Monday, December 8, 2025
Monday, December 8, 2025
Home » ആയില്യം, വാരാഹി പഞ്ചമി, വൈക്കത്തഷ്ടമി ; ഈ ആഴ്ചത്തെ നക്ഷത്രഫലം

ആയില്യം, വാരാഹി പഞ്ചമി, വൈക്കത്തഷ്ടമി ; ഈ ആഴ്ചത്തെ നക്ഷത്രഫലം

0 comments

2025 ഡിസംബർ 7, ന് പുണർതം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ വൃശ്ചികത്തിലെ ആയില്യംപൂജ, വൃശ്ചികം കൃഷ്ണപക്ഷ വാരാഹി പഞ്ചമി, വൈക്കത്തഷ്ടമി എന്നിവയാണ്. 2025 ഡിസംബർ 9 ചൊവ്വാഴ്ചയാണ് ആയില്യം പൂജയും വാരാഹി പഞ്ചമിയും. സർപ്പദോഷങ്ങൾ അകറ്റുന്നതിന് പ്രാർത്ഥനയും വഴിപാടും നടത്താൻ എല്ലാ ആയില്യവും ഉത്തമമാണ്. രോഗങ്ങൾ, സന്താനദുഃഖം, സർപ്പശാപ ദുരിതങ്ങൾ എന്നിവയ്ക്ക് നാഗാരാധനയിലൂടെ ശാന്തി ലഭിക്കും. അന്നു തന്നെയാണ് വാരാഹിദേവി ഭജനത്തിന് ഉത്തമമായ വാരാഹി പഞ്ചമി. ഒരേ ദിവസം വ്യത്യസ്ത സമയങ്ങളിൽ വിവിധ ഭാവങ്ങളിൽ ഭക്തർക്ക് അനുഗ്രഹ വർഷം ചൊരിയുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രധാന ആഘോഷമായ വൃശ്ചികത്തിലെ അഷ്ടമി മഹോത്സവം ഡിസംബർ 12 വെള്ളിയാഴ്ചയാണ്. അന്ന് പുലര്‍ച്ചെ 4:30 മുതൽ അഷ്ടമി ദര്‍ശനം നടക്കും. ക്ഷേത്രത്തിന് കിഴക്ക് ആല്‍മരച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് ശ്രീപരമേശ്വരന്‍ പാര്‍വതീ സമ്മേതനായി ദര്‍ശനം നല്‍കിയ മുഹൂര്‍ത്തമാണ് അഷ്ടമിദര്‍ശനമായി കൊണ്ടാടുന്നത്. അന്ന് രാത്രി 11 മണിക്കാണ് ഉദയനാപുരത്തപ്പൻ്റെ വരവ്. തുടർന്ന് രാത്രി 2 മണിക്ക് വലിയ വിളക്ക് നടക്കും. അതിന് ശേഷമാണ് ഉദയനാപുരത്തപ്പൻ്റെ തിരിച്ച് എഴുന്നള്ളത്ത്. പതിമൂന്നാം ഉത്സവദിനമായ ശനിയാഴ്ച വൈകിട്ട് ആറാട്ടോടെ ഉത്സവം സമാപിക്കും. അന്ന് അത്തം നക്ഷത്രം നാലാം പാദത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ആരോഗ്യം മെച്ചപ്പെടും. പ്രശംസയും അംഗീകാരങ്ങളും ലഭിക്കും. അവിവാഹിതർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളുമായുള്ള വിവാഹം തീരുമാനിക്കും. എത്ര ശ്രമിച്ചാലും ശത്രുക്കൾക്ക് ഉപദ്രവിക്കാനാകില്ല. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും കർമ്മശേഷിയുടെയും അടിസ്ഥാനത്തിൽ നിലയും വിലയും വർദ്ധിക്കും. സ്വഭാവത്തിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാവും സഹോദരീസഹോദരന്മാരുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പുതിയ കോഴ്സിന് പ്രവേശനം നേടും. നല്ല വാക്സാമർത്ഥ്യം പ്രകടിപ്പിക്കും. വിദ്യാർത്ഥികൾക്ക് സമയം കൂടുതൽ അനുകൂലമാകും. ഓം വചത് ഭുവേ നമഃ ദിവസവും 108 തവണ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2,3,4, രോഹിണി, മകയിരം 1,2)
കർമ്മരംഗത്ത് ശുഷ്കാന്തി കാണിക്കും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. എതിരാളികളുടെ കുത്സിത നീക്കങ്ങൾ ബുദ്ധിപരമായി മറികടക്കാൻ കഴിയും. പ്രശസ്‌തി വർദ്ധിക്കും. പുതിയ വീട് വാങ്ങും. ആരോഗ്യം മെച്ചപ്പെടും. പ്രവർത്തന മികവിന് അംഗീകാരം ലഭിക്കും. മുതിർന്നവർക്ക് കാൽ വേദന, ഉളുക്ക്, സന്ധിവേദന ഇവയിൽ ആശ്വാസം കിട്ടും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തും. വികാരങ്ങളെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുന്നത് ഭാവിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ജോലിയുമായി ബന്ധപ്പെട്ട് വെല്ലുവിളികൾ അനുഭവപ്പെടും. വിദ്യാർത്ഥികൾക്ക് കഠിനാദ്ധ്വാനം ഗുണം ചെയ്യും. മാതാപിതാക്കളുടെയും, അധ്യാപകരുടെയും അഭിനന്ദനം നേടാൻ കഴിയും. ലളിതാസഹസ്രനാമം എല്ലാ ദിവസവും ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം 1,2,3)
ആരോഗ്യവും വ്യക്തിത്വവും മെച്ചപ്പെടുത്തുന്നതിന് ശ്രമിക്കും. അതിഥി സൽക്കാരത്തിന് ധാരാളം പണം ചെലവഴിക്കും. ചില തീരുമാനങ്ങൾക്ക് കുടുംബത്തിന്റെ പിന്തുണ ലഭിക്കില്ല. സുഹൃത്തുക്കളിൽ വളരെയധികം സമയവും പണവും ചെലവഴിക്കുന്നത് ജീവിതപങ്കാളിയെ വേദനിപ്പിക്കും. ജോലിയുമായി ബന്ധപ്പെട്ട് സമയം ഫലപ്രദമാകും. ജീവിതത്തിൽ സുപ്രധാനമായ ഒരു യാത്ര ആരംഭിക്കും. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ആഴ്ച മദ്ധ്യത്തിൽ നല്ല വാർത്ത കേൾക്കും. പ്രിയജനങ്ങളുമായി ഒത്തുചേരും. തൊഴിൽരംഗത്ത് പുതിയ അവസരം കൈവരും. ആശ്രയിക്കുന്നവർക്ക് സഹായം നൽകും. പുതിയ സംരംഭം ആരംഭിക്കും. ആഡംബര വസ്‌തുക്കൾ വാങ്ങും. വീട്ടിൽ അറ്റകുറ്റപണി നടത്തും. എന്നും 108 ഉരു ഓം കൃഷ്ണായ നമഃ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടും. സാമൂഹ്യ രംഗത്ത് ശ്രദ്ധിക്കപ്പെടുന്ന കാര്യങ്ങൾ ചെയ്യും. പരിശ്രമശീലം വർദ്ധിക്കും. നല്ല അനുഭവങ്ങൾ ഉണ്ടാവുന്ന കാലമാണ്. ദാമ്പത്യജീവിതത്തിലെ ചില പൊരുത്തക്കേടുകൾ പരിഹരിക്കും. ഭൂമി വിൽക്കാനും വാങ്ങാനും ശ്രമിക്കും. സാമ്പത്തിക ഉയർച്ച ഉണ്ടാവും സർക്കാർ സംബന്ധമായ തടസ്സങ്ങളും സന്താനങ്ങളുമായി ബന്ധപ്പെട്ട വിഷമങ്ങളും മാറും. ജോലിയുമായി ബന്ധപ്പെട്ട യാത്രകൾ പോകേണ്ടി വരും. കരാർരേഖകൾ ശരിയായി പരിശോധിക്കണം. അല്ലാത്തപക്ഷം അജ്ഞാതമായ കാരണങ്ങളാൽ ഏറെ കഷ്ടപ്പെടേണ്ടി വരും. മക്കളുടെ വിദ്യാഭ്യാസത്തിനായി കുറച്ച് കൂടുതൽ പണം ചിലവഴിക്കേണ്ടി വരും. വാഹനം
മാറ്റി വാങ്ങാൻ ശ്രമിക്കും. ഈശ്വരാധീനം വർദ്ധിക്കും. എന്നും 108 തവണ ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.

ALSO READ

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ആരോഗ്യം അത്ര അനുകൂലമായിരിക്കില്ല. ഇപ്പോൾ നടത്തുന്ന നിക്ഷേപങ്ങൾ പിന്നീട് ഗണ്യമായ വരുമാനം ലഭിക്കും. ധനസ്ഥിതി തികച്ചും അനുകൂലമായിരിക്കും. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാകും. കൊച്ചുകുട്ടികൾക്ക് എന്തെങ്കിലും സമ്മാനം കൊടുക്കുന്നത് നല്ലതാണ്. നിർത്തിവച്ച ജോലികൾ പുനരാരംഭിക്കാൻ ചിന്തിക്കുകയാണെങ്കിൽ സമയം അനുകൂലമാണെന്ന് പറയാൻ കഴിയില്ല. സമൂഹത്തിൽ മാന്യത വർദ്ധിക്കും സർക്കാർജോലിക്കു ശ്രമിക്കുന്നവർക്ക് സമയം വളരെ നല്ലതാണ്. മേലധികാരികളിൽ നിന്ന് ഗുണമുണ്ടാകും അധ്യാപകർക്കു നല്ല സമയമാണ്. മുതിർന്നവർക്ക് ആരോഗ്യപ്രയാസങ്ങൾ കുറയും. വീടുപണി തുടങ്ങും. സ്‌ഥാനമാനം ലഭിക്കും. ആദിത്യഹൃദയം ജപിക്കുക.

കന്നിക്കൂറ്
( ഉത്രം 2,3,4 അത്തം, ചിത്തിര 1, 2)
ജോലിമാറ്റത്തിന് കഴിയും. ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. കലാസാഹിത്യ രംഗത്തു പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. അദ്ധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിക്കും. കുടുംബസ്വത്ത് ഭാഗം വച്ചു കിട്ടും. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തും പ്രണയം പൂവണിയും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. വിദൂരയാത്രകൾ പോകാൻ പദ്ധതിയിടും. പുതിയ അവസരങ്ങൾ ശ്രദ്ധാപൂർവ്വം ചിന്തിച്ച്, പഠിച്ച് പ്രയോജനപ്പെടുത്താൻ ശ്രമിക്കും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവരുടെ സ്വപ്നം പൂർത്തീകരിക്കാനുള്ള സാധ്യത കാണുന്നു. ഉദ്യോഗക്കയറ്റം, സ്ഥലം മാറ്റം എന്നിവ ലഭിക്കും. ഓം നമഃ ശിവായ എന്നും ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. ഭാഗ്യം, ഈശ്വരാധീനം എന്നിവയുണ്ടാകും.വായ്പ തിരിച്ചടയ്ക്കാൻ കഴിയും. നിയമക്കുരുക്കിൽ അകപ്പെടാതിരിക്കാൻ നോക്കണം. ബിസിനസ്സ് നടത്തുന്ന ആളുകൾക്ക് മികച്ച ലാഭം നേടാൻ കഴിയും. സോഷ്യൽ മീഡിയ വഴി ബിസിനസ്സ് വിപുലീകരിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും കഴിയും. തടഞ്ഞുവച്ച ആനുകുല്യം കിട്ടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പൊതുരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടും. ആഗ്രഹിച്ച ജോലി ലഭിക്കും സുഹൃദ്ബന്ധങ്ങളിലുള്ള
തെറ്റിദ്ധാരണകളും മാറും. വിനോദയാത്രകൾ നടത്തും. തൊഴിൽപരമായ ചില പ്രതീക്ഷകൾ സഫലമാകും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച പ്രകടനം നടത്തും. ഓം നമോ നാരായണായ എന്നും 108 ഉരു ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
മാനസികവും ശാരീരികവുമായ സമ്മർദ്ദത്തിൽ നിന്ന് മുക്തരാകും. കമ്മീഷൻ, റോയൽറ്റി ഇനത്തിൽ വലിയ ലാഭമുണ്ടാകും. ഏതെങ്കിലും പുതിയ പദ്ധതികളിൽ പണം നിക്ഷേപിക്കാൻ തയ്യാറാകുന്നത് ഭാവിയിൽ നല്ല ലാഭത്തിന് വഴിവയ്ക്കും. ഗൃഹാന്തരീക്ഷം പിരിമുറുക്കം കുറയ്ക്കും. എല്ലാ രംഗത്തും മുൻപന്തിയിൽ നിൽക്കും. വിദേശയാത്രയ്ക്ക് യോഗമുണ്ട്. തൊഴിലവസരങ്ങൾ ലഭിക്കും. ആത്മവിശ്വാസം കൂട്ടുന്ന തരത്തിലുള്ള ചില അനുഭവങ്ങളുണ്ടാവും. ധാരാളം നല്ലകാര്യങ്ങൾ ചെയ്യും
പ്രതീക്ഷിച്ച സാമ്പത്തിക സഹായം കിട്ടും. മക്കൾക്ക് ഉയർച്ചയും നേട്ടങ്ങളും ഉണ്ടാകും. എതിർപ്പുകളെല്ലാം അവഗണിച്ച് മുന്നേറും. സഹപ്രവർത്തകരുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓം ദും ദുർഗ്ഗായൈ നമഃ ദിവസവും 108 തവണ വീതം ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ഒരു അകന്ന ബന്ധുവിൽ നിന്നുള്ള നല്ല വാർത്തകൾ കുടുംബത്തിൽ സന്തോഷകരമായ നിമിഷങ്ങൾ കൊണ്ടുവരാൻ സാദ്ധ്യതയുണ്ട്. ഔദ്യോഗികമായ ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം പൂർണ്ണമായും അനുകൂലമായിരിക്കും. ജോലിയിൽ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. പ്രതീക്ഷിക്കാത്ത പെട്ടെന്ന് ലാഭം ലഭിക്കാൻ സാദ്ധ്യത. കാരുണ്യപ്രവർത്തനങ്ങൾ നടത്തും. സൗഹൃദങ്ങൾ വഴി ചില തൊഴിലവസരങ്ങൾ ലഭിക്കും. പ്രയാസം തോന്നിയിരുന്ന പല കാര്യങ്ങളും നിഷ്പ്രയാസം സാധിച്ചെടുക്കും. നേത്ര പരിശോധന ഒഴിവാക്കരുത്. കുടുംബത്തിൽ സന്തോഷകരമായ കൂടിച്ചേരലുകൾ ഉണ്ടാകും. തടഞ്ഞു വച്ച ആനുകൂല്യം ലഭിക്കും. പുതിയ പദ്ധതികൾ ആവിഷ്കരിക്കും. ഓം നമോ ഭഗവതേ വാസുദേവായ 108 തവണ ജപിക്കണം

മകരക്കൂറ്
(ഉത്രാടം 2, 3,4, തിരുവോണം, അവിട്ടം 1,2)
സാമ്പത്തികമായി ഉയർച്ചയുണ്ടാകും. ബാധ്യതകൾ തീർക്കാൻ കഴിയും. തൊഴിൽപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കുറയും. ഈശ്വര ചിന്തകൾ വർദ്ധിക്കും. ഗൃഹത്തിൽ സന്തോഷവും സമാധാനവും നിറയും. പുതിയ സംരംഭം തുടങ്ങാനുള്ള സാഹചര്യങ്ങൾ അനുകൂലമായി വരും. വസ്‌തുതർക്കം രമ്യമായി പരിഹരിക്കപ്പെടും. പുതിയ ചില ഉത്തരവാദിത്തം ഏറ്റെടുക്കും. വ്യാപാരരംഗത്തെ തടസ്സങ്ങൾ നീങ്ങും. അടുത്ത സുഹൃത്തുക്കളുമായി ഒരു യാത്ര നടത്തും. അമിത ഭക്ഷണം ഒഴിവാക്കണം. മത്സരപരീക്ഷയിൽ വിജയം ലഭിക്കും. ഒരു നല്ല പുസ്തകം സമ്മാനം കിട്ടും. ഓം നമോ നാരായണായ ദിവസവും 108 തവണ ജപിക്കണം.

കുംഭക്കൂറ്
(അവിട്ടം 3,4, ചതയം, പൂരുരുട്ടാതി 1,2,3)
തൊഴിൽരംഗത്ത് ചുമതലാബോധം പ്രകടിപ്പിക്കും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ മാറും. ശുഭപ്രതീക്ഷ ഗുണം ചെയ്യും. കലാസാഹിത്യരംഗത്ത് പ്രശസ്തിയും അംഗീകാരവും ലഭിക്കും. എതിർപ്പുകളും തടസ്സങ്ങളും കുറയും.വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിച്ചെടുക്കും. പൊതുരംഗത്തുള്ളവർക്ക് വളരെ പ്രയോജനകരമായ കാലമാണ്. പ്രിയജനങ്ങളിൽനിന്നു സഹായങ്ങളും നല്ല അവസരങ്ങളും കൈവരും. മാനസിക സമ്മർദ്ദം കുറയും. മത്സരപരീക്ഷ, ഇൻ്റർവ്യൂ എന്നിവയിൽ വിജയിക്കും. കുടുംബത്തിൽ ഒരു ഉത്സവ അന്തരീക്ഷം സംജാതമാകും. അനാവശ്യ ബന്ധങ്ങൾ ധനനഷ്ടവും സമയ നഷ്ടവും ഉണ്ടാക്കും. ദിവസവും 108 തവണ വീതം ഓം ഹം ഹനുമതേ നമഃ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
പെട്ടെന്ന് തീരുമാനം എടുക്കുന്ന ശീലം നിയന്ത്രിക്കണം. വിനോദത്തിനായി ഇപ്പോൾ കൂടുതൽ സമയവും പണവും ചെലവഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകും. മുൻ‌കാലത്ത് അനുകൂലമാക്കാൻ കഠിനമായി ശ്രമിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ കുറഞ്ഞ പരിശ്രമം വഴി സ്വന്തമാക്കാനാകും. വിദേശത്തു താമസിക്കുന്ന വ്യക്തികൾക്ക് കുടുംബാംഗങ്ങളെ കാണാൻ അവസരം ലഭിക്കും. പ്രശസ്‌തി വർധിക്കും. സ്വജനങ്ങളുടെ വലിയ നേട്ടങ്ങളിൽ സന്തോഷിക്കും. വിലയേറിയ വസ്‌തുക്കൾ വാങ്ങും. ആഗ്രഹിച്ച യാത്ര നടത്തും. തൊഴിൽരംഗത്ത് അംഗീകാരം കിട്ടും. ചില സഹപ്രവർത്തകരുമായുള്ള തെറ്റിദ്ധാരണകൾ നീങ്ങും. സന്തോഷം, സമാധാനം വർദ്ധിക്കും. കലാകായികരംഗത്തു നേട്ടങ്ങൾ ലഭിക്കും. ഓം നമഃ ശിവായ ദിവസവും 108 ഉരു വീതം ജപിക്കുക.

Summary: Weekly Star predictions based on moon sign by Venu Mahadev

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )

Copyright @ 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?