യത്ര യത്ര രഘുനാഥ കീർത്തനം
തത്ര യത്ര കൃതമസ്തകാഞ്ജലിം
ബാഷ്പവാരി പരിപൂർണ്ണലോചനം
മാരുതിം നമതരാക്ഷരാസന്തകം
ഓം ഹം ഹനുമതേ നമഃ
കേരളത്തിൽ ഹനുമദ് ജയന്തി ആഘോഷിക്കുന്നത് ധനുവിലെ മൂലം നക്ഷത്രമായ 2025 ഡിസംബർ 20 ശനിയാഴ്ചയാണ്. തിരുവനന്തപുരം പാളയം ഹനുമാൻസ്വാമി ക്ഷേത്രത്തിലും കവിയൂർ ഹനുമാൻ ക്ഷേത്രത്തിലും ഈ ദിവസം മഹോത്സവമായാണ് ആചരിക്കുന്നത്. കവിയൂർ ക്ഷേത്രത്തിൽ ധനുവിലെ മൂലം നക്ഷത്രം പ്രതിഷ്ഠാ ദിനമാണ്. പാളയത്ത് അയ്യാസ്വാമിക്ക് ഹനുമദ് ദർശനം ലഭിച്ച ദിവസം കൂടിയാണിത് – എന്നാൽ കേരളത്തിനും തമിഴ്നാടിനും പുറത്തും ശ്രീരാമനവമിക്ക് ശേഷമുള്ള പൗർണ്ണമിയാണ് ഹനുമദ് ജയന്തിയായി ആചരിക്കുന്നത്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത ദിനങ്ങളിലാണ് ഹനുമദ് ജയന്തി ആഘോഷം ഉത്തരേന്ത്യയിൽ മുഖ്യമായും ഹനുമദ് ജയന്തി ചൈത്രമാസത്തിലെ പൂർണ്ണിമയായ ചിത്രാപൗർണ്ണമിക്കാണ് – 2026 ഏപ്രിൽ 2, 1201 മീനം 19 വ്യാഴാഴ്ച.
ശ്രീരാമജയം ജപിക്കണം
ശ്രീരാമജയം എന്ന ഒരൊറ്റ സ്തുതി കൊണ്ടുതന്നെ സംപ്രീതനാകുന്ന ഹനുമാൻ സ്വാമിയെ അഭീഷ്ടസിദ്ധിക്ക് ഭജിക്കാൻ പറ്റിയ ഏറ്റവും നല്ല ദിവസമാണ് ഹനുമദ് ജയന്തി. നമ്മുടെ സങ്കടങ്ങൾ ശ്രീരാമദാസനായ ഹനുമാൻ സ്വാമിയോട് പറഞ്ഞ് പ്രാർത്ഥിച്ചാൽ മതി തീർച്ചയായും ഫലമുണ്ടാകും. ഈ വർഷത്തെ ഹനുമദ് ജയന്തി ഭഗവത് പ്രീതി നേടാൻ സുപ്രധാനമായ ദിവസങ്ങളിൽ ഒന്നായ ശനിയാഴ്ച വരുന്നത് കൂടുതൽ വിശേഷമായി പറയുന്നു. ചൊവ്വ, വ്യാഴം എന്നിവയാണ് ഹനുമദ് പ്രധാനമായ മറ്റ് ദിവസങ്ങൾ. ആഞ്ജനേയ ഭക്തരെല്ലാം ഭഗവാന്റെ അവതാര ദിനം കൊണ്ടാടാൻ ധനു മാസത്തിലെ മൂലം നക്ഷത്ര ദിവസം ഹനുമാൻ ക്ഷേത്രങ്ങളിലേക്ക് ഒഴുകും. അന്നത്തെ വഴിപാടുകൾക്കും ജപത്തിനും വിശേഷ ഫലം ലഭിക്കും.
അസാദ്ധ്യമായതും നടത്തിത്തരും
കരുത്തിന്റെയും ബുദ്ധിയുടെയും അചഞ്ചല ഭക്തിയുടെയും വിശ്വാസത്തിന്റെയും പ്രതീകമായ ഹനുമാൻ സ്വാമിയുടെ അലങ്കാരവും ആയുധവും തിന്മയെ നിഗ്രഹിക്കുന്ന ഗദയാണ്. ചിരഞ്ജീവിയായ ഹനുമാനെ ഭജിക്കുന്നതിലൂടെ എല്ലാ ഐശ്വര്യങ്ങളും വന്നുചേരും. അസാദ്ധ്യമായ കാര്യങ്ങൾ വരെ ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്താൽ സാദ്ധ്യമാകുന്നത് അനേക കോടി ഭക്തരുടെ അനുഭവമാണ്.
ആലത്തിയൂർ പെരുംതൃക്കോവിൽ
കേരളത്തിൽ ആലത്തിയൂർ, കണ്ണൂർ മക്രേരി, കവിയൂർ ശിവക്ഷേത്രം, തിരുവനന്തപുരം പാളയം ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിലും തമിഴ്നാട്ടിൽ നാഗനല്ലൂർ, നാമക്കൽ, ശുചീന്ദ്രം, തൃക്കാവിയൂർ തുടങ്ങിയ സന്നിധികളിലും ധനുവിലെ മൂലം നക്ഷത്ര ദിവസമായ 2025 ഡിസംബർ 20 ന് ജയന്തി ആഘോഷം നടക്കും. കേരളത്തിലെ ഏറ്റവും പ്രധാന ഹനുമദ് സന്നിധിയായ ആലത്തിയൂർ ഹനുമാൻ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂരിനടുത്താണ്. ശ്രീരാമനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ഹനുമാൻ സ്വാമിക്കാണ് ഇവിടെ പ്രാധാന്യം. ആലത്തിയൂർ പെരുംതൃക്കോവിൽ എന്നും ഇത് അറിയപ്പെടുന്നു.
മക്രേരി ഹനുമാൻ സ്വാമി
കണ്ണൂരില്‍ നിന്നും 18 കിലോമീറ്ററുണ്ട് മക്രേരി ഹനുമാൻ സ്വാമി ക്ഷേത്രത്തിലേക്ക്. സുബ്രഹ്മണ്യനാണ് ഇവിടെ പ്രധാന പ്രതിഷ്ഠയെങ്കിലും പ്രത്യേകം പ്രതിഷ്ഠ ഇല്ലാത്ത ഹനുമാൻ്റെ സാന്നിധ്യം അതിശക്തമാണ്.
ALSO READ
കവിയൂർ ഹനുമാൻ സ്വാമി
തിരുവല്ലക്ക് സമീപം കവിയൂരില്‍ ശിവ ക്ഷേത്രം ആണെങ്കിലും പ്രസിദ്ധി ഹനുമാൻ സ്വാമിക്കാണ്. അരയടിയുള്ള മനോഹരമായ പഞ്ചലോഹ വിഗ്രഹമാണ് ഇവിടുത്തെ ഹനുമാൻ. ധനുമാസത്തിലെ മൂലം നക്ഷത്രത്തിന് എല്ലാ വർഷവും ഇവിടെ ഹനുമദ് ജയന്തി അതിഗംഭീരമായി ആഘോഷിക്കുന്നു. ഏഴുദിവസത്തെ ചടങ്ങുകൾ ഉണ്ട്. ഏഴാം ദിവസം കളഭാഭിഷേകം, ഘോഷയാത്ര, പുഷ്പാഭിഷേകം എന്നീ ചടങ്ങുകളുണ്ട്.
പാളയം ഹനുമാൻ സ്വാമി ക്ഷേത്രം
തിരുവനന്തപുരം പാളയം ഒടിസി ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ പൊതു പുഷ്പാഭിഷേകമാണ് ജയന്തി ആഘോഷത്തിന്റെ സവിശേഷത. അന്ന് അഷ്ടാഭിഷേകം, ദ്രവ്യകലശം, വട നിവേദ്യം, വടമാല, അപ്പം, അവിൽ നിവേദ്യം, ഇടിച്ചു പിഴിഞ്ഞ പായസം, അരവണ, വിശേഷാൽ പാൽപായസം, പഞ്ചാമൃതം, അവിൽ പന്തിരുന്നാഴി നിവേദ്യം തുടങ്ങിയ വഴിപാടുകൾ ഉണ്ടാകും. നെൽപ്പറ, അവിൽ പറ, ഉഴുന്ന പറ എന്നിവ നടത്താൻ സൗകര്യം കാണും. ഡിസംബർ 20 ന് രാത്രി 7:30 നാണ് പൊതു പുഷ്പാഭിഷേകം.
പാങ്ങോട് ഹനുമാൻ സ്വാമി ക്ഷേത്രം
തിരുവനന്തപുരത്ത് അകലെയുള്ള പാങ്ങോട് മിലിട്ടറി ക്യാമ്പിനടുത്ത് ധാരാളം സവിശേഷതകളുള്ള ഒരു ഹനുമാൻ സ്വാമി ക്ഷേത്രമുണ്ട് – പാങ്ങോട് ഹനുമാൻ സ്വാമി ക്ഷേത്രം. വിഷ്ണുഭക്ത സങ്കൽപ്പത്തിലാണ് ഇവിടത്തെ ഹനുമദ് വിഗ്രഹം. ഹനുമാൻ സ്വാമിയുടെ വലതുവശത്തായി മഹാദേവനും ഇടതുവശത്ത് മഹാവിഷ്ണു പ്രതിഷ്ഠയും ഉണ്ടെന്നുള്ളതാണ് മറ്റൊരു സവിശേഷത. പഴവങ്ങാടി ഗണപതി ക്ഷേത്രം പോലെ ഇന്ത്യൻ കരസേനയുടെ മദ്രാസ് റെജിമെൻ്റാണ് ഈ ക്ഷേത്രകാര്യങ്ങൾ നോക്കി നടത്തുന്നത്. ഇവിടെയും ധനുവിലെ കറുത്തവാവിനോട് ചേർന്ന് വരുന്ന മൂലം നാളിലാണ് ജയന്തി ആഘോഷം
ശുചീന്ദ്രത്തെ ഒറ്റക്കൽ വിഗ്രഹം
ശുചീന്ദ്രം ക്ഷേത്രത്തിലാണ് ഹനുമാൻ്റെ എറ്റവും വലിയ ഒറ്റക്കൽ വിഗ്രഹമുള്ളത്. 18 – 22 ഉയരത്തിലുള്ള ഈ ദീർഘകായ ഹനുമദ് രൂപം സമുദ്രത്തിലേക്ക് ചാടാന്‍ തുനിയുന്ന ആഞ്ജനേയ പ്രതീകമായി സങ്കല്പിക്കുന്നു. ഡിസംബർ 20 നാണ് ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിൽ ആഞ്ജനേയ ജയന്തി ആഘോഷം. അന്ന് പുലർച്ചെ 5ന് ശ്രീരാമന് അഭിഷേകം നടക്കും. ഇവിടെ
ചിത്രാ പൗർണ്ണമിയും പ്രധാനമാണ്. വടമാലയും വെണ്ണയും വെറ്റിലമാല സമർപ്പണവുമാണ് പ്രധാനപ്പെട്ട വഴിപാടുകൾ.
ശ്രീ ഹനുമദ് സ്‌തോത്രം
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ ഹനുമദ് സ്തോത്രം കേൾക്കാം :
പി.എം. ബിനുകുമാർ,
+919447694053
Story Summary: Hanuman Swami Jayanthi Festival 2025 on December 20 in Kerala and Tamil Nadu
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Copyright 2025 NeramOnline.com . All rights reserved