വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂര്‍ ഏകാദശിയാണ് കേരളത്തിൽ ഏറ്റവും പ്രാധാന്യത്തോടെ ആചരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രം അന്ന് ആയിരക്കണക്കിന് ഭക്തജനങ്ങളാൽ നിറയും. ഗുരുവും വായുദേവനും കൂടി ഗുരുവായൂരിൽ പ്രതിഷ്ഠ നടത്തിയത് ഈ പുണ്യ ദിനത്തിലാണെന്ന് വിശ്വസിക്കുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഗീതോപദേശം നൽകിയ ദിനമായതിനാൽ ഇത് ഗീതാദിനം എന്നും അറിയപ്പെടുന്നു. 2025 ഡിസംബർ 1 തിങ്കളാഴ്ചയാണ് ഗുരുവായൂർ ഏകാദശി. നവംബർ 30 ഞായറാഴ്ച തുടങ്ങുന്ന ഏകാദശി ആഘോഷങ്ങൾ ഡിസംബർ 2 ന് രാവിലെ വരെ നീണ്ടുനിൽക്കും
54 മണിക്കൂറുകൾ ദർശനം
ഗുരുവായൂർ ഏകാദശിക്കായി ദശമി നാൾ വെളുപ്പിന് തുറക്കുന്ന ഗുരുവായൂർ നട ദ്വാദശി നാളിൽ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മാത്രമേ അടയ്ക്കൂ. അതുവരെ വിവിധ പൂജകൾക്കല്ലാതെ ശ്രീകോവിൽ അടയ്ക്കില്ല. ഇതിനിടയിൽ ഭക്തർക്ക് യഥേഷ്ടം ഏത് സമയവും ദർശനമാകാം. അർദ്ധരാത്രി 12 മണിക്ക് വരെ ദർശനം നടത്താം. കനത്ത തിരക്കായിരിക്കും എന്ന് മാത്രം.
ഏകാദശിയും ഹരിവസര വേളയും
ദശമിയിൽ ഒരു നേരം ഭക്ഷണം കഴിച്ച് ഏകാദശി വ്രതം തുടങ്ങണം. ഏകാദശി നാൾ ഉപവസിക്കണം. ദ്വാദശി നാൾ രാവിലെ വിഷ്ണു പൂജ നടത്തി പ്രസാദം കഴിച്ച് വ്രതം പൂർത്തിയാക്കാം. ഹരിവസര സമയമാണ് ഏകാദശി അനുഷ്ഠാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയം. 2025 ഡിസംബർ 1 തിങ്കളാഴ്ച പകൽ 1:33 മണിക്ക് തുടങ്ങുന്ന ഹരിവസര വേള രാത്രി 12:10 ന് അവസാനിക്കും. ഈ സമയത്ത് ഊണും ഉറക്കവും പാടില്ല. നാമങ്ങൾ, സ്തുതികൾ ജപിച്ച് ക്ഷേത്രത്തിൽ കൂടുതൽ സമയം ചെലവഴിക്കണം, സത്സംഗങ്ങളിൽ പങ്കെടുക്കണം. ഇതെല്ലാം വ്രതത്തിന്റെ ഭാഗമാണ്. മാംസാദികൾ ത്യജിക്കണം, പരനിന്ദ പാടില്ല നിഷ്ഠകൾ കർശനമായി പാലിക്കണം. ദ്വാദശി നാളിൽ തുളസി തീർത്ഥം കഴിച്ച് വ്രതം അവസാനിപ്പിക്കാം. അന്നും ഒരിക്കലെടുക്കണം. ഏകാദശി ദിവസം ശാരീരിക വിഷമതകൾ ഉള്ളവർക്ക് പഴങ്ങൾ കഴിക്കാം.
ഒരു വർഷത്തെ ഏകാദശി നോറ്റ ഫലം
ഗുരുവായൂർ ഏകാദശി നോറ്റാൽ ഒരു വർഷത്തെ 24 ഏകാദശിയും അനുഷ്ഠിച്ച ഫലമാണ് ലഭിക്കുക. ഏഴ് ജന്മത്തെ പാപം തീർന്ന് മോക്ഷവും കിട്ടും എന്ന് മാത്രമല്ല 7 തലമുറ വരെയുള്ള സന്തതി പരമ്പരകൾക്ക് ഇതിൻ്റെ പുണ്യം ലഭിക്കുമെന്നും ആചാര്യന്മാർ പറയുന്നു. അതിനാൽ സർവൈശ്വര്യദായകമാണ് ഈ ഏകാദശി വ്രതാനുഷ്ഠാനം.
11 ഏകാദശി ധർമ്മങ്ങൾ
പതിനൊന്ന് എന്നാണ് ഏകാദശം എന്ന വാക്കിന്റെ അർത്ഥം. ഈശ്വരഭക്തി, ദാനം, യജ്ഞം, കൃതജ്ഞത, ദയ, അഹിംസ, ക്ഷമ, ബ്രഹ്മചര്യം, ശൗചം, ജിതേന്ദ്രിയത്വം, സ്വാധ്യായം, ഇവയാണ് ഏകാദശിയിൽ അനുഷ്ഠിക്കേണ്ട ധർമ്മങ്ങൾ. ഈ ധർമ്മങ്ങൾ പാലിച്ചാൽ മനോമാലിന്യങ്ങൾ അകന്ന് മനുഷ്യർ നല്ല വ്യക്തികളാകും. അതു തന്നെയാണ് വിഷ്ണു പ്രീതികരമായ ഏകാദശി വ്രതം നോൽക്കുന്നതിന്റെ ലക്ഷ്യം. ഒരു വർഷം 24 ഏകാദശികളുണ്ട്. ഇതെല്ലാം വിശിഷ്ടമാണ്. അതിൽ ശ്രേഷ്ഠം വൃശ്ചിക മാസം വെളുത്തപക്ഷത്തിലെ ഗുരുവായൂർ ഏകാദശിയും ധനുവിലെ സ്വർഗ്ഗവാതിൽ ഏകാദശിയുമാണ്. ഇത് അനുഷ്ഠിച്ചാൽ സർവ്വപാപങ്ങളും നശിച്ച് ജീവിത സൗഭാഗ്യവും അഭീഷ്ടസിദ്ധിയും മോക്ഷവും ഫലമാണ്.
ALSO READ
ഉണ്ണിക്കണ്ണനായി ദിവ്യദർശനം
ശ്രീകൃഷ്ണാവതാര സമയത്ത് വസുദേവർക്കും ദേവകിക്കും കാരാഗൃഹത്തിൽ വച്ച് ദർശനം നൽകിയ വിഷ്ണുവിന്റെ രൂപത്തിലാണ് ഗുരുവായൂർ വിഗ്രഹം. ഭക്തർ ഗുരുവായൂരപ്പനെ ഉണ്ണിക്കണ്ണനായി കാണുന്നത് അതിനാലാകാം. വില്വമംഗലത്തിനും പൂന്താനത്തിനും മാനവേദനും ബാലഗോപാലനായാണ് ഭഗവദ് ദർശനം ലഭിച്ചത്. കുറൂരമ്മയും മഞ്ജുളയും താലോലിച്ചതും കണ്ണനെയാണ്.
അഷ്ടമി, നവമി, ദശമി, വിളക്ക് ഏകാദശി ദർശനം
ഗുരുവായൂർ ഏകാദശിയുടെ പ്രധാന പ്രത്യേകത പവിത്രമായ മണ്ഡലകാലത്ത് ആഘോഷിക്കപ്പെടുന്നു എന്നതാണ്. ഈ ദിവസം വിഷ്ണു / ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തിയാൽ മറ്റ് ദിനങ്ങളിൽ നടത്തുന്നതിന്റെ അനേകം മടങ്ങ് പുണ്യം കിട്ടും എന്ന് പറയുന്നു. ഇതോട് അനുബന്ധിച്ചുള്ള വിളക്കുകൾ ഒരു മാസം മുമ്പ് ക്ഷേത്രത്തിൽ ആരംഭിച്ചു. ഇതിൽ അഷ്ടമി, നവമി, ദശമി, ഏകാദശി വിളക്ക് ദർശനം ശ്രേഷ്ഠമാണ്; വെള്ളി
ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലെ വിളക്കുകൾ.
ദ്വാദശി പണം വയ്പ് ധനക്ലേശം നീക്കും
ഗുരുവായൂർ ഏകാദശി കഴിഞ്ഞുവരുന്ന ദ്വാദശിക്ക് ബ്രാഹ്മമുഹൂർത്തത്തിൽ കൂത്തമ്പലത്തിൽ ദ്വാദശിപണം വയ്ക്കുക എന്നൊരു ചടങ്ങുണ്ട്. ഇതും ശ്രേഷ്ഠമാണ്. ഇങ്ങനെ ദ്വാദശി പണം സമർപ്പിക്കുന്ന ഭക്തരുടെ സാമ്പത്തിക ദുരിതങ്ങളെല്ലാം തീരും എന്നാണ് വിശ്വാസം.
പുണ്യവും ഭാഗ്യവും വർദ്ധിക്കും
എല്ലാ മാസത്തിലെയും രണ്ടു പക്ഷത്തിലെയും ഏകാദശി വ്രതമെടുത്താൽ പുണ്യവും ഭാഗ്യവും വർദ്ധിക്കും. ധനുമാസം കൃഷ്ണപക്ഷത്തിലെ ഉല്പത്തി ഏകാദശി ധനുവിലെ തന്നെ വെളുത്തപക്ഷത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നിവയും ആചരണത്തിന് അതി വിശേഷമാണ്.
ജപമന്ത്രങ്ങൾ , സ്തോത്രങ്ങൾ
ശ്രീകൃഷ്ണ ഭജനത്തിന് ഏറ്റവും നല്ല ദിവസമായ ഗുരുവായൂർ ഏകാദശി നാൾ സൂര്യോദയത്തിന് മുൻപ് ഉണര്‍ന്ന് ശുഭ്ര വസ്ത്രം ധരിച്ച് ഓം നമോ നാരായണ, ഓം നമോ ഭഗവതേ വാസുദേവായ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഓം ക്ലീം കൃഷ്ണായ നമഃ തുടങ്ങിയ മന്ത്രങ്ങൾ യഥാശക്തി ജപിക്കണം. വിഷ്ണുഗായത്രി, വിഷ്ണു ദ്വാദശ നാമം, വിഷ്ണു അഷ്ടോത്തരം, വിഷ്ണു ശതനാമ സ്തോത്രം വിഷ്ണു സഹസ്രനാമം എന്നിവ ചൊല്ലണം, അല്ലെങ്കിൽ കേൾക്കണം. അച്യുതാഷ്ടകം, ശ്രീകൃഷ്ണാഷ്ടകം, മുകുന്ദാഷ്ടകം, ജയ ജനാർദ്ദന , മധുരാഷ്ടകം എന്നീ ഭഗവത് കീര്‍ത്തനങ്ങൾ ജപിക്കുന്നതിന് ഏറ്റവും നല്ല സമയമാണ് ഹരിവാസര വേള. ഭക്തർക്കിടയിൽ ഏറ്റവും പ്രസിദ്ധമായ ഒരു സ്തുതിയാണ് വിഷ്ണു ശതനാമ സ്തോത്രം. ഏകാദശി എടുക്കുന്നവർ ഏറ്റവും കൂടുതൽ ജപിക്കുന്ന സ്തുതിയാണിത്. വിഷ്ണു ഭഗവാനെ ഈ 100 നാമങ്ങളാൽ എന്നും ഭജിക്കുന്നവരുടെ ജീവിതത്തിൽ അശുഭങ്ങൾ ഉണ്ടാകാറില്ല എന്നാണ് വിശ്വാസം. വേദവ്യാസ വിരചിതമായ ഈ മധുര സ്തോത്രം എന്നും ജപിക്കുന്ന ഭക്തർക്ക് ചുരുങ്ങിയ സമയത്തിനകം സമ്പൽ സമൃദ്ധി, പാപമുക്തി, ഐശ്വര്യം, സന്തോഷം, ആരോഗ്യം ഇവ ലഭിക്കും. യാതൊരു വ്രതവും ഈ ജപത്തിന് നിർബന്ധമില്ല. മന്ത്രോപദേശം വേണ്ട. രാവിലെ വിളക്ക് കൊളുത്തി അതിന് മുമ്പിലിരുന്ന് ജപിക്കുക. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വിഷ്ണു ശതനാമ സ്തോത്രം കേൾക്കാം:
ജോതിഷി പ്രഭാസീന സി പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email : prabhaseenacp@gmail.com)
Story Summary : Guruvayur Ekadashi 2025: Rules, Rituals, Mantras and benefits of Observing