മംഗളഗൗരി
തുലാം മാസത്തിലെ കൃഷ്ണപക്ഷ ഏകാദശി ഈ ശനിയാഴ്ചയാണ്. 2025 നവംബർ 15, 1201 തുലാം 29 ശനിയാഴ്ച. ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ ദശമി ദിവസം പകല്‍ ഒരു നേരമേ ഭക്ഷിക്കാവൂ. രോഗശാന്തിയും ദുരിതശാന്തിയുമാണ് അന്ന് വ്രതം അനുഷ്ഠിക്കുന്നതിൻ്റെ വിശേഷാൽ ഫലം. ഈ പുണ്യ ദിവസം സകലവിധ നൈവേദ്യങ്ങളോടുകൂടി ഭഗവാൻ മഹാവിഷ്ണുവിന് പൂജ നടത്തണം. തുടര്‍ന്ന് ആരതി നടത്തിയിട്ട് പ്രസാദം വിതരണം ചെയ്യണം. അതോടൊപ്പം ബ്രാഹ്‌മണര്‍ക്ക് ഭക്ഷണവും ദക്ഷിണയും നല്‍കേണ്ടതാണ്. പ്രബോധിനി ഏകാദശി എന്നും ഈ ഏകാദശി അറിയപ്പെടുന്നു.
🟠 എണ്ണിയാൽ തീരാത്ത ഫലം
വിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമമായ ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തതാണ്. ചിട്ടയോടെ ഏകാദശി എടുക്കുകയും, വിഷ്ണു ഭഗവാന്റെ മൂലമന്ത്രമായ ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ എന്നിവ ജപിക്കുകയും ചെയ്താൽ വിഷ്ണു പ്രീതി വഴി എല്ലാ ദുരിതങ്ങള്‍ക്കും പരിഹാരവും അളവറ്റ ഐശ്വര്യവും, ജീവിതാന്ത്യത്തില്‍ മോക്ഷവും ലഭിക്കും. എല്ലാമാസത്തിലെയും രണ്ടു പക്ഷത്തിലെയും വ്രതമെടുക്കാം. ദശമി, ഏകാദശി, ദ്വാദശി ദിനങ്ങളില്‍ വ്രതം എടുക്കുന്നവർ തികഞ്ഞ ഏകാഗ്രതയോടെ വിഷ്ണു മന്ത്രങ്ങൾ ജപിച്ച് കഴിയണം. മത്സ്യമാംസാദികൾ ഉപേക്ഷിക്കണം. ഏകാദശിയുടെ തലേന്ന് ദശമി ദിവസവും ദ്വാദശിദിവസവും ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. ഏകാദശി ദിവസം പൂർണ ഉപവാസം വേണം. കഴിയാത്തവർക്ക് ഒരു നേരം പഴങ്ങളോ മറ്റോ കഴിക്കാം. ഏകാദശി ദിവസം പ്രഭാത സ്നാനം കഴിഞ്ഞ് വിഷ്ണു ഭഗവാനെ ധ്യാനിക്കുകയും വൈഷ്ണവ ക്ഷേത്ര ദർശനം നടത്തി വഴിപാട് നടത്തുകയും വേണം.
🟠 വ്യാഴം ദോഷകാഠിന്യം കുറയ്ക്കും
ദശമി, ഏകാദശി, ദ്വാദശി ദിവസങ്ങളിൽ എണ്ണ തേച്ചു കുളിക്കരുത്. പകലുറക്കം പാടില്ല. തുളസി നനച്ച് തുളസിത്തറയ്ക്കു 7 പ്രദക്ഷിണം വയ്ക്കണം. പ്രദക്ഷിണ വേളയിൽ തുളസീ മന്ത്രം ജപിക്കണം. ബ്രഹ്മചര്യം പാലിക്കണം. തികഞ്ഞ ഭക്തിയോടെ വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണ്ണഫലം ലഭിക്കുകയുളളൂ. ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്ക് ദോഷകാഠിന്യം കുറയ്ക്കാനും ഏകാദശി വ്രതം ഉത്തമമാണ്.
🟠 ഹരിവാസര വേള പ്രധാനം
ഏകാദശി നോൽക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഹരിവാസരമാണ്. ഏകാദശിയുടെ ഒടുവിലത്തെ 6 മണിക്കൂറും ദ്വാദശിയുടെ ആദ്യത്തെ 6 മണിക്കൂറുമടങ്ങിയ 12 മണിക്കൂറാണ് ഹരിവാസരം. നവംബർ 15 ശനിയാഴ്ച രാത്രി 8:12 മുതൽ ഞായറാഴ്ച രാവിലെ 9:11 വരെ ഹരിവാസര വേളയിൽ ആഹാരവും ഉറക്കവും പാടില്ല. വിഷ്ണു സാന്നിധ്യം ഏറ്റവും കൂടുതലുള്ള ഈ സമയത്ത് പൂർണ ഉപവാസമാണ് ഉത്തമം. അപ്പോൾ വിഷ്ണു ദ്വാദശനാമ മന്ത്രം, വിഷ്ണു ശതനാമ സ്തോത്രം, വിഷ്ണു അഷ്ടോത്തരം, സഹസ്രനാമം, അച്യുതാഷ്ടകം, ഹരിനാമകീർത്തനം, നാരായണീയം, ഭഗവത് ഗീത എന്നിവ ജപിച്ചാൽ ആഗ്രഹസാഫല്യം ഉണ്ടാകും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻആലപിച്ച വിഷ്ണു ശതനാമ സ്തോത്രം കേൾക്കാം:
🟠 വഴിപാടുകൾ
നെയ്‌വിളക്ക്, ത്രിമധുരം, വെണ്ണനിവേദ്യം, പാൽ, പഴം നിവേദ്യം പഞ്ചസാര നിവേദ്യം, പാൽപ്പായസ നിവേദ്യം, മഞ്ഞപട്ട് ചാർത്തുക, തുളസിമാല ചാർത്തുക, താമരപ്പൂവ് കൊണ്ട് അർച്ചന ചെയ്യുക, പാലഭിഷേകം എന്നിവയാണ് ഏകാദശി ദിവസം നടത്തുന്നതിന് പറ്റിയ
വഴിപാടുകൾ.
ALSO READ
🟠 പ്രധാന ഏകാദശികൾ
ധനുവിലെ കൃഷ്ണപക്ഷത്തിലെ ഉല്പത്തി ഏകാദശി ധനുവിലെ തന്നെ വെളുത്തപക്ഷത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി, വൃശ്ചികത്തിലെ വെളുത്ത പക്ഷ ഏകാദശിയായ ഉത്ഥാന ഏകാദശി അഥവാ ഗുരുവായൂര്‍ ഏകാദശി, വൃശ്ചികത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ തൃപ്രയാർ ഏകാദശി എന്നിവ ഏറെ വിശേഷമാണ്.
🟠 തുളസീ മന്ത്രം
പ്രസീദ തുളസീദേവി
പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോദ്ഭുതേ
തുളസീ ത്വം നമാമ്യഹം
🟠 വിഷ്ണു ദ്വാദശനാമ മന്ത്രം
ഓം കേശവായ നമഃ
ഓം നാരായണ നമഃ
ഓം മാധവായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം ശ്രീധരായ നമഃ
ഓം വാമനായ നമഃ
ഓം ഹൃഷി കേശായ നമഃ
ഓം പത്മനാഭായ നമഃ
ഓം ദാമോദരായ നമഃ
Story Summary : Importance of Ekadashi falls on
11th day in the ThuIam month during the Krishna Paksha.