ശിവ നാരായണൻ
ലക്ഷക്കണക്കിന് ഭക്തജനങ്ങളുടെ ആത്മീയ ഗുരുവും ആശ്രയവുമായ ഷിർദ്ദി സായി ബാബ സമാധിയായിട്ട് ഈ വിജയദശമി ദിനത്തിൽ 107 വർഷം തികഞ്ഞു. 1918 ലാണ് ഷിർദ്ദി ബാബ സമാധിയായത്. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ സന്യാസിയായി കാണുന്ന ആത്മീയ ഗുരുവും യോഗിയും ഫക്കീറും എല്ലാമാണ് ഷിർദ്ദിബാബ. ശിവന്റെയോ ദത്താത്രേയന്റെയോ അവതാരമായാണ് ഹിന്ദുക്കൾ ഷിർദ്ദി സായിബാബയെ കാണുന്നത്. എന്നാൽ മുസ്ലീങ്ങൾ കബീറിന്റെ അവതാരമായി സങ്കല്പിക്കുന്നു. സായി എന്ന പേർഷ്യൻ പദവും ബാബ എന്ന ഇന്ത്യൻ പദവും ചേർന്നാണ് ഈ വാക്ക് ഉണ്ടായത്. ദിവ്യനായ അപ്പൂപ്പൻ എന്ന് അർത്ഥം പറയാം. ഹൃദയത്തിൽ ഞാനുള്ളപ്പോൾ എന്തിന് ഭയപ്പെടണം എന്ന് സ്വന്തം ഭക്തരോട് പറയുന്ന ഷിർദ്ദി സായിനാഥൻ ഭക്തരെ കാത്തു രക്ഷിക്കുക മാത്രമല്ല അവർക്ക് വേണ്ടത് നൽകി അനുഗ്രഹിക്കുകയും ചെയ്യും.
🟠 ദർശനം നടത്തുന്നത് 4 കോടി ഭക്തർ
ജീവിച്ചിരുന്നപ്പോഴും ശേഷവും അനേകം ദിവ്യാത്ഭുതങ്ങൾ
ബാബ നടത്തിയിട്ടുണ്ട്. ഇത്തരം അനേകമനേകം സംഭവങ്ങൾ ഷിർദ്ദി ബാബയുടെ ജീവചരിത്രമായ സായി സച്ചരിതത്തിൽ പറയുന്നുണ്ട്. ഭൗതിക ജീവിതത്തിന് വേണ്ടതും മാനസികമായ കരുത്തിന് ആവശ്യമുളളതും യാതൊരു തടസ്സവും കൂടാതെ തന്ന് ബാബ അനുഗ്രഹിക്കും. ഈ ലോകത്ത് നിന്നും ഷിർദ്ദി ബാബ ഭൗതിക ദേഹം ഉപേക്ഷിച്ച് പോയിട്ട് 2025 ഒക്ടോബർ 2 ന് 107 സംവത്സരമായി. എന്നിട്ടും ബാബയുടെ സന്നിധിയായ ഷിർദ്ദിയിലേക്ക് ഭക്തജന പ്രവാഹത്തിന് ഒരു കുറവും ഇല്ല. നാല് കോടിയോളം ഭക്തരാണ് പ്രതിവർഷം ഷിർദ്ദിയെന്ന പുണ്യഭൂമിയിൽ എത്തുന്നത്. പ്രതിദിനം 70, 000 മുതൽ ഒരു ലക്ഷം വരെയാണ് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഷിർദ്ദിയിലെത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ തീർത്ഥാടകർ പതിവായി എത്തുന്ന പുണ്യസ്ഥലങ്ങളിൽ ഷിർദ്ദിയുണ്ട്. ലോകമെമ്പാടുമായി 1200 ൽ കൂടുതൽ ഷിർദ്ദിബാബ ക്ഷേത്രങ്ങളുണ്ട്. കേരളത്തിൽ തൃശൂർ, തിരുവനന്തപുരം, കണ്ണൂർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഷിർദ്ദി ബാബ ക്ഷേത്രങ്ങളുണ്ട്.
🟠 ദിവ്യ സാന്നിദ്ധ്യം ഭക്തരുടെ അനുഭവം
ശരീരം ഉപേക്ഷിച്ച് പോയാലും എപ്പോഴും തന്റെ ഭക്തരുടെ കൂടെയുണ്ടാകുമെന്ന് ബാബ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ബാബയുടെ ദിവ്യ സാന്നിദ്ധ്യം കോടിക്കണക്കിന് ഭക്തരുടെ അനുഭവമാണ്. മനസ്സിൽ ബാബയുണ്ടെങ്കിൽ ഒന്നും ഭയക്കേണ്ടതില്ല എന്നാണ് പറയുന്നത്. ഉറച്ച വിശ്വാസമുള്ള ബാബഭക്തരുടെ ആഗ്രഹങ്ങളെല്ലാം നടക്കും. ജീവിത വിജയം, മന:ശാന്തി ഇവ നേടുന്നതിനുള്ള നല്ല മാർഗ്ഗം സായിബാബയുടെ പാദാരവിന്ദങ്ങളിൽ അഭയം തേടുകയാണ്. അനുകമ്പ, ആശ്രിതവാത്സല്യം, അത്ഭുതങ്ങൾ തുടങ്ങിയവയുടെ ഘോഷയാത്രയാണ് സമാധിക്ക് ശേഷവും ബാബയുടെ ചൈതന്യം സമ്മാനിക്കുന്നത്. വിജയദശമി, രാമനവമി, വ്യാഴാഴ്ചകൾ എന്നിവയാണ് ബാബ ആരാധനയ്ക്ക് ശ്രേഷ്ഠമായ ദിവസങ്ങൾ. ഈ പുണ്യ ദിവസങ്ങളിൽ പ്രത്യേകിച്ച്
ബാബയുടെ സമാധി പൂജയും വ്യാഴാഴ്ചയും ഒന്നിച്ചു വരുന്ന ഒക്ടോബർ 2 ന് അടുത്തുള്ള ഷിർദ്ദി സായിബാബ ക്ഷേത്രത്തിൽ ചെന്ന് ഭഗവാന് മുന്നിൽ മധുരം സമർപ്പിച്ച് പ്രാർത്ഥിച്ചാൽ നമ്മൾ അനുഭവിക്കുന്നു ഏത് തരത്തിലുള്ള വിഷമവും പരിഹരിക്കപ്പെടും. അതിന് ഒപ്പം ഷിർദ്ദി സായി ബാബയുടെ മന്ത്രങ്ങളും സ്തുതികളും കൂടി ജപിക്കുക. മണക്കാട് ഗോപൻ ആലപിച്ച ഷിർദ്ദി സായിബാബ അഷ്ടോത്തര ശതനാമാവലി കേൾക്കാം:
ഓം സായി റാം 🙏
Story Summary: Significance of Shirdi Sai Baba Samadhi Pooja on Vijayadashmi day, 2 nd October 2025
ALSO READ
Copyright 2025 riyoceline.com/projects/Neram/. All rights reserved