മംഗള ഗൗരി
ശിവപാർവ്വതി പ്രീതിക്ക് ഏറ്റവും ഉത്തമമാണ് ത്രയോദശി തിഥിയിലെ പ്രദോഷസന്ധ്യയിൽ
നടത്തുന്ന ശിവഭജനം. ഈ ദിവസം വ്രതമെടുത്ത് ഉമാമഹേശ്വര ഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്ക് അതിവിശേഷമാണ്. കറുത്തപക്ഷത്തിലെയും വെളുത്തപക്ഷത്തിലെയും പ്രദോഷം നോൽക്കണം. പുലർച്ചെ കുളിച്ച് ശിവക്ഷേത്രദർശനം കൂവളപ്രദക്ഷിണം എന്നിവ ചെയ്ത് വ്രതം തുടങ്ങാം. ശിവപുരാണപാരായണം ശിവക്ഷേത്രവാസം, നാമജപം എന്നിവ ഉത്തമം. കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടിവരുന്ന പ്രദോഷം ഏറെ പുണ്യദായകമാണ്. അതുപോലെ മഹത്വമേറിയതാണ് തിങ്കളാഴ്ച വരുന്ന സോമപ്രദോഷം. 2025 നവംബർ 3, 1201 തുലാം 17 ന് തിങ്കൾ പ്രദോഷമാണ്. തുലാം മാസത്തിലെ ശുക്ലപക്ഷ പ്രദോഷമാണത്.
🟠 എല്ലാ ദേവതകളും അനുഗ്രഹിക്കും
സകലദേവതകളുടെയും സാന്നിദ്ധ്യം പ്രദോഷപൂജ നടത്തുന്നിടത്ത് ഉണ്ടാകും എന്നാണ് വിശ്വാസം. അതിനാൽ ഈ നേരത്തെ ആരാധനയ്ക്ക് അതീവ പ്രാധാന്യമുണ്ട്. ദാരിദ്ര്യ ദു:ഖശമനം, കീർത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്സ്, ക്ഷേമം, ഐശ്വര്യം എന്നിവ പ്രദാനം ചെയ്യാൻ കഴിയുന്നവരാണ് ശിവപാർവതിമാർ. ഈ സമയത്ത് ഉമാമഹേശ്വരന്മാരെ പ്രീതിപ്പെടുത്തുന്നവർക്ക് സമ്പത്ത്, ഐശ്വര്യം, സന്താനസൗഖ്യം തുടങ്ങി എല്ലാ ഭൗതിക അഭിവൃദ്ധിയും ലഭിക്കും. ആദിത്യദശ
അനുഭവിക്കുന്നവർ ഈ വ്രതമനുഷ്ഠിക്കുന്നത് കൂടുതൽ ഐശ്വര്യപ്രദമായിരിക്കും. ജാതകത്തിൽ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാൽ അവർ പതിവായി പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് ഐശ്വര്യപ്രദവും കൂടുതൽ ഫലപ്രദവുമായിരിക്കും.
🟠 തിങ്കൾ പ്രദോഷം അതിവിശേഷം
ശിവപാർവ്വതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷവ്രതം പൂർണ്ണ ഭക്തിയോടെ എടുത്താൽ സർവ്വപാപവും നശിക്കും. ദാരിദ്ര്യദുഃഖം ശമിക്കും. എല്ലാ പ്രദോഷവും നമുക്ക് ആചരിക്കാം. എങ്കിലും തിങ്കൾ പ്രദോഷത്തിനും, ശനി പ്രദോഷത്തിനുമാണ് കൂടുതൽ വൈശിഷ്ട്യം. ത്രയോദശി നാളിലെ പ്രദോഷസന്ധ്യയിൽ കൈലാസത്തില്‍ ശ്രീ മഹാദേവന്‍ ആനത്തോലുടുത്ത് ശ്രീപാർവതിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദനടനം ആടുന്നു എന്നാണ് വിശ്വാസം.
ALSO READ
🟠 തലേന്ന് ഒരിക്കല്‍ എടുക്കണം
സൂര്യാസ്തമയത്തിന് മുൻപും പിൻപുമായി ഒന്നര മണിക്കൂർ വീതമുള്ള 3 മണിക്കൂറാണ് പ്രദോഷകാലം. ശനിയാഴ്ച വരുന്ന ശനി പ്രദോഷവും തിങ്കൾ പ്രദോഷവുമാണ് ഏറെ പ്രധാനം. വ്രതത്തിന് തലേന്ന് ഒരിക്കല്‍ എടുക്കണം. പ്രദോഷ ദിവസം ഉപവസിക്കണം. അന്ന് രാവിലെയും വൈകിട്ടും കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി മറ്റ് തടസങ്ങൾ ഇല്ലെങ്കിൽ പ്രദോഷപൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. അതിന് കഴിയുന്നില്ലെങ്കിൽ വ്രതമെടുത്ത് വീട്ടിലിരുന്ന് പഞ്ചാക്ഷരി മന്ത്രം കുറഞ്ഞത് 108 തവണ ജപിക്കണം. ശങ്കരധ്യാന പ്രകാരം, പഞ്ചാക്ഷരീ സ്തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം, ശിവപുരാണം തുടങ്ങിയവയും ചൊല്ലാം. ക്ഷേത്രത്തിൽ പോകാൻ കഴിയുമെങ്കിൽ സന്ധ്യയ്ക്ക് മുൻപ് കുളിച്ച് ദർശനം നടത്തി കരിക്ക് നേദിച്ച് പ്രദോഷപൂജയിൽ പങ്കെടുക്കണം. ദീപാരാധന കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്നും നിവേദ്യം വാങ്ങി കഴിച്ച് ഉപവാസം നിറുത്താം. വ്രതം അനുഷ്ഠിക്കുന്നവര്‍ ഫലമൂലാദികൾ ദാനം ചെയ്യുന്നത് നല്ലതാണ്. മാസം തോറും ഒരു പ്രദോഷമെങ്കിലും എടുക്കുന്നതിലൂടെ ദുരിതശമനം ഉറപ്പാണ്.
🟠 അഷ്ടോത്തര ശതനാമാവലി ജപിക്കാം
ശിവാരാധനയിൽ സുപ്രധാനമായ അഷ്ടോത്തര ശതനാമാവലി നിത്യജപത്തിന് വളരെ ഉത്തമമാണ്. യാതൊരുവിധ ദോഷവും വരുത്താത്ത ഈ മന്ത്രാവലി പ്രദോഷ ദിവസം രാവിലെയും വൈകിട്ടും കുളിച്ച് ഭസ്മം ധരിച്ച് ജപിച്ചാൽ കുടുംബൈശ്വര്യം, അഭീഷ്ടസിദ്ധി, ഗ്രഹദോഷമുക്തി, ആഗ്രഹസാഫല്യം, രോഗദുരിത മോചനം, ഭൗതികനേട്ടം, മന:ശാന്തി, പാപശമനം എന്നിവ ലഭിക്കും. കാര്യസാദ്ധ്യത്തിനായി ജപിക്കുന്നവർ വീട്ടിൽ പൂജാമുറിയിൽ നിലവിളക്ക് കത്തിച്ച് ഗണപതിയെ സ്മരിച്ച് തുടങ്ങണം പ്രദോഷം, ഞായർ, തിങ്കൾ, ശിവരാത്രി, തിരുവാതിര തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ക്ഷേത്രത്തിലിരുന്ന് ജപിച്ചാൽ പെട്ടെന്ന് ഫലസിദ്ധി ലഭിക്കും. വ്രതം നോറ്റ് ശിവ അഷ്ടോത്തരം ജപിക്കുന്നത് ഏറ്റവും നല്ലത്. അർത്ഥം മനസിലാക്കി 41 ദിവസം തുടർച്ചയായി ജപിച്ചാൽ മന:ശാന്തിയുണ്ടാകും. സന്തോഷവും ഐശ്വര്യവും ശാന്തിയും കൈവരും നിത്യവും രാവിലെയും വൈകിട്ടും ജപിച്ചാൽ എല്ലാ വിഷമവും അകലും. സകലപാപവും നശിച്ച് ഐശ്വര്യം ലഭിക്കും. ചൊല്ലാനറിയില്ലെങ്കിൽ കേൾക്കാം. ജപം പോലെ ശ്രവണവും പ്രധാനമാണ്. പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശിവഅഷ്ടോത്തരവും ശിവധ്യാനവും ശിവസ്തുതിയും ശിവക്ഷമാപണ മന്ത്രവും കേൾക്കൂ:
Story Summary : Significance of Soma Pradosham on November 3,2025