അശോകൻ ഇറവങ്കര
വളരെ വേഗത്തിൽ ഭഗവതി പ്രീതി നേടാൻ കഴിയുന്ന പുണ്യദിനമാണ് മാസന്തോറുമുള്ള പൗർണ്ണമി. എല്ലാ മാസവും പൗർണ്ണമി സന്ധ്യയ്ക്ക് വീട്ടിൽ വിളക്ക് വച്ച് ദേവിയെ പ്രാർത്ഥിക്കുന്നതും ഭഗവതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും പൗർണ്ണമിപൂജ / ഐശ്വര്യപൂജ എന്നിവയിൽ പങ്കെടുക്കുന്നതും ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖശമനത്തിനും ഉത്തമമാണ്. ഒരിക്കലോടെ ഇത് അനുഷ്ഠിക്കുന്നത് ശ്രേഷ്ഠമാണ്. തുലാമാസത്തിലെ പൗർണ്ണമി 2025 നവംബർ 5 ബുധനാഴ്ചയാണ്.
🔴 രോഗമുക്തിക്ക് വിശേഷാൽ ഉത്തമം
അശ്വതി നക്ഷത്രത്തിൽ വരുന്ന ഈ പൗർണ്ണമിയെ ശാരദാ പൗർണ്ണമിയെന്നും അറിയപ്പെടുന്നു. ലക്ഷ്മി പൂജയ്ക്കും ശ്രീകൃഷ്ണ പൂജയ്ക്കും ഉമാ മഹേശ്വര പ്രീതിക്കും ഒരു പോലെ ഉത്തമമാണ് ഈ പൗർണ്ണമി എല്ലാ പൗർണ്ണമിക്കും അതിന്റേതായ വ്യത്യസ്ത ഫലങ്ങളുള്ളതുപോലെ ഈ പൗർണ്ണമിക്കും പ്രത്യേക ഫലമുണ്ട്. തുലാമാസത്തിലെ വ്രതം വ്യാധിനാശത്തിന് വിശേഷാൽ ഉത്തമമാണ്.
🔴 കൗമുദീവ്രതം ലക്ഷ്മീ പ്രീതിക്ക്
ലക്ഷ്മി പൂജയ്ക്ക് ഏറ്റവും വിശേഷപ്പെട്ട ദിവസമാണിത്. ഈ ദിവസം അനുഷ്ഠിക്കുന്ന വ്രതത്തിന് “കൗമുദീവ്രതം” എന്നു പറയുന്നു. പാലാഴിയിൽ നിന്നും ലക്ഷ്മിദേവി ഉയർന്നുവന്നത് ഈ ദിവസമായി കരുതപ്പെടുന്നു. അന്ന് അർദ്ധരാത്രിയിൽ ലക്ഷ്മിദേവി ലോകം ചുറ്റുമെന്ന വിശ്വാസം പൗരാണികമായുണ്ട്. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു നിൽക്കുന്ന പൗർണ്ണമിയാണിത്. ചന്ദ്രന്റെ പതിനാറു കലകളും പൂർണ്ണമായി ഭൂമിയിൽ പതിക്കുന്ന ദിവസമായതിനാൽ അത്തരത്തിലും ഈ പൗർണ്ണമിക്ക് പ്രാധാന്യമുണ്ട്.
🔴 ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ
ശ്രീകൃഷ്ണ ഭഗവാൻ രാസോത്സവം നടത്തിയ ദിവസം കൂടിയാണിത്. ചന്ദ്രന് അമൃതകിരണൻ എന്നൊരു പേരുണ്ട്. ശാരദാപൂർണ്ണമിക്ക് ചന്ദ്രകിരണത്തോടൊപ്പം അമൃതവർഷവും ഉണ്ടാകുന്നുവെന്ന് പറയപ്പെടുന്നു.ഈ ദിവസം ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും പ്രാർത്ഥനയും, നടത്തുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. പാൽപാൽപ്പായസം, എന്നിവ ഭഗവാന് നിവേദിക്കുന്നത് വിശേഷമാണ്.
ALSO READ
🔴 പുറം വിളക്ക് തെളിയിക്കുന്നത് ഉത്തമം
തുലാമാസത്തിലെ പൗർണ്ണമിയിൽ ഉമാ മഹേശ്വര വ്രതം അനുഷ്ഠിക്കുന്നവർ ധാരാളമാണ്. ഈ ദിവസം വ്രതം എടുക്കാത്തവർ ശിവക്ഷേത്രങ്ങളിൽ നെയ് വിളക്ക് തെളിയിക്കുന്നതും, പുറം വിളക്ക് തെളിയിക്കുന്നതും ഉമാ മഹേശ്വര പ്രീതികരമാണ്.
🔴 ദേവീ സ്തുതിക്ക് വിശേഷം
ഭഗവതി ക്ഷേത്രങ്ങളിൽ ഐശ്വര്യപൂജ, പൂർണ്ണിമ പൂജ എന്നിവ നടക്കുന്നത് ഈ ദിവസം സന്ധ്യയ്ക്കാണ്. മന:ശുദ്ധിയും ശരീര ശുദ്ധിയും പാലിച്ച് ഈ ദിവസം ഭഗവതിയെ ധ്യാനിച്ച് ദേവീപ്രീതികരമായ ഏത് മന്ത്രവും സ്തുതിയും വിശേഷിച്ച് ലളിതസഹസ്രനാമം ചെല്ലുന്നത് അഭീഷ്ടദായകമാണ്. പൂർണ്ണിമ നാളിൽ ദേവീ ഭക്തരുടെ കാമധേനുവായ ലളിതസഹസ്രനാമം ജപിച്ചാൽ വേഗം ആഗ്രഹ സാഫല്യം കൈവരിക്കാം. ലളിതാസഹസ്രനാമ സ്തോത്രം പതിവായി ജപിക്കുന്ന വീട്ടിൽ ദാരിദ്ര്യം, അന്നവസ്ത്രാദികൾക്ക് പ്രയാസം, മഹാരോഗദുരിതം എന്നിവ ഉണ്ടാകില്ലെന്നത് അനേകകോടി ഭക്തരുടെ അനുഭവമാണ്. ബാധ, ഗ്രഹപ്പിഴകൾ, ജാതകദോഷം എന്നിവ ഇല്ലാതാകും. ദീർഘായുസ്, സൽസന്താന ലബ്ധി, ബുദ്ധിശക്തി, സൗഭാഗ്യം എന്നിവ സിദ്ധിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ന്യാസവും ധ്യാനവും എന്നിവ ഉൾപ്പെടുത്തി ആലപിച്ച ലളിതസഹസ്രനാമം കേൾക്കാം.
Story Summary: Significance and Myths about Thulam Month Powrnami