മംഗള ഗൗരി
ശ്രീകൃഷ്ണ പ്രീതിവരുത്തുന്നതിന് ഏറ്റവും ഉത്തമ സമയമായ ദാമോദര മാസം തുടങ്ങി. ഇനി നവംബർ 5 വരെ കൃഷ്ണ ഗീതികളും കൃഷ്ണ കഥകളും ഭക്തമാനസങ്ങളിൽ നിറഞ്ഞ് കവിയുന്ന പുണ്യകാലമാണ്. ഉണ്ണിക്കണ്ണൻ ഏറ്റവും കൂടുതൽ ലീലകളാടിയത് ഈ മാസത്തിലാണത്രേ. അതിൽ നിന്നാണ് ഭഗവാന് ദാമോദരൻ എന്ന പേരു പോലും കിട്ടിയത്. ഉണ്ണിക്കണ്ണൻ്റെ വികൃതികളിൽ പൊറുതിമുട്ടിയ അമ്മ യശോദ ഒരു ദിവസം മകനെ ഒരു ഉരലിൽ കെട്ടിയിട്ടു. എന്നിട്ടും കുസൃതിക്കൊരു കുറവും വന്നില്ല. ആ ഉരൽ വലിച്ചു കൊണ്ട് കണ്ണൻ ഓടി. കുറച്ച് ചെന്നപ്പോൾ കയർ പറിഞ്ഞു പോയി; കയറിൻ്റെ മുറിഞ്ഞ ഭാഗവും ഉദരത്തിൽ ചുറ്റി തൂക്കിയിട്ട് ഉണ്ണിക്കൃഷ്ണൻ ഓടുന്ന കാഴ്ചയിൽ നിന്നുണ്ടായ കൃഷ്ണനാമമാണ് ദാമോദരൻ. ഉദരത്തിന്മേൽ ദാമം (കയർ) ഉള്ളവൻ ദാമോദരൻ എന്നർത്ഥം! ഭക്തരുടെ സ്നേഹപാശത്തിൽ മാത്രം ബന്ധിതനാകുന്നവൻ, ജഠരത്തിൽ ലോകത്തെ വഹിക്കുന്നവൻ, ഉദരത്തിൽ തുളസിമാലയോട് കൂടിയവൻ എന്നെല്ലാം ദാമോദരന് പ്രതീകാത്മക അർത്ഥം പറയാം. ദാമോദര മാസത്തിൽ എത്ര ചെറിയ ഈശ്വര സേവനം നടത്തിയാലും അതിന്റെ ആയിരം മടങ്ങ് ഫലം ഭഗവാൻ തരും. ഈ മാസത്തിന്റെ മുപ്പതു ദിവസവും ഭാഗവത കഥകള്‍ പാരായണം ചെയ്യുന്നതും കൃഷ്ണഗാഥകൾ ചൊല്ലുന്നതും ശ്രേഷ്ഠമായി പറയുന്നു. ദാമോദര മാസം മുഴുവനും ശ്രീകൃഷ്ണ ഭഗവാനെ മനം നിറഞ്ഞ് ഭജിക്കുന്നതിലൂടെ ജീവിതത്തിലെ സര്‍വ്വദുരിതങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം. രാധയാണ് ദാമോദര മാസത്തിന്റെ അധിപതി. രാധാദേവിയെ ആരാധിക്കുന്നവർ ഉറപ്പായും കൃഷ്ണപ്രീതിക്ക് പാത്രമാകും. രാധികയുടെ നാഥനായി ശ്രീകൃഷ്ണ ഭഗവാനെ പാടിപ്പുകഴ്ത്തുന്ന മനോഹരവും പ്രചുര പ്രചാരം നേടിയതുമായ ജയ ജനാർദ്ദനാ കൃഷ്ണാ രാധികാ പതേ എന്ന ദിവ്യമായ ശ്രീ കൃഷ്ണ സന്ധ്യാനാമ കീർത്തനം കേട്ടുകൊണ്ട് ഈ ദാമോദര മാസത്തിലെ ആദ്യ ബുധനാഴ്ച സന്ധ്യ ധന്യമാക്കം. ഇന്ന് മാത്രമല്ല എല്ലാ സന്ധ്യകളിലും ശ്രവിക്കാനും ആലപിക്കാനും ഉത്തമമായ ശ്രീകൃഷ്ണ സന്ധ്യാനാമമാണിത്. എത്ര വർണ്ണിച്ചാലും അധികമാകാത്ത ജയ ജനാർദ്ദന കൃഷ്ണ ശ്രവിക്കാം, കൂടെ പാടാം: ആലാപനം, മണക്കാട് ഗോപൻ, ഡോ ശ്രദ്ധാ പാർവതി, ഗൗരി ഗോപൻ.
Story Summary: Significance of Damodara Masam and Sri Krishna Bhajan
Copyright 2025 riyoceline.com/projects/Neram/. All rights reserved