മംഗള ഗൗരി
ധന്വന്തരി മൂർത്തിയെ പൂജിക്കുവാൻ സവിശേഷമായ ദിവസമാണ് കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി – 2025 ഒക്ടോബർ 18 ശനിയാഴ്ചയാണ് ഈ ദിവസം. ഈ ത്രയാദശിക്ക് ധനത്രയോദശി അഥവാ ധൻതേരസ് എന്ന് പറയും. ധന്വന്തരി മൂർത്തിക്കും മഹാലക്ഷ്മിക്കും കുബേരനും സവിശേഷ പ്രാധാന്യമുള്ള പുണ്യ ദിനമാണിത്. അന്ന് സന്ധ്യയ്ക്ക് 7:15 മുതൽ 8:19 വരെയാണ് ലക്ഷ്മി പൂജയും ധന്വന്തരി പൂജയുമെല്ലാം നടക്കുന്നത്. ശനി പ്രദോഷവും തുലാം ഒന്നും മുപ്പെട്ട് ശനിയും എന്ന ശ്രേഷ്ഠതയും ഈ പുണ്യദിനത്തിനുണ്ട്.
🟢 പാലാഴിയിൽ അവതരിച്ച ദിവ്യ തേജസ്
മഹാദേവന്റെ കണ്ഠാഭരണമായ വാസുകിയെ കയറും മന്ഥരപർവതത്തെ കടക്കോലുമാക്കി ദേവാസുരന്മാർ പാൽക്കടൽ കടഞ്ഞപ്പോൾ അമൃതിന് മുൻപായി പല വിശിഷ്ട വസ്തുക്കളും ഉയർന്നു വന്നു. അക്കൂട്ടത്തിൽ പൊന്തിവന്ന ദിവ്യ തേജസാണ് ധന്വന്തരി ഭഗവാൻ. മഹാവിഷ്ണുവിന്റെ അംശാവതാരമായി വിശ്വസിക്കുന്ന ധന്വന്തരി ഭഗവാന് നാല് കരങ്ങളാണ്. മേൽകയ്യിൽ സുദർശനചക്രവും, ഇടത്തുവശത്തെ മേൽക്കരത്തിൽ ശംഖും, വലത്തുഭാഗത്തെ കീഴ്കരത്തിൽ ഓലഗ്രന്ഥവും, ഇടത്തുവശത്തെ കീഴ്കരത്തിൽ അമൃതകുംഭവും ഏന്തിയാണ് ഭക്തരെ അനുഗ്രഹിക്കുവാനായി ഭഗവാൻ ക്ഷേത്രത്തിൽ വാണരുളുന്നത്. കയ്യിലെ ഓലക്കെട്ട് വൈദ്യശാസ്ത്രഗ്രന്ഥമാണ്. വിവിധ രോഗങ്ങൾക്ക് പ്രയോഗിക്കുവാനുള്ള അമൂല്യമായ സസ്യ മരുന്നുകളുടെ വിവരണമാണ് ഇതിൽ. അതിനാലാണ് ചികിത്സകരായ വൈദ്യന്മാർ ധന്വന്തരിയെ പൂവിട്ടു പൂജിക്കുന്നത്.
🟢 വിഷ്ണുവിനെ ഭജിച്ചാലും ഫലം
വിഷ്ണു ഭഗവാന്റെ അതിശക്തമായ ഒരു അവതാരമാണ് ധന്വന്തരി. അതുകൊണ്ടുതന്നെ വിഷ്ണുഭഗവാനെ ആരാധിച്ചാലും ധന്വന്തരി മൂർത്തിയുടെ അനുഗ്രഹം ലഭിക്കും. വിഷ്ണുക്ഷേത്രദർശനം, പ്രാർത്ഥനകൾ, വ്രതം വഴിപാടുകൾ ഇവയെല്ലാം ധന്വന്തരി പ്രീതിക്ക് നല്ലതാണ്. വ്യാഴാഴ്ചയും ഏകാദശിയും ധന്വന്തരിയുടെ തലേന്നും ധന്വന്തരിയെ ആരാധിക്കാൻ വിശേഷമാണ്. അപ്പോൾ വ്രതം പാലിക്കുന്നത് അലച്ചിലും രോഗദുരിതങ്ങളും നീങ്ങാൻ പ്രയോജനപ്പെടും. മത്സ്യമാംസാദി ഉപേക്ഷിച്ച് വ്രതം പാലിക്കുകയാണ് വേണ്ടത്.
🟢 ആരോഗ്യജീവിതത്തിന് ഉപാസിക്കാം
വൈദ്യശാസ്ത്ര നിപുണനായതിനാൽ ധ്വന്വന്തരിയുടെ ശരീരവും ദൃഢമാണ് : അരോഗദൃഢഗാത്രൻ. വിശാലമായ പരന്ന മാറിടം, വടിവൊത്ത ശരീരം, കൃഷ്ണനെ പോലെ നീലവർണ്ണം, ബലിഷ്ടമായ 4 കരങ്ങൾ, ചുവന്ന കണ്ണുകൾ, സിംഹ ഗാംഭീര്യം, മഞ്ഞ വസ്ത്രധാരി, കറുത്തിരുണ്ട ചുരുൾമുടി, സ്വർണ്ണകിരീടം, കാതുകളിൽ മുത്ത് കടുക്കൻ ഇതൊക്കെയായാൽ ധ്വന്വന്തരിയുടെ ഒരു പൂർണ്ണരൂപം കാണാം. ആരോഗ്യജീവിതത്തിനും രോഗമുക്തിക്കുംമൂർത്തിയെ ആരാധിക്കണം.
🟢 ധർമ്മപുരിയിലെ സുന്ദരരാജ പെരുമാൾ
തമിഴ്നാട്ടിലെ ഡിണ്ടിക്കലിന് സമീപമുള്ള ധർമ്മപുരിയിൽ ഉള്ള ‘സുന്ദരരാജ പെരുമാൾ’ ക്ഷേത്രത്തിൽ ധ്വന്വന്തരിക്ക് പ്രത്യേക ശ്രീകോവിൽ തന്നെയുണ്ട്. ഇവിടെ എല്ലാ അമാവാസിയിലും മൂലികാഭിഷേകമാണ് വിശേഷം. അതുതന്നെയാണ് പ്രസാദമായും ഭക്തർക്ക് നൽകുന്നത്. ആ പ്രസാദം സേവിച്ച് ബാക്കി ശരീരത്തിൽ പുരട്ടിയാൽ തീരാത്ത വ്യാധികൾ ഒന്നുമില്ല എന്നതിന് അന്നേദിവസം അവിടേക്ക് ഒഴുകുന്ന ഭക്തജനപ്രവാഹം തന്നെ സാക്ഷി. പെരുമ്പാവൂരിനടുത്ത് തോട്ടുവ ധ്വന്വന്തരി ക്ഷേത്രം, ചേർത്തല മരുത്തോർവട്ടം, കോട്ടക്കൽ ആര്യവൈദ്യശാല അങ്കണത്തിലെ ധ്വന്വന്തരി ക്ഷേത്രം, ആനക്കൽ, തേവലക്കാട്, തൃശ്ശൂർ വടക്കാഞ്ചേരി നെല്ലുവായി ധ്വന്വന്തരി ക്ഷേത്രം, പ്രായിക്കര, ഇലന്തൂർ പത്തനംതിട്ട, കനക്കൂർ ആലപ്പുഴ, ഊത്തക്കുളം കൊല്ലം, ആൾക്കാർ മന പെരിന്തൽമണ്ണ, പള്ളുരുത്തി ശ്രീമുരാരി കൊല്ലം എന്നിവ കേരളത്തിലെ ചില ധന്വന്തരി ക്ഷേത്രങ്ങളാണ്.
🟢 ധന്വന്തരിമൂലമന്ത്രം
ഓം നമോ ഭഗവതേ
വാസുദേവായ ധന്വന്തരയേ
അമൃത കലശഹസ്തായ
സർവ്വാമയ വിനാശനായ
ത്രൈലോക്യനാഥായ
ശ്രീ മഹാവിഷ്ണവേ നമഃ
ALSO READ
🟢 പ്രാർത്ഥനാ മന്ത്രം
ഓം നമോ ഭഗവതേ മഹാസുദർശനായ
വാസുദേവായ ധന്വന്തരയെ
അമൃതകലശഹസ്തായ
സർവ്വാമയ വിനാശനായ ത്രിലോക്യപതയെ ത്രിലോക്യനിധയെ
ശ്രീ മഹാവിഷ്ണു സ്വരൂപായ
ശ്രീധന്വന്തരീ സ്വരൂപായ
ശ്രീ ശ്രീ ശ്രീ ഔഷധചക്ര നാരായണായ നമോ നമഃ
🟢 രോഗമുക്തിയേകും ധന്വന്തരി
ധന്വന്തരി ഉപാസനാ മാഹാത്മ്യം വർണ്ണിക്കുന്ന
പുതുമന മഹേശ്വരൻ നമ്പൂതിരിയുടെ വീഡിയോ
കാണാം:
Story Summary: Significance of Dhanwantari Worshipping on Deepavali Eve
Copyright 2025 riyoceline.com/projects/Neram/. All rights reserved