മുപ്പത്തിമുക്കോടി ദേവതകളും മഹാദേവപൂജ ചെയ്യുന്ന പ്രദോഷവേളയിൽ ശിവഭഗവാനെ വണങ്ങുന്ന ഭക്തർക്ക് സർവ്വനന്മകളും ലഭിക്കും. തികഞ്ഞ ഭക്തിയോടെ, ശുദ്ധിയോടെ ഈ വ്രതം നോറ്റാൽ സർവ്വപാപങ്ങളും നശിക്കും. എല്ലാ ജീവിതാഭിലാഷങ്ങളും സാധിച്ച ശേഷം ശിവലോക പ്രാപ്തിയും നേടാം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷ പൂജ നടത്തുന്നത്.
പ്രദോഷ പൂജയിൽ പങ്കെടുക്കണം
മാസത്തില്‍ കുറഞ്ഞത് രണ്ട് ത്രയോദശി വരും. അതിനാൽ കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലും രണ്ടു പ്രദോഷവും ആചരിക്കാം. ചിലർ കറുത്തപക്ഷ പ്രദോഷത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കാറുണ്ട്. 2025 ഡിസംബർ 2 ചൊവ്വാഴ്ച വൃശ്ചികത്തിലെ ശുക്ലപക്ഷ പ്രദോഷ വ്രതമാണ്. പ്രദോഷവ്രതം അനുഷ്ഠിച്ചാൽ ലഭിക്കാത്തതായി ഒന്നും തന്നെയില്ല. സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രാദോഷികം വ്രതം എന്നാണ് ശിവപുരാണം പ്രദോഷവ്രത ഫലം പറയുന്നത്. രണ്ടു പക്ഷത്തിലെയും ത്രയോദശി തിഥികൾ വ്രതം അനുഷ്ഠിക്കാനും ശിവപൂജയിൽ പങ്കെടുക്കാനും ഉത്തമമാണ്. അന്ന് സന്ധ്യയ്ക്കാണ് ശിവക്ഷേത്രങ്ങളിൽ പ്രദോഷ പൂജ നടക്കുന്നത്.
എല്ലാ ദേവതകളും കൈലാസത്തിൽ
മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ലളിതമായി എടുക്കാവുന്ന വ്രതമാണ് പ്രദോഷം. അന്ന് സന്ധ്യാസമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി ആനന്ദ നടനം ആടുന്നു എന്നാണ് സങ്കല്പം. ഈ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കുന്നു. ബ്രഹ്മാവ് താളം പിടിക്കുന്നു. ദേവേന്ദ്രന്‍ പുല്ലാങ്കുഴലൂതുന്നു. മഹാലക്ഷ്മി ഗീതം ആലപിക്കുന്നു. മഹാവിഷ്ണു മൃദംഗം വായിക്കുന്നു. നന്ദിയും ഭൃംഗിയും നടനം ചെയ്യുന്നു. സ്തുതിപാഠകർ ഗീതം ആലപിക്കും. യക്ഷഗന്ധര്‍വകിന്നരന്മാരും അപ്‌സരസുകളുമെല്ലാം ഭഗവാനെ സേവിച്ചു നില്‍ക്കുന്നു. പ്രദോഷ സന്ധ്യയിൽ കൈലാസത്തില്‍ എല്ലാ ദേവതകളുടെയും സാന്നിധ്യമുണ്ട്. അതിനാൽ ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യാവേളയില്‍ ശിവ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ പരാശക്തിയുടെയും മഹാദേവന്റെയും മറ്റ് എല്ലാ ദേവീദേവന്മാരുടെയും കടാക്ഷവും അനുഗ്രഹവും ലഭിക്കും എന്നാണ് വിശ്വാസം.
ALSO READ
പ്രദോഷം വ്രതനിഷ്ഠകൾ
സൂര്യാസ്തമയത്തിന് മുൻപും പിൻപുമായി ഒന്നര മണിക്കൂർ വീതമുള്ള 3 മണിക്കൂറാണ് പ്രദോഷ കാലം. ശനിയാഴ്ച വരുന്ന ശനി പ്രദോഷവും തിങ്കൾ പ്രദോഷവുമാണ് ഏറെ പ്രധാനം. പ്രദോഷവ്രതം ഉപവാസമായി അനുഷ്ഠിക്കണം. പ്രദോഷത്തിന്റെ തലേന്ന് ഒരിക്കല്‍ എടുക്കണം. പ്രദോഷ ദിവസം രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദര്‍ശനം നടത്തണം. വൈകുന്നേരം കുളിച്ച് പ്രദോഷ പൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പ്രദോഷ പൂജയിൽ പങ്കെടുത്ത് ഭഗവാന് കരിക്ക് നേദിക്കണം. പഞ്ചാക്ഷരീമന്ത്രം 108 തവണയോ ജപിക്കണം. അന്ന് ബ്രാഹ്മമുഹൂർത്തിൽ കൂടി ജപിച്ചാൽ അത്യുത്തമം. പഞ്ചാക്ഷരീസ്തോത്രം, ശിവസഹസ്രനാമം, ശിവപുരാണപാരായണം, ശിവാഷ്ടകം, മറ്റ് ശിവ സ്തുതികൾ, ഭജനകൾ എന്നിവയും ഭക്തിപൂർവ്വം ചൊല്ലുക. പ്രദോഷപൂജ, ദീപാരാധന ഇവയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും അവിലോ, മലരോ, പഴമോ കഴിച്ച് പാരണ വിടുക. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങി കഴിക്കാം. വ്രതം അനുഷ്ഠിക്കുന്നവര്‍ ഫലമൂലാദികൾ ദാനം ചെയ്യുന്നത് നല്ലതാണ്. മാസം തോറും ഒരു പ്രദോഷമെങ്കിലും എടുക്കുന്നതിലൂടെ ദുരിതശമനം ഉറപ്പാണ്.
മൂലമന്ത്രം
ഓം നമഃ ശിവായ
പ്രാർത്ഥനാ മന്ത്രങ്ങൾ
1
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
2
വന്ദേ ശംഭുമുമാപതിം
സുരഗുരും വന്ദേ ജഗൽകാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം
വന്ദേ പശൂനാം പതിം
വന്ദേ സൂര്യ ശശാങ്കവഹ്നിനയനം
വന്ദേ മുകുന്ദ പ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം
വന്ദേ ശിവം ശങ്കരം
ശങ്കരധ്യാനം പ്രകാരം ജപിക്കണം
ഭഗവാൻ്റെ അതിമനോഹരമായ സ്വരൂപവർണ്ണനയായ ശങ്കരധ്യാന പ്രകാരം 11 പ്രദോഷനാളിൽ തുടർച്ചയായി ജപിച്ചാൽ ആഗ്രഹസാഫല്യം ഉറപ്പാണെന്ന് പറയുന്നു. കേൾക്കാം, പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശങ്കരധ്യാന പ്രകാരം:
ശങ്കരധ്യാനപ്രകാരം വരികൾ
ശങ്കരധ്യാന പ്രകാരം ഗ്രഹിക്ക നീ
തിങ്കള്‍ കലാഞ്ചിതം കോടീര ബന്ധനം
ഗംഗാഭുജംഗവും നെറ്റിത്തടം തന്നി
ലംഗജന്മാവിനെച്ചുട്ടോരു നേത്രവും
അര്‍ക്കചന്ദ്രന്മാര്‍ക്കിരിപ്പിടമാകിയ
തൃക്കണ്ണു രണ്ടും തിരുനാസികാഭയും
സ്വര്‍ണ്ണപ്രഭാഭോഗി കുണ്ഡലാലംകൃതം
കര്‍ണ്ണദ്വയം, ചാരുഗണ്ഡഭാഗങ്ങളും
ബിംബാധരോഷ്ഠവും ദന്തരത്‌നങ്ങളും
ബിംബോകലീലാവലോക സ്മിതങ്ങളും
ആനനാം ഭോജവും കാളകൂട പ്രഭാ
മാനിനീയോജ്ജ്വലം കണ്ഠപ്രദേശവും
വക്ഷസ്ഥലോജ്ജ്വലം സര്‍പ്പഹാരം ലോക
രക്ഷാപരങ്ങളാം നാലു തൃക്കൈകളും
മാനും മഴുവും വരദാഭയങ്ങളും
ധ്യാനിക്കിലാനന്ദമേകും സനാതനം
ആലിലക്കൊത്തോരുദരപ്രദേശവും
ചാലവേ രോമാളി കാളികാ ഭംഗിയും
ഭംഗ്യാ പുലിത്തോലുടുത്തോരു ശോഭയും
തുംഗം കടിതടം ഭോഗികാഞ്ചീയുതം
ഊരുദ്വയം ചാരു ജാനുയുഗങ്ങളും
ചേരും കണങ്കാലടിത്താര്‍ വിലാസവും
ശ്രീപാദയുഗ്മേ വിളങ്ങും നഖങ്ങളും
ലോപം വരാതെ മനസ്സിലോര്‍ത്തീടണം
കേശാദി പാദവും പാദാദികേശവും
ഈശാനുരൂപം നിരൂപണം ചെയ്തുടന്‍
അര്‍ച്ചനം തര്‍പ്പണം നാമ സങ്കീര്‍ത്തനം
സച്ചിദാനന്ദ സ്വരൂപ സംഭാവനം
നൃത്തം പ്രദക്ഷിണം സല്‍ക്കഥാവര്‍ണ്ണനം
ഭക്തിപൂര്‍വ്വം ചെയ്തുകൊള്ളുന്നവന്‍ ശിവന്‍
സാലോക്യമെങ്കിലും സാമീപ്യമെങ്കിലും
ത്രൈലോക്യനാഥന്റെ സാരൂപ്യമെങ്കിലും
സായൂജ്യമെങ്കിലും മര്‍ത്ത്യന്‍ നിരൂപിച്ച
തായുരാന്തേ ലഭിച്ചീടുമറിക നീ
പാര്‍വതീദേവിയെക്കൂടെ സ്മരിക്കണം
സര്‍വകാലം മഹാദേവന്റെ സന്നിധൗ
ദന്തിവദനനും താരകാരാതിയും
അന്തികേ മേവുന്ന ദേവവൃന്ദങ്ങളും
ഭൂതഗണങ്ങളും പോറ്റി തന്‍ കൂറ്റനും
ചേതസ്സില്‍ വന്നു വിളങ്ങേണമെപ്പോഴും
സന്തതിസൗഖ്യം വരുത്തേണമീശ്വരാ!
സന്താപമൊക്കെയൊഴിക്കേണമീശ്വര!
ബന്ധുക്കളുണ്ടായ് വരേണമെന്നീശ്വരാ!
ബന്ധമോക്ഷം വരുത്തേണമെന്നീശ്വരാ!
അര്‍ത്ഥസമ്പത്തു വരുത്തേണമീശ്വര!
വ്യര്‍ത്ഥദുശ്ചിന്ത ശമിക്കണമീശ്വര!
കീര്‍ത്തികല്യാണം വരുത്തേണമീശ്വര!
മൂര്‍ത്തിസൗന്ദര്യം ലഭിക്കേണമീശ്വര!
ആര്‍ത്തിക്ഷയം വരുത്തേണമെന്നീശ്വര!
പൂര്‍ത്തികളെല്ലാം വരുത്തേണമീശ്വര!
ഇത്ഥം നിജാഗ്രഹം പ്രാര്‍ത്ഥിച്ചു കൊണ്ടുടന്‍
കൃത്തിവാസസ്സിനെസ്സേവചെയ്താല്‍ ശുഭം
ജോതിഷി പ്രഭാസീന സി പി, +91 9961442256
Story Summary: Significance of Pradosha Viratham on Vrichikam Sukla Paksha
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Copyright 2025 NeramOnline.com . All rights reserved