ജ്യോതിഷരത്‌നം വേണു മഹാദേവ്
2025 ഒക്ടോബർ 17, 1201 കന്നി 31 വെള്ളിയാഴ്ച, പകൽ 1:46 ന്, ഉദയാൽ 18 നാഴിക 50 വിനാഴികയ്ക്ക് ചിങ്ങക്കൂറിൽ മകം നക്ഷത്രം നാലാം പാദത്തിൽ തുലാം രവി സംക്രമം നടക്കും. സൂര്യദേവൻ തുലാം രാശിയിലേക്ക് പ്രവേശിക്കുന്ന സമയം ഇത്തവണ പകൽ മിക്കക്ഷേത്രങ്ങളും അടച്ചിരിക്കുന്ന സമയത്ത് ആയതിനാലും ഉച്ചയ്ക്ക് ശേഷം ആയതിനാലും പിറ്റേന്നാണ് മാസപ്പിറവി. എന്നാൽ ഈ സംക്രമ സമയം മുതൽ രണ്ടര നാഴിക (അതായത് ഒരു മണിക്കൂർ) സമയത്തിനകം വീട്ടിലോ കച്ചവട സ്ഥാപനത്തിലോ
ദീപം തെളിയിച്ച് ആദിത്യസംക്രമത്തെ വരവേറ്റാൽ ഈ തുലാം മാസം ഐശ്വര്യവും അഭിവൃദ്ധിയും നൽകും.
തുലാം രവി സംക്രമ ദിവസം വെള്ളിയാഴ്ച ആയതിനാൽ ഗണപതി, മഹാലക്ഷ്മി, ശിവ , വിഷ്ണു ക്ഷേത്ര ദർശനവും വഴിപാടുകളും നടത്താൻ മറക്കരുത്. ഒക്ടോബർ 18 ന് വ്യാഴം മിഥുനം രാശിയിൽ നിന്ന് മാറി അതിന്റെ ഉച്ചരാശിയായ കർക്കടകം രാശിയിലേക്ക് 45 ദിവസത്തേക്ക് ( 2025 ഡിസംബർ 5 വരെ) സംക്രമിക്കുന്നത് കാരണം അന്നു മുതൽ ചാരവശാൽ വ്യാഴം 6, 8, 12 ഭാവങ്ങളിൽ വരുന്ന കുംഭം, ധനു, ചിങ്ങം കൂറിൽ പിറന്നവർ കൂടുതലായി വിഷ്ണുപ്രീതി വരുത്തണം. മഹാവിഷ്ണു, ശ്രീകൃഷ്ണൻ, ശ്രീരാമൻ, നരസിംഹമൂർത്തി, വരാഹ മൂർത്തി ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും പാൽ പായസം, ഭാഗ്യസൂക്താർച്ചന തുടങ്ങിയ വഴിപാടുകൾ നടത്തേണ്ടതുമാണ്. കുംഭം, മീനം, മേടം കൂറുകളിൽ ജനിച്ച ഏഴര ശനിക്കാരും ചിങ്ങക്കൂറിൽ ജനിച്ച അഷ്ടമശനിക്കാരും, കന്നി, ധനു, ഇടവം രാശികളിലെ കണ്ടകശനിക്കാരും ജാതകാൽ ശനിദശ ശനി അപഹാരമുള്ളവരും തീർച്ചയായും ഇപ്പോൾ ഹനുമാൻ സ്വാമിക്ക് അവൽ നിവേദ്യം, വെറ്റില മാല, ശാസ്താവിന് എള്ള് പായസം എന്നിവ നടത്താൻ മറക്കരുത്.
ജ്യോതിഷരത്‌നം വേണു മഹാദേവ്
+91 8921709017
Story Summary: Importance of Thulam Ravi Sankraman