Monday, December 8, 2025
Monday, December 8, 2025
Home » മുറജപത്തിന് വ്യാഴാഴ്ച തിരി തെളിയും; ലക്ഷദീപം മകര സംക്രാന്തിയിൽ

മുറജപത്തിന് വ്യാഴാഴ്ച തിരി തെളിയും; ലക്ഷദീപം മകര സംക്രാന്തിയിൽ

by NeramAdmin
0 comments

മംഗള ഗൗരി

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറു വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന് നവംബർ 20 വ്യാഴാഴ്ച തിരി തെളിയും. മുറജപവും ലക്ഷദീപവുമാണ് ക്ഷേത്രത്തിലെ രണ്ട് പ്രധാന ചടങ്ങുകൾ. മുറജപത്തിന് സമാപനം കുറിക്കുന്ന ജനുവരി 14 മകര സംക്രമത്തിലാണ് ലക്ഷദീപം. എട്ട് ദിവസം 7 മുറകളിലായി 56 ദിവസം നീളുന്നതാണ് മുറജപം. വേദമന്ത്ര ജപവും സഹസ്രനാമജപവും പദ്മതീർത്ഥത്തിൽ സന്ധ്യയ്ക്ക് ജലജപവും ഈ ദിനങ്ങളിൽ നടക്കും. ഗണപതി ഹോമത്തോടെയാണ് മുറജപം തുടങ്ങുന്നത്.

🟣 തൃപ്പടിദാനം കഴിഞ്ഞ് ലക്ഷദീപം

1747 – ൽ ഭഗവാനെ പ്രാർത്ഥിക്കുന്ന രീതിയിലാണ് ആദ്യ മുറജപം തുടങ്ങിയത്. അന്ന് ലക്ഷദീപം ഉണ്ടായിരുന്നില്ല. 3 വർഷം കഴിഞ്ഞ് തിരുവിതാംകൂർ രൂപവത്കരിച്ചതിനൊപ്പം മാർത്താണ്ഡവർമ്മ മഹാരാജാവാണ് 1750 – ൽ വീണ്ടും മുറജപത്തിനു തിരിതെളിച്ചതും ലക്ഷദീപം ആരംഭിച്ചതും. വേണാടും തെക്കുംകൂർ, വടക്കുംകൂർ രാജ്യങ്ങളും കൊച്ചിയുടെ ഒരുഭാഗവും യുദ്ധത്തിലൂടെ തിരുവിതാംകൂറിൽ ചേർത്ത മാർത്താണ്ഡവർമ്മ രാജ്യം ശ്രീ പദ്‌മനാഭനു സമർപ്പിച്ചു. 1750 ജനുവരി 3 നാണ് തൃപ്പടിദാനം എന്ന ഈ ചടങ്ങ് നടന്നത്. അക്കൊല്ലം ജനുവരിയിലാണ് മഹാരാജാവ് ലക്ഷദീപം നടത്തിയത്.

🟣 ശ്രീപത്മനാഭന് പ്രത്യേക അലങ്കാരം

മുറജപം ദിവസങ്ങളിൽ ശ്രീപത്മനാഭന് പ്രത്യേക ആഭരണങ്ങളും അലങ്കാരങ്ങളും ഉണ്ടാകും. രത്നഖചിതമായ മാലകളും കൈ തളയും ഒഢ്യാണവും തുടങ്ങി സകലവിധ ആഭരണങ്ങളും അണിയിക്കും. ഈ 56 ദിവസവും ശ്രീപദ്മനാഭ സ്വാമിക്കും, നരസിംഹമൂർത്തിക്കും ശ്രീകൃഷ്ണനും പ്രത്യേക പൂജകളും വഴിപാടുകളും നടത്താറുണ്ട്; ഒപ്പം ഹനുമാൻ സ്വാമിക്ക് അവൽ നിവേദ്യവും . ജപം കൊണ്ട് നാടിനെ ശുദ്ധീകരിക്കുകയും നാടിനും നാട്ടുകാർക്കും ഐശ്വര്യം ഉണ്ടാവുകയും വേണം എന്ന് മാർത്താണ്ഡവർമ്മയുടെ തീരുമാനമാണ് മുറജപത്തിൽ എത്തിയത്.

ALSO READ

🟣 ഭഗവാന് നാദബ്രഹ്മോപാസന

ആദ്യമായി മുറജപം നടത്തുമ്പോൾ ചടങ്ങുകൾ വ്യത്യസ്തമായിരുന്നു. നാദബ്രഹ്മം കൊണ്ട് ഭഗവാനെ ഉപാസിക്കുന്ന ചടങ്ങാണ് മുറജപം. ഋഗ്വേേദം, യജുർവേദം, സാമവേദം. എന്നിവ എല്ലാ ദിവസങ്ങളിലും പാരായണം ചെയ്യും. വേദങ്ങൾ, അഖണ്ഡനാമജപം, സഹസ്രനാമജപം തുടങ്ങിയവയാണ് മുറജപത്തിൽ പ്രധാനം . നാദബ്രഹ്മം കൊണ്ട് ഭഗവാനെ ഇത്രയും ദിവസം ഉപാസിച്ചു കഴിഞ്ഞാൽ തേജ ബ്രഹ്മം കൊണ്ട് അവസാനിപ്പിക്കണം എന്നതാണ് നിയമം. അതിനാണ് ലക്ഷദ്വീപം നടത്തുന്നത്.

🟣 56 ദിവസം, 196 വേദപണ്ഡിതർ

196 വേദപണ്ഡിതന്മാരാണ് മുറജപത്തിൽ പങ്കെടുക്കുന്നത്. പദ്‌മനാഭ സ്വാമിയുടെ പ്രത്യേകമായി അലങ്കരിച്ച മണ്ഡപത്തിലാണ് 56 ദിവസം നീണ്ടു നിൽക്കുന്ന മുറജപം. ഋക്, യജുർ, സാമ വേദങ്ങളാണ് ക്രമമായി ജപിക്കുന്നത്. സമയനിഷ്ഠയോടുകൂടി എട്ടു ദിവസം കൊണ്ട് വേദസംഹിത ഒരാവർത്തി ചൊല്ലിത്തീർക്കുന്നതാണ് ഒരു മുറ. വേദസംഹിതയെ ആദ്യന്തം ഉപാസിക്കുന്ന രീതിയാണ് മുറജപം. സൂക്തജപവും വിഷ്ണുസഹസ്രനാമജപവും ഇതിനൊപ്പം ഉണ്ടാകും. എട്ടാം ദിവസത്തെ ജപത്തിനൊടുവിൽ രാത്രി 8.30-ന് മുറശീവേലി നടക്കും. ആഴ്വാഞ്ചേരി തമ്പ്രാക്കൾ, തിരുനാവായ വാധ്യാൻ, തൃശ്ശൂർ വാധ്യാൻ, പന്തൽ വൈദികൻ, കൈമുക്ക് വൈദികൻ, കപ്ലിങ്ങാട് വൈദികൻ, ചെറുമുക്ക് വൈദികൻ തുടങ്ങിയ സ്ഥാനികൾക്കു പുറമേ കാഞ്ചീപുരം, ഉഡുപ്പി, മഹാരാഷ്ട്ര, തിരുപ്പതി, തൃശൂർ ബ്രഹ്മസ്വം മഠം. ഇരിങ്ങാലക്കുട വേദ പാഠശാല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വൈദികർ മുറജപത്തിൽ പങ്കെടുക്കും.

🟣 ലക്ഷദീപത്തോടെ പൊന്നും ശീവേലി

ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ലക്ഷദീപം നടത്തുന്നത്. ചുറ്റു വിളക്ക്, കമ്പവിളക്ക്, ഇടിഞ്ഞിൽ ബൊമ്മ വിളക്ക് തുടങ്ങി നിരവധി തരം തരം വിളക്കുകൾ കത്തിക്കും. ക്ഷേത്രത്തിനത്തും പുറത്തുമായി ലക്ഷക്കണക്കിന് ദീപങ്ങൾ ഈ ദിവസം തെളിക്കാറുണ്ട്. നവംബർ 27 നാണ് ആദ്യ മുറശീവേലി, ഡിസംബർ 5, 13, 21, 29, ജനുവരി 6 തീയതികളിൽ ആറു മുറ പൂർത്തിയാകും. ജനുവരി 14 ന് ഏഴാം മുറയിൽ ലക്ഷദീപത്തോടുകൂടി പൊന്നും ശീവേലി നടക്കും. ഭക്തർക്ക് വേദ സൂക്തജപവും സഹസ്രനാമ ജപവും നേരിട്ടു കേൾക്കാം.

🟣 മകര സംക്രാന്തിയിൽ ലക്ഷദീപം

വർഷത്തിൽ രണ്ടു പ്രാവശ്യം നടത്തുന്ന കളഭങ്ങളിൽ മാർകഴി കളഭം മുറജപത്തിന്റെ അവസാനത്തെ ഏഴു ദിവസം ഉണ്ടാകും. കളഭത്തിനു ശേഷം മുറജപത്തിന്റെ സമാപനമായി ലക്ഷദീപം മകര സംക്രാന്തിയിലാണ്. ഗോപുരം വൈദ്യുതദീപങ്ങളാലും ശീവേലിപ്പുരയും കൽത്തുണുകളിലെ സാലഭഞ്ജികമാരും നെയ് വിളക്കേന്തിയും ദീപപ്രഭ ചൊരിയും. ഭക്തസഹസ്രങ്ങൾ ശ്രീപദ്‌മനാഭൻ്റെ മുറജപ സമാപന ഭാഗമായ പൊന്നും ശീവേലി തൊഴുത് ഭക്തിനിർവൃതി നേടും.

🟣 മുറജപത്തിന് 275 വർഷം

വർഷത്തിൽ പതിവുള്ള ആടി, മാർകഴി കളഭങ്ങൾ ഭദ്രദീപങ്ങളാണ്. 12 ഭദ്രദീപം ചേരുമ്പോൾ ഒരു ലക്ഷദീപം എന്ന ചിട്ട മാർത്താണ്ഡവർമ്മ വേദശാസ്ത്രപ്രകാരം രൂപവത്കരിച്ചു. ആറുവർഷ ത്തിൻ്റെ ഇടവേളയിൽ നടക്കുന്ന ലക്ഷദീപത്തിന് ഇക്കുറി 275 വർഷം പൂർത്തിയാകുകയാണ്.
45 മുറജപവും ലക്ഷദീപവും ഈ കാലയളവിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നു.

Story Summary: Murajapa starting from November 20 at Sri Padmanabha Swamy Temple

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?