Wednesday, December 31, 2025
Wednesday, December 31, 2025
Home » കോടി ജന്മം പുണ്യം ഒരു ദുർവ്വാങ്കുര പുഷ്പാഞ്ജലി

കോടി ജന്മം പുണ്യം ഒരു ദുർവ്വാങ്കുര പുഷ്പാഞ്ജലി

by ബീനാരഞ്ജിനി
0 comments

പണ്ട് പണ്ട് ദക്ഷിണദിക്കിൽ ജാംബ എന്നൊരു നഗരം ഉണ്ടായിരുന്നു. ബുദ്ധിയും സിദ്ധിയും നൽകി സകല ചരാചരങ്ങളെയും സമ്പന്നനാക്കുന്ന ഗണപതി ഭഗവാനെ
ആരാധിക്കുന്നവരുടെ ഭൂമികയായിരുന്നു ആ നഗരം. അപാരമായ ഗണേശ കൃപയുടെ മധുരം നുകരാത്ത ഒരാൾ പോലും ആ മഹിത ഭൂവിൽ ഉണ്ടായിരുന്നില്ല.

സുലഭൻ എന്ന ക്ഷത്രിയനായിരുന്നു ജംബാ നഗരപാലകൻ. തികച്ചും ദാനശീലൻ. സൽഗുണ സമ്പൂർണ്ണൻ. വേദത്തിൻ്റെ നാനാർത്ഥങ്ങൾ അറിഞ്ഞ മഹാജ്ഞാനി. പക്ഷേ ഇതിനെല്ലാം ഉപരി അദ്ദേഹം കറതീർന്ന ഗണേശഭക്തനായിരുന്നു.

അപ്സരസ്സുകളെ വെല്ലുന്നൊരു സുന്ദരിയായിരുന്നു സുലഭൻ്റെ സഹധർമ്മിണി സുമുദ്ര. സൗന്ദര്യം കൊണ്ട് ആർക്കും തോല്പിക്കാനാകാത്ത രൂപവതിയായ അവൾ അതുപോലെ തന്നെ സദ്ഗുണസമ്പന്നയും പതിവ്രതയും ആയിരുന്നു.

ഒരു നാൾ സുലഭനും സുമുദ്രയും കുളി കഴിഞ്ഞ് നിത്യകർമ്മങ്ങൾക്ക് ഒരുങ്ങിയിരിക്കുന്ന വേളയിൽ തപസ്വിയായ മധുസൂദനൻ എന്നൊരു ബ്രാഹ്മണൻ അവരുടെ മുന്നിൽ ഭിക്ഷ യാചിച്ചെത്തി. മുഷിഞ്ഞ വസ്ത്രം ധരിച്ച, കീറിപ്പറിഞ്ഞ ഉത്തരീയമിട്ട അയാളെ കണ്ടതും നഗര പാലകനും പത്നിയും നമസ്കരിച്ചു.
എന്നാൽ അവർക്ക് ബ്രാഹ്മണൻ്റെ വേഷത്തോട് ഉള്ളിൽ തോന്നിയ പുച്ഛം മറച്ചു വയ്ക്കാൻ കഴിഞ്ഞില്ല. അയാളുടെ വേഷത്തെ നിന്ദിച്ച് അവർ സംസാരിക്കുക
തന്നെ ചെയ്തു.

ഈ ദുർഭാഷണം മധുസൂദനനെ ക്രുദ്ധനാക്കി. കോപത്താൽ അയാളുടെ കണ്ണുകൾ ചുവന്നു കലങ്ങി. സംഹാരരുദ്രനായി മാറിയ അയാൾ സുലഭനെ ശപിച്ചു:

ALSO READ

” കലപ്പയും കഴുത്തിലേറ്റി വയലുകൾ ഉഴുതു മറിക്കുന്ന ഒരു വൃഷഭമായി നീ മാറട്ടെ ” എന്നായിരുന്നു ശാപം

ബ്രാഹ്മണ ശാപത്തിൽ നടുങ്ങിപ്പോയ സുലഭൻ്റെ ധർമ്മപത്നി സുമുദ്രയ്ക്ക് അപ്പോൾ കോപമടക്കാൻ കഴിഞ്ഞില്ല. പാതിവ്രത്യ ശക്തിയാൽ ശാപ ശക്തിയാർജ്ജിച്ചിരുന്ന അവൾ മധുസൂദനനെയും ശപിച്ചു.

” നീ മലിനവസ്‌തുക്കൾ മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ഒരു കഴുതയായിത്തീരട്ടെ” എന്നായിരുന്നു അവളുടെ ശാപം.

ഇതു കേട്ട ബ്രാഹ്മണൻ നീ ഒരു ചണ്ഡാലിയായി മാറട്ടെ എന്ന് സുമുദ്രയെയും ശപിച്ചു. ഇങ്ങനെ അവർ പരസ്പരം ശാപം ചൊരിഞ്ഞതിൻ്റെ ഫലമായി മൂന്നു പേർക്കും മനുഷ്യരൂപം നഷ്ടമായി. ജന്തുക്കളുടെ ജന്മം പേറാൻ അവർ നിർബ്ബന്ധിതരായി.

പരസ്പര ശാപത്തിലേക്ക് നയിച്ച ദുർഭാഷണം Pic Design: Prashant Balakrishnan

രണ്ട്
കലപ്പയുമേന്തി വിശ്രമമില്ലാതെ നിലം ഉഴുന്ന കാളയായി സുലഭൻ കറങ്ങിത്തിരിഞ്ഞു. എപ്പോഴും വിഴുപ്പും ചുമന്ന് മധുസൂദനെന്ന ബ്രാഹ്മണൻ കഴുതയായി സഞ്ചരിച്ചു. ചണ്ഡാലിയായി മാറിയ സമുദ്ര ജന്തുക്കളെ കൊന്ന് തിന്ന് മലിന വസ്‌തുക്കൾ കഴിച്ച് വികൃതശരീരയായി കഴിഞ്ഞു.

കാലക്രമേണ സമുദ്രയുടെ ശരീരം മെലിഞ്ഞു. മുഖത്ത് കോന്ത്രപ്പല്ല് പ്രത്യക്ഷപ്പെട്ടു. തികച്ചും വികൃത മുഖത്തോട് കൂടിയും അവൾ ഏവർക്കും പരിഹാസ്യയായി.

ഇതിനിടയിൽ ഒരു ദിവസം സമുദ്ര നഗരത്തിന്റെ ദക്ഷിണദിക്ക് പ്രൗഢമായ ഒരു ഗണേശ മന്ദിരം കണ്ടു. പലതരം വൃക്ഷലതാദികളും പക്ഷിമൃഗാദികളും അവിടെ കാണപ്പെട്ടു. ആ ഗണേശ സവിധത്തിൽ യോഗീശ്വരന്മാർ ധ്യാന നിരതയായിരിക്കുന്നതും അവളുടെ ശ്രദ്ധയെ
ആകർഷിച്ചു. ഗണേശനെ ഭജിച്ച് വ്രതമെടുക്കുന്നവരും അവിടെ ഉണ്ടായിരുന്നു. ചിലർക്ക് ലൗകിക കാര്യങ്ങളിൽ താല്പര്യം. മറ്റു ചിലർക്ക് സമ്പത്തിലും സമൃദ്ധിയിലും ആഗ്രഹം. വേറെ ചിലർക്ക് സന്താനലബ്ധി വേണം. ഇങ്ങനെ വിവിധ കാര്യസിദ്ധിക്ക് ഭക്തർ ഗണപതിയെ
വന്ദിക്കുന്നത് കണ്ടപ്പോൾ ചണ്ഡാലിയായി ജീവിച്ച സമുദ്രയുടെ മനസ്സിലും ഗണേശ പ്രീതിക്കുള്ള അഭിലാഷം ജനിച്ചു.

അങ്ങനെയിരിക്കെ ഭാദ്രപദമാസം വന്നു. ഗണേശ ഭഗവാൻ്റെ അവതാരപ്പിറവി ആചരിക്കുന്ന ശുക്ലപക്ഷ ചതുർത്ഥിയിൽ അവിടെ ഗണേശോത്സവം തുടങ്ങി.
ഉത്സവം കൊടുമ്പിരിക്കൊണ്ട നേരത്ത് ഇടി വെട്ടി പെരുമഴ പെയ്തു. മഹാപ്രളയത്തിൻ്റ സൂചന നൽകിയ ഈ പേമാരിയിൽ നിന്ന് രക്ഷപ്പെടാൻ ചണ്ഡാലി എവിടെയെല്ലാമോ അഭയം തേടി. അവിടെ നിന്നെല്ലാം
വിരൂപയായ അവളെ ജനങ്ങൾ ആട്ടിപ്പായിച്ചു. അവസാനത്തെ ആശ്രയമായി അവൾ കണ്ടത് ഗണേശ മന്ദിരമായിരുന്നു. തണുത്തു വിറങ്ങലിച്ച അവൾ കയ്യിലെ ചട്ടിയിൽ കുറച്ച് തീയുമായിട്ടാണ്. അവൾ എത്തിയത്. ദേഹം ചൂടു പിടിപ്പിക്കാനായി അവൾ കറുകപ്പുല്ലു കത്തിച്ചു. പെട്ടെന്നുണ്ടായ കാറ്റിൽ ഒരു കറുകനാമ്പ് പറന്ന് ഗണേശ വിഗ്രഹത്തിൻ്റെ ശിരസ്സിൽ പതിച്ചു. അതേ സമയം കഴുതയായി നടന്ന ബ്രാഹ്മണനും ആ ക്ഷേത്രത്തിലെത്തി. തണുപ്പിൽ നിന്നും രക്ഷ തേടിയാണ് കഴുതയും അവിടെയെത്തിയത്. പെരുമഴ കാരണം കലപ്പയിൽ നിന്നും മോചിപ്പിക്കപ്പെട്ട കാളയുടെ രൂപം ധരിച്ച സുലഭനും അവിടെ എത്തി. ചണ്ഡാലിയുടെ കയ്യിൽ നിന്നും ലഭിച്ച പുല്ല് കഴുതയും കാളയും ഭക്ഷിച്ച് വിശപ്പടക്കി. ആളുകൾ ഉറക്കമായപ്പോൾ കഴുതയും കാളയും തമ്മിൽ കറുകപ്പുല്ലിന് പോരടിച്ചു.

പരസ്പര കലഹത്തിനിടയിൽ അവരുടെ വായിൽ നിന്നും കറുക പുല്ലിന്റെ നാമ്പുകൾ ഗണേശ ഭഗവാൻ്റെ വിഗ്രഹത്തിൻ്റെ തുമ്പിക്കൈയിലും കാലിലും വീഴാനിടയായി. ഇതു ഗണേശന് സന്തോഷം നൽകി.
കാളയുടെയും കഴുതയുടെയും പോര് ശമിപ്പിക്കാൻ ചണ്ഡാലി ഒരു വടിയുമെടുത്ത് ഗണേശ വിഗ്രഹത്തിൻ്റെ സമീപത്തെത്തി. അവൾ കഴുതയേയും കാളയേയും
തല്ലി ക്ഷേത്രത്തിന് പുറത്താക്കി. ബഹളം കേട്ട് അവിടെ വിശ്രമിച്ചിരുന്നവർ ഉണർന്നു. അവർ ചണ്ഡാലിയെയും അടിച്ചോടിക്കുക മാത്രമല്ല ക്രൂരമായി മർദ്ദിക്കുകയും
ചെയ്തു.

ചണ്ഡാലിയെയും മൃഗങ്ങളെയും തുരത്തിയ ശേഷം. അവളുടേയും കഴുതയുടേയും കാളയുടെയും സ്പർശം കൊണ്ട് മലിനമായ ഗണേശവിഗ്രഹം അവർ പുണ്യാഹം
അഭിഷേകം ചെയ്ത് ശുദ്ധമാക്കി. കാളയേയും കഴുതയേയും ചണ്ഡാലിയേയും ക്ഷേത്രത്തിനു വെളിയിൽ പെരുമഴയിൽ നിറുത്തി ഭക്തർ ക്ഷേത്ര വാതിൽ ബന്ധിച്ചു.

കരകവിഞ്ഞൊഴുകിയ ഗണേശ കാരുണ്യം

മൂന്ന്
മഴ നനഞ്ഞു നിന്നു ചണ്ഡാലിയുയും രണ്ടു
ജന്തുകളുടെയും ദീന രൂപം ഗണേശ ഭഗവാൻ്റെ മനസ്സ് ഇളക്കി. കറുകനാമ്പ് കൊണ്ട് എന്നെ അർച്ചിച്ച ഇവർ
കാരണം തനിക്ക് ഒരിക്കൽ കൂടി അഭിഷേകവും പൂജയും ലഭിച്ചല്ലോ എന്ന് ചിന്തിച്ചപ്പോൾ ഭഗവാന് അവരോടുള്ള കാരുണ്യം പെരുമഴയ്ക്കപ്പുറം കര
കവിഞ്ഞൊഴുകി. മാത്രമല്ല പലതവണ ഇവർ തന്നെ പ്രദക്ഷിണം വയ്ക്കുകയും ചെയ്തു. തീർച്ചയായും ഇവർ വെറും കരുണ മാത്രമല്ല മുന്തിയ പരിഗണനയും അർഹിക്കുന്നു. അങ്ങനെ വിവിധ കാരണങ്ങളാൽ
ഇവർ ഇപ്പോൾ എനിക്ക് അഭിമതരും പ്രിയങ്കരരും ആയിരിക്കുന്നു . അതിനാൽ ഇവരെ വിമാനത്തിൽ കയറ്റി എൻ്റെ പരിധാമത്തിൽ ഇവരെ അയക്കണം. ഇങ്ങനെ ചിന്തിച്ച് ഗണേശൻ തന്റെ ഗണദേവതകളോടൊപ്പം വിമാനമം അയയ്ക്കുകയും അവരെ സ്വർഗ്ഗത്തിലേയ്ക്ക് നയിക്കുകയും ചെയ്തു.

വിമാനത്തിൽ കയറ്റിയ ഉടൻ തന്നെ അവർക്ക് ദിവ്യദേഹം ഉണ്ടാവുകയും താമസിയാതെ അവർ മറ്റുള്ളവർ കാൺകെ ഗണേശധാമം പ്രാപിക്കുകയും ചെയ്തു. ഇതു കണ്ട് ധ്യാനത്തിലിരുന്ന ഭക്തന്മാർ ധ്യാനം നിർത്തി ഇവർക്ക് അഭ്യുദയമുണ്ടാകാനുള്ള കാരണമെന്തെന്ന് ഗണങ്ങളോട് ചോദിച്ചു. ഇവർ മൂവരും പാപികളാണെന്നിരിക്കേ ഇവർക്ക് എങ്ങനെ സ്വർഗ്ഗതി കൈവന്നു എന്നാണ് ഭക്‌തന്മാർ ചിന്തിച്ചത്. അതറിയാനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചു. തങ്ങൾ അനേക കാലത്തെ തപസ്സു ചെയ്തിട്ടും ലഭിക്കാത്ത പദവിയാണിവർക്ക് കൈവന്നിട്ടുള്ളത്. വായു ഭക്ഷിച്ചും കഠിനമായ അനുഷ്ഠാനത്തിലേർപ്പെട്ടും ഗണേശനെ ഭജിക്കുന്ന ഞങ്ങൾക്കെന്നാണ് ഗണേശധാമത്തിൽ പ്രവേശനം ലഭിക്കുക എന്നറിയാൻ അവർ താത്പര്യപ്പെട്ടു. തങ്ങളുടെ അന്വേഷണത്തിന് മറുപടി നൽകണമെന്ന് അവർ ഗണദേവതകളോട് അഭ്യർത്ഥിച്ചു.

നാല്
ഗണദേവതകൾ ഭക്തരോട് പറഞ്ഞു. “അല്ലയോ യോഗീശ്വരന്മാരേ, ഗണപതിയുടെ ലീലാവിലാസങ്ങളെപ്പറ്റി പറയാൻ നാന്മുഖനായ ബ്രഹ്മാവിനു മാത്രമേ കഴിയുകയുള്ളൂ. എങ്കിലും ഞങ്ങളുടെ അറിവിനനുസരിച്ചു പറയാം. ദുർവാങ്കുരങ്ങളുടെ മഹിമ മുനിമാർക്കു പോലും അറിവില്ല. മറ്റു വിധികൾ കൊണ്ട് സാധിക്കാത്ത കാര്യം ഇതു കൊണ്ടു സാധിക്കാം.

ഇക്കാര്യം വെളിപ്പെടുത്താൻ പണ്ട് നാരദനും ഇന്ദ്രനും തമ്മിലുണ്ടായ സംവാദം ഇവിടെ ഉദാഹരിക്കാം.

ഒരിക്കൽ നാരദൻ ഇന്ദ്രനെ കാണുവാൻ പോയി. വേണ്ടതു പോലെ നാരദനെ സ്വീകരിച്ച് ഇരുത്തിയതിനുശേഷം ഇന്ദ്രൻ കറുകപ്പുല്ല് ഗണപതിക്ക് പ്രിയങ്കരമാകാനുള്ള കാരണം ചോദിച്ചു. എന്തുകൊണ്ടാണ് ഗണേശൻ കറുകപ്പുല്ലിന് മറ്റെന്തു പൂജാദ്രവ്യങ്ങളെക്കാളും ഇഷ്ടപ്പെടുന്നത്. നാരദമഹർഷി ഇന്ദ്രൻ വാക്കുകൾ കേട്ടിട്ട് താൻ അറിഞ്ഞിടത്തോളം ഇതിൻ്റെ അടിസ്ഥാനം പറയുവാനാരംഭിച്ചു.

സ്ഥാവരമെന്നു പേരുള്ള നഗരത്തിൽ പണ്ട് കൗണ്ഡിന്യൻ എന്നുപേരുള്ള ഒരു മഹാമുനി ഉണ്ടായിരുന്നു. തപോബലമുള്ളവനായ അദ്ദേഹം ഗജമുഖൻ്റെ ഉപാസകനായിരുന്നു. ഗ്രാമത്തിൻ്റെ തെക്കുഭാഗത്തായി രമണീയമായ ഒരു ആശ്രമം സ്ഥിതി ചെയ്തിരുന്നു. വിവിധ തണൽ വൃക്ഷങ്ങൾ ഇടതൂർന്നു നിൽക്കുന്നതും താമര വിടർന്നു നില്ക്കുന്നതുമായ സരസ്സോടു കൂടിയതുമായ ആ പ്രദേശം മനോഹരമായിരുന്നു. അന്നം, കുളക്കോഴി തുടങ്ങിയ ജലജന്തുക്കളും വണ്ട്, തേനീച്ച തുടങ്ങിയ ശലഭങ്ങളും ആ പ്രദേശത്തെ ശബ്ദായമാനമാക്കി. അവിടെ കൗണ്ഡിന്യൻ ധ്യാനനിരതനായി തപസ്സു ചെയ്തു. മുമ്പിൽ ഗണേശൻ്റെ ഒരു ബിംബം സ്ഥാപിച്ചിട്ട് അതിൽ കറുകപ്പുല്ല് ഉൾപ്പടെയുള്ള പൂജാദ്രവ്യങ്ങൾ ഉപയോഗിച്ച് ആരാധിച്ചു. ദേവന് സന്തോഷപ്രദമായ ഷഡക്ഷര മന്ത്രമാണ് അദ്ദേഹം ജപിച്ചത്. അദ്ദേഹത്തിൻ്റെ പത്നിയായ ആശ്രയ എന്ന മഹതി ഇങ്ങനെ ചോദിച്ചു. “അല്ലയോ മുനേ, ഗജമുഖനെ പൂജിക്കാനായി എന്തിനാണ് ഇത്രമാത്രം കറുകപ്പുല്ല് ഉപയോഗിക്കുന്നത്. പുല്ലു കൊണ്ട് ആരെയെങ്കിലും
തൃപ്‌തിപ്പെടുത്താനാകുമോ? ഇതു കൊണ്ട് എന്തെങ്കിലും പുണ്യം ലഭിക്കു മെന്നുണ്ടെങ്കിൽ എന്നോടു പറയുക.“ ഇതു കേട്ട് കൗണ്ഡിന്യൻ കറുകപ്പുല്ലിന്റെ മാഹാത്മ്യം പറയാനാരംഭിച്ചു.

അഞ്ച്
യമധർമ്മൻ്റെ പുരിയിൽ പണ്ട് ഒരു ഉത്സവാഘോഷം നടന്നു. ദേവന്മാരും ഗന്ധർവ്വന്മാരും അപ്സരസ്സുകളും ചാരണന്മാരുമൊക്കെ അപ്പോൾ എത്തിച്ചേർന്നിരുന്നു. തിലോത്തമ നൃത്തം ചെയ്യുന്നതിനിടയിൽ അവളുടെ അംഗവസ്ത്രം താഴെ വീഴാനിടയായി. അപ്പോൾ അവളുടെ മനോഹരമായ സ്‌തനങ്ങൾ കണ്ടിട്ട് യമധർമ്മന് കാമവികാരം തോന്നി. അവളെ
കെട്ടിപ്പിടിക്കാനും ചുംബിക്കാനും അദ്ദേഹത്തിന് അഭിലാഷമുണ്ടായി. അതിനാൽ അദ്ദേഹം മുഖം കുനിച്ച് സദസ്സിൽ നിന്നും പുറത്തേയ്ക്ക് പോയി. പോകുന്ന വഴിയിൽ അദ്ദേഹത്തിന്റെ രേതസ്സ് (ബീജം) ഭൂമിയിൽ പതിച്ചു. അതിൽ നിന്നും വികൃതമായ മുഖമുള്ള ജ്വാലാമാലിയെന്ന പുരുഷനുണ്ടായി, അയാളുടെ ജട ആകാശത്തു മുട്ടുമാറ് ഭീകരരൂപമുള്ളവനായിരുന്നു ആ ജീവി. ഭൂമിയെ ദഹിപ്പിച്ച അവനെക്കണ്ടിട്ട് മൂന്നുലോകരുടേയും മനസ്സ് ഭയതരളിതമായി. അവർ എല്ലാവരും കൂടി വിഷ്ണുവിനെ പോയി കണ്ട് സങ്കടം ഉണർത്തിച്ചു. വിഷ്ണുവാകട്ടെ ദേവന്മാരോടും മുനിമാരോടുമൊത്ത് ഗജമുഖനെ കാണാൻ പുറപ്പെട്ടു. വിഘ്നഹരനായ ദേവനെ അവരെല്ലാം ആരാധിച്ചു. അവരുടെ പ്രാർത്ഥന കേട്ട് ഗജമുഖൻ ഒരു ബാലൻ്റെ രൂപത്തിലാണ് പ്രത്യക്ഷനായത്. കോടി സൂര്യസമപ്രഭനും ദിവ്യലക്ഷണസമ്പന്നനുമായ ബാലനെക്കണ്ട് സദസ്യർ വന്ദിച്ചു. അനലാസുരനെ നിഗ്രഹിക്കാനായി അവതരിച്ചതാണ് ഗണേശൻ എന്ന് അവർക്കു തോന്നി. അതിനാൽ അവർ സ്തുതിപൂർവകമായി ആ ബാലനെ ആരാധിച്ചു. കാലാനലന്റെ രൂപം ധരിച്ച അസുരനെ വധിക്കാനായി ഗണേശൻ ബാലരൂപിയായി ഹിമവത് പർവതം പോലെ ഉറച്ചുനിന്നു.

ഗണേശ അനലാസുര യുദ്ധം

ആറ്
മുനിപത്നിയായ ആശ്രയ ഭർത്താവായ കൗണ്ഡിന്യ മഹർഷിയോട് ഇങ്ങനെ ചോദിച്ചു. “ദേവർഷിമാർ ബാലനെകണ്ട് ഭയന്നു നാലുപാടും ഓടിമറഞ്ഞപ്പോൾ അനലാസുരനെ വധിക്കാനായി ബാലരൂപം കൈക്കൊണ്ട ഗജമുഖൻ എന്താണ് ചെയ്തതെന്നറിയാൻ ആഗ്രഹിക്കുന്നു.”

കൗണ്ഡിന്യൻ ഇങ്ങനെ മറുപടി നല്‌കി. “ബാലനായ ഗജമുഖൻ പർവ്വതം പോലെ ഉറച്ചുനിലകൊണ്ടപ്പോൾ നേരിടാനായി അനലാസുരൻ എത്തിച്ചേർന്നു. രണ്ടുപേരും തമ്മിൽ തീക്ഷ്ണമായ ഏറ്റുമുട്ടൽ ഉണ്ടായി. മേഘഗർജ്ജനം പോലെയുള്ള ശബ്ദം കേട്ട് ഭയന്ന പക്ഷികൾ വൃക്ഷച്ചില്ലകളിൽ നിന്നും നിലം പതിച്ചു. സമുദ്രം വറ്റി വരണ്ടു. കൊടുങ്കാറ്റ് അടിച്ചു. ബാലരൂപിയായ ഗജാനനൻ അനലാസുരനെ തൻ്റെ മായാവൈഭവം കൊണ്ട് നേരിട്ടു. പണ്ട് അഗസ്ത്യൻ സമുദ്രജലത്തെ തന്റെ ഉദരത്തിൽ ഒതുക്കിയതുപോലെ ഗജമുഖൻ അനലാസുരനെ വിഴുങ്ങുവാൻ തയ്യാറായി. ഇവനെ താൻ വിഴുങ്ങിയാൽ മൂന്നു ലോകവും ദഹിച്ചു പോകുമല്ലോ എന്ന് ഗജമുഖൻ ചിന്തിച്ചു. അപ്പോൾ അഗ്‌നിയെ ശമിപ്പിക്കാനായി ദേവേന്ദ്രൻ ചന്ദ്രനെ ഗജമുഖന് നൽകി. ചന്ദ്രൻ ഗജമുഖന്റെ ശിരസ്സിൽ ഇരുന്നപ്പോൾ ഫാലചന്ദ്രൻ എന്ന പേരു നേടി ദേവന്മാരാൽ സ്തു‌തിക്കപ്പെട്ടവനായി. പക്ഷേ അഗ്നിശമിക്കാൻ ഇതു പര്യാപ്ത്‌തമായില്ല. അപ്പോൾ ബ്രഹ്മാവ് സിദ്ധി എന്നും ബുദ്ധി എന്നും പേരുള്ള രണ്ടു കന്യകമാരെ മനസ്സുകൊണ്ട് സൃഷ്ടിച്ചു ഗജമുഖന് നൽകി. ഗജമുഖൻ്റെ ഉള്ളിലെ തീ കെടുത്താനായിട്ടാണ് ഇതു ചെയ്തത്. ചന്ദ്രനെപ്പോലെയുള്ള മുഖവും അമൃതു പോലെയുള്ള വാക്കും കിണറു പോലെയുള്ള നാഭിയും താമരനാളം പോലെയുള്ള മധ്യഭാഗവും തളിരുപോലെയുള്ള കൈകളും ചേർന്ന അവർ ഗജമുഖന് തണുപ്പേകുമെന്ന് പറഞ്ഞാണ് ബ്രഹ്മാവ് അവരെ സൃഷ്ടിച്ചു നൽകിയത്. അവരുടെ ആലിംഗന ചുംബനാദികൾ ഗജമുഖൻ്റെ ജഠരാഗ്നിയെ ശമിപ്പിക്കാൻ പര്യാപ്‌തമായില്ല. അനലാസുരനെ വിഴുങ്ങിയപ്പോൾ ഉണ്ടായ ചൂട് അകറ്റാനായി വരുണൻ ജലം കൊണ്ട് അഭിഷേകം ചെയ്തു. ആയിരം തലയുള്ള സർപ്പത്തെ ശിവൻ നൽകി. ആ സർപ്പം ഗണപതിയുടെ വയറിനെ ചുറ്റിവരിഞ്ഞു. അങ്ങനെയാണ് ഗജമുഖൻ വ്യാളത്താൽ വലയപ്പെട്ട വയറുള്ളവനായത്. ഇതൊക്കെയായിട്ടും ഗണേശന്റെ ചൂടകറ്റാൻ കഴിഞ്ഞില്ല. അപ്പോൾ എൺപത്തിയെണ്ണായിരം മുനിമാർ അവിടെയെത്തി. അവർ ഓരോരുത്തരും ഇരുപത്തിയൊന്നു വീതം കറുകപ്പുല്ലിന്റെ നാമ്പു കൊണ്ട് ഗണേശനെ അർച്ചിച്ചു. അമൃതു പോലെ തണുപ്പുള്ള കറുകനാമ്പ് ഗണേശശിരസ്സിൽ അർപ്പിക്കപ്പെട്ടപ്പോൾ തീ അണഞ്ഞു. ഗജമുഖൻ സന്തുഷ്ടനായി. ദൂർവാങ്കുരം (കറുകനാമ്പ്) കൊണ്ടുള്ള അർച്ചന തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതായി ഗജമുഖൻ മുനിമാരെ അറിയിച്ചു. മറ്റൊരു വിധത്തിലുള്ള പൂജാ ദ്രവ്യത്തെക്കാളും ഇതാണ് തനിക്ക് പ്രിയങ്കരമെന്നും ദേവൻ അരുളിച്ചെയ്തു. എത്ര കഠിനമായ തപസ്സു ചെയ്താലും ഇത്ര മാത്രം തൃപ്തി തനിക്ക് ഉണ്ടാവുകയില്ല. കോടി ജന്മം കൊണ്ട് ലഭിക്കുന്ന പുണ്യം ഇതിനാൽ ഉണ്ടാകുമെന്നും ഭഗവാൻ പറഞ്ഞു.

ദുർവാങ്കുരർച്ച സർവ പാപഹരം

ഏഴ്
കൗണ്ഡിന്യൻ തുടർന്നു. “ദേവൻ്റെ വാക്കുകൾ കേട്ട ദേവന്മാരെല്ലാവരും ഗണേശനെ ദൂർവാങ്കുരം കൊണ്ട് അർച്ചിച്ചു. അവർക്കു അഭിമതമായ വരം നൽകിയിട്ട് ഗജമുഖൻ മറഞ്ഞു. ആ സ്ഥലത്ത് ഒരു മന്ദിരം നിർമ്മിച്ചു. ഗജമുഖനെ അവിടെ പ്രതിഷ്ഠിച്ച ദേവന്മാർ ആ സ്ഥലത്തിന് വിജയപുരം എന്ന് നാമകരണം ചെയ്തു. അനലാസുരൻ്റെ മേൽ വിജയം നേടിയത് അവിടെ വച്ചാണ് എന്നതിനാലാണ് ഈ പേരു സ്വീകരിച്ചത്. അവിടെ പ്രതിഷ്ഠിതനായ ഗണപതി സർവവിഘ്‌നങ്ങളും അകറ്റാൻ ശക്തനാകുന്നു. ഇതാണ് കറുകനാമ്പിൻ്റെ മാഹാത്മ്യത്തെപ്പറ്റി പണ്ടു മുതൽ തന്നെ പറഞ്ഞുവരുന്ന കഥ. ഈ കഥ പറയുന്നതു കൊണ്ടും കേൾക്കുന്നതു കൊണ്ടും എല്ലാ പാപങ്ങളും നശിക്കുമെന്ന് കരുതപ്പെടുന്നു.

ഗണപതിക്കുള്ള പൂജകളിൽ സുപ്രധാനമായി ഉപയോഗിക്കുന്ന കറുകപ്പുല്ല് പ്രധാനമായും മൂന്നു ശക്തികളെ വഹിക്കുന്നതായി വിശ്വസിക്കുന്നു – ശിവന്‍, ശക്തി, ഗണപതി ചൈതന്യം കറുകപ്പുല്ലിൽ
നിറഞ്ഞിരിക്കുന്നു. പൂജകൾക്ക് എടുക്കുന്നത് പൂവില്ലാത്ത കറുകയാണ്. 21 കറുക കൊണ്ടുള്ള പൂജയാണ് ഏറ്റവും മികച്ചത്. ഇത് ഒരുമിച്ചു കെട്ടി വെള്ളത്തില്‍ മുക്കി ശുദ്ധമാക്കി ഗണപതിയെ പൂജിക്കണം. ഗണപതിയുടെ കാല്‍ക്കല്‍ നിന്നും തുടങ്ങി കഴുത്തറ്റം കറുക കൊണ്ടു മൂടുന്നത് ഏറ്റവും വിശിഷ്ടമായി കരുതാം. കറുകയിലൂടെ ശിവ, ശക്തി, ഗണപതി ശക്തികള്‍ നമ്മെ സ്വാധീനിക്കുമെന്നും
അതിൻ്റെ ഫലമായി അപാരമായ ശുഭോർജ്ജം നമുക്ക് അനുഭവപ്പെടുമെന്നുമാണ് വിശ്വാസം.

ബീനാരഞ്ജിനി + 91 7559076203,
Pic Design: Prashant Balakrishnan, +91 94473 26554

Story Summary : The legend of Durva Grass and Ganesha, who shower divine energy, bestows knowledge, brings health and wealth

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ ജ്യോതിഷ വാര്‍ത്തകള്‍ക്ക് അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )

Copyright 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?