നാനാജാതി മതസ്ഥരുടെയും അഭയകേന്ദ്രമായി ആർത്തരുടെയും അന്വേഷകരുടെയും അമ്മയായി പരിലസിക്കുന്ന ചക്കുളത്തമ്മയ്ക്ക് ഡിസംബർ 4 വ്യാഴാഴ്ച രാവിലെ പൊങ്കാല നടക്കും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
ഭക്തരുടെ ആവശ്യം എന്താണോ അത് അറിഞ്ഞ് വാരിക്കോരി നൽകുന്ന അത്ഭുതശക്തിയാണ്,
ആദിപരാശക്തിയായി കുടികൊള്ളുന്ന ചക്കുളത്തമ്മ. ഈ മുറ്റത്ത് എല്ലാ ജാതിമതസ്ഥർക്കും പ്രവേശിക്കാം. അയിത്തം കൊടികുത്തി വാണിരുന്ന കാലത്ത് പോലും ചക്കുളത്തമ്മയുടെ മുറ്റത്ത് വന്നവരെ ജാതി മതം ചോദിക്കാതെ പ്രവേശിപ്പിച്ചിരുന്നു. ആരെയും നിന്ദിക്കാതെ – വഞ്ചിക്കാതെ – സ്നേഹിച്ചും ഭക്തിയുടെ നിറവിൽ ധാരാളം ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഈ ക്ഷേത്രത്തിൽ ദർശനം നടത്തി നേർച്ചക്കാഴ്ചകൾ സമർപ്പിക്കുന്നു.
പൊങ്കാല ചടങ്ങുകൾ
ഡിസംബർ 4 വ്യാഴാഴ്ച രാവിലെയാണ് പൊങ്കാല. അന്ന് പുലർച്ചെ 4 ന് നിർമ്മാല്യദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാർത്ഥനയും നടക്കും. ശേഷം ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നും ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും. തുടർന്ന് നടപന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡൻ്റും മുഖ്യ കാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം ഭദ്രദീപ പ്രകാശനം നടത്തും. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ കാർമ്മിക നേതൃത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.
പൊങ്കാല നേദ്യം 11 മണിക്ക്
ALSO READ
11 മണിക്ക് അഞ്ഞൂറിലധികം വേദ പണ്ഡിതരുടെ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
12 നൊയമ്പ് ധനുമാസത്തിൽ
വർഷന്തോറും വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ് ചക്കുളത്തമ്മയ്ക്ക് പൊങ്കാല. ഇതിന് പുറമെ കാര്യസാദ്ധ്യത്തിന് എല്ലാ വർഷവും ധനു ഒന്നു മുതൽ 12 വരെ 12 നൊയമ്പ് ജാതി മതഭേദമന്യേ സ്ത്രീ പുരുഷന്മാർ അനുഷ്ഠിക്കുന്നു. ഇരുമുടിക്കെട്ട് അർപ്പിക്കുന്നവരും ധാരാളമുണ്ട്.
വിളിപ്പുറത്തമ്മ ചക്കുളത്തമ്മ
ചെമ്പകശ്ശേരി രാജാവിന്റെ കാലം മുതൽ പേരും പെരുമയും ആർജ്ജിച്ച പ്രദേശമാണ് ആലപ്പുഴ ജില്ലയിലെ തലവടി എന്ന പ്രദേശം. പത്തനംതിട്ട – ആലപ്പുഴ ജില്ലയുടെ അതിർത്തിയാണ് നീരേറ്റുപുറം എന്ന ഈ പുണ്യസ്ഥലം. ഗ്രാമപ്രദേശത്തിന്റെ സൗന്ദര്യത്തിന് വിസ്തൃതമായ വയലേലകളും ശാന്തമായി ഒഴുകുന്ന നദികളും മാറ്റുകൂട്ടുന്നു. സുപ്രസിദ്ധമായ പമ്പയും മണിമലയും നദികളായി ക്ഷേത്രത്തിന്റെ ഇരുവശവും ചേർന്ന് ശാന്തമായി ഒഴുകി ചക്കുളത്തമ്മയുടെ പാദാരവിന്ദസ്പർശം ഏറ്റുവാങ്ങി പവിത്രമായി മാറുന്നു. തിരുവല്ലാ – എടത്വാ റൂട്ടിൽ നീരേറ്റുപുറം ജംഗ്ഷന് അടുത്താണ് ചക്കുളത്ത് കാവ് ക്ഷേത്രം. വിദുരയിലേക്ക് വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തിന്റെ കരയിലായി പ്രാചീന തച്ചുശാസ്ത്രത്തിന്റെ മകുടോദാഹണമായി ക്ഷേത്രം പരിലസിക്കുന്നു. ശ്രീകോവിലാന് മേൽക്കൂര ഇല്ല. ദേവി അക്ഷരാർത്ഥത്തിൽ വിളിപ്പുറത്തമ്മയാണ് എന്ന് അനുഭവസ്ഥർ പറയുന്നു.
സ്വയംഭൂവായ മൂലവിഗ്രഹം
ചക്കുളത്തമ്മയുടെ ഇന്നുകാണുന്ന ശ്രീകോവിൽ സ്ഥിതി ചെയ്യുന്ന അതേ സ്ഥാനത്ത് തന്നെയായിരുന്നു നാലായിരം വർഷങ്ങൾക്കുമുമ്പ് വേടൻ കണ്ട കുളവും ചിതൽപ്പുറ്റും സ്ഥിതി ചെയ്യ്തിരുന്നത്. ഈ ചിതൽപ്പുറ്റ് ഉടച്ച് ശ്രീനാരദ മഹർഷി തൃക്കരങ്ങൾ കൊണ്ട് ആദിപരാശക്തിയായ ശ്രീദുർഗ്ഗാദേവിയുടെ സ്വയംഭൂവായ മൂലവിഗ്രഹം പ്രതിഷ്ഠിച്ചു കൊടുത്തഈ സ്ഥാനം തന്നെയായിരുന്നു ചക്കുളത്തു കാവിലമ്മയുടെ മൂലസ്ഥാനം.
ലക്ഷദീപവും കാർത്തിക സ്തംഭം
എല്ലാ മലയാളമാസത്തെയും ആദ്യവെള്ളിയാഴ്ച നടത്തുന്ന വിളിച്ചു ചൊല്ലിപ്രാർത്ഥനയും മദ്യവിരുദ്ധ സത്യപ്രതിഞ്ജയും ഭക്തജനങ്ങൾക്ക് ആഗ്രഹസാക്ഷാത്കാരവും ആശ്വാസവും പകരുന്നു. വൃശ്ചികത്തിലെ തൃക്കാർത്തിക ദിനത്തിൽ ദേവിയെ കണ്ടുവണങ്ങുക എന്നത് ലക്ഷക്കണക്കിന് ഭക്തരുടെ ആഗ്രഹസാക്ഷാത്കാരമാണ്. തുടർന്ന് നടക്കുന്ന പൊങ്കാലയും ദിവ്യ അഭിഷേകവും ഉച്ച ദീപാരാധനയും വൈകിട്ട് എതിരേൽപ്പും ലക്ഷദീപവും കാർത്തിക സ്തംഭം കത്തിക്കലും എല്ലാം വൃശ്ചികമാസത്തിലെ ചടങ്ങുകളാണ്. പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസാണ് ഇത്തവണ കാർത്തിക സ്തംഭത്തിൽ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങ് നിർവഹിക്കുക.
ഭാഗവത ആചാര്യൻ പള്ളിക്കൽസുനിൽ,
+91 9447310712, 0479-2333146
Story Summary: Significance of Chakkulathu Kavu Ponkala, the Annual devotional festival on December 4 this year
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Copyright 2025 NeramOnline.com . All rights reserved