മംഗള ഗൗരി
ശനി ദോഷദുരിതങ്ങൾ അകറ്റാൻ ശനൈശ്ചരൻ്റെ അനുഗ്രഹം അനിവാര്യമാണ്. ഇത് നേടാൻ പല വഴികൾ ഉണ്ട്. അതിലൊന്ന് ശബരിമല ധർമ്മശാസ്താ ക്ഷേത്രദർശനമാണ്. അതിന് ഉപോദ്ബലകമായ ഒരു ഐതിഹ്യമുണ്ട്. ദേവാധിദേവനായ ശ്രീപരമേശ്വരനെ പോലും പിടികൂടിയ ശനിദേവൻ തുടർന്ന് അയ്യപ്പനെ ബാധിക്കാൻ തുടങ്ങി. ഇതറിഞ്ഞ വിഘ്നേശ്വരൻ കുപിതനായി. ഒരു കാരണവശാലും അയ്യപ്പനെ സമീപിക്കരുതെന്ന് ഗണപതി ശനിയോട് ആവശ്യപ്പെട്ടു.
🟣 ശനിയെ രാവണൻ തടവിലാക്കിയ കഥ
ശനിദേവൻ ഉടൻ പിതാവായ സൂര്യനെ കണ്ട് പരാതി പറഞ്ഞു. സൂര്യഭഗവാൾ അപ്പോൾ മുൻപ് ശനിയെ രാവണൻ തടവിലാക്കിയ സംഭവം ഓർമ്മിപ്പിച്ചു:
മകൻ മേഘനാദൻ്റെ ജനനസമയം ജാതക പ്രകാരം തന്നെ അത്യുത്തമമാക്കാനുള്ള രാവണന്റെ ശ്രമം ശനി വിഫലമാക്കി. അതിനായി രാവണൻ ബലം പ്രയോഗിച്ച്
നവഗ്രഹങ്ങളെ രാശിചക്രത്തിൽ ഉച്ചവും ബലവുമുള്ള സുസ്ഥാനങ്ങളിൽ പിടിച്ചു നിറുത്തി. എന്നാൽ മേഘനാദൻ്റെ ജനനത്തിന് തൊട്ടു മുൻപ് ശനിദേവൻ
തൻ്റെ ഉച്ചക്ഷേത്രമായ തുലാം രാശിയിൽ നിന്ന് മാറി. ഇതിൽ ക്രോധം പൂണ്ടാണ് രാവണൻ ശനി ഭഗവാനെ വളരെ ഇടുങ്ങിയതും ഒട്ടും വെളിച്ചം കടക്കാത്തതുമായ ഒരു ഇരുട്ടറയിൽ ബന്ധനത്തിലാക്കിയത്.
🟣 ഹനുമാൻ സ്വാമിക്കുള്ള പ്രത്യുപകാരം
രാമദൂതുമായി സീതാന്വേഷണത്തിന് ലങ്കയിലെത്തിയ ഹനുമാൻ സ്വാമി യാദൃച്ഛികമായി ഈ തടവറയിൽ നിന്ന് ശനിയുടെ രോദനം കേട്ടു. സൂര്യൻ്റെ ശിഷ്യനും അമിത ബലവാനും വീരനുമായ ഹനുമാൻ സ്വാമി ഉടൻ തന്നെ തടവറ ഭേദിച്ച് തൻ്റെ ഗുരുപുത്രനെ രക്ഷിച്ചു. ഇതിന് നന്ദി പറഞ്ഞ്, വായുതനയനെ വന്ദിച്ച ശനിദേവൻ കൃതജ്ഞതാപൂർവം തന്നെ സഹായിച്ചതിന് പകരമായി ഹനുമാൻ സ്വാമിക്ക് ഒരു വരം നൽകി. ശനിയാഴ്ച ആഞ്ജനേയ സ്വാമിയെ ഭജിക്കുന്നവരെ യാതൊരുവിധ ശനി ദോഷവും ബാധിക്കില്ല എന്നായിരുന്നു ആ വരം. ഈ സംഭവം ഓർമ്മിപ്പിച്ച ശേഷം ശനിയെ സഹായിച്ച ഹനുമാന്റെ യജമാനനായ ശ്രീരാമൻ വിഷ്ണുവിന്റെ അവതാരമാണെന്നും വിഷ്ണുവിൽ ശ്രീ പരമേശ്വരനു പിറന്ന മകനാണ് അയ്യപ്പനെന്നും അതിനാൽ ഹനുമാൻ സ്വാമിയോടുള്ള പ്രത്യുപകാരമായി ശ്രീ അയ്യപ്പനെ ബാധിക്കരുതെന്നും ശ്രീ അയ്യപ്പനെ ശരണം പ്രാപിച്ച് ചെയ്ത തെറ്റിനു മാപ്പു ചോദിക്കണമെന്നും സൂര്യൻ ശനിയെ ഉപദേശിച്ചു.
ALSO READ
🟣 ശബരിമല ദർശനം ശനിദോഷം മാറ്റും
അയ്യപ്പന്റെ അരികിലെത്തിയ ശനിയോട് ഭഗവാൻ ഇങ്ങനെ അരുളി ചെയ്തു: “നീ ചെയ്തത് നിന്റെ കടമയാണ്. അതു തെറ്റല്ല. എന്നാൽ എന്നെ ശരണം പ്രാപിക്കുന്നവരെ ശനി ബാധിച്ചാലും അവർക്ക് സങ്കടങ്ങൾ ഉണ്ടാക്കരുത്. അവരെ പീഢിപ്പിക്കുന്നത്. “
ഭഗവാന്റെ അരുളപ്പാട് ശനൈശ്ചരൻ ശിരസ്സാ വഹിച്ചു. അതിനാലാണ് ശനിദോഷമുള്ളവർ അയ്യപ്പപൂജ ചെയ്യണമെന്നു പറയുന്നത്. അഷ്ടമശനിയിൽ കഴിയുന്നവരും ശനിദശയോ ശനിഅപഹാരമാേ ഉള്ളവരും ഏഴര ശനി, കണ്ടകശനി എന്നിവയിൽ കഴിയുന്നവരും അയ്യക്ഷേത്ര ദർശനം നടത്തി കലിയുഗ വരദന് നീരാജനം നടത്തി പ്രാർത്ഥിക്കണമെന്ന് പറയുന്നത്. അയ്യപ്പക്ഷേത്രങ്ങളിൽ ഏറ്റവും ശക്തിയുള്ള ശബരിമല ക്ഷേത്രം തന്നെയാണ് ശനി ദോഷപരിഹാരത്തിന് ഏറ്റവും നല്ലത്. വ്രതമെടുത്ത് ശബരിമല ദർശനം നടത്തിയാൽ എത്ര കടുത്ത ശനി ദോഷവും അകന്നു പാേകും എന്ന കാര്യത്തിൽ സംശയം വേണ്ട.
🟣 ശനി ആയുസ്സിന്റെ കാരകൻ
സൂര്യന്റെയും ഛായാദേവിയുടെയും പുത്രനും കാലന്റെ സഹോദരനുമാണ് ശനൈശ്ചരൻ. ശനി ആയുസ്സിന്റെ കാരകനാണ്. ശനിബന്ധം വരുന്നിടത്ത് ജീവിതാനുഭവം നരകതുല്യമാകും എന്നാണ് പാെതുവിലുള്ള വിശ്വാസം. എന്നാൽ ബലവാനായ ശനി ഏറ്റവും ശുഭ ഫലങ്ങളും നല്കും.
🟣 നീരാജനം ഏറ്റവും പ്രിയപ്പെട്ട വഴിപാട്
ധർമ്മശാസ്താവിന് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് നീരാജനം. തുണിയിൽ എള്ള് കെട്ടി തേങ്ങാമുറിയിൽ വച്ച് എള്ളെണ്ണ ഒഴിച്ച് കത്തിച്ചു ആരാധിക്കുന്നതാണ് നീരാജനം. ശനൈശ്ചരൻ്റെ ദിവസമായ ശനിയാഴ്ച രാവിലെ ഉദിച്ച് ഒരു മണിക്കൂറിനകം ശനി ഹോരയിൽ നീരാജനം വഴിപാട് ചെയ്യുന്നത് ഏറ്റവും ഗുണകരമായി പറയുന്നു. എള്ളുപായസവും നെയ് വിളക്കുമാണ് ശനിദോഷ മുക്തിക്ക് പ്രധാനമായ മറ്റ് വഴിപാടുകൾ. ശനി ഗ്രഹത്തിൻ്റെ കാരകൻ ധർമ്മശാസ്താവായത് കൊണ്ടാണ് ശനി ദോഷ പരിഹാരത്തിൽ കലിയുഗ വരദനായ അയ്യപ്പ സ്വാമിക്ക് ഇത്ര പ്രാധാന്യം വന്നത്.
Story Summary: Myth behind Dharma Shastha worship for removing Shani Dosha
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 neramonline.com/neram/Neram/. All rights reserved