2026 Predictions Part 3
ലോകത്ത് പലവിധത്തിലുള്ള മാറ്റങ്ങളും വന്നുചേരുന്ന വര്‍ഷമാകും 2026 . വര്‍ഷഫലങ്ങളുടെ അധിപനായി കണക്കാക്കുന്ന വ്യാഴം മിഥുനം, കര്‍ക്കടകം രാശികളിലൂടെ ഈ വർഷം സഞ്ചരിക്കുന്നു. ശനിയാകട്ടെ മീനം രാശിയിലൂടെയും സഞ്ചരിക്കുന്നു. വ്യാഴം ഉച്ചരാശിയില്‍ സഞ്ചരിക്കുന്നത് പൊതുവേ ഗുണകരമാണെങ്കിലും അതിചാരം എന്നൊരു ദോഷാനുഭവം കൂടി വന്നുചേരുന്നുണ്ട്. ജനങ്ങളുടെ ആദ്ധ്യാത്മിക വിചാരങ്ങളിലും, ലോകത്തിന്റെ സാമ്പത്തികവിഷയങ്ങളിലും തുടര്‍ച്ചയായ വ്യതിയാനങ്ങള്‍ വന്നുചേരുന്നതിന് സാദ്ധ്യതയുണ്ട്. 2026 ഓരോ നക്ഷത്രക്കാര്‍ക്കും ചാരഫലത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെയായിരിക്കും എന്ന് പരിശോധിക്കാം. 2026 ജൂണ്‍ ഒന്നാം തീയതി വ്യാഴം കര്‍ക്കടകം രാശിയിലേക്ക് മാറുന്നത് മുതല്‍ ലോകത്ത് കാണപ്പെടുന്ന അസ്ഥിരതകള്‍ക്ക് ശമനം സിദ്ധിക്കും. ജനങ്ങള്‍ പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്തു തുടങ്ങുകയും ചെയ്യും. അശ്വതി മുതൽ ആയില്യം വരെയുള്ള 9 നക്ഷത്രങ്ങളുടെ ഫലം ആദ്യ പാർട്ടിലും മകം മുതൽ തൃക്കേട്ട വരെ രണ്ടാം ഭാഗത്തും
പ്രസിദ്ധീകരിച്ചു. മൂന്നാം ഭാഗത്ത് മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ ഫലം വായിക്കൂ:
മൂലം
സന്തതികള്‍ക്ക് അഭിവൃദ്ധിയുണ്ടാകും
ഈ വര്‍ഷം മൂലം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ്. വിവാഹതടസ്സങ്ങള്‍ മാറിക്കിട്ടും. സന്തതികള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടത്താന്‍ സാധിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങള്‍ മാറിക്കിട്ടും. ദൂരദേശയാത്രയ്ക്ക് സാദ്ധ്യതയുണ്ട്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹം മൂലം സ്വസ്ഥതക്കുറവ് നേരിടും. പ്രിയപ്പെട്ടവരുടെ അസാന്നിദ്ധ്യം ജീവിതഗതിയുടെ താളം മാറ്റിമറിക്കും. ഈ നക്ഷത്രക്കാര്‍ക്ക് ജൂണ്‍ ഒന്നിനു ശേഷം വ്യാഴം അഷ്ടമരാശിയില്‍ സഞ്ചരിക്കുകയാണ്. തന്മൂലം ധനനഷ്ട സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. അപകീർത്തി വരാതെ നോക്കണം. സ്ഥാന നഷ്ടം കാണുന്നു. നിദ്രാഭംഗം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ദോഷപരിഹാരാര്‍ത്ഥമായി ഹനുമാന്‍സ്വാമിയെയും മഹാവിഷ്ണുവിനെയും പതിവായി ആരാധിക്കുകയും ജന്മനക്ഷത്രം തോറും ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമം നടത്തുകയും ചെയ്യുക.
ALSO READ
പൂരാടം
വിവാഹം, സന്താനലാഭം പ്രതീക്ഷിക്കാം
ഗുണദോഷസമ്മിശ്രമായ അനുഭവങ്ങളായിരിക്കും ഈ നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ ഉണ്ടാകുക. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പാലിക്കുക. മറ്റുള്ളവരുടെ ചതിയിലകപ്പെടാതെ സൂക്ഷിക്കുക. എടുത്തുചാടി ഒന്നും ചെയ്യാതിരിക്കുക. വിവാഹം, സന്താനലാഭം എന്നിവ ഈ വര്‍ഷത്തില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. മനോവിഷമം വര്‍ദ്ധിക്കും. സ്ഥലം മാറി പോകുന്നതിനുള്ള ആഗ്രഹം വര്‍ദ്ധിക്കും. ബന്ധുക്കളുമായി കലഹത്തിന് സാദ്ധ്യതയുണ്ട്. ജൂണ്‍ ഒന്നിനുശേഷം വ്യാഴം അഷ്ടമത്തില്‍ പ്രവേശിക്കുകയാണ്. ഈ കാലം പൊതുവേ പ്രതികൂലമാണ്. ധനനഷ്ടം, ആപത്തുകള്‍, സ്ഥാനഭ്രംശം എന്നിവ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ദോഷപരിഹാരമായി മഹാവിഷ്ണുക്ഷേത്രത്തിലും, ശിവക്ഷേത്രത്തിലും ഇഷ്ടവഴിപാടുകള്‍ ചെയ്ത് പ്രാര്‍ത്ഥിക്കുക.
ഉത്രാടം
മാറ്റങ്ങള്‍ ഉണ്ടാകുന്ന വര്‍ഷം
ഈ നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാകുന്ന വര്‍ഷമാണ്. ധനുക്കൂറില്‍ ജനിച്ച ഉത്രാടം നക്ഷത്രക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍, ധനനഷ്ടം, ശത്രുക്കളുടെ ഉപദ്രവം എന്നിവയുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. മകരക്കൂറില്‍ ജനിച്ചവര്‍ക്ക് ജൂണ്‍ ഒന്നിനുശേഷം വളരെയധികം മാറ്റങ്ങളുണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹയോഗം, സന്തതികള്‍ക്ക് അഭിവൃദ്ധി, പലവിധത്തിലുള്ള ധനാഗമനം എന്നിവ ഉണ്ടാകും. വളരെക്കാലമായി തടസ്സപ്പെട്ടുകിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. ശിവക്ഷേത്രത്തിലും മഹാവിഷ്ണു ക്ഷേത്രത്തിലും ഇഷ്ടവഴിപാടുകള്‍ നല്‍കി പ്രാര്‍ത്ഥിച്ചാല്‍ ദോഷഫലങ്ങള്‍ ഒഴിഞ്ഞുപോകുകയും അനുകൂലഫലങ്ങള്‍ സിദ്ധിക്കുകയും ചെയ്യും.
തിരുവോണം
ആകസ്മിക ധനാഗമയോഗം
ഈ നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം മദ്ധ്യത്തോടുകൂടി പല വിധത്തിലുള്ള അനുകൂലഫലങ്ങള്‍ ഉണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹ തടസ്സങ്ങള്‍ മാറും. സന്താനതടസ്സം നേരിടുന്നവര്‍ക്ക് സന്താനയോഗം ഉണ്ടാകും. സന്തതികള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കും കുടുംബ കലഹത്തിനും പരിഹാരമാകും. ഭൂമി, വാഹനം, ഗൃഹം എന്നിവ സ്വന്തമാകും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ആകസ്മികമായ ധനാഗമം ഉണ്ടാകുന്നതാണ്. വളരെക്കാലമായി നേരിട്ടുകൊണ്ടിരിക്കുന്ന തടസ്സങ്ങള്‍ മാറുകയും പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. അനുകൂലഫലങ്ങള്‍ സിദ്ധിക്കുന്നതിന് മഹാവിഷ്ണു ക്ഷേത്രത്തില്‍ ജന്മനക്ഷത്രംതോറും ഇഷ്ടവഴിപാട് നല്‍കി പ്രാര്‍ത്ഥിക്കുക.
അവിട്ടം
തടസ്സങ്ങള്‍ ഇല്ലാതാകും
ഈ നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ അനുകൂലഫലങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഉന്നതവിജയം സിദ്ധിക്കും. അവിവാഹിതര്‍ക്ക് വിവാഹയോഗം ഉണ്ടാകുന്നതാണ്. മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന തടസ്സങ്ങള്‍ ഇല്ലാതാകും. മകരക്കൂറില്‍ ജനിച്ച അവിട്ടം നക്ഷത്രക്കാര്‍ക്ക് ജൂണ്‍ ഒന്നിനുശേഷം എല്ലാ കാര്യത്തിലും അഭിവൃദ്ധിയുണ്ടാകും. കുംഭക്കൂറില്‍ ജനിച്ച അവിട്ടം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ വളരെയധികം അഭിവൃദ്ധി ഉണ്ടാകുന്നതാണ്. ഈ കൂറുകാരെ ഏഴരശനിയുടെ ദുരിതങ്ങള്‍ പിന്‍തുടരുന്നതിന് കുറച്ചൊക്കെ സമാധാനമുണ്ടാകും. ദോഷപരിഹാരമായി ശിവന്‍, ശാസ്താവ് എന്നിവര്‍ക്ക് ജന്മനക്ഷത്രം തോറും ഇഷ്ടവഴിപാടുകള്‍ ചെയ്യുക.
ചതയം
ധനപരമായ വിഷമതകൾ മാറും
ഈ നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങളായിരിക്കും ഉണ്ടാകുക. ആരോഗ്യപ്രശ്‌നങ്ങളും, കുടുംബപ്രശ്‌നങ്ങളും അലട്ടിക്കൊണ്ടിരിക്കും. ധനപരമായ വിഷമതകള്‍ക്ക് ശമനം സിദ്ധിക്കും. ബന്ധുക്കള്‍ ശത്രുക്കളാകുന്ന അവസ്ഥയുണ്ടാകും. ആരോടും അമിതമായ വിധേയത്വം കാണിക്കാതിരിക്കുക. സ്വന്തം തീരുമാനപ്രകാരം മുന്നോട്ട് പോകുക. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ദോഷപരിഹാരമായി ശനിയാഴ്ചതോറും ശാസ്താവിന് ഇഷ്ടവഴിപാടുകള്‍ നല്‍കി പ്രാര്‍ത്ഥിക്കുകയും ജന്മനക്ഷത്രംതോറും ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുക.
പൂരൂരുട്ടാതി
പ്രതിസന്ധികൾ അതിജീവിക്കും
ഗുണദോഷസമ്മിശ്രഫലങ്ങളാണ് പുതുവര്‍ഷത്തില്‍ ഉണ്ടാകുക. പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുവാന്‍ സാധിക്കും. ബന്ധുക്കള്‍ ശത്രുക്കളായിത്തീരുമെങ്കിലും പല കാര്യങ്ങളിലും ഉറച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ സാധിക്കും. ധനപരമായ വിഷമതകള്‍ ജീവിതത്തില്‍ ഉണ്ടായിവരും. പല കാര്യങ്ങളിലും അര്‍ഹമായത് ലഭിക്കാതിരിക്കാന്‍ സാദ്ധ്യയുണ്ട്. ധനകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ചെറിയ ശമനമുണ്ടാകും. ദോഷപരിഹാരമായി തിങ്കളാഴ്ച ദിവസങ്ങളില്‍ ശിവക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുകയും ദേവീക്ഷേത്രങ്ങളില്‍ ഇഷ്ടവഴിപാട് നടത്തുകയും ചെയ്യുക.
ഉത്തൃട്ടാതി
ജൂൺ മുതൽ അനുകൂലം
ഈ നക്ഷത്രക്കാര്‍ക്ക് ജന്മശനിയാണ്. കൂടാതെ ശനി ഇപ്പോള്‍ ഉത്തൃട്ടാതി നക്ഷത്രത്തില്‍ സഞ്ചരിക്കുന്നു. അതുമൂലം ആരോഗ്യപ്രശ്‌നങ്ങള്‍, കുടുംബാംഗങ്ങളുമായി കലഹം, ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍, ധനപരമായ വിഷമതകള്‍, മാനഹാനി എന്നിവ ഉണ്ടാകുന്നതിന് സാദ്ധ്യതയുണ്ട്. ജൂണ്‍ ഒന്നിനുശേഷം വ്യാഴം അഞ്ചാംഭാവത്തിലേക്ക് മാറുന്നു. ആ കാലം മുതല്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. തടസ്സങ്ങള്‍ അകന്നുപോകുന്നതിനും പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും വ്യാഴമാറ്റംകൊണ്ട് സാധിക്കും. ഈ നക്ഷത്രക്കാര്‍ ദോഷപരിഹാരമായി ശനിയാഴ്ച ദിവസങ്ങളില്‍ വ്രതം അനുഷ്ഠിക്കുകയും ശിവന്‍, ശാസ്താവ് എന്നീ ദേവതകള്‍ക്ക് ഇഷ്ടവഴിപാടുകള്‍ നല്‍കി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതാണ്.
രേവതി
ധനാഭിവൃദ്ധിക്ക് കാത്തിരിക്കണം
പുതുവര്‍ഷം ഗുണദോഷസമ്മിശ്രമായ അനുഭവങ്ങളാണ്. ഏഴരശനി കാലമായതുകൊണ്ട് എല്ലാ കാര്യങ്ങള്‍ക്കും തടസ്സം നേരിടും. ഈശ്വരാധീനം വർദ്ധിപ്പിച്ചാൽ പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയും. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ബന്ധുക്കളുമായുള്ള കലഹം ഒഴിവാക്കണം. അകാരണമായി ശത്രുതയുണ്ടാകും. ധനപരമായ വിഷമതകള്‍ അതിജീവിക്കേണ്ടി വരും. ജൂണ്‍ ഒന്നിനുശേഷം ദോഷഫലങ്ങള്‍ക്ക് ശമനമുണ്ടാകും. ധനപരമായ അഭിവൃദ്ധി വന്നുചേരുകയും സന്തതികളുമായുള്ള അകല്‍ച്ച കുറയുകയും ഫലമാകുന്നു. ഈ നക്ഷത്രക്കാര്‍ ദോഷപരിഹാരാര്‍ത്ഥം ശിവന്‍, ശാസ്താവ്, മഹാവിഷ്ണു എന്നീ ദേവന്മാരെ പതിവായി ആരാധിക്കുന്നത് നല്ലതാണ്.
ഡോ രാജേഷ് പുല്ലാട്ടിൽ,
മൊബൈൽ: +91 90377 48752
Story Summary: This Year for you : Moon sign predictions by Dr Rajesh Pullattil
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2025 NeramOnline.com . All rights reserved.