പ്രപഞ്ചശക്തിയായ സൂര്യതേജസ് ദക്ഷിണായനം കഴിഞ്ഞ് ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്ന പുണ്യമുഹൂര്‍ത്തമായ മകര സംക്രമം, തിരുവന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറുവർഷത്തിൽ ഒരിക്കൽ നടക്കുന്ന ലക്ഷദീപം, അളവറ്റ സ്വത്തും നല്ല ആരോഗ്യവും തരുന്ന ഷഡ്തില ഏകാദശി – ഇങ്ങനെ വിവിധ കാരണങ്ങളാൽ ഉൽകൃഷ്ടമായ പുണ്യ ദിനമാണ്
2026 ജനുവരി 14, 1201 ധനു 30 ബുധനാഴ്ച. മാഘമാസത്തിലെ കറുത്തപക്ഷ ഏകാദശിയായ ഷഡ്തില ഏകാദശി നാളിൽ മകര സംക്രമവും ശബരിമല മകരവിളക്കും പദ്മനാഭ സ്വാമിക്ക് ലക്ഷദീപവും ഒന്നിച്ചു വരുന്ന ഈ ദിവസത്തെ ഈശ്വര ഭജനത്തിന് സാധാരണ ദിവസങ്ങളിലെ ഭഗവദ് ഉപാസന സമ്മാനിക്കുന്നതിൻ്റെ അനേകം മടങ്ങ് ഫലമാണ് പറയുന്നത്.
എള്ള് ഉപയോഗിച്ച് ആരാധിക്കണം
സാധാരണ ജനുവരി അല്ലെങ്കിൽ ഫെബ്രുവരി മാസത്തിൽ വരുന്ന ഷഡ്തില ഏകാദശി ചിലർ പൗഷ മാസത്തിലാണ് ആചരിക്കുന്നത്. പൂർണോപവാസത്തോടെ വിഷ്ണു പ്രീതിക്കായി അനുഷ്ഠിക്കുന്ന ഈ ഏകാദശി എല്ലാത്തരം ദുരിതങ്ങളും ദൗർഭാഗ്യങ്ങളും അവസാനിപ്പിക്കും. ഷഡ് എന്നാൽ: ആറ് തിലം: എള്ള്. ആറ് വ്യത്യസ്ത രീതിയിൽ എള്ള് ഉപയോഗിച്ച് വിഷ്ണു ഭഗവാനെ ഈ ദിവസം ആരാധിക്കണമെന്നാണ് പ്രമാണം. മാഘകൃഷ്ണ ഏകാദശി എന്നും സദ്തില ഏകാദശി എന്നുമെല്ലാം അറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിച്ച് അന്നദാനം നടത്തിയാൽ നമ്മൾ ജീവിതത്തിൽ ചെയ്ത എല്ലാ പാപങ്ങളിൽ നിന്നും മോചനം കിട്ടും.
അളവറ്റ സ്വത്തും ആരോഗ്യവും
ഭവിഷ്യോത്തര പുരാണത്തിൽ ഷഡ്തില ഏകാദശി പുണ്യം വിശദീകരിക്കുന്നുണ്ട്. ഇത് നോൽക്കുന്നവർക്ക് അളവറ്റ സ്വത്തും നല്ല ആരോഗ്യവും ജീവിതാന്ത്യത്തിൽ ജനിമൃതികളിൽ നിന്നും മോചനവും ലഭിക്കും. അന്ന് പിതൃപ്രീതിക്ക് തിലഹോമം നടത്തുന്നതും ഉത്തമമാണ്. നീരാജനം, എള്ളുപായസം, എന്നീ വഴിപാടുകൾ നടത്തുന്നത്, പാപമോചനത്തിനും ആഗ്രഹ സാഫല്യത്തിനും ഉത്തമാണ്.
ഏകാദശി വ്രത വിധി
ഏകാദശികളിൽ അരിയാഹാരം ഉപേക്ഷിച്ച് ഗോതമ്പ് തുടങ്ങിയ ധാന്യമോ ഫലങ്ങളോ കഴിക്കാം. യാതൊരു നിവൃത്തിയുമില്ലെങ്കിൽ അന്ന് ഒരിക്കൽ ഊണാക്കുക. ഇത് ആദ്ധ്യാത്മിക ശുദ്ധി മാത്രമല്ല ആരോഗ്യ പുഷ്ടിയും നൽകും. മാസത്തിൽ 2 തവണ ഉദരശുദ്ധി ഉണ്ടാകാൻ ഈ ഉപവാസം ആരോഗ്യപരമായും നല്ലതാണ് . ദശമിദിവസം ഒരു നേരം ഭക്ഷണം. അന്ന് വ്രതം തുടങ്ങണം. ഏകാദശി ദിവസം രാവിലെ കുളിച്ച് വെള്ളവസ്ത്രം ധരിച്ച് വിഷ്ണു ക്ഷേത്രദർശനം നടത്തുക. ഊണുറക്കങ്ങൾ അന്ന് വർജ്ജ്യമാണ്. ഹരിവാസരസമയത്ത് വിഷ്ണു നാമ, മന്ത്ര ജപം മുടക്കരുത്. ദ്വാദശിനാൾ പുലർച്ചെ കുളിച്ച് ക്ഷേത്ര ദർശനം നടത്തി വിഷ്ണു നാമജപം ചെയ്ത് തുളസി തീർത്ഥം സേവിച്ച് പാരണ വിടാം. ദ്വാദശി നാളിൽ അത്താഴം ഒഴിവാക്കേണ്ടതില്ല. 2026 ജനുവരി 14 ബുധനാഴ്ച രാവിലെ 11:14 മുതൽ രാത്രി 12:30 വരെയാണ് ഹരിവാസരം
ഭൂരിപക്ഷ , ആനന്ദപക്ഷ ഏകാദശ
സൂര്യോദയത്തിൽ ദശമി സംബന്ധമുള്ള ഏകാദശിക്ക് ഭൂരിപക്ഷ ഏകാദശി എന്നും അരുണോദയത്തിൽ ദ്വാദശി സംബന്ധമുള്ള ഏകാദശിക്ക് ആനന്ദപക്ഷ ഏകാദശിയെന്നും പറയുന്നു. യഥാക്രമം പിതൃപക്ഷവും ദേവപക്ഷവും. ഭൂരിപക്ഷ ഏകാദശിക്ക് സൂര്യോദയം മുതലാണ് ദിവസം ആരംഭിക്കുന്നത്. ആനന്ദപക്ഷ ഏകാദശിക്ക് അരുണോദയം (സൂര്യോദയത്തിന് നാലു നാഴിക മുമ്പ്) മുതൽ ദിവസം തുടങ്ങും. ആനന്ദപക്ഷക്കാർ അരുണോദയത്തിൽ ഏകാദശിക്ക് ദശമിസ്പർശം വന്നാൽ ആ ദിവസം വ്രതമെടുക്കില്ല. പിറ്റേദിവസമാണ് വ്രതാനുഷ്ഠാനം.
ജ്യോതിഷരത്നം വേണു മഹാദേവ് ,
(മൊബൈൽ +91 89217 09017)
ALSO READ
Summary : MakaraSankramam, Lakhadeepam and Shat Thila Ekadeshi coming together on January 14, 2026
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2025 NeramOnline.com . All rights reserved.