഭൂഷിതതനും
ചാരക്ത നേത്രത്രയാം
പിംഗോഗ്രൈകജടാം ലസത്‌സുരശനാം
ദംഷ്ട്രാ കരാളാനനാം
ഹസ്തൈശ്ചാപി വരം കടൗ നിദധതീം
ശ്വേതാസ്ഥിപട്ടാളികാം
അക്ഷോഭ്യേന്ന വിരാജമാനശിരസം
സ്‌മേരാനനാം ഭോരുഹാം
താരാം ശാവഹൃദാസനാം ദൃഡകുചാം
അംബാ ത്രിലോക്യാം ഭജേത്
(പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന സമുദ്രമധ്യത്തിലെ വെള്ളത്താമരയിൽ ഇരിക്കുന്നവളും കത്രിക. വാൾ, തലയോട്ടി, നീലത്താമര എന്നിവ നാലു കൈകളിലായി ധരിക്കുന്നവളും കാഞ്ചി, കുണ്ഡല, ഹാര, കങ്കണ, തോൾവള, നൂപുരങ്ങൾ അണിഞ്ഞവളും നാഗദേവതമാർ നിവസിക്കുന്ന ശരീരത്തോടു കൂടിയവളും മൂന്നു കണ്ണുള്ളവളും ചെമ്പിച്ച മുടിയുള്ളവളും ദംഷ്ട്രകളുള്ള വായുള്ളവളും ആനത്തോൽ ധരിച്ചവളും വെളുത്ത എല്ലിൻ കഷണം പോലുള്ള നെറ്റിയുള്ളവളും സ്‌മേരമുഖിയും ശവത്തിന്റെ നെഞ്ചത്ത് സ്ഥിതിയായവളും മൂന്നു ലോകങ്ങളുടെയും മാതാവുമായ താരാദേവിയെ സ്തുതിക്കണം.)
🌒 താരാമന്ത്രം
1
ഓം ഹ്രീം ത്രീം ഹും ഫട്
2
ഓം ഐം ഹ്രീം സ്ത്രീം താരായൈ ഹും ഫട് സ്വാഹ
🌒 താരാ ഗായത്രി
ഓം താരായൈ ച വിദ്മഹേ
മഹോഗ്രായൈ ച ധീമഹി
തന്നോ ദേവി പ്രചോദയാത്
🌒 ദശമഹാവിദ്യ ഗായത്രി
കാളിക, താര, ഷോഡശി തുടങ്ങി ദശമഹാ വിദ്യകളെ
ഭജിക്കുന്ന ദശമഹാവിദ്യ ഗായത്രി പതിവായി ജപിച്ചാൽ
എല്ലാ ഗ്രഹദോഷങ്ങളും അകലും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ദശമഹാ വിദ്യ ഗായത്രി കേൾക്കാം:
Story Summary: Navaratri Second Day Worship: Desha Mahavidya, Thara Devi Dhayanam and Stotram
Copyright 2025 riyoceline.com/projects/Neram/. All rights reserved