ശിവപാർവ്വതി പൂജയ്ക്ക് ഏറ്റവും മികച്ച സമയമാണ് ശുക്ലപക്ഷത്തിലെയും കൃഷ്ണപക്ഷത്തിലെയും ത്രയോദശി പ്രദോഷസന്ധ്യകൾ. ഈ ദിവസം വ്രതം അനുഷ്ഠിച്ചാൽ ലഭിക്കാത്തതായി ഒന്നും തന്നെയില്ല എന്നാണ് ശിവപുരാണത്തിൽ പറയുന്നത്. പാര്‍വ്വതിയെ സന്തോഷിപ്പിക്കുന്നതിനായി ശിവന്‍ നടരാജഭാവത്തില്‍ നൃത്തം ചെയ്യുന്ന സമയമാണത്രേ ത്രയോദശി തിഥികളിലെ പ്രദോഷ സന്ധ്യാവേളകൾ. ഈ സമയം സകല ദേവീദേവന്മാരും മഹാദേവപൂജ ചെയ്യാൻ ശിവ സവിധത്തിൽ സന്നിഹിതരാകും. അതിനാൽ ത്രയോദശി തിഥിയിലെ പ്രദോഷവേളയിൽ ശിവപാർവതിമാരെ ഭജിക്കുന്നവർക്ക് എല്ലാ ദേവീ ദേവന്മാരുടെയും അനുഗ്രഹം ഉണ്ടാകും.
പുതുവൽസര നാളിൽ പ്രദോഷം
ധനുമാസത്തിലെ ശുക്ലപക്ഷ പ്രദോഷം പുതുവൽസര ദിനമായ 2026 ജനുവരി 1 വ്യാഴാഴ്ചയാണ്. സന്ധ്യാവേളയിൽ ത്രയോദശി തിഥി വരുന്ന ഈ പുണ്യ ദിനത്തിൽ ജപിക്കുന്ന ഒരോ ശിവ മന്ത്രത്തിനും ഇരട്ടി ഫലം ലഭിക്കും. ശിവപാർവതീ പ്രീതിയാൽ ഐശ്വര്യം, ആയുരാരോഗ്യ വർദ്ധനവ്, സത്കീർത്തി, സന്താന ഭാഗ്യം, ദാരിദ്ര്യദുഃഖശമനം, പാപമുക്തി എന്നിവയെല്ലാം ലഭിക്കും. അന്ന് ശിവക്ഷേത്രത്തിൽ പ്രദോഷ പൂജയിൽ പങ്കെടുത്താൽ ശിവപർവതി പ്രീതിയാൽ എല്ലാ കാര്യങ്ങളും ആഗ്രഹം പോലെ നടക്കും. ധനു മാസത്തിലെ തിരുവാതിരയ്ക്ക് തൊട്ടു മുൻപ് വരുന്ന ഈ പ്രദോഷം ശ്രേഷ്ഠമായി കരുതുന്നു.
2 പക്ഷത്തിലെയും വ്രതം ഉത്തമം
എല്ലാ മാസവും രണ്ടു പ്രദോഷമുണ്ട്. ഒന്ന് കൃഷ്ണപക്ഷത്തിലും അടുത്തത് ശുക്ലപക്ഷത്തിലും. ഇങ്ങനെ കറുത്തവാവിനും വെളുത്തവാവിനും മുമ്പ് വരുന്ന ത്രയോദശികളെയാണ് പ്രദോഷം എന്ന് പറയുന്നത്. പരമശിവന്‍റെയും പാർവതി ദേവിയുടെയും ക്ഷേത്രദർശനത്തിനും അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനും ഇതിലും മഹത്തായ ദിനം വേറെയില്ല. മാസത്തില്‍ 2 പക്ഷത്തിലെയും പ്രദോഷദിവസം വ്രതമെടുക്കണം.
ഭസ്മം ധരിച്ച് ശിവഭജനം ചെയ്യുക
പ്രദോഷത്തിന്റെ തലേദിവസം വ്രതം തുടങ്ങണം. മത്സ്യമാംസാദികൾ ഉപേക്ഷിക്കണം. പ്രദോഷദിവസം ഉദയത്തില്‍ തന്നെ വ്രതത്തിന്റെ പൂര്‍ണ്ണചിട്ട തുടങ്ങണം. ഭസ്മം ധരിച്ച് പരമാവധി ശിവഭജനം ചെയ്യുക. സന്ധ്യാവേളയില്‍ ശിവക്ഷേത്രദര്‍ശനം നടത്തി പ്രസാദം സ്വീകരിച്ച് വ്രതം പൂര്‍ത്തിയാക്കണം. അന്ന് പകല്‍ യാതൊരു ഭക്ഷണവും കഴിക്കരുത്. ചില ചിട്ടകളില്‍ സന്ധ്യയോടെ വ്രതം മുറിക്കുന്നു. ചില സമ്പ്രദായത്തില്‍ പിറ്റേന്ന് രാവിലെ തീര്‍ത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കണം. സൗകര്യപ്രദമായത് സ്വീകരിക്കാം. മാസന്തോറും ഒരു പ്രദോഷ വ്രതമെങ്കിലും എടുത്താൽ ദുരിതശമനം ഉറപ്പാക്കാം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശിവപഞ്ചാക്ഷര സ്തോത്രം കേൾക്കാം:
പഞ്ചാക്ഷരം നിരന്തരം ജപിക്കുക
പഞ്ചാക്ഷരമന്ത്രം വ്രതദിനങ്ങളില്‍ എപ്പോഴും ജപിക്കണം. ശിവഅഷേ്ടാത്തര ശതനാമാവലി, ശിവാഷ്ടകം, ഉമാ മഹേശ്വര സ്തോത്രം, ശങ്കരധ്യാനപ്രകാരം, ശിവ സഹസ്രനാമം തുടങ്ങിയ മന്ത്രങ്ങൾ, കീർത്തനങ്ങൾ പാരായണം ചെയ്യുന്നത് ഉത്തമം. ശിവക്ഷേത്രദര്‍ശനം നടത്തി ധാര, കൂവളമാല, പിന്‍വിളക്ക് എന്നീ വഴിപാടുകള്‍ സമർപ്പിക്കുന്നതും പുണ്യപ്രദമാണ്. ജന്മജന്മാന്തര പാപങ്ങള്‍ തീരുന്നതിനും, ദുരിതങ്ങള്‍ മാറി ശാന്തിയും സമാധാനവും ലഭിക്കുന്നതിന് ഏറെ ഉത്തമം.
നന്ദിയെ തൊഴുത ശേഷം ദർശനം
ശിവലിംഗത്തോളം തന്നെ ശക്തി മുന്നിൽ ശിവനെ നോക്കി ശയിക്കുന്ന നന്ദിദേവനുണ്ട്. നന്ദിദേവന്‍റെ അനുമതിയില്ലാതെ ശിവ പ്രതിഷ്ഠയുള്ള ശ്രീകോവിലിൽ ആർക്കും പ്രവേശിക്കാനും ആരാധിക്കാനും സാധിക്കില്ല. അതിനാൽ നന്ദിയെ തൊഴുത് വേണം ശ്രീകോവിലിലേക്ക് പ്രവേശിക്കാൻ. നന്ദിദേവന്റെ മുന്നിൽ ഭക്ത്യാദരപൂർവ്വം പ്രാർത്ഥിച്ച് നിങ്ങൾക്ക് ശ്രീപരമേശ്വരനോട് പറയുവാനുള്ള സങ്കടങ്ങൾ നന്ദിദേവനോടും പറയുക. അത് മതി; അതിവേഗം ശിവഭഗവാൻ പ്രസാദിച്ചിരിക്കും. കാര്യസാദ്ധ്യത്തിന് വേണ്ടിയുള്ള അപേക്ഷ ആത്മാർത്ഥമാണെങ്കിൽ ഉടൻ ശിവ പ്രസാദം ലഭിക്കും.
ALSO READ
സങ്കടഹരൻ, സർവ്വശക്തൻ
പരമശിവൻ സദാനേരവും സങ്കടഹരനാണ്. പ്രദോഷകാലങ്ങളിൽ സങ്കടഹരൻ സർവ്വശക്തനായി അനുഗ്രഹമൂർത്തി ഭാവം കൈകൊള്ളും. അതിനാൽ പ്രദോഷ വേളയിൽ എന്ത് ആവശ്യപ്പെട്ടാലും ഭഗവാൻ തരും. എല്ലാ പ്രദോഷങ്ങളും ഭക്തരുടെ ഭാഗ്യദിനങ്ങളാണ്. സർവ്വഭീഷ്ടസിദ്ധിക്ക് ഈ പുണ്യ ദിനം മറക്കാതിരിക്കുക.
Story Summary: Pradosha Vritham Rituals and Benefits
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2025 NeramOnline.com . All rights reserved.