ജ്യോതിഷരത്നം വേണുമഹാദേവ്
ആദിപരാശക്തിയുടെ ഉഗ്രരൂപമായും ദാരികനെ വധിക്കാൻ ശിവന്റെ തൃക്കണ്ണിൽ നിന്നും രൂപമെടുത്ത ശിവപുത്രിയായും ഭക്തവത്സലയായ ഭദ്രകാളിയെ ആരാധിക്കുന്നു.
ശ്രീ മഹാരുദ്രന്റെ നേത്രങ്ങളിൽ നിന്നും ജന്മമെടുത്ത രക്തബീജൻ എന്ന അസുരനെ സംഹരിക്കുവാൻ രൂപമെടുത്ത ഘോരരൂപയുമാണ് ഐതിഹ്യങ്ങളിൽ ഭദ്രകാളി.
ഇങ്ങനെ അനേകരൂപ ഭാവങ്ങളിൽ ഭക്തരുടെ മനസുകളിൽ നിറയുന്ന കാളി അർഹിക്കുന്നവർക്ക് ചൊരിയുന്ന അനുഗ്രഹവർഷത്തിന് കണക്കില്ല.
ചിലപ്പോൾ അമ്മ ഭയങ്കര രൂപിണിയായി ദംഷ്ട്രകൾ കാട്ടി ചിരിച്ചു കൊണ്ട് വരും. വെള്ളപ്പുരികക്കൊടികൾ ഇളക്കി കണ്ണുമിഴിച്ചും ദീർഘശ്വാസം ചെയ്തും വരും.
ശൂരയായും അഹങ്കാരിയായും നീർമാതള ദലങ്ങളുടെ കാന്തിയോടെ മുന്നിലെത്തും.
അത്ഭുതരൂപിണിയായി ചെമ്പട്ടുടുത്തു വരും. ചെഞ്ചോരചിന്തുന്ന പച്ച മാംസം ഭക്ഷിച്ചും വരും. കടും ചുമപ്പുള്ള ചോരയൊലിക്കുന്ന തലയോട്ടികൾ കോർത്ത മാല ധരിച്ചും ഭക്തമാനസങ്ങളിലെത്തും.
അറിഞ്ഞോ അറിയാതെയോ മക്കൾക്ക്
പറ്റുന്ന തെറ്റുകൾക്ക് പരിഹാരം കാണുന്ന ഭദ്രകാളി അമ്മ എപ്പോഴും തന്റെ സന്തതികളെ നേർവഴിക്ക് നയിച്ച് ദോഷങ്ങൾ തീർക്കും. അപ്പോൾ അവരുടെ ജീവിതത്തിൽ ഐശ്വര്യങ്ങൾ സമാഗതമാകും.
ALSO READ
കാഴ്ചയിൽ ഭയങ്കരിയായ കാളി ഒരു ശിശുവിന്റെ നേരിയ കരച്ചിൽ മതി പിന്നെ സഹാനുഭൂതിയുടെ അക്ഷയപാത്രമായ പാവം അമ്മയായി മാറും. ദേവീമഹാത്മ്യത്തിൽ ദുർഗ്ഗാ ഭഗവതിയുടെ രൗദ്രരൂപമായി ഭദ്രകാളിയെ അവതരിപ്പിക്കുന്നു. എല്ലാ ദേവതകളും ദുർഗ്ഗയിൽ കുടികൊള്ളുന്നു.
ദംഷ്ട്രകളുള്ള ചുണ്ടുകൾ, അടക്കാനാവാത്ത ദേഷ്യം കൊണ്ട് ചുവന്ന് ജ്വലിക്കുന്ന കണ്ണുകൾ, നീണ്ട തലമുടിയുടെ അറ്റം വരെ ചെങ്കുറിക്കൂട്ട് , കയ്യിൽ ശൂലവും ദണ്ഡും. പിശാചുക്കളാണ് കാളിയെ സേവിക്കുവാൻ ചുറ്റിലുമുള്ളത്. ഈ പിശാചുക്കളുടെ ചുമലിൽ കയറ്റി പ്രപഞ്ചമാകെയുള്ള ദുഷ്ടരെ സംഹരിച്ച് ശിഷ്ടരെ എപ്പോഴും രക്ഷിക്കുന്ന ഭദ്രകാളിയാണ് ഒരർത്ഥത്തിൽ മലയാളത്തിന്റെ പരദേവത. കാരണം കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന മൂർത്തിയാണ് കാളി. ഇവിടെ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ളത് ഭദ്രകാളിക്കാണ്.
കുടുംബദേവതയായി കാളിയെ പൂജിക്കുന്നവർ, ഇടവം, കർക്കടകം, കന്നി, വൃശ്ചികം, മകരം, മീനം രാശികളിൽ ചൊവ്വ നിൽക്കുന്നവർ, ചൊവ്വ ദോഷമുള്ളവർ, മീനക്കൂറിൽ ജനിച്ചവർ, ചൊവ്വ ഒൻപതിൽ നിൽക്കുന്നവർ ചന്ദ്രബലമില്ലാതെ വൃശ്ചികക്കുറിൽ ജനിച്ചവർ, ചൊവ്വ ദശയിലുള്ള അശ്വതി, കാർത്തിക, ഉത്രം, ഉത്രാടം, മകം, മൂലം, പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാർ, ഭരണി, പുണർതം, ആയില്യം, പൂരം, വിശാഖം, തൃക്കേട്ട, പൂരാടം, പൂരുരുട്ടാതി, രേവതി നക്ഷതങ്ങളിൽ ജനിച്ചവർ, പതിവായി ഭദ്രകാളിയെ ആരാധിക്കുന്നവർ എന്നിവർക്ക് കാളീപ്രീതി ക്ഷിപ്രഫലം നൽകും. ഇവർ നിത്യവും ഭദ്രകാളിയുടെ ധ്യാനവും മൂലമന്ത്രവും ജപിച്ചാൽ ആഗ്രഹങ്ങളെല്ലാം സാധിക്കും. പെട്ടെന്നുള്ള ഫലസിദ്ധിക്ക് രാവിലെയും വൈകിട്ടും 108 തവണ വീതം ജപിക്കുക. ഒപ്പം കാളിയുടെ പ്രാർത്ഥനാ മന്ത്രങ്ങൾ ജപിക്കുന്നതും നല്ലതാണ്.
ധ്യാനം
ഓം കാളീം മേഘസമപ്രഭാം
ത്രിനയനാം
വേതാള കണ്ഠസ്ഥിതാം ഖഡ്ഗ
ഖേടകപാല ദാരിക ശിരഃ കൃത്വാ
കരാഗ്രേഷു ച
ഭൂതപ്രേത പിശാചമാതൃ സവിതാം
മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദി
വിപദാം സംഹാരിണീമീശ്വരീം
മൂലമന്ത്രം
ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ
പ്രാർത്ഥനാ മന്ത്രം
കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധർമ്മം ച
മാം ച പാലയ പാലയ
ജ്യോതിഷരത്നം വേണുമഹാദേവ്
+91 9847475559
Story Summary: Significance of Bhadra Kali worshipping
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Copyright @ 2025 NeramOnline.com . All rights reserved