Thursday, February 26, 2026
Thursday, February 26, 2026
Home » ഉത്സവങ്ങളുടെ ഉത്സവം ഗുരുവായൂർ ഉത്സവം ; ഈ ശനിയാഴ്ച കൊടിയേറ്റ്

ഉത്സവങ്ങളുടെ ഉത്സവം ഗുരുവായൂർ ഉത്സവം ; ഈ ശനിയാഴ്ച കൊടിയേറ്റ്

0 comments

ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം അനുദിനം അഭിവൃദ്ധി
പ്രാപിക്കുന്നതിന്റെ മുഖ്യ കാരണം ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നതിലെ കണിശതയാണ്. എല്ലാ ചിട്ടകളും കൃത്യതയോടെ പാലിക്കാൻ ബദ്ധശ്രദ്ധരാണ് ഗുരുവായൂരിലെ താന്ത്രിക ആചാര്യന്മാരും ദേവസ്വവും. ഇതിന് പുറമെയാണ് ആചാരാനുഷ്ഠാനങ്ങളില്‍ തെല്ലും ലോപമില്ലാതെ എല്ലാവര്‍ഷവും നടത്തുന്ന ഉത്സവവും അതിന് മുമ്പുള്ള എട്ടു ദിവസങ്ങളിലെ താന്ത്രിക ചടങ്ങുകളും. ഇത് ക്ഷേത്ര ചൈതന്യം പ്രഭാഭരിതമാക്കുന്നു. ഈ വർഷത്തെ ഉത്സവം ഫെബ്രുവരി 28 ശനിയാഴ്ച രാത്രി കൊടിയേറി മാർച്ച് 9 തിങ്കളാഴ്ച ആറാട്ടോടെ സമാപിക്കും.

ബ്രഹ്മകലശം തലേന്ന്
സഹസ്രകലശവും ശാന്തി ഹോമങ്ങളും കാപ്പുകെട്ടും പ്രായാശ്ചിത്ത ചടങ്ങുകളുമെല്ലാമായി അതി വിശാലമായി നടത്തുന്ന താന്ത്രിക ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ക്ഷേത്ര തന്ത്രികളാണ്. ഉത്സവത്തിന് മുന്നോടിയായി സഹസ്രകലശാഭിഷേകം ഫെബ്രുവരി 20 ന് തുടങ്ങി. 28 വെള്ളിയാഴ്ച രാവിലെ സഹസ്ര കലശാഭിഷേകം തുടർന്ന് ബ്രഹ്മകലശാഭിഷേകം എന്നിവയോടെ
സമാപിക്കും. കൊടിയേറ്റത്തിന് തലേന്ന് നടക്കുന്ന വിശിഷ്ടമായ ചടങ്ങാണ് ബ്രഹ്മകലശം. ഇതോടെയാണ് താന്ത്രിക ചടങ്ങുകള്‍ അവസാനിക്കുന്നത്. രാവിലെ 7 മണിക്ക് തുടങ്ങുന്ന ബ്രഹ്മകലശ അഭിഷേക ചടങ്ങുകള നാല് മണിക്കൂറെടുത്താണ് പൂര്‍ത്തിയാക്കുന്നത്. മന്ത്രപുരസ്‌സരം തയ്യാറാക്കിയ 1001 കുടങ്ങളിലെ ദ്രവ്യങ്ങള്‍ ഗോ ലോകനാഥന് അഭിഷേകം നടത്തുന്ന അതി സങ്കീര്‍ണ്ണമായ ഈ ചടങ്ങ് ദേവചൈതന്യ വര്‍ദ്ധനയ്ക്കും ക്ഷേത്രത്തിന്റെയും രാജ്യത്തിന്റെയും ഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ളതാണ്. കണക്കനുസരിച്ച് 25 ഭാഗങ്ങളായി 1001 കലശങ്ങള്‍ പത്മമിട്ട് നിരത്തിവയ്ക്കും. 26 എണ്ണം സ്വര്‍ണ്ണക്കുടങ്ങളും; ബാക്കി വെള്ളിക്കുടങ്ങളും. വാദ്യഘോഷങ്ങളോടെ പട്ടുകുട ചൂടി വെണ്‍ചാമരം വീശി എഴുന്നള്ളിക്കുന്ന ബ്രഹ്മകലശം ഭഗവാന് അഭിഷേകം ചെയ്തശേഷം ഉച്ചപൂജയ്ക്ക് നട അടക്കും. അന്ന് രാവിലെ 4 മണി മുതൽ പകൽ 11:30 വരെ ദർശന നിയന്ത്രണം കാണും. അന്ന് വൈകിട്ട് ശ്രീ ഭൂതബലി
നടക്കും. പിറ്റേന്ന് രാവിലെ ആനയില്ലാ ശീവേലിയാണ്. ഉച്ചതിരിഞ്ഞ് മഞ്ജുളാൽ പരിസരത്ത് നിന്ന് ആനയോട്ടത്തോടെ ഉത്സവം ആരംഭിക്കും. രാത്രി 8 മണിക്ക് തുടങ്ങുന്ന കൊടിയേറ്റ് ചടങ്ങുകൾ രാത്രി 12 വരെ നീളും .

കൊടിയേറ്റിന് ഒറ്റക്കയർ
ഉത്സവത്തിന്റെ സുപ്രധാനമായ ചടങ്ങാണ് കൊടികയറ്റം. കൊടികയറ്റുന്ന കയറിനു തന്നെ വിശേഷമുണ്ട്. ഒറ്റക്കയറാണ് ഇതിന് ഉപയോഗിക്കുന്നത്. ഏച്ചുകൂട്ടിയത് പാടില്ല. സുമാര്‍ 150 അടി നീളമുണ്ടായിരിക്കും കൊടിമരത്തിന്റെ ഇരട്ടി നീളം വേണം കൊടിക്കയറിന്. കൊടിക്കും കയറിനും വരുന്ന ചെലവ് (വര്‍ഷത്തില്‍) ഒരു ഭക്തന്‍ അതിനായി നിക്ഷേപിച്ച സംഖ്യയുടെ പലിശകൊണ്ടാണ് നിര്‍വ്വഹിക്കുന്നത്. രാത്രി 9 നും 10 നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തിലാണ് (പൂയം നക്ഷത്രം) ഉത്സവത്തിന്റെ തുടക്കം കുറിച്ചുള്ള കൊടിയേറ്റം നടക്കുന്നത്. തുടര്‍ന്ന് കൊടിപ്പുറത്ത് വിളക്ക് നടക്കുന്നു.

കൊടിയേറ്റിന് മുമ്പ് മുളയിടല്‍
കൊടിയേറ്റിന് മുമ്പ് നാലമ്പലത്തിനകത്ത് മണിക്കിണറിന് സമീപം വടക്കുഭാഗത്ത് മുളയറയില്‍ മുളംപാനികളില്‍ ധാന്യങ്ങള്‍ വിതയ്ക്കുന്നു. നവര, ഉഴുന്ന്, യവം, തിന, എള്ള്, തൂവര, മുതിര, ചെറുപയര്‍, കടുക്, അമര, ചാമ വലിയുപയര്‍ എന്നിങ്ങനെ പന്ത്രണ്ട് തരം വിത്തുകള്‍ (ഇതാണ് മുളദ്രവ്യം). മുളയറയില്‍ തയ്യാറാക്കിയ പതിനാറ് മുളപാനികളില്‍ വിത്തുകള്‍ വിതയ്ക്കുന്നു. മുള ഐശ്വര്യത്തെ സൂചിപ്പിക്കുന്നു എന്നാണ് ചരിത്രം പറയുന്നത്. രാവിലെയും വൈകിട്ടും ഓതിക്കന്മാര്‍ ഇവിടെ പൂജകള്‍ നടത്തും. പള്ളിവേട്ട ദിവസം വരെ ഈ മുളനില്ക്കും. പള്ളിവേട്ടയ്ക്കുശേഷം ക്ഷീണിച്ചെത്തുന്ന ഭഗവാന് ഉറങ്ങുന്നതിന് ചുറ്റും കാട് ഒരുക്കുന്നത് ഈ മുളകളാണെന്നാണ് സങ്കല്പം.

കൊടിക്കൂറുകള്‍ ദിക്കു കൊടികള്‍
ഉത്സവം കൊടികയറിയതിന്റെ രണ്ടാം ദിവസം ശീവേലിക്ക് മുമ്പ് ദിക്കുകൊടികള്‍ സ്ഥാപിക്കുന്നു. ഉത്സവത്തിന്റെ ചടങ്ങുകള്‍ അഷ്ടദിക്പാലകരെ ഏല്പിക്കുന്നു എന്നതാണ് ഈ ചടങ്ങിന്റെ ഐതിഹ്യം. അഷ്ടദിക് പാലകരെ ഉദ്ദേശിച്ച് എട്ടും, ഊര്‍ദ്ധ്വ അധോനായകരെ ഉദ്ദേശിച്ച് രണ്ടും, സ്ഥാനങ്ങളില്‍ ഉറപ്പിച്ചിട്ടുള്ള ബലിപീഠങ്ങളിലാണ് ദിക് കൊടികള്‍ സ്ഥാപിക്കുന്നത്. ബലിപീഠത്തിനോട് അനുബന്ധിച്ച് ചെറിയമുളം കാലുകളിലാണ് കൊടിയും മണിയും കെട്ടുന്നത്.

Story Summary: Guruvayur Temple Annual Festival begins on Saturday 28 February

ALSO READ

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?