Monday, December 8, 2025
Monday, December 8, 2025
Home » ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന ദീപാവലി ജീവിതഭദ്രത തരും

ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന ദീപാവലി ജീവിതഭദ്രത തരും

by NeramAdmin
0 comments

മംഗള ഗൗരി

തുലാമാസത്തിലെ പ്രധാന വിശേഷങ്ങളിലൊന്നാണ് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷചതുർദ്ദശി ദിവസമാണ് ദീപാവലി ആചരിക്കുന്നത്. തിന്മയ്ക്കു മേൽ നന്മ നേടിയ വിജയത്തിന്റെ ദീപോത്സവമാണിത്. അഥവ മനുഷ്യഹൃദയങ്ങളിൽ നിലനിൽക്കുന്ന തിന്മയാകുന്ന, അജ്ഞാനമാകുന്ന അന്ധകാരത്തെ നിഗ്രഹിച്ച് നന്മയാകുന്ന പ്രകാശത്തിലേക്ക് നയിക്കുക എന്ന ദീപോത്സവമാണ് ദീപാവലി. ചുതുക്കിപ്പറഞ്ഞാൽ – ഭക്തഹൃദയങ്ങളെ തമസോ മാ ജ്യോതിർ ഗമയ – ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന പുണ്യ ആഘോഷമാണ് ദീപാവലി

🟢 5 ദിവസത്തെ ആഘോഷം

ഉത്തരേന്ത്യയിലും തമിഴ് നാട്ടിലും ദീപാവലി വളരെ ആഘോഷപൂർവമാണ് കൊണ്ടാടുന്നത്. കാർത്തിക മാസത്തിലെ കറുത്തപക്ഷ ത്രയോദശി ദിനമായ
18 ന് ശനിയാഴ്ച മുതൽ ഉത്തരേന്ത്യയിൽ ആഘോഷം തുടങ്ങും. 5 ദിവസമാണ് ദീപാവലി ആഘോഷം. ത്രയാദശിക്ക്‌ ധനത്രയോദശി അഥവാ ധൻതേരസ് എന്നും പറയുന്നു. പാലാഴിയിൽ നിന്ന് ലക്ഷ്മി ദേവി അവതരിച്ച ദിവസമായി ഇതിനെ കണക്കാക്കുന്നു. അന്നേ ദിവസം വീട് വൃത്തിയാക്കി എല്ലാവരും വീട്ടിലേക്ക് ലക്ഷ്മി ദേവിയെ ആനയിക്കും. പുതിയ ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയെല്ലാം വാങ്ങിക്കൂട്ടും. ധൻദേരാസിനോട് ചേർന്ന് കച്ചവടം പൊടി പൊടിക്കും. ഈ ദിവസം ധന്വന്തരിയെയും കുബേരനെയും ആരാധിക്കുന്നതും വിശേഷമാണ്. പാലാഴി മഥനത്തിലാണ് ധന്വന്തരിയും അവതരിച്ചത്. 19 ന് നരക ചതുർദ്ദശി ആചരിക്കും. എണ്ണതേച്ച് കുളിയാണ് ഈ ദിവസത്തെ പ്രധാനപ്പെട്ട ആചാരം.

🟢 ദീപാവലിക്ക് ലക്ഷ്മി പൂജ മുഖ്യം
ദീപാവലി ദിവസമായ 20 തിങ്കളാഴ്ച ലക്ഷ്മി പൂജയ്ക്ക് ശേഷമാണ് വിളക്ക് വെപ്പും പടക്കം പൊട്ടിക്കലും മധുരം നൽകലും. ഈ ദിവസം ഗണപതിയെയും പൂജിച്ച് ഭക്തർ അനുഗ്രഹം നേടുന്നു. അടുത്ത ദിവസം രാത്രിയിൽ ഗോവർദ്ധന പൂജ നടക്കും. ചിലർക്ക് ഈ ദിവസം ശ്രീകൃഷ്ണൻ്റെ ഗോവർദ്ധഗിരി ഉദ്ധാരണ ദിനത്തിൻ്റെ ആഘോഷമാണ്. മഹാബലിയുമായി ബന്ധപ്പെട്ട ആഘോഷമാണ് മറ്റ് ചിലർക്ക്. ദീപാവലി ആഘോഷത്തിൻ്റെ അവസാന ദിവസം സഹോദരി – സഹോദ ബന്ധത്തിൻ്റെ മഹിമ വിളിച്ചോതുന്ന ഭായി ദൂജ് നടക്കും. വിശേഷ സമ്മാനങ്ങളുമായി സഹോദര ഗൃഹങ്ങൾ സന്ദർശിക്കുന്നതാണ് ഈ ദിവസത്തിൻ്റെ പ്രത്യേകത. അന്ന് ദീപാവലി ആഘോഷം തീരും.

🟢 ദീപാവലി സ്‌നാനം ക്ലേശം നീക്കും

ALSO READ

കേരളത്തിൽ ദീപാവലി ആഘോഷം ലളിതമാണ്. ഇവിടെ മുഖ്യമായും നരകാസുര നിഗ്രഹവുമായി ബന്ധപ്പെട്ട പുണ്യദിനമായി കരുതിവരുന്നു. അന്ന് തൈലസ്‌നാനം പ്രധാനമാണ്. ദീപാവലി ദിവസം ജലത്തിൽ ഗംഗാദേവിയുടെയും എണ്ണയിൽ ലക്ഷ്മിദേവിയുടെയും സവിശേഷ ചൈതന്യം കുടികൊള്ളുമെന്നാണ് വിശ്വാസം. അതിനാലാണ് ഈ ദിവസം പുലർച്ചെ എണ്ണതേച്ച് കുളിക്കണമെന്ന് പറയുന്നത്. ദീപാവലി സ്‌നാനം ചെയ്താൽ ദാമ്പത്യ ക്ലേശം, ശത്രുദോഷം കാര്യതടസ്സം, രോഗാപത്തുകൾ, അകാലമൃത്യു, അപമൃത്യു തുടങ്ങിയ ദോഷങ്ങൾ അകന്ന് അഭീഷ്ടസിദ്ധിയും സർവ്വെശ്വര്യലബ്ധിയും കൈവരുമെന്നാണ് വിശ്വാസം.

🟢 അഷ്ടാക്ഷര ജപം ശ്രേഷ്ഠം

കേരളീയ ആചാരപ്രകാരം ദീപാവലി ദിവസം വ്രതമെടുക്കുന്നത് ശ്രേഷ്ഠമാണ്. വ്രതമെടുക്കുന്നവർ തലേന്ന് സൂര്യാസ്തമയശേഷം വ്രതം ആരംഭിക്കണം. മത്സ്യമാംസാദികൾ പൂർണ്ണമായും ഉപേക്ഷിക്കണം. ദീപാവലി നാൾ അതിരാവിലെ ഉണർന്ന് ദേഹമാസകലം എണ്ണതേച്ചു കുളിക്കണം. തുടർന്ന് കോടിവസ്ത്രം ധരിച്ച് പൂജാമുറിയിൽ വിളക്കു കൊളുത്തി ഓം നമോ നാരായണായ മന്ത്രം ജപിക്കണം. പിന്നെ മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി പ്രദക്ഷിണം ചെയ്യുന്നത് ഉത്തമമാണ്. ശിരസ്സിൽ തുളസിയില ധരിക്കുന്നതും നല്ലതാണ്. തുളസിത്തറയിൽ നെയ്‌വിളക്ക് കൊളുത്തി വച്ച് അതിന് ചുറ്റും 21 പ്രദക്ഷിണം അഷ്ടാക്ഷര മന്ത്രജപത്തോടെ ചെയ്യുന്നതും ശ്രേഷ്ഠമാണ്. തുടർന്ന് മദ്ധ്യാഹ്നത്തിൽ ഓം വിഷ്ണവേ നമഃ എന്ന മന്ത്രവും സന്ധ്യയ്ക്ക് ഓം നമോ ഭഗവതേ നാരായണായ, മധുസൂദനായ നിത്യാത്മനേ ശ്രീം നമഃ എന്ന മന്ത്രവും ജപിക്കണം. ശ്രീകൃഷ്ണ സ്തുതികളും മഹാലക്ഷ്മി സ്തോത്രങ്ങളും അന്ന് കഴിയുന്നത്ര ജപിക്കുന്നതും നല്ലതാണ്. ദീപാവലി ദിവസം ഉപവാസമാണ് ഉത്തമം. പിറ്റേദിവസം രാവിലെ വിഷ്ണുക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. മൂന്നു ദിവസങ്ങളിലും രണ്ടുനേരവും വിഷ്ണു ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുക. സർവ്വൈശ്വര്യലബ്ധിക്കും പാപശമനത്തിനും ജീവിതഭദ്രതയ്ക്കും ആഗ്രഹങ്ങൾ സഫലമാകുന്നതിലും ദീപാവലി വ്രതം അനുഷ്ഠിക്കുക ശ്രേഷ്ഠമാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ
ആലപിച്ച മഹാ ലക്ഷ്മി അഷ്ടകം കേൾക്കാം :

Story Summary: Significance of Deepavali Festival on 2025 October 20

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?