മംഗള ഗൗരി
കുടുംബജീവിതം ഭദ്രമാക്കാനും വിവാഹ തടസങ്ങൾ മാറ്റുന്നതിനും ഉമാമഹേശ്വര പ്രീതി നേടാൻ ഏറ്റവും നല്ല ദിവസമാണ് കാർത്തികമാസത്തിലെ പൗർണ്ണമി. ഈ ദിവസം അനുഷ്ഠിക്കുന്ന വ്രതത്തെ ഉമാമഹേശ്വര വ്രതം എന്നാണ് പറയുന്നത്. സക്ന്ദപുരാണം പറയുന്ന അഷ്ടമാതാ വ്രതങ്ങളില്‍ ഒന്നാണിത്. ചിലർ ഇത് കാർത്തികമാസത്തിലെ വെളുത്ത വാവ് ദിവസവും
മറ്റ് ചിലർ ഭാദ്രപദത്തിലെ പൗർണ്ണമിക്കും ആചരിക്കും. കേരളത്തിൽ ചിങ്ങത്തിലും തമിഴ് നാട്ടിൽ മുഖ്യമായും തുലാമാസത്തിലുമാണ് കൂടുതൽ പേരും ഈ വ്രതം എടുക്കുന്നത്. 2025 നവംബര്‍ 5 ബുധനാഴ്ചയാണ്ഇ ക്കുറി കാർത്തിക മാസത്തിലെ ഉമാമഹേശ്വര വ്രതം.
🟢 വ്രതം എങ്ങനെ വേണം ?
തലേന്ന് ഒരിക്കലെടുത്ത് സാധാരണ വ്രതനിഷ്ഠകൾ പാലിച്ച് വ്രതം തുടങ്ങണം. വ്രതദിവസം രാവിലെ കുളിച്ച് ശിവപാര്‍വ്വതി ക്ഷേത്ര ദര്‍ശനം നടത്തി കൂവള അര്‍ച്ചന ധാര തുടങ്ങിയ വഴിപാടുകൾ നടത്തണം. അന്ന് ഒരിക്കലെടുത്ത് കഴിയുന്നത്ര തവണ ഓം നമഃ ശിവായ, ഓം ഹ്രീം നമഃ ശിവായ എന്നീ മന്ത്രങ്ങള്‍ ജപിക്കണം. ഉമാമഹേശ്വര സ്‌തോത്രം ജപം ഏറ്റവും നല്ലതാണ്. ദാമ്പത്യത്തില്‍ കലഹവും ദുരിതങ്ങളും നേരിടുന്നവർ ഐക്യമത്യ പുഷ്പാഞ്ജലി, വശ്യഗണപതിസൂക്താർച്ചന ഇവ നടത്തി പ്രാർത്ഥിക്കുന്നത് ബന്ധം ദൃഢമാകാൻ സഹായിക്കും. വിവാഹത്തിന് വലിയ താമസം നേരിടുന്നവര്‍ക്കും ഈ വ്രതം നോല്‍ക്കാവുന്നതാണ്.
🟢 12 വര്‍ഷം തുടര്‍ച്ചയായി വ്രതം
പണ്ട് ഒരു ചിങ്ങം / തുലാമാസത്തിലെ പൗര്‍ണ്ണമി നാളില്‍ തുടങ്ങി 12 വര്‍ഷം തുടര്‍ച്ചയായി ഈ വ്രതം നോറ്റ് ഭക്തര്‍ ആഗ്രഹസാഫല്യം നേടിയിരുന്നു. ഉമാമഹേശ്വര രൂപങ്ങള്‍ വച്ചായിരുന്നു അക്കാലത്ത് ആരാധന. പന്ത്രണ്ടാമത്തെ വ്രതത്തിന് ലോഹപ്രതിമ വച്ച് പൂജിച്ച ശേഷം അത് ശിവ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുമായിരുന്നു. ഇപ്പോള്‍ ഇതിന് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പൗര്‍ണ്ണമി, അമാവാസി, ശുക്ലപക്ഷ അഷ്ടമി, ശുക്ലപക്ഷ ചതുര്‍ദ്ദശി എന്നീ ദിവസങ്ങളിൽ ഇപ്പോള്‍ ഭക്തര്‍ ഉമാമഹേശ്വരവ്രതം എടുക്കാറുണ്ട്.
🟢 ശിവനെ ഭര്‍ത്താവായി കിട്ടാൻ വ്രതം
ALSO READ
ഹിമവാന് മേനയില്‍ ജനിച്ച പാര്‍വതി ദേവിയുടെ മറ്റൊരു പേരാണ് ഉമ. ദക്ഷപുത്രിയായ സതിയുടെ അവതാരമാണ് പാര്‍വതി. ശിവനെ ഭര്‍ത്താവായി ലഭിക്കണമെന്ന ആഗ്രഹത്തോടെ കഠിനമായ തപസ് ചെയ്യാന്‍ തുടങ്ങിയ മകളോട് അമ്മ മേന തപസ് അരുതേ എന്ന് പറഞ്ഞു. അതിനാല്‍ ഉമ എന്ന് പേര് ലഭിച്ചതായി ഹരിവംശത്തിലും കാളിദാസന്‍ കുമാര സംഭവത്തിലും പറയുന്നു. സംസ്‌കൃതത്തില്‍ ഉ എന്നാല്‍ തപസും മ എന്നാല്‍ അരുതേ എന്നുമാണ് അര്‍ത്ഥം.
🟢 വിഷ്ണുഭഗവാൻ നോറ്റ വ്രതം
ദുര്‍വാസാവിന്റെ ശാപഫലമായി തനിക്ക് നഷ്ടപ്പെട്ട ലക്ഷ്മിദേവിയെ വിഷ്ണു ഭഗവാന്‍ വീണ്ടെടുത്തത് ഉമാമഹേശ്വര വ്രതം നോറ്റാണെന്ന് ഐതിഹ്യമുണ്ട്. ഒരിക്കല്‍ വിഷ്ണുഭഗവാന് ദുര്‍വാസാവ് ശിവ ഭഗവാന്റെ ഒരു മാല നല്‍കി. ഭഗവാന്‍ അത് ഗരുഡനെ അണിയിച്ചത് കണ്ട് കുപിതനായി ദുര്‍വാസാവ് പറഞ്ഞു: അല്ലയോ വിഷ്‌ണോ, അങ്ങ് ശ്രീ ശങ്കരനെ അപമാനിച്ചു.അതിനാല്‍ അങ്ങയുടെയടുക്കല്‍ നിന്ന് ലക്ഷ്മി വിട്ടു പോകും. ക്ഷീരസാഗരത്തില്‍ നിന്നു പോലും വിട്ടു മാറേണ്ടി വരും; ശേഷന്‍ സഹായിക്കില്ല. ഇതുകേട്ട് വിഷ്ണു ദുര്‍വാസാവിനെ നമിച്ച് ചോദിച്ചു: ഈ ശാപത്തില്‍ നിന്നും മുക്തനാവാന്‍ എന്താണ് ഒരു ഉപായം? ദുര്‍വാസാവ് പറഞ്ഞു: ഉമാമഹേശ്വര വ്രതം അനുഷ്ഠിക്കുക. അപ്പോള്‍ നഷ്ടമായതെല്ലാം തിരിച്ചു കിട്ടും. അങ്ങനെ ഉമാമഹേശ്വര വ്രതം എടുത്തതിന്റെ ഫലമായി ലക്ഷ്മി മുതലായ നഷ്ടപ്പെട്ട സകലതും വിഷ്ണുവിന് തിരിച്ചു കിട്ടി.
🟢 ഉമാമഹേശ്വര പൂജ ഉത്തമ വഴിപാട്
ദാമ്പത്യക്ലേശം, വിവാഹതടസം എന്നിവ മാറാനും, കുടുംബജീവിതസൗഖ്യത്തിനും ശിവനെയും ഉമയെയും ആരാധിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിനായുള്ള ഏറ്റവും നല്ല വഴിപാട് ഉമാമഹേശ്വര പൂജയാണ്. ശിവപാര്‍വതി പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലാണ് പൂജ നടത്തേണ്ടത്. ജാതകത്തിലെയും പ്രശ്‌നത്തിലെയും ദോഷങ്ങള്‍ക്കും പരിഹാരമാണിത്. വിവാഹം നടക്കുന്നതിനു തടസം നേരിടുന്നവര്‍ക്കും വിവാഹം കഴിഞ്ഞവര്‍ക്ക് ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ദുരിതങ്ങളില്‍ നിന്നുള്ള മോചനത്തിനും കാര്യസാധ്യത്തിനും ഐകമത്യത്തിനും ഉമാമഹേശ്വര പൂജ നടത്തുന്നത് നല്ലതാണ്.
🟢 പിന്‍വിളക്ക് തെളിക്കുന്നത് ദേവിക്ക്
പാര്‍വതിദേവിക്ക് പ്രത്യേക പ്രതിഷ്ഠയില്ലാത്ത ശിവ ക്ഷേത്രങ്ങളിലെല്ലാം ശിവന്റെ നടയുടെ പിന്നില്‍ പാര്‍വതിയെ സങ്കല്പിക്കുന്നു. ദേവിക്കാണ് ഭക്തര്‍ പിന്‍വിളക്ക് തെളിക്കുന്നത്. ശ്രീകോവിലില്‍ കിഴക്കും പടിഞ്ഞാറുമായി പാര്‍വതി പരമേശ്വരന്മാരെ പ്രതിഷ്ഠിച്ചിട്ടുള്ള സന്നിധികളും ചിലതുണ്ട്. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം ഇതില്‍ പ്രധാനമാണ്. എറണാകുളം തിരുവൈരാണിക്കുളം ക്ഷേത്രം, കോട്ടയം വാഴപ്പള്ളി ക്ഷേത്രം, പത്തനംതിട്ടയിലെ കവിയൂര്‍ ക്ഷേത്രം എന്നിവ മറ്റ് ചിലതാണ്. കാടമ്പുഴ ക്ഷേത്രത്തിൽ ശിവ പാര്‍വതിമാര്‍ കിരാത – കിരാതി സങ്കല്പത്തിലാണ്. ചെങ്ങന്നൂരില്‍ ഭഗവതി ഭുവനേശ്വരിയാണ്. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പത്മതീർത്ഥക്കരയിൽ ഉമാമഹേശ്വര ക്ഷേത്രം ഉണ്ട്. കേൾക്കാം പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഉമാ മഹേശ്വര സ്തോത്രം:
ഉമാ മഹേശ്വര സ്‌തോത്രം
1
നമഃ ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലിഷ്ടവപുര്‍ധരാഭ്യാം
നഗേന്ദ്രകന്യാവൃഷകേതനാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
2
നമഃ ശിവാഭ്യാം സരസോത്സവാഭ്യാം
നമസ്‌കൃതാഭീഷ്ടവരപ്രദാഭ്യാം
നാരായണേനാര്‍ച്ചിതപാദുകാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
3
നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം
വിരിഞ്ചിവിഷ്ണ്വിന്ദ്രസുപൂജിതാഭ്യാം
വിഭൂതിപാടീര വിലേപനാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
4
നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം
ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം
ജംഭാരിമുഖൈ്യ രഭിവന്ദിതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
5
നമഃ ശിവാഭ്യാം പരമൗഷധാഭ്യാം
പഞ്ചാക്ഷരീപഞ്ചര രഞ്ജിതാഭ്യാം
പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
6
നമഃ ശിവാഭ്യാമതിസുന്ദരാഭ്യാം
അത്യന്തമാസക്തഹൃദംബുജാഭ്യാം
അശേഷലോകൈക ഹിതങ്കരാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
7
നമഃ ശിവാഭ്യാം കലിനാശനാഭ്യാം
കങ്കാളകല്യാണവപുര്‍ധരാഭ്യാം
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
8
നമഃ ശിവാഭ്യാമശുഭാപഹാഭ്യാം
അശേഷലോകൈകവിശേഷിതാഭ്യാം
അകുണ്ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
9
നമഃ ശിവാഭ്യാം രചിതാഭയാഭ്യാം
രവീന്ദു വൈശ്വാനരലോചനാഭ്യാം
രാകാശശാങ്കാഭമുഖാംബുജാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
10
നമഃ ശിവാഭ്യാം ജനമോഹനാഭ്യാം
ജരാമൃതിഭ്യാം ച വിവര്‍ജിതാഭ്യാം
ജനാര്‍ദനാബ്‌ജോദ്ഭവപൂജിതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
11
നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം
ബില്വച്ഛദാമല്ലികദാമഭൃദ് ഭ്യാം
ശോഭാവതീശാന്തവതീശ്വരാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
12
നമഃ ശിവാഭ്യാം പശുപാലകാഭ്യാം
ജഗത്ത്രയീരക്ഷണബദ്ധഹൃദ് ഭ്യാം
സമസ്തദേവാസുരപൂജിതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
സ്‌തോത്രം ത്രിസന്ധ്യം ശിവപാര്‍വതീഭ്യാം
ഭക്ത്യാ പഠേദ്ദ്വാദശകം നരോ യഃ
സ സര്‍വസൗഭാഗ്യഫലാനി ഭുംക്തേ
ശതായുരന്തേ ശിവലോകമേതി
Story Summary: Significance and Benefits Of Uma Maheswara Vritham